Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മുഖ്യമന്ത്രിയുടെ സുരക്ഷാ സേനയ്ക്ക് കൊമ്പുണ്ട്! അർദ്ധരാത്രി തട്ടുകടക്കാരനെ മർദ്ദിച്ച് തട്ടുകട തകർത്ത് ദോശമാവ് റോഡിലൊഴിച്ചിട്ട് എല്ലാം അരലക്ഷം നൽകി ഒത്തുതീർപ്പാക്കി; പരാതിയില്ലെന്ന് തട്ടുകടക്കാരനിൽ നിന്ന് എഴുതിവാങ്ങിയതിനൊപ്പം നേരത്തേ കൊടുത്ത പരാതി കീറിക്കളഞ്ഞു; എല്ലാത്തിനും ഒത്താശ ചെയ്തത് മ്യൂസിയം സിഐയും; മാധ്യമങ്ങൾ ചോദിച്ചാൽ പറയാൻ പുതിയ കഥയും പഠിപ്പിച്ചു; പിണറായിയുടെ പൈലറ്റുകാർ വെള്ളയമ്പലത്തെ അർദ്ധരാത്രിയിൽ വിറപ്പിച്ച കേസ് ആവിയായത് ഇങ്ങനെ

മുഖ്യമന്ത്രിയുടെ സുരക്ഷാ സേനയ്ക്ക് കൊമ്പുണ്ട്! അർദ്ധരാത്രി തട്ടുകടക്കാരനെ മർദ്ദിച്ച് തട്ടുകട തകർത്ത് ദോശമാവ് റോഡിലൊഴിച്ചിട്ട് എല്ലാം അരലക്ഷം നൽകി ഒത്തുതീർപ്പാക്കി; പരാതിയില്ലെന്ന് തട്ടുകടക്കാരനിൽ നിന്ന് എഴുതിവാങ്ങിയതിനൊപ്പം നേരത്തേ കൊടുത്ത പരാതി കീറിക്കളഞ്ഞു; എല്ലാത്തിനും ഒത്താശ ചെയ്തത് മ്യൂസിയം സിഐയും; മാധ്യമങ്ങൾ ചോദിച്ചാൽ പറയാൻ പുതിയ കഥയും പഠിപ്പിച്ചു; പിണറായിയുടെ പൈലറ്റുകാർ വെള്ളയമ്പലത്തെ അർദ്ധരാത്രിയിൽ വിറപ്പിച്ച കേസ് ആവിയായത് ഇങ്ങനെ

പി വിനയചന്ദ്രൻ

തിരുവനന്തപുരം : തലസ്ഥാനത്തെ തട്ടുകടക്കാരനെ ക്രൂരമായി തല്ലിച്ചതയ്ക്കുകയും തട്ടുകടയിലെ സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ട ശേഷം ആട്ടിവച്ചിരുന്ന ദോശമാവ് പാത്രത്തോടെ റോഡിലൊഴിച്ച സംഭവത്തിൽ തട്ടുകടക്കാരന് അരലക്ഷം രൂപ നൽകി മുഖ്യമന്ത്രിയുടെ പൈലറ്റ്, എസ്‌കോർട്ട് നടത്തുന്ന പൊലീസുകാർ കേസ് ഒത്തുതീർപ്പാക്കി. മ്യൂസിയം സിഐ സുനിലിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ഒത്തുതീർപ്പ്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി പത്തരയോടെ തിരുവനന്തപുരം നഗരമദ്ധ്യത്തിൽ വെള്ളയമ്പലത്തെ ആൽത്തറ ജംഗ്ഷനിലായിരുന്നു നാടകീയ സംഭവങ്ങൾ.

നിത്യവൃത്തിക്കായി, രാത്രിയിൽ തട്ടുകട നടത്തുന്നവർക്കുനേരെയായിരുന്നു അതിക്രമം. ആൽത്തറ ജംഗ്ഷനിലെ നൈറ്റ് തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് മുഖ്യമന്ത്രിയുടെ പൈലറ്റ്, എസ്‌കോർട്ട് സംഘത്തിലുള്ളവർ മൂന്ന് ബൈക്കുകളിൽ എത്തിയത്. ഇവർ നന്നായി മദ്യപിച്ചിരുന്നു. പൊലീസുകാർ നടത്തിയ ആക്രമണം ഒത്തുതീർപ്പാക്കാൻ അന്ന് രാത്രി തന്നെ സിഐ രംഗത്തെത്തിയതോടെ കേസ് ഏതുവഴിക്ക് തിരിയുമെന്ന് ഉറപ്പായിട്ടുണ്ട്.

ആൽത്തറ ജംഗ്ഷനിലെ ഫുട്പാത്തിൽ ഒരു ഡെസ്‌കും ഏതാനും കസേരകളുമിട്ട് വൈകിട്ട് മുതൽ രാത്രി വരെ തട്ടുകട നടത്തുന്നയാളെയാണ് പൊലീസുകാർ ആക്രമിച്ചത്. ഉപജീവനത്തിനായി ഉറക്കമൊഴിഞ്ഞ് അധ്വാനിക്കുന്ന പാവപ്പെട്ടവരെ മുഖ്യമന്ത്രിയുടെ സുരക്ഷാ അംഗത്വത്തിന്റെ ബലത്തിൽ ആക്രമിക്കുന്ന പൊലീസുകാർക്കെതിരേ കർശന നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിരുന്നു.

ഭക്ഷണം ഓർഡർ ചെയ്ത് കാത്തുനിൽക്കുന്നതിനിടെ തട്ടുകടക്കാരനുമായി വാക്കേറ്റമുണ്ടായി. ഇതിനിടെ മദ്യലഹരിയിലായിരുന്ന പൊലീസുകാർ തട്ടുകടയിലെ സാധനങ്ങൾ വാരിവലിച്ചെറിഞ്ഞു. ദോശയുണ്ടാക്കാൻ ആട്ടി വച്ചിരുന്ന മാവ് റോഡിലൊഴുക്കി. തട്ടുകടക്കാരനെയും അവിടത്തെ ജോലിക്കാരെയും മർദ്ദിച്ച് അവശരാക്കി. തങ്ങൾ മ്യൂസിയം പൊലീസ് സ്റ്റേഷനിലെ പൊലീസുകാരാണെന്നും ചെറുവിരൽ അനക്കിയാൽ തട്ടുകട പൊളിച്ചുമാറ്റുമെന്നും ഭീഷണിപ്പെടുത്തിയാണ് മൂന്ന് ബൈക്കുകളിൽ പതിനൊന്നേകാലോടെ സംഘം കടന്നത്.

ക്രൂരമായി മർദ്ദനമേറ്റ തട്ടുകടക്കാരനും ജീവനക്കാരും തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. അവിടെ അഡ്‌മിറ്റായ വിവരമറിഞ്ഞ് മ്യൂസിയം സിഐ സുനിൽ ആശുപത്രിയിലേക്ക് പാഞ്ഞെത്തി. കേസുമായി ഒരുകാരണവശാലും മുന്നോട്ടു പോവരുതെന്നും ഇനി വെള്ളയമ്പലത്ത് തട്ടുകട നടത്തണമെങ്കിൽ കേസ് പിൻവലിക്കണമെന്നും സിഐ ആവശ്യപ്പെട്ടതായാണ് പരാതി. പൊലീസുകാർ എത്ര നഷ്ടപരിഹാരം വേണമെങ്കിലും തരുമെന്നും വേഗം ഡിസ്ചാർജ് വാങ്ങിപ്പോവണമെന്നും സിഐ ആവശ്യപ്പെട്ടു.

തട്ടുകട നടത്താൻ അനുവദിക്കില്ലെന്ന് സിഐ പറഞ്ഞതോടെ ഒത്തുതീർപ്പിന് പരാതിക്കാരൻ തയ്യാറായി. പരാതിക്കാരനെ സിഐ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. കടയുടമ പരാതിയില്ലെന്ന് എഴുതിനൽകി. തട്ടുകട പൂട്ടിക്കുമെന്ന് പേടിച്ചാണ് പരാതി നൽകിയതെന്ന് കടയുടമ വ്യക്തമാക്കി. അമ്പതിനായിരം രൂപ നഷ്ടപരിഹാരം വാങ്ങി നൽകി. നേരത്തേ നൽകിയ പരാതി കീറിക്കളഞ്ഞു. സംഭവം ഒതുക്കിത്തീർത്ത സിഐ മാധ്യമങ്ങൾ ചോദിച്ചാൽ പറയാനായി പുതിയ കഥ തട്ടുകടക്കാരനെ പഠിപ്പിച്ചു.

ആ കഥ ഇങ്ങനെ: മുഖ്യമന്ത്രിയുടെ സുരക്ഷാസംഘത്തിലെ ചില പൊലീസുകാർ തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തി. ദോശയിൽ ഒരു ബോൾട്ട് കിടന്നതിനെച്ചൊല്ലി ഇവരും കടയുടമയുമായി സംസാരമുണ്ടായി. പണം തരേണ്ടെന്നായിരുന്നു കടയുടമയുടെ മറുപടി. ഇങ്ങനെയായാൽ ഇവിടെ കട നടത്താൻ പറ്റില്ലെന്ന് പൊലീസുകാർ പറഞ്ഞതോടെ ഭയന്ന് പൊലീസിൽ പരാതി. ഒത്തുതീർപ്പുണ്ടാക്കുമ്പോൾ, അക്രമി സംഘത്തിലില്ലാതിരുന്ന മുഖ്യമന്ത്രിയുടെ സുരക്ഷാസംഘത്തിലെ ഒരു പൊലീസുകാരനും സ്റ്റേഷനിലുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP