Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിർത്തി തോൽപ്പിച്ച് നാട് കടത്തിയതിന് ജയരാജൻ മറുപടി നൽകുക സിഒടി നസീർ വധശ്രമ കേസിൽ ശക്തമായി ഇടപെട്ട്; കണ്ണൂരിലെ സിപിഎം ഗുണ്ടാ സെറ്റപ്പിന് പുറത്ത് നടന്ന കൊലപാതക ശ്രമത്തിൽ കുടുങ്ങി ഷംസീർ എംഎൽഎ; ജയരാജൻ നിലപാട് കടുപ്പിച്ചതോടെ കയ്യൊഴിഞ്ഞ് മറ്റ് നേതാക്കളും; കണ്ണൂരിന്റെ പുതിയ പിൻഗാമിയായി ഉയർന്ന ഷംസീറിന് അടിതെറ്റുമെന്ന് റിപ്പോർട്ടുകൾ; നസീർ രണ്ടും കൽപ്പിച്ച് രംഗത്തിറങ്ങിയത് ജയരാജന്റെ ഉറപ്പിന്റെ പുറത്തെന്നും റിപ്പോർട്ടുകൾ

നിർത്തി തോൽപ്പിച്ച് നാട് കടത്തിയതിന് ജയരാജൻ മറുപടി നൽകുക സിഒടി നസീർ വധശ്രമ കേസിൽ ശക്തമായി ഇടപെട്ട്; കണ്ണൂരിലെ സിപിഎം ഗുണ്ടാ സെറ്റപ്പിന് പുറത്ത് നടന്ന കൊലപാതക ശ്രമത്തിൽ കുടുങ്ങി ഷംസീർ എംഎൽഎ; ജയരാജൻ നിലപാട് കടുപ്പിച്ചതോടെ കയ്യൊഴിഞ്ഞ് മറ്റ് നേതാക്കളും; കണ്ണൂരിന്റെ പുതിയ പിൻഗാമിയായി ഉയർന്ന ഷംസീറിന് അടിതെറ്റുമെന്ന് റിപ്പോർട്ടുകൾ; നസീർ രണ്ടും കൽപ്പിച്ച് രംഗത്തിറങ്ങിയത് ജയരാജന്റെ ഉറപ്പിന്റെ പുറത്തെന്നും റിപ്പോർട്ടുകൾ

മറുനാടൻ മലയാളി ബ്യൂറോ

തലശ്ശേരി: സിപിഎം മുൻ നേതാവ് സി.ഒ.ടി. നസീർ വധശ്രമക്കേസിൽ ഗുഡാലോചന കേസിൽ അന്വേഷണം അട്ടിമറിക്കാൻ നീക്കം സജീവം. ഈ കേസ് കണ്ണൂരിലെ സിപിഎമ്മിനെ രണ്ട് തട്ടിലാക്കിയിട്ടുണ്ട്. നസീറിന് ഇടതുപക്ഷ പശ്ചാത്തലമാണ് ഉള്ളത്. വടകരയിൽ പി ജയരാജനെതിരെ നസീർ മത്സരിച്ചിരുന്നു. ഇതിന്റെ പ്രതികാരമെന്ന രീതിയിൽ അക്രമത്തിന്റെ ചർച്ച എത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ നസീറിനെ കോഴിക്കോട്ടെ ജയിലിൽ എത്തി സന്ദർശിച്ച ജയരാജന് തനിക്ക് ഈ കേസിൽ പങ്കില്ലെന്ന് വ്യക്തമാക്കി. തൊട്ടു പിറകെ തലശ്ശേരി എംഎൽഎ എഎൻ ഷംസീറിനെതിരെ ആരോപണവുമായി നസീറുമെത്തി. തന്നെ കൊല്ലാൻ ശ്രമിച്ചത് ഷംസീറാണെന്ന ആരോപണമാണ് നസീർ ഉയർത്തുന്നത്. ഇതിന് നസീറിന് കരുത്ത് നൽകിയത് ജയരാജന്റെ പിന്തുണയാണെന്നും വിലയിരുത്തൽ സജീവമാണ്.

തലശേരി കയ്യാത്ത് റോഡിൽ നസീറിനെ അക്രമികൾ പിന്തുടർന്ന് വെട്ടുന്നതിന്റെ ദൃശ്യങ്ങൾ ഇന്നലെ വിവിധ ദൃശ്യ മാധ്യമങ്ങളിലൂടെ പുറത്തു വന്നു. നസീറിനെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ പാർട്ടി ജില്ലാ കമ്മിറ്റി കമ്മിഷനെ നിയോഗിച്ച് കഴിഞ്ഞ ദിവസം നടത്തിയ തെളിവെടുപ്പ് പ്രഹസനമെന്നും ആരോപണം ഉയർന്നു. നസീറിനു നേരെയുള്ള ആക്രമണത്തിൽ പാർട്ടി എംഎൽഎയ്ക്കടക്കം ബന്ധമുണ്ടെന്ന വിവരം പുറത്തുവന്നതോടെ മുഖം രക്ഷിക്കാനുള്ള പാർട്ടി നേതൃത്വത്തിന്റെ നാടകമാണ് തെളിവെടുപ്പെന്നാണ് ആരോപണം. ആദ്യം തൊട്ട് പാർട്ടിക്ക് പങ്കില്ലെന്ന് വരുത്താൻ നടത്തുന്ന ശ്രമങ്ങളുടെ തുടർച്ചയാണിതെന്നും സൂചന. തലശ്ശേരിയിലെ പാർട്ടി അംഗങ്ങളായ ഇരുപതോളം പേരെ ജില്ലാ കമ്മിറ്റി ഓഫിസിൽ വിളിച്ച് വരുത്തിയായിരുന്നു തെളിവെടുപ്പ്. ഷംസീറിനെ രക്ഷിക്കാനുള്ള കരുനീക്കമാണ് ഇതിന് പിന്നിൽ. ഷംസീറിന് പങ്കില്ലെന്ന് വരുത്താനുള്ള പാർട്ടി നീക്കമാണ് ഇതിന് പിന്നിൽ. കണ്ണൂരിലെ സിപിഎമ്മിന്റെ അടുത്ത ജില്ലാ സെക്രട്ടറിയായി ഷംസീറിനെ എത്തിക്കാനാണ് പിണറായിയുടെ ആഗ്രഹം. ഇതിന് കേസ് വിലങ്ങ് തടിയാകരുതെന്നാണ് പിണറായിയുടെ ആഗ്രഹം.

ഷംസീറിനെതിരെ ജയരാജൻ കരുക്കൾ നീക്കുന്നുവെന്നത് തിരിച്ചറിഞ്ഞാണ് ഇത്. ജയരാജനെതിരെ തെളിവ് കിട്ടുമോ എന്നും സംശയിക്കുന്നുണ്ട്. കണ്ണൂർ സിപിഎമ്മിലെ കരുത്തനായിരുന്നു പി ജയരാജൻ. ജില്ലാ സെക്രട്ടറിയായിരുന്ന ജയരാജനെ തോൽപ്പിക്കാൻ വേണ്ടിയാണ് വടകരയിൽ സ്ഥാനാർത്ഥിയാക്കിയത്. ഇതിലൂടെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി. മുഖ്യമന്ത്രി പിണറായി വിജയനും മുകളിലേക്ക് കണ്ണൂരിലെ സിപിഎമ്മിൽ ജയരാജൻ ആധിപത്യം ഉറപ്പിച്ചിരുന്നു. യഥാർത്ഥ കമ്മ്യൂണിസ്റ്റിനെ പോലെ ജീവിക്കുന്ന ജയരാജന്റെ രീതികളും സഖാക്കൾ ഉയർത്തിക്കാട്ടി. ഇതെല്ലാം വ്യക്തിപൂജയാണെന്ന് ആരോപിച്ച് ജയരാജനെതിരെ സംസ്ഥാന നേതൃത്വം നടപടിക്ക് ശ്രമിച്ചു. പാർട്ടി സമ്മേളന സമയത്ത് ജയരാജനെ വെട്ടിയൊതുക്കാനും ശ്രമിച്ചു. എന്നാൽ അണികൾ ഇതിനൊന്നും സമ്മതിച്ചില്ല. ഇതോടെയാണ് വടകര പിടിക്കാൻ ജയരാജൻ എന്ന ചർച്ച തുടങ്ങിയത്. അതിൽ ജയരാജനെ കുടുക്കി. സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കി. ജയരാജനെ തോൽപ്പിക്കുകയും ചെയ്തുവെന്നാണ് ചില സഖാക്കൾ പോലും കരുതുന്നത്.

ഇതിനിടെയാണ് നസീറിനെ വെട്ടേൽക്കുന്നത്. കണ്ണൂരിലെ അതിശക്തന്റെ പേരിൽ തന്നെ സംശയം നീണ്ടു. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയം വീണ്ടും ചർച്ചയാവുകയും ചെയ്തു. വോട്ടെണ്ണലിന് തൊട്ട് മുമ്പുള്ള കൊലപാതകം ജയരാജന്റെ പേരിലേക്ക് എത്തുമെന്ന ചർച്ചകളും ഉണ്ടായി. ഇതിനിടെയാണ് ആശുപത്രിയിലെത്തി നസീറിനെ ജയരാജൻ കണ്ടത്. ഇതോടെ സിപിഎമ്മിലെ പല നേതാക്കൾക്കും കാര്യം മനസ്സിലായി. കമ്മ്യൂണിസ്റ്റ് കുടുംബത്തിലെ അംഗമായ നസീറിനെ കൊന്നത് വലിയ ചർച്ചയാവുകയും ചെയ്തു. ഷംസീറാണ് ഗൂഡാലോചകൻ എന്ന് നസീർ പറഞ്ഞതും ചർച്ചയായി. ഇതിനിടെ പ്രതികളെ അനുകൂലിച്ച് തലശ്ശേരി പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിൽ പോസ്റ്റർ എത്തി. പ്രതികളെ പൊലീസ് മർദിച്ചുവെന്നാരോപിച്ച്, സിഐക്കും എസ്‌ഐക്കുമെതിരെയുള്ള പോസ്റ്റർ 'പ്രതികരണ വേദി' എന്ന പേരിലാണ്. ഇതിനിടെ, പ്രതികൾക്കായി ഇന്നു കസ്റ്റഡി അപേക്ഷ കൊടുക്കാനിരിക്കെ, അന്വേഷണ ഉദ്യോഗസ്ഥരായ സിഐയെയും എസ്‌ഐയെയും മാറ്റിയതു വിവാദമായിട്ടുണ്ട്.

ഷംസീറിലേക്ക് അന്വേഷണം എത്താതിരിക്കാനാണ് ഈ നീക്കം. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താലേ ഗൂഢാലോചനയുടെ തെളിവുകൾ ലഭിക്കൂ എന്നിരിക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം. കേസിൽ കൊളശ്ശേരി കളരിമുക്ക് കുന്നിനു മീത്തൽ വി.കെ.സോജിത്ത് (25), കതിരൂർ പൊന്ന്യം വെസ്റ്റ് ചേരി പുതിയ വീട്ടിൽ കെ.അശ്വന്ത് (20), കൊളശ്ശേരി ജമിനി മുക്ക് വിശ്വാസ് നിവാസിൽ വി.കെ.വിശ്വാസ് (25), കാവുംഭാഗം ശ്രീലക്ഷ്മി ക്വാർട്ടേഴ്‌സിൽ റോഷൻ ആർ.ബാബു (26), കതിരൂർ വേറ്റുമ്മൽ ആണിക്കാം പൊയിൽ കൊയിറ്റി വീട്ടിൽ സി.ശ്രീജിൻ(26) എന്നിവരാണു റിമാൻഡിലുള്ളത്. ഇവരെ ചോദ്യം ചെയ്താൽ ഷംസീറിന്റെ പങ്ക് വെളിവാകുമെന്നാണ് നസീർ പറയുന്നത്. തുടക്കത്തിൽ ഈ അക്രമണത്തിന് പാർട്ടി ബന്ധമില്ലെന്ന് വരുത്താൻ സിപിഎം ശ്രമിച്ചിരുന്നു. എന്നാൽ അറസ്റ്റിലായവരെല്ലാം സിപിഎമ്മുകാരായതോടെ കാര്യങ്ങൾ മാറി മറിഞ്ഞു.

കേസിന്റെ ഗൂഢാലോചനയിൽ പാർട്ടി എംഎൽഎയ്ക്ക് പങ്കുണ്ടെന്ന പരിക്കേറ്റ നസീറിന്റെ ആരോപണത്തിന് മറയിടാനും എംഎൽഎയെ കേസിൽ നിന്നു രക്ഷപ്പെടുത്താനുമുള്ള നീക്കത്തിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥരെ മാറ്റിയതെന്നാണ് ആരോപണം. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ ഭാഗമായാണ് ഇരുവരും സ്ഥലം മാറി തലശ്ശേരിയിൽ എത്തിയതെങ്കിലും നസീർ വധശ്രമക്കേസ് അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ അതിനെ ബാധിക്കും വിധമാണ് സ്ഥലം മാറ്റമെന്നാണ് വിമർശനം. വിശ്വംഭരനെ കാസർകോട് ക്രൈംബ്രാഞ്ചിലും ഹരീഷിന് കോഴിക്കോട്ടേക്കുമാണ് മാറ്റിയത്. സിപിഎമ്മുകാർ പ്രതികളായ കേസ് അട്ടിമറിക്കാൻ ആദ്യം തൊട്ടേ നടത്തുന്ന നീക്കങ്ങളുടെ തുടർച്ചയാണ് നടപടിയെന്നാണ് സൂചന.

അക്രമത്തിൽ നേരിട്ടു പങ്കെടുത്ത വി.കെ.സോജിത്ത്, കെ.അശ്വന്ത്, വി.കെ.വിശ്വാസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തതാണ്. എന്നാൽ റോഷനും ശ്രീജിനും പൊലീസിന്റെ കണ്ണുവെട്ടിച്ചു കോടതിയിൽ കീഴടങ്ങി. അന്വേഷണ സംഘത്തെ അറിയിക്കാതെ ഇവരെ റിമാൻഡ് ചെയ്തതു ശരിയല്ലെന്ന നിലപാടിലാണു പൊലീസ്. നേരത്തേ നൽകിയ റിപ്പോർട്ടിൽ ഇവരുടെ പേരു പരാമർശിച്ചത് ഒഴിച്ചാൽ പ്രതികളെ സംബന്ധിച്ച വിവരങ്ങളൊന്നും പൊലീസ് കോടതിയിൽ നൽകിയിരുന്നില്ല. കോടതിയിൽ കീഴടങ്ങിയ രണ്ട് സിപിഎമ്മുകാരെ കസ്റ്റഡിയിൽ ലഭിക്കുന്നതിന് അന്വേഷണ സംഘം ഇന്ന് കോടതിയിൽ ഹർജി നൽകും. മെയ് 18ന് രാത്രിയാണ് നസീർ ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ മൂന്നു പേർ നേരത്തെ അറസ്റ്റിലായിരുന്നു. സിപിഎം നേതാവും തലശ്ശേരി എംഎൽഎയുമായ എ.എൻ. ഷംസീറാണ് അക്രമത്തിന് പിന്നിലെന്ന് നസീർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഗൂഢാലോചന അന്വേഷിക്കണമെന്നാണ് നസീറിന്റെ ആവശ്യം.

നസീറിനെ ആശുപത്രിയിൽ സന്ദർശിച്ച പി. ജയരാജൻ, ആക്രമണത്തിനു പിന്നിൽ സിപിഎമ്മിനു പങ്കില്ലെന്ന് നസീർ പറഞ്ഞതായി അവകാശപ്പെട്ടിരുന്നു. എന്നാൽ, ആശുപത്രിവിട്ട നസീർ, തന്നെ ആക്രമിക്കാൻ സിപിഎം എംഎൽഎ എ.എൻ.ഷംസീർ ഉൾപ്പെടെയുള്ളവർ ഗൂഢാലോചന നടത്തിയെന്ന് ആരോപിക്കുകയായിരുന്നു. ഇതിന് പിന്നിൽ ജയരാജന്റെ സ്വാധീനമുണ്ടെന്ന് പിണറായി വിഭാഗം വിലയിരുത്തുന്നു. നസീർ സുഹൃത്ത് സി.എച്ച്. നൗറിഫിനൊപ്പം ബൈക്കിൽ വീട്ടിലേക്കു പോകുമ്പോൾ അക്രമിസംഘം പിന്നാലെയെത്തി ബൈക്കിടിച്ചു വീഴ്‌ത്തുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്ന നസീറിനെ അക്രമികൾ പിന്തുടരുന്നു. മുന്നോട്ടു പോയ ശേഷം തിരിഞ്ഞോടിയപ്പോൾ നസീറിനെ അക്രമികൾ അടിച്ചുവീഴ്‌ത്തുന്നു. പിന്നെ തുരുതുരാ അടിയും വെട്ടും. തടുക്കാൻ കയ്യും കാലും ഉയർത്തുമ്പോൾ കൈകാലുകളിൽ ആഞ്ഞടിക്കുന്നു. രണ്ടുപേർ അടിക്കുകയും വെട്ടുകയും ചെയ്യുമ്പോൾ ഒരാൾ, വീണു കിടക്കുന്ന നസീറിന്റെ ദേഹത്തേക്ക് പലതവണ മോട്ടോർ ബൈക്ക് ഓടിച്ചു കയറ്റി. രക്ഷിക്കാൻ ഓടിയെത്തുന്ന സുഹൃത്ത് നൗറിഫിനെ ബൈക്ക് കൊണ്ട് ഇടിച്ചിടുന്നു. ഈ സംഭവങ്ങൾക്കിടയിൽ വാഹനങ്ങളും കാൽനടക്കാരുമൊക്കെ കടന്നുപോകുന്നു.

പാർട്ടി അറിയാതെ നസീറിനോടുള്ള വിരോധം തീർക്കാൻ ഷംസീർ ശ്രമിച്ചുവെന്ന തരത്തിൽ ചർച്ചകളും സജീവമാണ്. സിപിഎമ്മിന്റെ കടുത്ത പ്രവർത്തകനായിരുന്നു നസീർ. എന്നാൽ തലശ്ശേരിയിൽ ഷംസീർ പിടിമുറുക്കിയതോടെ നസീറിന് പാർട്ടിയിൽ പ്രതിസന്ധിയായി. ഇതോടെയാണ് ഷംസീർ സിപിഎം വിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP