Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ക്രിക്കറ്റ് കളിക്കുമ്പോൾ വിക്കറ്റ് കീപ്പർ; മനസ്സിൽ സൂക്ഷിച്ചത് എല്ലാവരെയും ഒപ്പംനിർത്തുന്ന രാഷ്ട്രീയനന്മ; ചെറുപ്രായത്തിൽ മെമ്പറായത് ജനസമ്മതിക്ക് തെളിവും; കുടുംബത്തിന് വേണ്ടി ഗൾഫിലേക്ക് വിമാനം കയറിയത് മനസിൽ കമ്യൂണിസവുമായി; അച്യുതാനന്ദനോടുള്ള ആരാധന വിമതനുമാക്കി; അവസാനം നാട്ടിലെത്തിയത് പാർലമെന്റിൽ അരിവാൾ ചുറ്റികയിൽ വോട്ട് ചെയ്യാൻ; ദുബായിലെ അപകടത്തിൽ തളിക്കുളത്തിന് നഷ്ടമായത് അവരുടെ സ്വന്തം 'ക്യൂബാ മുകുന്ദനെ'; ജമാലുദ്ദീൻ സമാനതകളില്ലാത്ത ബഹുമുഖ പ്രതിഭ

ക്രിക്കറ്റ് കളിക്കുമ്പോൾ വിക്കറ്റ് കീപ്പർ; മനസ്സിൽ സൂക്ഷിച്ചത് എല്ലാവരെയും ഒപ്പംനിർത്തുന്ന രാഷ്ട്രീയനന്മ; ചെറുപ്രായത്തിൽ മെമ്പറായത് ജനസമ്മതിക്ക് തെളിവും; കുടുംബത്തിന് വേണ്ടി ഗൾഫിലേക്ക് വിമാനം കയറിയത് മനസിൽ കമ്യൂണിസവുമായി; അച്യുതാനന്ദനോടുള്ള ആരാധന വിമതനുമാക്കി; അവസാനം നാട്ടിലെത്തിയത് പാർലമെന്റിൽ അരിവാൾ ചുറ്റികയിൽ വോട്ട് ചെയ്യാൻ; ദുബായിലെ അപകടത്തിൽ തളിക്കുളത്തിന് നഷ്ടമായത് അവരുടെ സ്വന്തം 'ക്യൂബാ മുകുന്ദനെ'; ജമാലുദ്ദീൻ സമാനതകളില്ലാത്ത ബഹുമുഖ പ്രതിഭ

പ്രകാശ് ചന്ദ്രശേഖർ

തളിക്കുളം: തളിക്കുളത്തുകാരുടെ 'ക്യൂബാ മുകുന്ദനായിരുന്നു' ഇന്നലെ ദുബായിലുണ്ടായ ബസ്സ് അപകടത്തിൽ മരിച്ച ജമാലുദ്ദീൻ. നാട്ടിലെ കലാ -സാംസ്‌കാരിക പ്രവർത്തനങ്ങളിലെ സജീവ സാന്നിദ്ധ്യം. സന്നദ്ധ-സേവന പ്രവർത്തനങ്ങളിലും അകമഴിഞ്ഞ സഹകരണം. എതിരാളികളെപ്പോലും ഒപ്പം നിർത്തുന്ന രാഷ്ട്രീയ നയതന്ത്രം. ടി സി സി ക്ലബ്ബിലെ വിക്കറ്റ് കീപ്പർ. നഷ്ടമായത് പകരക്കാനില്ലാത്ത ബഹുമുഖപ്രതിഭ തന്നെയെന്ന് നാട്ടുകാർ.

ഇന്നലെ ദുബായിലുണ്ടായ ബസ്സ് അപകടത്തിൽ മരിച്ച ജമാലുദ്ദീനെ(48)ക്കുറിച്ചോർക്കുമ്പോൾ തളിക്കുളം ഗ്രാവാസികളുടെ നെഞ്ച് വിങ്ങിപ്പൊട്ടുകയാണ്. 1995 മുതൽ 97 വരെ തളിക്കുളം പഞ്ചായത്ത് 5-ാം വാർഡ് മെമ്പറായിരുന്ന ജമാലുദ്ദീന്റെ അപ്രതീക്ഷിത വിടവാങ്ങൽ അക്ഷരാർത്ഥത്തിൽ നാടിനെ ഞെട്ടിച്ചിരിക്കുകയാണ്. തളിക്കുളം അറയ്ക്കൽ വീട്ടിൽ മുഹമ്മദുണ്ണിയുടെ മകനായ ജമാലുദ്ദീൻ ദുബായ് മീഡിയ സിറ്റിയിലെ ഓഫീസ് സ്റ്റാഫായി പ്രവർത്തിച്ചുവരികയായിരുന്നു. മലയാളിയെ ഏറെ ചിന്തിപ്പിച്ച സിനിമയാണ് ലാൽ ജോസിന്റെ അറബിക്കഥ. കേരളത്തിൽ നിന്ന് ഗൾഫിലേക്ക് ജീവിത സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം ജോലി തേടി പോയ ക്യൂബാ മുകുന്ദൻ. ഗൾഫിലും ക്യൂബാ മുകുന്ദൻ ഇടതുപക്ഷത്തോടൊപ്പമാണ്. ഇത് തന്നെയാണ് പ്രവാസ ജീവിതത്തിൽ ജമാലുദ്ദീനും ചെയ്തത്.

ഗൾഫിലെ ഇടത് സാസ്‌കാരിക സംഘടനകളിലെ സജീവ സാന്നിധ്യമായിരുന്നു ജമാലുദ്ദീൻ അക്കരവീട്ടിൽ. നാട്ടിലെ ക്രിക്കറ്റ് പ്രേമികളുടെ സ്ഥിരം താവളമായിരുന്നു ടി സി സി ക്ലബ്ബ്. ക്ലബ്ബ് പങ്കെടുത്തിരുന്ന മാച്ചുകളിൽ വിക്കറ്റ് കീപ്പർ എന്ന നിലയിൽ ജമാലുദ്ദീൻ മികച്ച പെർമോൻസാണ് കാഴ്ച വച്ചിരുന്നതെന്ന് തളിക്കുളം പഞ്ചായത്തംഗം പി എസ് സുൽഫിക്കർ അനുസ്മരിച്ചു. നാട്ടിൽ നടന്നുവന്നിരുന്ന ഒട്ടുമിക്ക കലാ-സാംസ്‌കാരിക പ്രവർത്തനങ്ങളിലും ജമാലുദ്ദീൻ പങ്കാളിയായിരുന്നെന്നാണ് അടുപ്പക്കാരിൽ നിന്നും ലഭിച്ച വിവരം. ഒരുകാലത്ത് സിപിഎമ്മിന്റെ മുഖമായിരുന്നു ജമാലുദ്ദീൻ. എസ് എഫ് ഐയിലും ഡിവൈഎഫ് ഐയിലും പ്രവർത്തിച്ചാണ് ജമാലുദ്ദീൻ നാട്ടുകാരുടെ കണ്ണിലുണ്ണിയായത്.

1995-ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 5-ാം വാർഡിൽ നിന്നും വിജയിച്ചാണ് തളിക്കുളം പഞ്ചായത്ത് ഭരണസമിതിയിലെത്തുന്നത്. അന്ന് ഡി വൈ എഫ് ഐ യുടെ പഞ്ചായത്ത് സെക്രട്ടറിയായിരുന്നു. ആ സമയത്ത് ആദ്യമായിട്ടായിരുന്നു ഈ വാർഡിൽ ഇടതുമുന്നണി വിജയിച്ചത്. പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം ഈ വാർഡ് ഇടതുമുന്നണിക്ക് നഷ്ടമായിരുന്നു. പൊതുപ്രവർത്തനത്തിൽ കക്ഷി രാഷ്ട്രീയത്തിനപ്പുറമുള്ള ബന്ധമായിരുന്നു ജമാലുദ്ദീൻ കാത്തുസൂക്ഷിച്ചിരുന്നതെന്നാണ് അടുപ്പക്കാർ വ്യക്തമാക്കുന്നത്.

ഇടക്കാലത്ത് സി പി എമ്മുമായി ഇടഞ്ഞ് വിമതർക്കൊപ്പം പ്രവർത്തിക്കുകയും പിന്നീട് ഔദ്യോഗിക സി പി എമ്മിലേയ്ക്ക് മടങ്ങിയെത്തുകയുമായിരുന്നു. വി എസ് അച്യുതാനന്ദന് പാർട്ടിയിൽ തിരിച്ചടികൾ ഉണ്ടായപ്പോഴായിരുന്നു ഇത്. പിന്നീട് വീണ്ടും പാർട്ടിയോട് അടുത്തു. 1997-ൽ ജോലിക്കായിട്ടാണ് നാട്ടിൽ നിന്നും ഗൾഫിലേയ്ക്ക് യാത്രയായത്. സി പി എം അനുകൂല പ്രവാസി സംഘടനയുടെ ഗൾഫിലെ സജീവപ്രവർത്തകരിൽ ഒരാളായിരുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ വോട്ടണ്ണലിന് തൊട്ടുമുമ്പാണ് അവസാനമായി നാട്ടിൽ വന്നിട്ട് മടങ്ങിയത്. ഭാര്യ സുലേഖ. മക്കൾ സുഹാന, ഷിഫാന (ഇരുവരും വിദ്യാർത്ഥികൾ) സഹോദരങ്ങൾ:ഷംസുദ്ദീൻ ,ഹനീഫ(പരേതൻ),അഹുബക്കർ,ഖദീജ,ജമീല,സുഹറാബി,സീനത്ത്.

ദുബായിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകനായിരുന്നു ജമാലുദ്ദീൻ സിപിഎം അനുകൂല സാമൂഹ്യപ്രവർത്തക സംഘടനാ നേതാവാണ് മരിച്ച ജമാലുദ്ദീൻ. മസ്‌കറ്റിൽനിന്ന് ദുബായിലേക്ക് വന്ന ബസാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്‌ച്ച വൈകിട്ട് 5.40 ന് മുഹമ്മദ് ബിൻ സായിദ് റോഡിലാണ് അപകടം നടന്നത്. ഒമാനിൽ നിന്ന് ഈദ് അവധി ആഘോഷിച്ച് മടങ്ങി വരുന്നവരാണ് ബസിലുണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്. അൽ റാഷിദിയ എക്സിറ്റിലെ സൈൻ ബോർഡിൽ ബസ് ഇടിച്ചാണ് അപകടമുണ്ടായത്. വിവിധ രാജ്യങ്ങളിലുള്ള 31 യാത്രക്കാരായിരുന്നു ബസിൽ ഉണ്ടായിരുന്നത്.

ഇന്ത്യാക്കാർക്ക് പുറമേ ഒരു ഒമാൻ സ്വദേശി, ഒരു അയർലണ്ട് സ്വദേശി, രണ്ട് പാക്കിസ്ഥാൻ സ്വദേശികൾ എന്നിവരുടെ മൃതശരീരങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്. മൂന്ന് മൃതദേഹങ്ങളാണ് ഇനിയും തിരിച്ചറിയാനുള്ളത്. മരിച്ച ദീപക്കിന്റെ ഭാര്യയും മകളുമടക്കം നാല് ഇന്ത്യാക്കാർ ദുബായ് റാഷിദ് ആശുപത്രിയിൽ ചികിത്സയിലുണ്ട്. ഇവർ അപകടനില തരണം ചെയ്തിട്ടുണ്ട്. അപകടത്തിൽ അഞ്ചു പേർക്ക് പരിക്കുണ്ട്. ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ വിപുലിന്റെ നേതൃത്വത്തിൽ സാമൂഹ്യ പ്രവർത്തകരും മറ്റും ചേർന്നാണ് ഇന്ത്യക്കാരുടെ തിരിച്ചറിയൽ പരിശോധനാ നടത്തിയത്. മരിച്ചവരുടെ മൃതദേഹങ്ങൾ റാഷിദ് ആശുപത്രിയിൽ നിന്നും പൊലീസ് മോർച്ചറിയിലേക്ക് മാറ്റി. പൊതു അവധി ദിവസമായ വെള്ളിയാഴ്ച അപകടം നടന്നതുകൊണ്ട് നടപടിക്രമങ്ങൾക്ക് ട്രാഫിക് കോർട്ടിന്റെ അനുമതികൂടി വേണം. ഈ സാഹചര്യത്തിൽ മൃതദേഹങ്ങൾ നാളെ മാത്രമേ നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുവരാനാകൂ. എന്നാൽ എത്രയും വേഗം നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള ശ്രമങ്ങളാണ് ഇന്ത്യൻ കോൺസുലേറ്റ് ജനറലിന്റെ നേതൃത്വത്തിൽ നടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP