Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അർജ്ജുനും ബാലഭാസ്‌ക്കറും കൊല്ലത്തു നിന്നും ജ്യൂസ് കുടിച്ച കടയിലെ സിസി ടിവി ദൃശ്യങ്ങൾ കൊണ്ടുപോയെന്ന് സമ്മതിച്ച് പ്രകാശ് തമ്പി; ദൃശ്യങ്ങൾ ശേഖരിച്ചത് ഷംനാദിന്റെ സുഹൃത്തായ നിസാമിന്റെ സഹായത്തോടെ; സ്വർണക്കടത്ത് കേസിൽ ഒളിവിൽ പോകുന്നതിന് മുമ്പ് കൊടുത്ത മൊഴിയിലെ വെളിപ്പെടുത്തലുകൾ പുറത്തുവന്നതോടെ ദൂരൂഹതകൾ ഇരട്ടിക്കുന്നു; അർജ്ജുനും പ്രകാശ് തമ്പിയും ഒളിപ്പിക്കാൻ ശ്രമിക്കുന്ന കാര്യങ്ങലുടെ പൊരുൾ തേടി ക്രൈംബ്രാഞ്ച് അന്വേഷണം മുറുകുന്നു

അർജ്ജുനും ബാലഭാസ്‌ക്കറും കൊല്ലത്തു നിന്നും ജ്യൂസ് കുടിച്ച കടയിലെ സിസി ടിവി ദൃശ്യങ്ങൾ കൊണ്ടുപോയെന്ന് സമ്മതിച്ച് പ്രകാശ് തമ്പി; ദൃശ്യങ്ങൾ ശേഖരിച്ചത് ഷംനാദിന്റെ സുഹൃത്തായ നിസാമിന്റെ സഹായത്തോടെ; സ്വർണക്കടത്ത് കേസിൽ ഒളിവിൽ പോകുന്നതിന് മുമ്പ് കൊടുത്ത മൊഴിയിലെ വെളിപ്പെടുത്തലുകൾ പുറത്തുവന്നതോടെ ദൂരൂഹതകൾ ഇരട്ടിക്കുന്നു; അർജ്ജുനും പ്രകാശ് തമ്പിയും ഒളിപ്പിക്കാൻ ശ്രമിക്കുന്ന കാര്യങ്ങലുടെ പൊരുൾ തേടി ക്രൈംബ്രാഞ്ച് അന്വേഷണം മുറുകുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ അപകട മരണത്തിന് പിന്നിലുള്ള ദുരൂഹതകളുടെ കെട്ടഴിക്കാൻ ക്രൈംബ്രാഞ്ച് അന്വേഷണം ഊർജ്ജിതമാക്കിയതോടെ ദുരൂഹതകളുടെ കെട്ടഴിയുന്നു. അർജ്ജുനും ബാലഭാസ്‌ക്കറും കൊല്ലത്തു നിന്നും ജ്യൂസ് കുടിച്ച കടയിലെ സിസി ടിവി ദൃശ്യങ്ങൾ സ്വന്തമാക്കാൻ സ്വർണ്ണക്കടത്തിലെ പ്രതി പ്രകാശൻ തമ്പി ശ്രമിക്കുന്നത് എന്തിനാണെന്ന ചോദ്യമാണ് ഇപ്പോഴും സംശയങ്ങൾക്ക് ഇടയാക്കുന്നത്. അർജുനാണ് അപകടം ഉണ്ടാകുമ്പോൾ വാഹനം ഓടിച്ചിരുന്നതെന്നാണ് ലക്ഷ്മി ബാലഭാസ്‌ക്കറിന്റെ മൊഴി. ഈ മൊഴിയെ അട്ടിമറിക്കാൻ പ്രകാശ ബാബു കൂട്ടു നിൽക്കുന്നു എന്ന സൂചനയാണ് പുറത്തുവരുന്നത്. അർജ്ജുൻ അമിത വേഗതയിലാണ് വാഹനം ഓടിച്ചരുന്നതെന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ.

കൊല്ലത്തിനടുത്ത് ബാലഭാസ്‌കറിന്റെ കുടുംബം വാഹനം നിർത്തി ജ്യൂസ് കുടിച്ച സിസിടിവി ദൃശ്യങ്ങൾ കടയിൽ നിന്നും ശേഖരിച്ചതായി പ്രകാശ് തമ്പി തന്നെ നേരത്തെ ക്രൈംബ്രാഞ്ചിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ജ്യൂസ് കടയുടമ ഷംനാദിന്റെ സുഹൃത്തായ നിസാമിന്റെ സഹായത്തോടെയാണ് ദൃശ്യങ്ങൾ ശേഖരിച്ചതെന്ന് പ്രകാശ് തമ്പി ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചു. സ്വർണക്കടത്തു കേസിൽ ഒളിവിൽ പോകുന്നതിന് മുമ്പ് ക്രൈം ബ്രാഞ്ച് നടത്തിയ ചോദ്യം ചെയ്യലിൽ ആയിരുന്നു പ്രകാശ് തമ്പി ഇക്കാര്യം വ്യക്തമാക്കിയത്.

ഡ്രൈവർ അർജുന്റെ മൊഴി സത്യമാണോയെന്ന് പരിശോധിക്കാനാണ് സിസിടിവി ദൃശ്യങ്ങൾ എടുത്തതെന്ന് തമ്പി പറഞ്ഞു. കൊല്ലത്ത് നിന്നും വാഹനമോടിച്ചത് ബാലഭാസ്‌കറെന്നായിരുന്നു അർജുന്റെ മൊഴി. ഹാർഡ് ഡിസ്‌കിൽ നിന്ന് ഒന്നും ലഭിച്ചില്ലെന്ന് തമ്പി ക്രൈംബ്രാഞ്ചിനോട് പറഞ്ഞു. കൂടുതൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ വിളിപ്പിച്ചതിനെത്തുടർന്നാണ് തമ്പി ഒളിവിൽ പോയത്.

അതേസമയം ക്രൈംബ്രാഞ്ച് മുമ്പാകെ നൽകിയ മൊഴിയിൽ നിന്നും മലക്കം മറിയുകയാണ് ജ്യൂസ് കട ഉടമ ഷംനാദ് ചെയ്തത്. പ്രകാശ് തമ്പി തന്റെ കടയിലെത്തി സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചെന്ന് ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി ഇയാൾ മാധ്യമങ്ങൾക്ക് മുന്നിൽ നിഷേധിച്ചു. പ്രകാശ് തമ്പി കടയിലെത്തി ഹാർഡ് ഡിസ്‌ക് കൊണ്ടുപോയിട്ടില്ല. പൊലീസാണ് ഹാർഡ് ഡിസ്‌ക് എടുത്തത്. തനിക്ക് പ്രകാശ് തമ്പിയെ അറിയില്ല. ഇയാൾ തന്റെ കടയിൽ വന്നിട്ടില്ലെന്നും ഷംനാദ് മാധ്യമങ്ങളോട് പറഞ്ഞു.

ഡിവൈഎസ്‌പി ഹരികൃഷ്ണൻ ആദ്യം വന്ന് മൊഴിയെടുത്തു. പിന്നീട് രണ്ട് ദിവസം കഴിഞ്ഞാണ് ഹാർഡ് ഡിസ്‌ക് കൊണ്ടുപോയത്. 30 ദിവസത്തെ ദൃശ്യങ്ങളാണ് ഉണ്ടാവുകയെന്ന് പറഞ്ഞിരുന്നു. എന്നാൽ ഫോറൻസിക് ഉദ്യോഗസ്ഥർ ദൃശ്യങ്ങൾ തിരിച്ചെടുത്തോളുമെന്നാണ് പൊലീസ് തന്നോട് പറഞ്ഞത്. അപകടമുണ്ടായ അന്ന് രാത്രി രണ്ട് മണിക്ക് ശേഷമാണ് ബാലഭാസ്‌കർ കടയിലെത്തിയത്. ബാലഭാസ്‌കറിനെ തനിക്ക് അറിയില്ലായിരുന്നു. നീല കാറിൽ എത്തിയ ബർമുഡ ധരിച്ച ഒരാളാണ് ഇറങ്ങിയത്.

താനുറങ്ങുമ്പോഴാണ് വന്നത്. എണീറ്റുവന്ന് ജ്യൂസ് നൽകി. ഭാര്യയ്ക്ക് ജ്യൂസ് വേണ്ടേയെന്ന് ചോദിച്ചിരുന്നു. എന്നാൽ മൂന്ന് നാല് ദിവസമായി യാത്രയിലായതിനാൽ ഭാര്യ ക്ഷീണിതയായി ഉറങ്ങുകയാണെന്നും അവർക്ക് വേണ്ടെന്നുമാണ് ബാലഭാസ്‌കർ പറഞ്ഞത്. ജ്യൂസ് കഴിച്ച് ഇറങ്ങിയപ്പോൾ താൻ തിരിച്ച് ഉറങ്ങാനും പോയി. ഏത് ഡോറിലൂടെയാണ് ബാലഭാസ്‌കർ ഇറങ്ങിയതെന്നോ വാഹനത്തിൽ കയറിയതെന്നോ താൻ കണ്ടിരുന്നില്ലെന്നും ഇദ്ദേഹം പറഞ്ഞു.

അതേസമയം ഹാർഡ് ഡിസ്‌ക് താൻ കൊണ്ടുപോയി പരിശോധിച്ചിരുന്നുവെന്ന് പ്രകാശ് തമ്പി മുൻപ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ജ്യൂസ് കട ഉമടയുടെ സുഹൃത്തിന്റെ സഹായത്തോടെയാണ് സിസിടിവി ദൃശ്യം ശേഖരിച്ചത്. എന്നാൽ ഇത് പരിശോധിച്ചതിൽ നിന്ന് വിവരങ്ങളൊന്നും ലഭിച്ചില്ലെന്നുമാണ് ഇയാൾ ക്രൈംബ്രാഞ്ചിനോട് പറഞ്ഞത്. ബാലഭാസ്‌കറിന്റെ പ്രോഗ്രാം മാനേജരായിരുന്ന പ്രകാശ് തമ്പി സ്വർണ്ണക്കടത്തുകേസിൽ പൊലീസ് പിടിയിലായിരുന്നു. ഇതോടെയാണ് ബാലഭാസ്‌കറിന്റെ മരണത്തിലെ അന്വേഷണം സജീവമായത്.

ബാലഭാസ്‌കറിന്റെ കൊലപാതകം സംബന്ധിച്ച എല്ലാകാര്യങ്ങളും അറിയാവുന്ന വ്യക്തിയാണ് ഡ്രൈവർ അർജ്ജുൻ. അർജ്ജുൻ ബാലഭാസ്‌കറിന്റെ ഇന്നോവോ കാർ അമിത വേഗത്തിൽ ഓടിച്ച് വാഹനം അപകടത്തിൽപ്പെടുത്തി ബാലഭാസ്‌കറിനെ കൊലപ്പെടുത്തിയതാകാം എന്ന നിഗമനത്തിൽ നിന്നാണ് ഇപ്പോൾ ക്രൈംബ്രാഞ്ച് സംഘം ഈകേസന്വേഷണവുമായി മുന്നോട്ട് പോകുന്നത്. ഈ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണസംഘത്തിന്റെ നിഗമനങ്ങൾ ഇങ്ങനെയാണ്.

കസ്റ്റംസിന്റെ പിടിയിലായ സ്വർണ്ണകള്ളക്കടത്തുകാരുടെ ക്യാരിയറായി ബാലഭാസ്‌കറുടെ പ്രശസ്തിയും ഉപയോഗിച്ചിരുന്നു. ബാലഭാസ്‌കറിന്റെ അറിവോടെയാവില്ല ഇത്. വിദേശ ഷോകൾക്ക് പോയി മടങ്ങുമ്പോൾ ബാലഭാസ്‌കറിന്റെ പ്രിയസംഗീത ഉപകരണത്തിൽ സുഹൃത്തുക്കൾ സ്വർണം ഒളിപ്പിച്ച് കടത്തിയിരുന്നു. ഇങ്ങനെ കൊണ്ടുവരുന്ന സ്വർണ്ണത്തിന്റെ മറ്റ് ഇടപാടുകൾ നടത്തിയിരുന്നത് പ്രകാശൻ തമ്പി, വിഷ്ണു എന്നിവർ ചേർന്നായിരുന്നു. ഒരു അറിയപ്പെടുന്ന കലാകാരനായതുകൊണ്ട് തന്നെ എയർപോർട്ടിൽ ബാലഭാസ്‌കർ കടന്ന് പോയിരുന്നത് ഗ്രീൻ ചാനൽ വഴിയും. ഇതിന് പുറമെ സ്വർണ്ണകടത്തിന് കൂട്ട് നിന്നിരുന്ന കസ്റ്റംസിലെ ഉദ്ദ്യോഗസ്ഥർ ബാലഭാസ്‌കറിന്റെ ആരാധകരായിരുന്നു. ഇതെല്ലാം മനസ്സിലാക്കിയാണ് തന്ത്രങ്ങൾ ഒരുക്കിയത്.

അതുകൊണ്ട് തന്നെ അതിശക്തമായ അന്വേഷണമാകും ഇനി നടത്തുക. ഇടയ്ക്ക് സംഗീതം ഉപേക്ഷിക്കുന്നു, ഇനി വിദേശത്ത് ഷോകൾ ചെയ്യുന്നില്ല എന്നിങ്ങനെ വെളിപ്പെടുത്തൽ നടത്തി ബാലഭാസ്‌കർ രംഗത്ത് എത്തിയതും ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കുന്നുണ്ട്. വിഷ്ണുവിന്റെ നിർദ്ദേശപ്രകാരം തന്റെ സമ്പാദ്യം ബാലഭാസ്‌കർ പൂന്തോട്ടം ആശുപത്രിയിൽ നിക്ഷേപിച്ചിരുന്നു. പാലക്കാട് പൂന്തോട്ടം ആശുപത്രി കം റിസോർട്ട് എന്ന ബിസിനസിലേക്കാണ് ലതയുമായുള്ള പരിചയത്തിന്റെയും പേരിൽ ബാലഭാസ്‌കർ അവിടെ ബിസിനസ്സ് പാർട്ണർ ആകുന്നത്. ബാലഭാസ്‌കറിന്റ സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നത് അർജ്ജുൻ, വിഷ്ണു എന്നിവർ ചേർന്നാണ്.

തന്റെ സാമ്പത്തിക ഇടപാടുകളിൽ ലതയും കൂട്ടരും തരികിട കാണിച്ചപ്പോൾ തന്നെ ബാലഭാസ്‌കർ അത് ചോദ്യം ചെയ്തിരിക്കാം. പണത്തെ ചൊല്ലി നിരവധി തവണ ലതയുമായും ഭർത്താവുമായും ബാലഭാസ്‌കർ വഴക്കിട്ടിരുന്നു. ബാലഭാസ്‌കറിന്റെ വാഹനം അപകടത്തിൽപ്പെടുന്ന ദിവസം ലതയുമായി സംസാരിച്ച ബാലഭാസ്‌കർ ദേഷ്യത്തിലാണ് പിരിഞ്ഞത്. ഇക്കാര്യം കൂടുതൽ ദൃഢപ്പെടുത്തുന്നതാണ് ബാലഭാസ്‌കറിന്റെ കാർ അപകടത്തിൽപ്പെട്ട് നിമിഷകങ്ങൾക്കകം ബാലഭാസ്‌കറിന്റെ ഫോണിലേക്ക് വന്ന ലതയുടെ കോൾ. ഫോൺ എടുത്ത് സംസാരിച്ച് പൊലീസ് ഉദ്ദ്യോഗസ്ഥൻ അപകടവിവരം അറിയിച്ചപ്പോൾ ഒന്നും മിണ്ടാതെ ഫോൺ കട്ട് ചെയ്യുകയായിരുന്നു. ഇതും സംശയങ്ങൾക്ക് ഇട നൽകുന്നു.

അർജ്ജുൻ എന്ന ബാലഭാസ്‌കറിന്റെ ഡ്രൈവർ ഒരു മികച്ച ഡ്രൈവർ എന്നാണ് ക്രൈംബ്രാഞ്ച് വിലയിരുത്തിയിരിക്കുന്നത്. ഇതിന് കാരണവുമുണ്ട്. താൻ ഓടിക്കുന്ന വാഹനങ്ങളിലെ അപകടങ്ങൾ അർജ്ജുന് പുതുമയുള്ളതും ആദ്യത്തേതുമായിരുന്നില്ല. എല്ലാ ഘട്ടത്തിലും ബുദ്ധിപൂർവ്വവും പരിചയസമ്പത്തും കൊണ്ട് ഗുരുതരമായി ഒരു പരുക്കും അർജ്ജുനിനെ സ്പർശിച്ചിട്ടില്ല. ബാലഭാസ്‌കറും കുടുംബവുമായി സഞ്ചരിച്ച കാർ, താൻ ഉറങ്ങിപ്പോയതുമൂലമെന്ന് പറഞ്ഞ് റോഡിന്റെ വലതുവശത്തേക്ക് വെട്ടിതിരിച്ച് മരത്തിൽ ഇടിപ്പിക്കണമെങ്കിൽ അർജ്ജുൻ സാധാരണക്കാരനായ ഡ്രൈവർ അല്ല എന്നത് തന്നെയാണ് അന്വേഷണസംഘത്തിന്റെ പ്രധാന നിഗമനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP