Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ക്രിക്കറ്റ് കാണാനുള്ള തയ്യാറെടുപ്പിനിടെ കേട്ടത് വലിയ ശബ്ദം; ഇറങ്ങി നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന അപകടക്കാഴ്ച; പോസ്റ്റ് ഓഫിസ് മുക്കിലെ ചെറിയ വളവുള്ള ഈ സ്ഥലം സ്ഥിരം അപകടക്കാഴ്ച; ആഘോഷത്തിനിടെ മദ്യപിച്ച് ചർദ്ദിച്ച സുഹൃത്തുമായി ആംബുലൻസിൽ കയറിയ നെന്മാറക്കാർ; നെല്ലിയാമ്പതിയിലെ ചെറിയ കാറപകടത്തിലെ പരിക്കുമായി സാമൂഹികാരോഗ്യകേന്ദ്രത്തിൽ എത്തിയവർ വാടാനാംകുറുശിക്കാർ; തണ്ണിശ്ശേരിയിലെ അപകടം മൂന്ന് ഗ്രാമങ്ങളുടെ നൊമ്പരമാകുമ്പോൾ

ക്രിക്കറ്റ് കാണാനുള്ള തയ്യാറെടുപ്പിനിടെ കേട്ടത് വലിയ ശബ്ദം; ഇറങ്ങി നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന അപകടക്കാഴ്ച; പോസ്റ്റ് ഓഫിസ് മുക്കിലെ ചെറിയ വളവുള്ള ഈ സ്ഥലം സ്ഥിരം അപകടക്കാഴ്ച; ആഘോഷത്തിനിടെ മദ്യപിച്ച് ചർദ്ദിച്ച സുഹൃത്തുമായി ആംബുലൻസിൽ കയറിയ നെന്മാറക്കാർ; നെല്ലിയാമ്പതിയിലെ ചെറിയ കാറപകടത്തിലെ പരിക്കുമായി സാമൂഹികാരോഗ്യകേന്ദ്രത്തിൽ എത്തിയവർ വാടാനാംകുറുശിക്കാർ; തണ്ണിശ്ശേരിയിലെ അപകടം മൂന്ന് ഗ്രാമങ്ങളുടെ നൊമ്പരമാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: നെന്മാറ അയിലൂർ തലവെട്ടാംപാറയിലെയും പട്ടാമ്പി വാടാനാംകുറുശിയിലെയും ഷൊർണൂർ വെട്ടിക്കാട്ടിരിയിലെയും ആളുകൾക്ക് ദുഃഖം നൽകിയ അപകടം. അപകടത്തിൽപ്പെട്ടവരുമായി പോയ ആംബുലൻസ് പാലക്കാട് തണ്ണിശ്ശേരിയിൽ മീൻലോറിയിലിടിച്ച് എട്ടു പേർ മരിക്കുമ്പോൾ അത് മൂന്ന് ഗ്രാമങ്ങളുടെ ദുഃഖമാകുന്നു. കൊടുവായൂർ-പാലക്കാട് റോഡിൽ തണ്ണിശ്ശേരി പഴയ പോസ്റ്റോഫീസിനുസമീപം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം. മുൻഭാഗം പൂർണമായും തകർന്ന ആംബുലൻസിലുണ്ടായിരുന്ന ഒമ്പതുപേരിൽ ഡ്രൈവറടക്കം എട്ടുപേരും മരിച്ചു. ഇവരിൽ നാലുപേർ വാടാനാംകുറിശ്ശി സ്വദേശികളും നാലുപേർ നെന്മാറ സ്വദേശികളുമാണ്. കാർ മറിഞ്ഞ് പരിക്കേറ്റ ഷാഫി എന്ന പതിമ്മൂന്നുകാരനും മീൻലോറിയുടെ ഡ്രൈവറും ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഷാഫിയുടെ പരിക്ക് ഗുരുതരമാണ്.

അപകടത്തിൽപ്പെട്ടവർ നെന്മാറ സാമൂഹികാരോഗ്യകേന്ദ്രത്തിൽനിന്ന് പ്രഥമശുശ്രൂഷയ്ക്കുശേഷം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് പോകുകയായിരുന്നു. അതിനിടെയാണ് മദ്യപിച്ച് കുഴഞ്ഞുവീണ യുവാവുമായി ആംബുലൻസ് സി.എച്ച്.സി.യിലെത്തിയത്. ഇവർക്കൊപ്പം രാവിലെ അപകടത്തിൽപ്പെട്ട സംഘവും കയറുകയായിരുന്നു. മദ്യപിച്ച് ഛർദിച്ച് അവശനായതിനെത്തുടർന്നാണ് നിഖിലിനെയും കൊണ്ട് സുഹൃത്തുക്കൾ നെന്മാറ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലേക്ക് തിരിച്ചത്. ജില്ലാ ആശുപത്രിയിലെ ചികിത്സ നിർദ്ദേശിച്ചതിനെത്തുടർന്ന് പാലക്കാട്ടേക്ക് തിരിക്കുമ്പോൾ നെല്ലിയാമ്പതിയിൽ അപകടത്തിൽപ്പെട്ട വാടാനാംകുറുശിയിൽനിന്നുള്ള വിനോദ സഞ്ചാരസംഘവും ഇവരോടൊപ്പം കൂടുകയായിരുന്നു. നെല്ലിയാമ്പതിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ ചെറിയ അപകടത്തെ നിസ്സാര പരിക്കുകളോടെ അതിജീവിച്ചവർക്ക് മരണമാണ് യാത്ര നൽകിയത്. അവധി ദിവസമായ ഞായറാഴ്ച കൂട്ടുകാരുമായി ആഘോഷിക്കുന്നതിനിടയ്ക്കാണ് നിഖിലിന് അസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

മരണ വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ കൂട്ടുകാർക്കും ബന്ധുക്കൾക്കും നിഖിലിന്റെയും വൈശാഖിന്റെയും ശിവന്റെയും സുധീറിന്റെയും മരണം ഉൾക്കൊള്ളാനായില്ല. വിനോദയാത്രയ്ക്ക് പോയവരെ ജീവനറ്റ് മോർച്ചറിയിൽ കാണേണ്ടിവന്നതിന്റെ നടുക്കത്തിലായിരുന്നു വാടാനാംകുറുശിയിൽനിന്ന് എത്തിയ ബന്ധുക്കളും സുഹൃത്തുക്കളും. ആംബുലൻസിലുണ്ടായിരുന്ന 13 വയസ്സുകാരന്റെ ജീവൻ മാത്രമാണു രക്ഷിക്കാനായത്. തണ്ണിശ്ശേരി പോസ്റ്റ് ഓഫിസ് മുക്കിലെ വീടിനു മുന്നിലായിരുന്നു അപകടം. അപകടം കണ്ട് ആദ്യമെത്തിയതും വീടിലുള്ളവരായിരുന്നു. ഈ വീട്ടിലെ നളിനുയും വിജയനും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്. ഉച്ചയ്ക്ക് ടിവിയിൽ ഇന്ത്യാ-ഓസ്‌ട്രേലിയ ക്രിക്കറ്റ് കളിക്ക് മുമ്പുള്ള വിലയിരുത്തൽ പരിപാടികൾ കണ്ടു കൊണ്ടിരിക്കുമ്പോഴാണു വലിയ ശബ്ദംകേട്ട് ഇരുവരും പുറത്തിറങ്ങി നോക്കുന്നത്.

മതിലിൽ ചോരയൊലിച്ചു കിടന്ന ഷാഫിയെയാണ് ആദ്യം കണ്ടത്. പൂർണമായും തകർന്ന ആംബുലൻസിനിടയിൽ ചോരയൊലിച്ചു കിടന്ന 8 പേർ. ശരീര അവശിഷ്ടങ്ങൾ റോഡിൽ ചിതറിക്കിടക്കുന്നു. നിലവിളിച്ച് സമീപവാസികളെ കൂട്ടി രക്ഷാപ്രവർത്തനം നടത്തി. അഗ്‌നിരക്ഷാസേനയും സൗത്ത്, പുതുഗനരം പൊലീസും ചേർന്ന് നാട്ടുകാരുടെ സഹായത്തോടെ ആംബുലൻസ് വെട്ടിപ്പൊളിച്ച് മൃതദേഹങ്ങൾ പുറത്തെടുത്തു. പോസ്റ്റ് ഓഫിസ് മുക്കിലെ ചെറിയ വളവുള്ള ഈ സ്ഥലം സ്ഥിരം അപകടമേഖലയാണെന്ന് വിജയൻ പറയുന്നു. ഈ വർഷം 2 തവണ നിയന്ത്രണംവിട്ട ലോറിയും കാറും ഇടിച്ച് ഇവരുടെ വീടിന്റെ മതിൽ തകർന്നിരുന്നു. ഇതിനു 300 മീറ്റർ അകലെ പെട്രോൾ പമ്പിനു സമീപവും സ്ഥിരം അപകടമേഖലയാണെന്നു പറയുന്നു.

തണ്ണിശ്ശേരിയിലെ അപകടത്തിൽ ബന്ധുക്കളും അയൽവാസികളുമായി 3 പേരുടെ ജീവൻ പൊലിഞ്ഞ വാർത്ത തലവെട്ടാംപാറയിലെ നാട്ടുകാർ ഞെട്ടലോടെയാണു കേട്ടത്. അബോധാവസ്ഥയിലായ നിഖിലിനെ ആശുപത്രിയിലേക്കു കൊണ്ടുപോകാൻ ഒപ്പം കൂടിയവരായിരുന്നു വൈശാഖും ശിവനും. സാധാരണയായി നെന്മാറ ആശുപത്രിക്കു സമീപം ഒട്ടേറെ ആംബുലൻസുകൾ ഉണ്ടാകുമെങ്കിലും ഇന്നലെ സുധീറിന്റെ വാഹനം മാത്രമേ ഉണ്ടായിരുന്നുള്ളൂ. നെന്മാറയിൽ 10 വർഷമായി സ്വന്തം ഓട്ടോ ഓടിക്കുകയായിരുന്ന സുധീർ 3 മാസം മുൻപാണ് ആംബുലൻസ് വാങ്ങിയത്. പൊലീസ് സർവീസിൽ നിയമനം കാത്തുകഴിഞ്ഞിരുന്ന വൈശാഖും നിഖിലും അടുത്ത ബന്ധുക്കളും ഉറ്റ സുഹൃത്തുക്കളുമാണ്.

അതിനിടെ തണ്ണിശ്ശേരിയിലുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ അർഹമായ ധനസഹായം നൽകുമെന്ന് മന്ത്രി എ.കെ.ബാലൻ അറിയിച്ചു. പരുക്കേറ്റവർക്കും മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും അടിയന്തര സഹായങ്ങൾ ചെയ്തുകൊടുക്കാൻ കലക്ടർ ഡി. ബാലമുരളിക്ക് മന്ത്രി ഡൽഹിയിൽ നിന്ന് നിർദ്ദേശം നൽകി.

മരിച്ചവർ

ആംബുലൻസ് ഡ്രൈവർ നെന്മാറ ചേറുംകാട് അബ്ദുള്ളയുടെ മകൻ സുധീർ (39), അയിലൂർ തലവെട്ടാംപാറ സ്വദേശികളായ തോണിപ്പാടം കുട്ടന്റെ മകൻ ശിവൻ (52), പുഴയ്ക്കൽവീട്ടിൽ ശിവദാസന്റെ മകൻ വൈശാഖ് (25), ബന്ധു പുഴയ്ക്കൽ വീട്ടിൽ രവിയുടെ മകൻ നിഖിൽ (22), ഓങ്ങല്ലൂർ വാടാനാംകുറിശ്ശി സ്വദേശികളും സഹോദരങ്ങളുമായ വെളുത്തേരി വീട്ടിൽ ഹസ്സനാരുടെ മകൻ നാസർ (45), സുബൈർ (38), നാസറുടെ ജ്യേഷ്ഠൻ ബഷീറിന്റെ മകൻ ഫവാസ് (17), നാസറിന്റെ സഹോദരിയുടെ മകനും വെട്ടിക്കാട്ടിരി ആറ്റൂർ മന്തിയിൽ വീട്ടിൽ യൂസഫിന്റെ മകനുമായ ഉമർഫാറൂഖ് (20).

മരിച്ച ശിവൻ തലവെട്ടാംപാറയിലെ ലോഡിങ് തൊഴിലാളിയാണ്. ഭാര്യ: വത്സല. വൈശാഖിന്റെ അമ്മ: വത്സല. സഹോദരൻ: വൈശാൽ. ശൈലജയാണ് നിഖിലിന്റെ അമ്മ. സഹോദരി: നീരജ. ആംബുലൻസ് ഡ്രൈവർ സുധീറിന്റെ അമ്മ: നിലാവർണീസ. ഭാര്യ: ഷഹ്ന. മക്കൾ: സുമയ്യ, സുൽഫിയ.

നാസർ ഓങ്ങല്ലൂർ സെന്ററിൽ ഓട്ടോഡ്രൈവറാണ്. ഭാര്യ: സുലൈഖ. മക്കൾ: നിസാമുദ്ദീൻ, നിസാർ, നിയാസ്, നവാസ്. സ്‌ക്രാപ്പ് കച്ചവടക്കാരനാണ് സുബൈർ. ഭാര്യ: സൈനബ. മക്കൾ: ഷിഫാന, ഷെറിൻ, ഷെമീന. ഫവാസിന്റെ മാതാവ്: സീനത്ത്. സഹോദരങ്ങൾ: ഫെബിന, അഫ്ന. ഉമ്മർ ഫാറൂഖിന്റെ മാതാവ്: ഷഹ്ന. സഹോദരൻ: ഷാഫി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP