Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

2014ൽ മോദിയെ അധികാരത്തിലെത്തിച്ച കൂർമ്മ ബുദ്ധി; വെല്ലുവിളിയെ മറികടന്ന് നിതീഷിനെ മുഖ്യമന്ത്രിയാക്കിയ പ്രചരണ മികവ്; ആന്ധ്രയിൽ ജഗൻ തരംഗം ആഞ്ഞു വീശിയ തെരഞ്ഞെടുപ്പ് കാറ്റിന് പിന്നിലെ ചാലക ശക്തി; ഇനി രാഷ്ട്രീയ തന്ത്രജ്ഞൻ ഉണ്ടാവുക ബംഗാളിൽ തൃണമൂലിന് തുണയായി; പ്രതിച്ഛായ കൂട്ടാൻ പ്രശാന്ത് കിഷോറിനെ ഒപ്പം കൂട്ടി മമതാ ബാനർജി; കൊൽക്കത്തയിലേക്ക് ഇലക്ഷൻ ഗുരു എത്തുന്നത് അമിത് ഷായുടെ ലക്ഷ്യത്തെ തടയാൻ

2014ൽ മോദിയെ അധികാരത്തിലെത്തിച്ച കൂർമ്മ ബുദ്ധി; വെല്ലുവിളിയെ മറികടന്ന് നിതീഷിനെ മുഖ്യമന്ത്രിയാക്കിയ പ്രചരണ മികവ്; ആന്ധ്രയിൽ ജഗൻ തരംഗം ആഞ്ഞു വീശിയ തെരഞ്ഞെടുപ്പ് കാറ്റിന് പിന്നിലെ ചാലക ശക്തി; ഇനി രാഷ്ട്രീയ തന്ത്രജ്ഞൻ ഉണ്ടാവുക ബംഗാളിൽ തൃണമൂലിന് തുണയായി;  പ്രതിച്ഛായ കൂട്ടാൻ പ്രശാന്ത് കിഷോറിനെ ഒപ്പം കൂട്ടി മമതാ ബാനർജി; കൊൽക്കത്തയിലേക്ക് ഇലക്ഷൻ ഗുരു എത്തുന്നത് അമിത് ഷായുടെ ലക്ഷ്യത്തെ തടയാൻ

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: 2014 ൽ നരേന്ദ്ര മോദിയെ പ്രധാനമന്ത്രി പദത്തിലെത്തിച്ച പ്രചാരണ തന്ത്രങ്ങൾക്ക് ചുക്കാൻ പിടിച്ചാണ് പ്രശാന്ത് കിഷോർ ചർച്ചയായത്. മോദി തരംഗം ആഞ്ഞടിച്ചതിന് പിന്നിൽ പ്രശാന്ത് കിഷോറൊരുക്കിയ പ്രചരണ വാക്യങ്ങളായിരുന്നു. ഇതിന് ശേഷം പലയിടത്തും ഈ പരീക്ഷണം വിജയിച്ചു. എന്നാൽ കോൺഗ്രസിനായി നടത്തിയ ശ്രമങ്ങൾ പാളുകളും ചെയ്തു. അതുകൊണ്ട് തന്നെ പ്രാദേശിക കക്ഷികളുടെ പ്രചരണത്തിൽ പ്രശാന്ത് കിഷോർ പിന്നീട് ശ്രദ്ധ നൽകി. അതും വിജയം കണ്ടു. ഇനി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കുവേണ്ടി പ്രശാന്ത് കിഷോർ പ്രവർത്തിക്കും. രാഷ്ട്രീയ നേതാക്കളുടെ പ്രതിച്ഛായ അഥവാ ഇമേജ് ബിൽഡിംഗിൽ മികവ് തെളിയിച്ച വ്യക്തിയാണ് പ്രശാന്ത് കിഷോർ. മമതയും തന്റെ പ്രതിച്ഛായ നഷ്ടം മാറ്റാനാണ് ശ്രമിക്കുന്നത്. ലോക്‌സഭയിലെ തിരിച്ചടി നിയമസഭയിൽ ഉണ്ടാകുന്നില്ലെന്ന് ഉറപ്പിക്കാനാണ് നീക്കം.

ലോക്സഭാ തിരഞ്ഞെടുപ്പിൽ മമതയുടെ തൃണമൂൽ കോൺഗ്രസിന് ബിജെപിയിൽനിന്ന് കനത്ത തിരിച്ചടി നേരിടേണ്ടി വന്നതിന് പിന്നാലെയാണിത്. ആഭ്യന്തര മന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത് ഷായുടെ മുഴുവൻ ശ്രദ്ധയും ബംഗാളിലാണ്. നോർത്ത് ഈസ്റ്റിൽ നേട്ടമുണ്ടാക്കിയ അതേ വഴിയേ ബംഗാളിലും ഒന്നാമനാകാനാണ് ബിജെപിയുടെ ശ്രമം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇതിന്റെ സൂചനകളുമെത്തി. ബംഗാളിൽ 18 സീറ്റിലാണ് ബിജെപി ജയിച്ചത്. ഇത് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് കടുത്ത തിരിച്ചടിയാണ്. ഈ സാഹചര്യത്തിലാണ് ഭരണ നേട്ടങ്ങളെ ജനങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കാനുള്ള പി ആർ തന്ത്രങ്ങൾക്ക് പിറകേ മമതയും പോകുന്നത്. ഇതിന് വേണ്ടിയാണ് പ്രശാന്ത് കിഷോറിനെ കൊൽക്കത്തയില്ഡ എത്തിയച്ചത്.

കൊൽക്കത്തയിൽ മമത ബാനർജിയും പ്രശാന്ത് കിഷോറും നടത്തിയ രണ്ടു മണിക്കൂർനീണ്ട കൂടിക്കാഴ്ചയ്ക്ക് ഒടുവിലാണ് ഇരുവരും സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനമായതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. ആന്ധ്രാപ്രദേശിൽ ജഗന്മോഹൻ റെഡ്ഡിയുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച ശേഷമാണ് പ്രശാന്ത് കിഷോർ മമതയ്ക്കൊപ്പം എത്തുന്നത്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പാർട്ടിയെ തിരഞ്ഞെടുപ്പിൽ അട്ടിമറിച്ചാണ് ആന്ധ്രയിൽ ജഗൻ മോഹൻ റെഡ്ഡി അധികാരത്തിലെത്തിയത്. ആന്ധ്രയിൽ പ്രശാന്ത് കിഷോറിന്റെ പ്രചരണ തന്ത്രങ്ങൾ വിജയിച്ചിരുന്നു. രാഷ്ട്രീയ നേതാക്കൾക്ക് ബ്രാൻഡ് പദവി നൽകാൻ കഴിയുന്നതാണ് പ്രശാന്ത് കിഷോറിന്റെ വിജയം.

ജനതാദൾ യുണൈറ്റഡ് വൈസ് പ്രസിഡന്റ് പദവി സ്വീകരിച്ച് പ്രശാന്ത് കിഷോർ കഴിഞ്ഞ വർഷം രാഷ്ട്രീയ രംഗപ്രവേശം നടത്തിയിരുന്നു. എന്നാൽ, തിരഞ്ഞെടുപ്പിൽ പാർട്ടിക്കുവേണ്ടി തന്ത്രങ്ങൾ മെനയാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. തുടർന്നാണ് ജഗന്മോഹൻ റെഡ്ഡിക്കൊപ്പം പ്രവർത്തിച്ചത്.അതിനുശേഷം പല പാർട്ടികളും പ്രശാന്ത് കിഷോറിനെ സമീപിച്ചു. എന്നാൽ ബംഗാളിലെ വെല്ലുവിളി ഏറ്റെടുക്കാനായിരുന്നു പ്രശാന്ത് കിഷോറിന് താൽപ്പര്യം. 2014 ൽ നരേന്ദ്ര മോദിക്കുവേണ്ടിയും 2015 ൽ നിതീഷ് കുമാറിനു വേണ്ടിയും അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങൾക്ക് രൂപംനൽകിയിരുന്നു. ഇതോടെയാണ് ദേശീയ രാഷ്ട്രീയം പ്രശാന്ത് കിഷോറിനെ ശ്രദ്ധിച്ചു തുടങ്ങിയത്.

ഗുജറാത്തിൽ 2011 ൽ നരേന്ദ്ര മോദിയുടെ പ്രചാരണ തന്ത്രങ്ങൾ ആവിഷ്‌കരിച്ചതോടെയാണ് പ്രശാന്ത് ശ്രദ്ധയിലേക്കുയർന്നത്. 2014ലെ വിജയത്തിനുശേഷം അമിത് ഷായും പ്രശാന്ത് കിഷോറും തമ്മിലുള്ള ബന്ധം അത്ര രസത്തിലല്ലായിരുന്നു. പാർട്ടിയിൽ കാര്യമായ സ്ഥാനം വേണമെന്ന പ്രശാന്തിന്റെ ആവശ്യം അമിത് ഷാ തള്ളിയതോടെ ബിജെപി വിട്ടു. ബംഗാളിൽ 2014ൽ ആകെയുള്ള 42 ലോക്‌സഭാ സീറ്റുകളിൽ 34ലും വിജയം നേടിയ തൃണമൂലിന് ഇത്തവണ നേടാനായത് 22 സീറ്റുകളാണ്. അതേസമയം, എട്ടു സീറ്റുകൾ മാത്രമുണ്ടായിരുന്ന ബിജെപിക്ക് ഇത്തവണ കിട്ടിയത് 18 സീറ്റുകളാണ്. സംസ്ഥാനത്ത് ബിജെപിയുടെ അപ്രതീക്ഷിത വളർച്ചയാണ് മമതയെ ഭയപ്പെടുത്തുന്നതും. ഈ സാഹചര്യത്തിലാണ് ഇലക്ഷൻ ഗുരുവെന്ന് അറിയപ്പെടുന്ന പ്രശാന്ത് കിഷോറിനെ കൊൽക്കത്തയിലേക്ക് കൊണ്ടു വരുന്നത്.

2014ൽ നരേന്ദ്ര മോദിയെയും ബിജെപിയെയും അധികാരത്തിലെത്തിക്കാൻ അണിയറയിൽ തന്ത്രങ്ങളൊരുക്കിയ 'രാഷ്ട്രീയ തന്ത്രജ്ഞൻ' എന്ന നിലയിലാണ് പ്രശാന്ത് കിഷോർ പ്രശസ്തനായത്. എന്നാൽ, ബിജെപി കാംപിലെത്താതെ പ്രശാന്ത് ബീഹാറിലെ ജെഡിയു കാംപിലാണ് എത്തിയത്. ബിഹാറിലെ മഹാസഖ്യനീക്കത്തിലൂടെ നിതീഷ് കുമാറിനായി തന്ത്രങ്ങൾ മെനഞ്ഞ പ്രശാന്ത് കിഷോർ ജെഡിയു ഉപാധ്യക്ഷനായി പ്രവർത്തിക്കുയും ചെയ്തിരുന്നു. ഉത്തർപ്രദേശിൽ രാഹുൽഗാന്ധി- അഖിലേഷ് യാദവ് സഖ്യത്തിന് ചുക്കാൻ പിടിച്ചതും പ്രശാന്ത് കിഷോർ തന്നെയായിരുന്നു. 2016ലും മമത പ്രശാന്തിനെ സമീപിച്ചിരുന്നെങ്കിലും അതിനോടകം 2017ലെ യുപി തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രചാരണചക്രം തിരിക്കുന്നതിന്റെ ചുമതല അദ്ദേഹം ഏറ്റെടുത്തിരുന്നു.

ഇക്കഴിഞ്ഞ തിരഞ്ഞടുപ്പിൽ തെലുങ്കാനയിൽ ജഗൻ മോഹൻ റെഡ്ഡിയുടെ പ്രചാരണ ചുമതലയേറ്റെടുത്ത പ്രശാന്തിന്റെ തന്ത്രങ്ങൾ അത്ഭുത വിജയമാണ് റെഡ്ഡിക്കു സമ്മാനിച്ചത്. 175ൽ 150 സീറ്റിലും മിന്നും ജയം കരസ്ഥമാക്കിയാണ് റെഡ്ഡി അധികാരത്തിലേറിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP