Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാലങ്ങൾക്ക് 100 വർഷത്തിനു മീതെ ആയുസ് വേണ്ടതാണെന്നും പൊടിക്കൈകൾ കൊണ്ടു പാലം നിലനിറുത്തുന്നതു ശരിയല്ലെന്നും മെട്രോ മാൻ; പാലാരിവട്ടം മേൽപ്പാലം മാറ്റിപ്പണിയുകയാണ് വേണ്ടതെന്ന നിലപാടിനെ സർക്കാർ അംഗീകരിക്കില്ല; നടക്കുന്നത് ദേശീയ പാതയിലെ പാലങ്ങളുടെ പണി കേന്ദ്രത്തിന് നൽകാനുള്ള ഗൂഡനീക്കമെന്ന് ആരോപിച്ച് പൊതുമരാമത്ത് ഉദ്യോഗസ്ഥർ; ജനങ്ങളുടെ ജീവിതത്തിനും സമയത്തിനുമൊക്കെ പുല്ലുവില കല്പിക്കുന്നവർ ശ്രീധരന്റെ ഉപദേശത്തിന് നൽകുന്നത് ചവറ്റുകുട്ടയിലെ സ്ഥാനം

പാലങ്ങൾക്ക് 100 വർഷത്തിനു മീതെ ആയുസ് വേണ്ടതാണെന്നും പൊടിക്കൈകൾ കൊണ്ടു പാലം നിലനിറുത്തുന്നതു ശരിയല്ലെന്നും മെട്രോ മാൻ; പാലാരിവട്ടം മേൽപ്പാലം മാറ്റിപ്പണിയുകയാണ് വേണ്ടതെന്ന നിലപാടിനെ സർക്കാർ അംഗീകരിക്കില്ല; നടക്കുന്നത് ദേശീയ പാതയിലെ പാലങ്ങളുടെ പണി കേന്ദ്രത്തിന് നൽകാനുള്ള ഗൂഡനീക്കമെന്ന് ആരോപിച്ച് പൊതുമരാമത്ത് ഉദ്യോഗസ്ഥർ; ജനങ്ങളുടെ ജീവിതത്തിനും സമയത്തിനുമൊക്കെ പുല്ലുവില കല്പിക്കുന്നവർ ശ്രീധരന്റെ ഉപദേശത്തിന് നൽകുന്നത് ചവറ്റുകുട്ടയിലെ സ്ഥാനം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പാലാരിവട്ടം മേൽപ്പാലം മാറ്റിപ്പണിയുകയാണ് വേണ്ടതെന്ന് ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരൻ പറയുമ്പോഴും കേട്ട ഭാവം സംസ്ഥാന സർക്കാരിനില്ല. പാലത്തിന്റെ കാര്യത്തിൽ ഇപ്പോൾ ചെയ്യുന്നതൊന്നും ശാശ്വത പരിഹാരമല്ലെന്നാണ് ഇ ശ്രീധരന്റെ നിലപാട്. ഗർഡറുകളെല്ലാം മാറ്റണമെന്നും ഇളക്കം തട്ടിയ ഗർഡറുകൾ വീണ്ടും യോജിപ്പിക്കുന്നത് നല്ലതല്ലെന്നും ഇ ശ്രീധരൻ വിശദീകരിക്കുന്നു. എന്നാൽ ഇതൊന്നും തൽകാലം കേൾക്കേണ്ടെന്നാണ് പൊതുമരമാത്ത് വകുപ്പിന്റെ തീരുമാനം. അറ്റകുറ്റപണിയുമായി മുമ്പോട്ട് പോകും.

പാലത്തിന്റെ ഡിസൈൻ തന്നെ തെറ്റാണ്. ഉദ്യോഗസ്ഥരുടെ മേൽനോട്ടം ഇവിടെ വേണ്ടവിധം ഉണ്ടായോയെന്നു സംശയമുണ്ട്. ഗർഡറുകൾ കൂട്ടിയിണക്കാൻ ആവശ്യത്തിനു ഡയഫ്രം ഉപയോഗിക്കാത്തതാണു വാഹനം പോകുമ്പോൾ പാലം ഇളകുന്നതിനുള്ള മുഖ്യകാരണം. പാലാരിവട്ടം പാലത്തിൽ ആവശ്യത്തിനു 'മിഡിൽ ഡയഫ്രം' ഉപയോഗിച്ചിട്ടില്ലെന്നാണു തോന്നുന്നതെന്നും ശ്രീധരൻ പറഞ്ഞിരുന്നു. ദേശീയപാതയിലുള്ള പാലങ്ങൾ സംസ്ഥാനം ഏറ്റെടുത്തു ചെയ്യേണ്ടതുണ്ടോ എന്നു പരിശോധിക്കണം. ദേശീയപാത അഥോറിറ്റിക്കു സംവിധാനങ്ങളുണ്ട്. കരാറുകൾ നൽകാൻ വേണ്ടി മാത്രം മേൽപാലം പോലുള്ള പദ്ധതികൾ തുടങ്ങുന്നതു ശരിയല്ലെന്നാണ് ശ്രീധരന്റെ പക്ഷം. എന്നാൽ ഇതെല്ലാം പബ്ലിസിറ്റിക്ക് വേണ്ടി മാത്രമുള്ളതാണെന്നാണ് പൊതുമരാമത്ത് വകുപ്പിലെ ഉന്നതർ പറയുന്നത്.

ദേശീയപാതയിലുള്ള പാലങ്ങൾ സംസ്ഥാനം ഏറ്റെടുത്തു ചെയ്യേണ്ടതുണ്ടോ എന്നു പരിശോധിക്കണം. ദേശീയപാത അഥോറിറ്റിക്കു സംവിധാനങ്ങളുണ്ട്. കരാറുകൾ നൽകാൻ വേണ്ടി മാത്രം മേൽപാലം പോലുള്ള പദ്ധതികൾ തുടങ്ങുന്നതു ശരിയല്ലെന്നും ശ്രീധരൻ വിമർശിച്ചിരുന്നു. ഇതിന് പിന്നിൽ പൊതുമരാമത്ത് വകുപ്പിനെ ഇല്ലായ്മ ചെയ്യാനുള്ള നീക്കമാണെന്ന് ഉദ്യോഗസ്ഥർ ആരോപിക്കുന്നു. കാര്യക്ഷ്മമായ പുനരുദ്ധാരണത്തിലൂടെ പാലാരിവട്ടത്തെ പാലത്തിനെ ശരിയാക്കാമെന്നാണ് പൊതുമരമാത്ത് ഉദ്യോഗസ്ഥർ പറയുന്നത്. പിണറായി സർക്കാരും ഇതിനൊപ്പമാണ്. ശ്രീധരനോട് സർക്കാരിന് വലിയ താൽപ്പര്യമില്ല. അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ ഉപദേശവും തേടില്ല.

ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം എന്ന വാർത്ത കണ്ടു. പാലം തകർച്ച നേരിട്ടപ്പോൾ ആദ്യം വിജിലൻസിനെ സമീപിക്കുകയല്ല, എൻജിനീയറിങ് വിദഗ്ധരെ സമീപിക്കുകയായിരുന്നു വേണ്ടത്. വിജിലൻസിനെ കൊണ്ടുവന്നാൽ പാലം നന്നാകില്ല. തിരുനാവായ, പെരിന്തൽമണ്ണ മേൽപാലങ്ങൾക്കു സംഭവിച്ചതും ഇതാണ്. എന്നിട്ടും ഗുരുതരമായ കൃത്യവിലോപം ആവർത്തിക്കപ്പെടുന്നത് അംഗീകരിക്കാൻ വയ്യ.കൊച്ചിയിൽ ഡിഎംആർഡി സ്വന്തം ഡിസൈനിൽ നിർമ്മിച്ച നാലു പാലങ്ങളും സമയബന്ധിതമായി ചുരുങ്ങിയ ബജറ്റിലാണു തീർത്തത്. ഇടപ്പള്ളി മേൽപാലത്തിന് 54.23 കോടിയായിരുന്നു എസ്റ്റിമേറ്റ്. ഫൂട് ഓവർ ബ്രിജും എസ്‌കലേറ്ററും നിർമ്മിക്കേണ്ട അഞ്ചു കോടിയുടെ പണി ഡിഎംആർസി ചെയ്തിട്ടില്ല. പാലം പൂർത്തിയാക്കിയത് 33.12 കോടി രൂപയ്ക്കാണ്. മൊത്തം പദ്ധതി സംഖ്യയിൽ 16.11 കോടി രൂപ മടക്കി നൽകുകയായിരുന്നുവെന്നും ഇ. ശ്രീധരൻ വ്യക്തമാക്കിയിരുന്നു.

അതിനിടെ പാലാരിവട്ടം മേൽപ്പാലം നിർമ്മാണത്തിന് പിന്നിൽ നടന്നിരിക്കുന്നത് അതീവഗുരുതരമായ ക്രമക്കേടുകളാണെന്ന വിജിലൻസ് റിപ്പോർട്ടിന് പിന്നാലെ പാലം നിർമ്മാണത്തിൽ ക്രമക്കേടിന് പിന്നിലുള്ളവരെ ശിക്ഷിക്കണമെന്ന അഭിപ്രായവുമായി സംവിധായകൻ അരുൺ ഗോപി രംഗത്ത്. മരണം മാത്രമല്ല നടക്കാതെ പോയ എത്രയോ നല്ല കാര്യങ്ങൾക്കാണ് ബ്ലോക്കുകൾ മൂകസാക്ഷികൾ ആയിട്ടുണ്ടാവുകയെന്ന് അദ്ദേഹം ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ജനങ്ങളുടെ ജീവിതത്തിനും സമയത്തിനുമൊക്കെ പുല്ലുവില കല്പിക്കുന്നവർക്കു അർഹിക്കുന്ന ശിക്ഷ തന്നെ നൽകണം.. പാലാരിവട്ടം മേൽപ്പാലം കാരണം ഉണ്ടാകുന്ന ബ്ലോക്കിൽ മണിക്കൂറുകളാണ് മനുഷ്യർ ജീവിതം ഇഴച്ചു നീക്കുന്നത്, കടുത്ത ബ്ലോക്ക് കാരണം.. ഈ ഒരൊറ്റ കാരണത്താൽ പൊലിഞ്ഞു പോകുന്ന ജീവിതങ്ങൾ അനവധിയായിരിക്കും, മരണം മാത്രമല്ല നടക്കാതെ പോയ എത്രയോ നല്ലകാര്യങ്ങൾക്കു ഇത്തരം ബ്ലോക്കുകൾ മൂകസാക്ഷികൾ ആയിട്ടുണ്ടാവും.. ''ആരോട് പറയാൻ ആര് കേൾക്കാൻ''... ഇനിയും ഇങ്ങനെ പറഞ്ഞു ഇരിക്കാൻ കഴിയുന്നില്ല, അധികാരികൾ നിങ്ങൾ കേൾക്കണം ഇതിന്റെ പിന്നിലുള്ളവരെ ശിക്ഷിക്കണം അല്ലെങ്കിൽ ജനങ്ങൾ ഇനിയുമൊരു സ്വാതത്ര്യ സമരം നടത്തേണ്ടി വരും ഇതുപോലുള്ള കള്ള നാണയങ്ങളിൽ നിന്ന് അധികാരം തിരിച്ചു പിടിക്കാൻ! രാഷ്ട്രം ഉണ്ടെങ്കിലേ രാഷ്ട്രീയ പാർട്ടികൾ ഉണ്ടാകു.. കൊടിയുടെ നിറം നോക്കാതെ മനുഷ്യരായി ഇതിനെതിരെ നിലകൊള്ളുകതന്നെ വേണം ഓരോരുത്തരും!-ഇതാണ് അരുൺ ഗോപിയുടെ നിലപാട് വിശദീകരണം. ഇത്തരത്തിൽ പൊതു നിലപാട് ഉയരുമ്പോഴും ശ്രീധരനെ പോലുള്ളവരെ കേൾക്കേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം.

പാലങ്ങൾക്ക് 100 വർഷത്തിനു മീതെ ആയുസ് വേണ്ടതാണെന്നും പൊടിക്കൈകൾ കൊണ്ടു പാലം നിലനിറുത്തുന്നതു ശരിയല്ലെന്നമാണ് ശ്രീധരന്റെ നിലപാട്. പാലാരിവട്ടം മേൽപ്പാലം നിർമ്മാണത്തിൽ വൻ അഴിമതി നടന്നുവെന്ന് വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. ക്രമക്കേട് നടന്നെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയതിനെതുടർന്നാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ തീരുമാനിച്ചത്. കരാറുകാരുമായി ചേർന്ന് ഉദ്യോഗസ്ഥർ ഒത്തുകളിച്ചുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ കേസെടുത്തിരുന്നു. റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷനിലെയും കിറ്റ്‌ക്കോയിലെയും ഉദ്യോഗസ്ഥരെ പ്രതികളാക്കിയാണ് കേസെടുത്തത്.നിലവാരമില്ലാത്ത സിമന്റാണ് പാലം നിർമ്മാണത്തിന് ഉപയോഗിച്ചതെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു.

ആവശ്യത്തിന് കമ്പികൾ ഉപയോഗിച്ചില്ലെന്നും അമിതലാഭം ഉണ്ടാക്കാൻ പാലത്തിന്റെ ഡിസൈൻ മാറ്റിയെന്നും റിപ്പോർട്ടിലുണ്ട്. പാലത്തിൽ നിന്നും വിജിലൻസ് ശേഖരിച്ച കോൺക്രീറ്റിന്റെയും കമ്പിയുടെയുമടക്കമുള്ള സാംപിളുകളുടെ ശാസ്ത്രീയ പരിശോധനാ ഫലത്തിലും ക്രമക്കേട് ബോദ്ധ്യമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP