Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വാഹനത്തിലുണ്ടായിരുന്നത് 44 പവൻ; വടക്കുംനാഥന്റെ മുന്നിലെ ചടങ്ങിനിടയിൽ 'രക്തം'; ജ്യൂസ് കടയിലെ സിസിടിവിയിലെ മൊഴി മാറ്റവും അസ്വാഭാവികം; അപകടം നടക്കുമ്പോൾ കാറിലുണ്ടായിരുന്നത് അത്യാവശ്യ സ്വർണ്ണമെന്ന ലക്ഷ്മിയുടെ വിശദീകരണം തെറ്റെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച്; പൂന്തോട്ടം ആശുപത്രിക്കാരി ലതയും ഭർത്താവും പറയുന്നതെല്ലാം പരസ്പര വിരുദ്ധം; കരാറുകാരന്റെ പരാതിയിലും അന്വേഷണം; ബാലഭാസ്‌കറിന്റെ മരണത്തെ കുറിച്ചുള്ള അന്വേഷണം പോകുന്നത് അപ്രതീക്ഷിത ട്വിസ്റ്റുകളിലൂടെ

വാഹനത്തിലുണ്ടായിരുന്നത് 44 പവൻ; വടക്കുംനാഥന്റെ മുന്നിലെ ചടങ്ങിനിടയിൽ 'രക്തം'; ജ്യൂസ് കടയിലെ സിസിടിവിയിലെ മൊഴി മാറ്റവും അസ്വാഭാവികം; അപകടം നടക്കുമ്പോൾ കാറിലുണ്ടായിരുന്നത് അത്യാവശ്യ സ്വർണ്ണമെന്ന ലക്ഷ്മിയുടെ വിശദീകരണം തെറ്റെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച്; പൂന്തോട്ടം ആശുപത്രിക്കാരി ലതയും ഭർത്താവും പറയുന്നതെല്ലാം പരസ്പര വിരുദ്ധം; കരാറുകാരന്റെ പരാതിയിലും അന്വേഷണം; ബാലഭാസ്‌കറിന്റെ മരണത്തെ കുറിച്ചുള്ള അന്വേഷണം പോകുന്നത് അപ്രതീക്ഷിത ട്വിസ്റ്റുകളിലൂടെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബാലഭാസ്‌കർ സഞ്ചരിച്ചിരുന്ന വാഹനത്തിലുണ്ടായിരുന്നത് 44 പവൻ ആഭരണങ്ങൾ എന്ന് ക്രൈംബ്രാഞ്ച്. ഇതിനു പുറമെ വാഹനത്തിൽനിന്ന് പണവും കണ്ടെടുത്തിരുന്നു. രണ്ടുലക്ഷത്തിലധികം രൂപയാണുണ്ടായിരുന്നത്. അത്യാവശ്യം സ്വർണം മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നതെന്നായിരുന്നു ബാലഭാസ്‌കറിന്റെ ഭാര്യ നൽകിയ മൊഴി. എന്നാൽ 44 പവൻ എങ്ങനെ ആവശ്യത്തിന് സ്വർണ്ണമാകുമെന്ന സംശയം പൊലീസിനുണ്ട്. ലക്ഷ്മിക്കും കുട്ടിക്കും ധരിക്കാനാവുന്നതിനേക്കാൾ സ്വർണം വാഹനത്തിലുണ്ടായിരുന്നു. ബാലഭാസ്‌കറുമായി ചേർന്നുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പാലക്കാട്ടെ ആയുർവേദ ആശുപത്രി നടത്തിപ്പുകാരുടെ മൊഴി വിശ്വസനീയം അല്ലെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം.

അതിനിടെ ബാലഭാസ്‌കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് പ്രകാശൻ തമ്പിയെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് കോടതിയുടെ അനുമതി. വിമാനത്താവളത്തിലൂടെയുള്ള സ്വർണക്കടത്ത് കേസിൽ കാക്കനാട് ജയിലിൽ റിമാൻഡിൽ കഴിയുന്ന തമ്പിയെ ഡിവൈ.എസ്‌പി ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച ചോദ്യം ചെയ്യും. കാർ അപകടത്തിൽപ്പെടുന്നതിന് മുൻപ് ബാലഭാസ്‌കർ കൊല്ലത്തെ കടയിൽ നിന്ന് ജ്യൂസ് കുടിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സിസി ടിവിയിൽ നിന്നും പ്രകാശൻ തമ്പി കൈക്കലാക്കിയെന്ന് കടയുടമ ഷംനാദ് മൊഴി നൽകി. ഇക്കാര്യം പ്രകാശം തമ്പിയും അന്വേഷണ സംഘത്തോട് സമ്മതിച്ചിട്ടുണ്ട്. എന്നാൽ അർജുൻ തന്നെയാണോ കാർ ഓടിച്ചിരുന്നതെന്നു മനസിലാക്കാനാണ് ദൃശ്യങ്ങൾ കൈവശപ്പെടുത്തിയതെന്നായിരുന്നു ഇയാളുടെ വിശദീകരണം. ഇതിനിടെ ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി തള്ളി കട ഉടമ ഷംനാദും മാധ്യമങ്ങൾക്ക് മുന്നിലെത്തി. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് പ്രകാശനെ വീണ്ടും ചോദ്യം ചെയ്യുന്നത്. നേരത്തെ ഈ സിസി ടിവി ദൃശ്യങ്ങൾ ക്രൈംബ്രാഞ്ച് കോടതിയിൽ ഹാജരാക്കിയിരുന്നു.കോടതിയിൽ നിന്നും ഹാർഡ് ഡിസ്‌ക് മടക്കി വാങ്ങിയ അന്വേഷണ സംഘം അത് ഫോറൻസിക് പരിശോധനയ്ക്ക് കൈമാറിയിരിക്കുകയാണ്.

വടക്കുംനാഥ ക്ഷേത്രത്തിൽ ബാലഭാസ്‌കറിനായുള്ള വഴിപാടിനുള്ള ചടങ്ങുകൾ ഏർപ്പാടാക്കിയത് പാലക്കാട്ടെ ആയുർവേദ ആശുപത്രി നടത്തിപ്പുകാരിയുടെ മകനാണ്. മൂന്നുദിവസത്തെ ചടങ്ങായിരുന്നു ഇത്. എന്നാൽ, അവസാന ദിവസം ചടങ്ങ് വൈകി. സ്ഥലത്ത് രക്തസാന്നിധ്യം കണ്ടെതിനെത്തുടർന്നാണ് ഇത്. പിന്നീട് ശുദ്ധിക്രിയക്കുശേഷമാണ് ചടങ്ങ് പുനരാരംഭിച്ചത്. ലതയുടെ മകൻ കേരളത്തിൽ ഇപ്പോഴില്ല. പൊലീസിന്റെ ചോദ്യം ചെയ്യൽ ഭയന്ന് ഇയാൾ മുങ്ങിയെന്നാണ് വിലയിരുത്തൽ. ജിഷ്ണു ഹിമാലയത്തിൽ പോയെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന മൊഴി. ബാലഭാസ്‌കറിന്റെ ഡ്രൈവർ അർജുനും കേരളം വിട്ടു. പൂന്തോട്ടം ആശുപത്രിയിൽ നിന്ന് ലഭിച്ച മൊഴിയിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് ഉറച്ച് വിശ്വസിക്കുന്നു. കൊല്ലം പള്ളിമുക്കിലുള്ള ജ്യൂസ് കടയിലെ സി.സി.ടി.വി. ദൃശ്യങ്ങൾ ബാലഭാസ്‌കറിന്റെ സഹായിയും സ്വർണക്കടത്ത് കേസ് പ്രതിയുമായ പ്രകാശൻ തമ്പി ശേഖരിച്ചതായി കടയുടമ ഷംനാദ് ക്രൈംബ്രാഞ്ചിന് നേരത്തെ മൊഴിനൽകിയിരുന്നു. ഈ മൊഴി അദ്ദേഹം വെള്ളിയാഴ്ച മാറ്റി. ഇതും ക്രൈംബ്രാഞ്ചിനെ കുഴക്കുന്നുണ്ട്.

പ്രകാശൻ തമ്പിയെയും വിഷ്ണുവിനെയും പരിചയമുണ്ടെന്നും ഇവർ മൊഴി നൽകിയിരുന്നു. ബാലഭാസ്‌കർവഴിയുള്ള പരിചയം എന്നാണ് പറഞ്ഞത്. ആയുർവേദ ആശുപത്രി നടത്തിപ്പുകാരിയായ ലതയ്ക്കും ഭർത്താവ് ഡോ. രവീന്ദ്രനും പത്തുലക്ഷം രൂപ വായ്പ നൽകിയതായി തെളിയിക്കുന്നതുൾപ്പെടെയുള്ള രേഖകൾ ശേഖരിച്ചിട്ടുണ്ട്. ഇതിനു പുറമെ ആശുപത്രി നടത്തിപ്പുകാർക്കെതിരെ കോഴിക്കോട് സ്വദേശി കരാറുകാരൻ നൽകിയ പരാതിയുടെ വിശദാംശങ്ങളും ശേഖരിച്ചു. നിർമ്മാണ ഇനത്തിൽ പണം തരാനുണ്ടെന്നു കാട്ടിയാണ് ഇയാൾ പരാതി നൽകിയിരിക്കുന്നത്. പരാതിയിൽ ബാലഭാസ്‌കറിന്റെ പേരും പരാമർശിക്കുന്നുണ്ട്. ബാലഭാസ്‌കറിനുംകൂടി പങ്കാളിത്തമുള്ള സംരംഭമാണെന്ന് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ മരണത്തെതുടർന്നാണ് കാശിന്റെ കാര്യത്തിൽ പ്രയാസം നേരിട്ടതെന്നും പരാതിയിലുണ്ട്. പരാതിയിൽ കേസെടുത്തതായി ചെർപ്പുളശേരി സിഐ പറഞ്ഞു.

അതിനിടെ അന്വേഷണത്തിൽ കൊല്ലത്തെ ജ്യൂസ് കട ശ്രദ്ധാകേന്ദ്രമാകുകയാണ്. തനിക്ക് ബാലഭാസ്‌കറിനെ അറിയില്ലെന്നും ജ്യൂസ് വാങ്ങി കുടിച്ചുകൊണ്ടിരിക്കെ താൻ ഉറങ്ങാൻ പോയെന്നുമാണ് വെള്ളിയാഴ്ച ഷംനാദ് പറഞ്ഞത്. കാർ അപകടത്തിൽപ്പെടുന്നതിന് മണിക്കൂറുകൾക്കുമുൻപാണ് ബാലഭാസ്‌കർ കടയിൽ എത്തിയത്. ബാലഭാസ്‌കർ മരിച്ച് രണ്ടുദിവസം കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ സഹായിയെന്ന് പരിചയപ്പെടുത്തി പ്രകാശൻ തമ്പി കടയിലെത്തിയെന്നും അപകടവുമായി ബന്ധപ്പെട്ട വിശദാന്വേഷണത്തിന് പൊലീസിന് കൈമാറാനെന്നപേരിൽ സി.സി.ടി.വി.യുടെ ഹാർഡ് ഡിസ്‌ക് വാങ്ങിക്കൊണ്ടുപോയെന്നുമായിരുന്നു ആദ്യമൊഴി. ദിവസങ്ങൾക്കുശേഷം മടക്കിക്കൊണ്ടുവന്ന ഹാർഡ് ഡിസ്‌കിൽ ദൃശ്യങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ഷംനാദ് പറഞ്ഞിരുന്നു.

വെള്ളിയാഴ്ച മാധ്യമപ്രവർത്തകർ വീട്ടിലെത്തിയപ്പോൾ ഷംനാദ് സംസാരിക്കാൻ തയ്യാറാകാതെ വീടിന്റെ കതകടച്ചു. അടുത്ത ബന്ധുക്കളെ വിളിച്ചുവരുത്തി അരമണിക്കൂറിനുശേഷം പുറത്തുവന്ന ഷംനാദ് പ്രകാശൻ തമ്പിയെ അറിയില്ലെന്നും തന്റെ പക്കൽനിന്ന് പൊലീസല്ലാതെ മറ്റാരും സി.സി.ടി.വി. ഹാർഡ് ഡിസ്‌ക് വാങ്ങിയിട്ടില്ലെന്നും പറഞ്ഞു. സെപ്റ്റംബർ 25-ന് പുലർച്ചെ രണ്ടുമണിയോടെ ഹോൺ കേട്ടാണ് കടയിലെ വിശ്രമമുറിയിൽനിന്ന് താൻ പുറത്തുവന്നതെന്ന് ഷംനാദ് പറഞ്ഞു. അപ്പോൾ ഒരാൾ വന്ന് ഒരു ജ്യൂസ് ചോദിച്ചു. ഭാര്യക്ക് വേണ്ടേയെന്ന് ചോദിച്ചപ്പോൾ യാത്രാക്ഷീണത്തിൽ നല്ല ഉറക്കത്തിലാണെന്ന് മറുപടി പറഞ്ഞു. ജ്യൂസ് കുടിച്ചുകഴിഞ്ഞ് പൈസ വാങ്ങിയശേഷം താൻ വിശ്രമമുറിയിലേക്ക് മടങ്ങി. ജ്യൂസ് കുടിച്ചയാൾ തിരിച്ച് കാറിന്റെ ഏത് സീറ്റിലാണ് കയറിയതെന്ന് ശ്രദ്ധിച്ചില്ല.

രണ്ടുദിവസത്തിനുശേഷമാണ് കടയിൽ വന്നത് പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറായിരുന്നെന്ന് തിരിച്ചറിഞ്ഞത്. അപകടംനടന്ന് രണ്ടുമാസത്തിനുശേഷം ഡിവൈ.എസ്‌പി. ഹരികൃഷ്ണൻ വന്നാണ് ഹാർഡ് ഡിസ്‌ക് വാങ്ങിക്കൊണ്ടുപോയത്. ഇത്രയും പറഞ്ഞശേഷം ഷംനാദ് വീണ്ടും വീടിനകത്തുകയറി വാതിലടച്ചു. സ്വർണക്കടത്ത് കേസിൽ പ്രകാശ് തമ്പി പിടിയിലാകുന്നതിനുമുൻപാണ് അയാൾ സി.സി.ടി.വി. ഹാർഡ് ഡിസ്‌ക് വാങ്ങിക്കൊണ്ടുപോയതായി ഷംനാദ് മൊഴിനൽകിയത്. ഇതാണ് മാറ്റി പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP