Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇടംകൈ കൊണ്ടുള്ള മനോഹരമായ സ്‌ട്രോക്കുകൾ; ഭാഗ്യഭൂമിയിൽ വീറ് വീണ്ടെടുത്ത് ശിഖർ ധവാൻ; ബിഗ് ത്രീ ഇഫക്ടിലേക്ക് ടീം ഇന്ത്യ വീണ്ടും; വിരാട് കോലിയും സംഘവും ആർത്തലച്ചുവരുമ്പോൾ ആരുണ്ട് വെല്ലുവിളിക്കാൻ?

ഇടംകൈ കൊണ്ടുള്ള മനോഹരമായ സ്‌ട്രോക്കുകൾ; ഭാഗ്യഭൂമിയിൽ വീറ് വീണ്ടെടുത്ത് ശിഖർ ധവാൻ; ബിഗ് ത്രീ ഇഫക്ടിലേക്ക് ടീം ഇന്ത്യ വീണ്ടും; വിരാട് കോലിയും സംഘവും ആർത്തലച്ചുവരുമ്പോൾ ആരുണ്ട് വെല്ലുവിളിക്കാൻ?

മറുനാടൻ ഡെസ്‌ക്‌

ശിഖർ ധവാന് ഇംഗ്ലണ്ട് ഭാഗ്യവേദിയാണ്. 2017-ലെ ചാമ്പ്യൻസ് ട്രോഫിയിൽത്തന്നെ അക്കാര്യം വ്യക്തമാവുകയും ചെയ്തു. ഫോം വീണ്ടെടുക്കാൻ വിഷമിച്ച ധവാനെ, ഇടംകൈ കൊണ്ടുള്ള മനോഹരമായ സ്‌ട്രോക്കുകളിലേക്ക് ഇംഗ്ലണ്ടിലെ ഭാഗ്യവേദികളിലൊന്ന് തിരിച്ചുകൊണ്ടുവരികയും ചെയ്തു. കെന്നിങ്ടൺ ഓവലിൽ ഇന്നലെ ഓസ്‌ട്രേലിയക്കെതിരേ ധവാൻ നേടിയ സെഞ്ചുറി, അദ്ദേഹത്തിന് മാത്രമല്ല, ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾക്കുകൂടി വലിയ ആശ്വാസമായി മാറി.

കഴിഞ്ഞ ഒമ്പത് മത്സരമായി ധവാൻ വലിയ ഫോമിലായിരുന്നില്ല. കൃത്യമായി പറഞ്ഞാൽ ഇക്കൊല്ലം മാർച്ചിൽ മൊഹാലിയിൽ ഓസ്‌ട്രേലിയക്കെതിരേ തന്നെ നേടിയ 143 റൺസാണ് ശിഖറിന്റെ ഇതിന് മുമ്പത്തെ മികച്ച പ്രകടനം. അതിനുശേഷം സന്നാഹ മത്സരങ്ങളടക്കം ഒമ്പത് മത്സരങ്ങളിൽ കാര്യമായ സ്‌കോർ ഈ ഇടംകൈയൻ ബാറ്റ്‌സ്മാനിൽനിന്നുണ്ടായില്ല. ശിഖർ ധവാന് പകരം ഓപ്പണിങ്ങിൽ മറ്റൊരാളെ പരീക്ഷിക്കണമെന്ന നിർദ്ദേശം പോലും വിമർശകർ ഉന്നയിച്ചിരുന്നു. ആ വിമർശനങ്ങളൊക്കെ അടക്കുന്നതാണ് ഈ ഇന്നിങ്‌സ്.

ഇന്ത്യൻ ക്രിക്കറ്റ് അതിന്റെ സുവർണകാലമായി വിശേഷിപ്പിക്കുന്നത് ഫാബ് ഫോറിന്റെ കാലമാണ്. സച്ചിൻ, സെവാഗ് ഓപ്പണർമാരും മൂന്നാം നമ്പറിൽ രാഹുൽ ദ്രാവിഡും ചേർന്ന കാലം. സൗരവ് ഗാംഗുലിയെന്ന നാലാമൻ കൂടി ചേരുമ്പോൾ അത് വിജയഫോർമുലയായി മാറുമായിരുന്നു. എത്രയോ കൂട്ടുകെട്ടുകൾ, എത്രയോ മത്സരങ്ങൾ വിജയിപ്പിച്ച സംഘമായിരുന്നു അത്. അത്തരമൊരു കാലത്തേക്കുള്ള മടങ്ങിപ്പോക്കിലാണ് ഇപ്പോൽ ടീം ഇന്ത്യ. ഓപ്പണിങ്ങിൽ രോഹിതും ധവാനും. മൂന്നാമനായി ക്യാപ്റ്റൻ വിരാട് കോലി. ബിഗ് ത്രീയുടെ കാര്യത്തിൽ സംശയമില്ലെങ്കിലും, നാലാമനാര് എന്ന ചോദ്യം അവശേഷിക്കുന്നു.

അവിടേക്കാണ് ഇന്ത്യ പരീക്ഷണങ്ങൾ നടത്തുന്നത്. ശരിക്കുമൊരു യൂട്ടിലിറ്റി സ്ഥാനമായാണ് ഇതിനെ കാണേണ്ടത്. ഓരോ മത്സരത്തിന്റെയും സാഹചര്യമനുസരിച്ച് അതിനൊത്ത താരങ്ങളെ നിയോഗിക്കേണ്ട ഇടം. ബാറ്റിങ് ഓർഡറിൽ ശരിയായ പരീക്ഷണം നടത്തേണ്ടതും ഇവിടെയാണ്. ഈ പരീക്ഷണം പാളിയാൽ, അത് ചിലപ്പോൾ മത്സരത്തെത്തന്നെ തകിടം മറിക്കുമെന്നതിനാൽ, നിർണായകമാണ് ആ തീരുമാനം. ഇന്നലെ, ഹർദിക് പാണ്ഡ്യയിലാണ് ഇന്ത്യ ആ പരീക്ഷണം നടത്തിയത്. അത് വലിയ രീതിയിൽ വിജയിക്കുകയും ചെയ്തു.

മികച്ച രീതിയിൽ സ്‌കോർ ചെയ്തുകൊണ്ടിരിക്കെയാണ് ധവാൻ സെഞ്ചുറിയുമായി പുറത്താകുന്നത്. മറുഭാഗത്ത്, വിരാട് കോലി വലിയ ഷോട്ടുകൾ സാധിക്കാത്ത നിലയിലും. അവിടെയൊരു പിഞ്ച് ഹിറ്ററാണ് യോജിക്കുകയെന്ന് ടീം മാനേജ്‌മെന്റ് വിലയിരുത്തി. 27 പന്തിൽ 48 റൺസെടുത്ത ഹർദിക്കിന്റെ പ്രകടനം, റൺറേറ്റിനെച്ചൊല്ലിയുള്ള എല്ലാ ആകുലതകളും അകറ്റുകയും ചെയ്തു. സമീപകാലത്ത് ഇന്ത്യക്ക് കിട്ടിയ ഏറ്റവും വലിയ നേട്ടമാണ് ഹർദിക്കെന്ന ഓൾറൗണ്ടർ. പേസ് ബൗളർ ഓൾറൗണ്ടറെന്ന കാത്തിരിപ്പിന് വിരാമവും.

സുസ്ഥിരമാണ് ഇന്ത്യൻ ബാറ്റിങ് നിര. അതുകൊണ്ടുതന്നെയാണ് ആദ്യ പവർപ്ലേയിൽ റണ്ണൊഴുക്ക് കുറഞ്ഞപ്പോഴും ടീം പരിഭ്രാന്തരാകാതിരുന്നത്. ആദ്യ പത്തോവറിൽ 40 റൺസ് മാത്രം സ്‌കോർ ചെയ്ത ടീമാണ് പിന്നീടുള്ള 40 ഓവറിൽ 312 റൺസടിച്ചതെന്ന് ഓർക്കണം. നിലയുറപ്പിക്കുകയെന്നതായിരുന്നു ഇന്ത്യയുടെ തന്ത്രം. ഓസ്‌ട്രേലിയൻ പേസ് ബൗളർമാരുടെ, പ്രത്യേകിച്ച് മിച്ചൽ സ്റ്റാർക്കിനെപ്പോലുള്ളവരുടെ മൂർച്ച കുറയുന്നതുവരെ രോഹിതും ധവാനും കോട്ടകാത്തു. പഴുതുകൾ വന്നുതുടങ്ങിയതുമുതൽ അവരത് മുതലാക്കിത്തുടങ്ങുകയും ചെയ്തു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനുള്ള തീരുമാനവും നിർണായകമായി. കളി മുന്നേറുംതോറും ബാറ്റിങ്ങിന് അനുകൂലമായി മാറുന്ന ഓവൽ പിച്ചിൽ ആദ്യം ബാറ്റ് ചെയ്ത് വലിയ സ്‌കോറുയർത്തുകയെന്നതായിരുന്നു തന്ത്രം. പിച്ചിന്റെ ബാറ്റ്‌സ്മാന്മാരോടുള്ള അനുരാഗം വെളിപ്പെടുത്തുന്നതാണ് ഇരുടീമുകളുടെയും സ്‌കോർനില. രണ്ട് ടീമിലെയും ആദ്യ അഞ്ച് ബാറ്റ്‌സ്മാന്മാർ 25 റൺസിലേറെ സ്‌കോർ ചെയ്ത ആദ്യ മത്സരം കൂടിയാണിത്. ഇംഗ്ലണ്ടിലെ പിച്ചുകളിൽ ബാറ്റിങ്ങിന് ഏറ്റവും അനുകൂലമായ പിച്ചും ഓവലിലേതാണെന്ന് കരുതേണ്ടിവരും.

ഓസ്‌ട്രേലിയക്കെതിരേ ലോകകപ്പിൽ ഒരു ടീം 350-ലേറെ റൺസ് കുറിക്കുന്നത് ആദ്യമായാണ്. നിലവിലെ ജേതാക്കൾക്കെതിരേ നേടിയ 36 റൺസ് വിജയം ഇന്ത്യക്ക് ആത്മവിശ്വാസം പകരുന്നതും. തുടക്കം നന്നായാൽ എല്ലാം നന്നാകുമെന്നത് അന്വർഥമാക്കുന്നതാണ് ഇന്ത്യയുടെ പ്രകടനം. 127 റൺസിന്റെ ഓപ്പണിങ് കൂട്ടുകെട്ടാണ് ഇന്ത്യയെ വലിയ സ്‌കോറിലേക്ക് നയിച്ചത്. ഓസ്‌ട്രേലിയക്കെതിരെ ഒരു ടീം ഓപ്പണിങ് വിക്കറ്റിൽ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കുന്നത് ലോകകപ്പ് ചരിത്രത്തിൽ മൂന്നാം തവണ മാത്രമാണ്. അതും 87 മത്സരങ്ങൾക്കിടെ. അത്തരമൊരു കൂട്ടുകെട്ട് തീർക്കാനായി എന്നതാകും ഇനിയുള്ള മത്സരങ്ങളിൽ ഇന്ത്യയുടെ ഉത്തേജനം.

ഇംഗ്ലണ്ടിൽ ധവാൻ ഇന്ത്യയുടെ ഭാഗ്യതാരമാകുമോ എന്നാണ് ഇനി കണ്ടറിയാനുള്ളത്. 2013-ൽ ഇംഗ്ലണ്ടിൽ ചാമ്പ്യൻസ് ട്രോഫി നടന്നപ്പോൽ ഇന്ത്യക്ക് കിരീടം നേടിത്തരുന്നതിൽ നിർണായക പങ്ക് വഹിച്ചത് ധവാനായിരുന്നു. ടൂർണമെന്റിന്റെ താരമായും ധവാൻ മാറി. 2017-ൽ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ ഫൈനലിൽ പരാജയപ്പെട്ടെങ്കിലും ധവാനായിരുന്നു ടീമിന്റെ ടൂർണമെന്റിലെ ടോപ്‌സ്‌കോറർ. ഇനിയുമേറെ മത്സരങ്ങൾ ശേഷിക്കെ, ഇക്കുറിയും ധവാനും ഇംഗ്ലണ്ടിലെ പിച്ചുകളുമായുള്ള പ്രണയം ആവർത്തിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ആരാധകർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP