Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫുഡ് സെയ്ഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ നിലവിലെ മാനദണ്ഡങ്ങൾ ശക്തമായി നടപ്പാക്കണം; ട്രാൻസ് ഫാറ്റി ആസിഡുകളുടെ നിവാരണം കൂടിയേ തീരൂ; രക്താതിമർദ്ദം കാരണമുള്ള ഹൃദ്രോഗങ്ങൾ കേരളത്തിൽ വെല്ലുവിളി; രക്താതിമർദ്ദവും കൃത്രിമ കൊഴുപ്പുകളും തടയാൻ അടിയന്തര നടപടി വേണമെന്ന് വിദഗ്ദ്ധർ

ഫുഡ് സെയ്ഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ നിലവിലെ മാനദണ്ഡങ്ങൾ ശക്തമായി നടപ്പാക്കണം; ട്രാൻസ് ഫാറ്റി ആസിഡുകളുടെ നിവാരണം കൂടിയേ തീരൂ; രക്താതിമർദ്ദം കാരണമുള്ള ഹൃദ്രോഗങ്ങൾ കേരളത്തിൽ വെല്ലുവിളി; രക്താതിമർദ്ദവും കൃത്രിമ കൊഴുപ്പുകളും തടയാൻ അടിയന്തര നടപടി വേണമെന്ന് വിദഗ്ദ്ധർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രക്താതിമർദ്ദം കാരണമുള്ള ഹൃദ്രോഗങ്ങൾ കേരളത്തിൽ വെല്ലുവിളിയായി മാറിയിരിക്കുകയാണെന്നും ഇവ പരിഹരിക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും പ്രമുഖ വിദഗ്ദ്ധർ ആവശ്യപ്പെട്ടു. കേരളത്തിലെ രക്താതിമർദ്ദവും കൃത്രിമ കൊഴുപ്പുകളുടെ (ട്രാൻസ് ഫാറ്റി ആസിഡ്) നിവാരണവും എന്ന വിഷയത്തിൽ സംഘടിപ്പിച്ച മാധ്യമ ശിൽപശാലയിൽ മുൻനിര മെഡിക്കൽ പ്രാക്ടീഷണർമാരും പൊതുജനാരോഗ്യ നയകർത്താക്കളും ഈ നിശബ്ദ രോഗത്തിനെതിരെ ജനങ്ങളിൽ വ്യാപക അവബോധം സൃഷ്ടിക്കണമെന്ന് നിർദ്ദേശിച്ചു.

ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന ലാഭേതര സ്ഥാപനമായ ദിശ ഫൗണ്ടേഷനും മാധ്യമ സ്ഥാപനമായ എംഡി നീഷ് മീഡിയ കൺസൾട്ടന്റ്‌സും സംയുക്തമായാണ് ശിൽപശാല സംഘടിപ്പിച്ചത്. ശ്രീചിത്ര തിരുനാൾ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിനു കീഴിലുള്ള അച്യുത മേനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസ് സ്റ്റഡീസ് അടുത്തയിടെ നടത്തിയ പഠനപ്രകാരം കേരളീയരിൽ 30.6 ശതമാനം പേരും രക്താദിമർദ്ദത്തിന് അടിമകളാണ്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലാണ് ഇത് കാരണം ഹൃദ്രോഗം വന്നവർ കൂടുതൽ. 2016 ലെ 'ഗ്ലോബൽ ബേർഡൻ ഓഫ് ഡിസീസ'് അനുസരിച്ച് കേരളത്തിൽ 65600 പേരാണ് രക്താതിമർദ്ദത്താലും അനുബന്ധ രോഗങ്ങളാലും പ്രതിവർഷം മരിക്കുന്നത്. കേരളത്തിലെ യുവാക്കളിൽ 40.6 ശതമാനവും സ്ത്രീകളിൽ 38.5 ശതമാനവും രക്താതിമർദ്ദത്തിന്റെ പിടിയിലാണ്.

കേരളത്തിൽ രക്താതിമർദ്ദത്തിനും ഹൃദയധമനികളെ സംബന്ധിച്ചുള്ള രോഗങ്ങൾക്കും പ്രധാന കാരണം ആരോഗ്യകരമല്ലാത്ത കൊഴുപ്പടങ്ങിയ ആഹാരക്രമമാണ്. 2,465 മരണങ്ങളാണ് പ്രതിവർഷം ട്രാൻസ് ഫാറ്റി ആസിഡുകളുടെ വർദ്ധിച്ച ഉപയോഗത്താൽ ഉണ്ടാകുന്നത്.. കേരളത്തിലെ ഭക്ഷണ പദാർത്ഥങ്ങളിൽ നിന്ന് ട്രാൻസ് ഫാറ്റി ആസിഡുകൾ നിവാരണം ചെയ്യുന്നതിലൂടെ ഇത്തരത്തിലുള്ള മരണങ്ങൾ പൂർണമായും ഒഴിവാക്കാനാകും.

ഫുഡ് സെയ്ഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ നിലവിലെ മാനദണ്ഡങ്ങൾ ശക്തമായി നടപ്പാക്കേണ്ടതുണ്ടെന്ന് കേരളത്തിൽ ട്രാൻസ് ഫാറ്റി ആസിഡുകളുടെ നിവാരണം സംബന്ധിച്ച നയത്തെ അടിസ്ഥാനമാക്കി സംസാരിച്ച ഭക്ഷ്യ സുരക്ഷ കമ്മിഷണർ ഡോ. രത്തൻ ഖേൽക്കർ വ്യക്തമാക്കി. പൊതുജനങ്ങളിലും ഭക്ഷ്യ വ്യാപാര ഓപ്പറേറ്റർമാരിലുമുള്ള ബോധവത്ക്കരണവും എണ്ണകളുടേയും കൊഴുപ്പുകളുടേയും നിരീക്ഷണവും ഉൾപ്പെടെ കേരളത്തിൽ ഇതിനായി വിവിധ പദ്ധതികളാണ് നടപ്പിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറ്റു ഏഷ്യൻ രാജ്യക്കാരേക്കാൾ ഇന്ത്യക്കാരാണ് കൂടുതൽ കൃത്രിമക്കൊഴുപ്പ് ഉപയോഗിക്കുന്നത്. മുൻവർഷങ്ങളെ അപേക്ഷിച്ച് നിരവധി യുവജനങ്ങളാണ് ഇപ്പോൾ ഉയർന്ന രക്തസമ്മർദ്ദത്താൽ ഹൃദ്രോഗത്തിന് അടിമകളാകുന്നത്. രക്തസമ്മർദ്ദം നിർണയിക്കുന്നതിനുള്ള ഡിജിറ്റൽ ഉപകരണം എല്ലാ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളിലും ലഭ്യമാക്കണമെന്നും പ്രമുഖ കാർഡിയോളജിസ്റ്റ് ഡോ. ടൈനി നായർ പറഞ്ഞു.

കേരളത്തിൽ 44.3 ശതമാനം ആളുകൾക്ക് രക്താതിമർദ്ദമുണ്ടെങ്കിലും 13.3 ശതമാനം മാത്രമാണ് നിയന്ത്രണമാർഗങ്ങൾ സ്വീകരിക്കുന്നത്. ജനങ്ങൾ ശരിയായ പ്രതിരോധമാർഗങ്ങളും ചികിത്സകളും സ്വീകരിക്കുന്നില്ല എന്നതിനു തെളിവാണിതെന്നും കാസർഗോഡ് സ്ഥിതി ചെയ്യുന്ന കേന്ദ്ര സർവകലാശാല പബ്ലിക് ഹെൽത്ത് ആൻഡ് കമ്മ്യൂണിറ്റി മെഡിസിൻ വകുപ്പ് പ്രൊഫസർ ഡോ. കെആർ തങ്കപ്പൻ രക്താതിമർദ്ദത്തെക്കുറിച്ചുള്ള അവതരണത്തിൽ വ്യക്തമാക്കി.

കൃത്രിമക്കൊഴുപ്പിന്റെ ഉപഭോഗത്തെക്കുറിച്ചുള്ള യഥാർത്ഥ വിവരങ്ങൾ ലഭ്യമല്ല. നമ്മുടെ ഭക്ഷണ ശീലങ്ങൾ മാറിക്കൊണ്ടിരിക്കുകയാണ്. സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കളിലേക്കാണ് ഇപ്പോൾ ചുവടുമാറ്റം നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് നമ്മുടെ ആരോഗ്യത്തിലും പ്രകടമാണെന്ന് ഹൈദരാബാദ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രിഷനിലെ ഡയറക്ടർ ഗ്രേഡ് ശാസ്ത്രജ്ഞനായ ഡോ.ടി ലോങ്വ വ്യക്തമാക്കി.

രക്താതിമർദ്ദം കൈകാര്യം ചെയ്യുന്നതിനും ട്രാൻസ് ഫാറ്റി ആസിഡുകളുടെ നിവാരണത്തിനുമുള്ള കേരളത്തിന്റെ പ്രതിബദ്ധത എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ സംസ്ഥാന ആസൂത്രണ ബോർഡ് അംഗവും 2018 ലെ കേരള ആരോഗ്യ നയത്തിന്റെ ശിൽപിയുമായ ഡോ. ബി ഇക്‌ബാൽ മോഡറേറ്ററായിരുന്നു.

പൊതുജനാരോഗ്യ സംവിധാനത്തിൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ജനങ്ങളുടെ രോഗം നേരത്തേ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനുമുള്ള സൗകര്യം ഒരുക്കണമെന്നും ഹോട്ടലുകളേയും ഭക്ഷ്യവിതരണകേന്ദ്രങ്ങളേയും ആരോഗ്യകരമായ ഭക്ഷണങ്ങൾ ലഭ്യമാകുന്ന ലേബലിങ് നിയന്ത്രണ സംവിധാനത്തിനുകീഴിൽ കൊണ്ടുവരണമെന്നും അദ്ദേഹം വ്യക്തമാക്കി.

നമ്മുടെ പ്രാദേശിക സംസ്‌കാരത്തിനനുസരിച്ച് ആരോഗ്യകരമായ വൈവിധ്യമേറിയ ഭക്ഷണങ്ങൾ തെരെഞ്ഞെടുക്കണമെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ മേധാവി ഡോ പിഎസ് ഇന്ദു പറഞ്ഞു. സൗഖ്യം തേടിപ്പോകുന്ന പ്രവണത രോഗങ്ങളിലേയ്ക്ക് ജനങ്ങളെ എത്തിക്കുന്ന സ്ഥിതി സൃഷ്ടിക്കുകയാണെന്ന് ആരോഗ്യവകുപ്പിലെ പകർച്ചേതര രോഗവിഭാഗം നോഡൽ ഓഫീസർ ഡോ. ബിപിൻ കെ ഗോപാൽ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP