Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പോസ്റ്ററിന്റെ നടുക്ക് ആ വാളും പരിചയുമായി നിൽക്കുന്ന ദേഷ്യക്കാരൻ ഞാനാണ്; ആരാധകരുടെ പരിഭവത്തിന് പിന്നാലെ മാമാങ്കം പോസ്റ്ററിൽ മമ്മൂട്ടിക്ക് ഒപ്പമുള്ളത് താനെന്ന് വ്യക്തമാക്കി ഉണ്ണി മുകുന്ദൻ; പോസ്റ്ററിൽ താനാണെന്ന് തെറ്റിദ്ധരിച്ച ആരാധകരെ തിരുത്തി നടൻ സുധീറും

പോസ്റ്ററിന്റെ നടുക്ക് ആ വാളും പരിചയുമായി നിൽക്കുന്ന ദേഷ്യക്കാരൻ ഞാനാണ്; ആരാധകരുടെ പരിഭവത്തിന് പിന്നാലെ മാമാങ്കം പോസ്റ്ററിൽ മമ്മൂട്ടിക്ക് ഒപ്പമുള്ളത് താനെന്ന് വ്യക്തമാക്കി ഉണ്ണി മുകുന്ദൻ; പോസ്റ്ററിൽ താനാണെന്ന് തെറ്റിദ്ധരിച്ച ആരാധകരെ തിരുത്തി നടൻ സുധീറും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് മാമാങ്കം. വള്ളുവനാടിന്റെ മാമാങ്കത്തിന്റെ കഥ പറയുന്ന സിനിമ സജീവ് പിള്ളയുടെ രചനയിൽ എം.പത്മകുമാറാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വന്നപ്പോഴും ആരാധകർ പോസ്റ്റർ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ പോസ്റ്ററിൽ ഉ്ണ്ണി മുകുന്ദൻ എവിടെയെന്ന് പരിഭവപ്പെട്ട ആരാധകർക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.

'ഉണ്ണിമുകുന്ദൻ എവിടെ' എന്നുള്ള നിരവധി മെസേജുകൾ ഫേസ്‌ബുകിലൂടെയും, ഇൻസ്റ്റാൻഗ്രാമിലൂടെയും, വാട്സ്ആപ്പിലൂടെയും ഞാൻ കേൾക്കാനിടയായി. ഇത് കേട്ടപ്പോൾ മുതൽ പ്രേക്ഷകർക്ക് എന്നെ തിരിച്ചറിയാൻ പറ്റുന്നില്ലാലോ എന്നുള്ള ചെറിയ വിഷമം ഉണ്ടായിരുന്നുവെന്നും താരം പറയുന്നു. പോസ്റ്ററിന്റെ നടുക്ക് ആ വാളും പരിചയുമായി നിൽക്കുന്ന ദേഷ്യക്കാരൻ ഞാനാണ് എന്നും ആദ്യം പരിഭവം കേട്ടപ്പോൾ വിഷമം തോന്നിയെന്നും താൻ സ്വപ്നം കണ്ട കാര്യം തന്നെയാണ് കേട്ടു കൊണ്ടിരിക്കുന്നത് എന്നത് ഇപ്പോൾ മനസിലായെന്നും താരം പറയുന്നു.

കുറിപ്പിന്റെ പൂർണരൂപം:

പ്രിയപ്പെട്ട സുഹൃത്തുക്കളെ, മാമാങ്കം ഫസ്റ്റ് ലുക്ക് പോസ്റ്റർ നിങ്ങൾ തന്ന ബ്രഹ്മാണ്ട വരവേൽപ്പ് ഹൃദയം നിറഞ്ഞ നന്ദി. എന്നാൽ ഈ പോസ്റ്റ് ഇട്ടത് അതിനു വേണ്ടി മാത്രമല്ല. ഇത്രയും നാൾ മാമാങ്കത്തിന് വേണ്ടി മെയ്യും മനസ്സും ഒരുപോലെ നൽകി അധ്വാനിച്ചിട്ട് പോസ്റ്റർ ഇറങ്ങിയത് മുതൽ ഇതിൽ 'ഉണ്ണിമുകുന്ദൻ എവിടെ' എന്നുള്ള നിരവധി മെസേജുകൾ ഫേസ്‌ബുകിലൂടെയും, ഇൻസ്റ്റാൻഗ്രാമിലൂടെയും, വാട്സ്ആപ്പിലൂടെയും ഞാൻ കേൾക്കാനിടയായി. ഇത് കേട്ടപ്പോൾ മുതൽ പ്രേക്ഷകർക്ക് എന്നെ തിരിച്ചറിയാൻ പറ്റുന്നില്ലാലോ എന്നുള്ള ചെറിയ വിഷമം ഉണ്ടായിരുന്നു. ബഹുമാനപ്പെട്ട സുഹൃത്തുക്കളെ പോസ്റ്ററിന്റെ നടുക്ക് ആ വാളും പരിചയും ഏന്തി നിൽക്കുന്ന ദേഷ്യക്കാരൻ ആയ താടിക്കാരൻ ഞാനാണ്. ആദ്യമൊക്കെ അല്പം വിഷമം തോന്നിയെങ്കിലും ഞാൻ സ്വപ്നം കണ്ട കാര്യം തന്നെയാണല്ലോ ഞാൻ ഇപ്പോൾ കേട്ടു കൊണ്ടിരിക്കുന്നത് എന്ന് മനസ്സിലായി.

ചന്ദ്രോത് പണിക്കർ എന്ന ഇതിഹാസ ചരിത്ര വേഷം ലഭിച്ചപ്പോൾ അതിൽ ഉണ്ണി മുകുന്ദൻ എന്ന വ്യക്തിയുടെ യാതൊരു സാമ്യതയും ഉണ്ടാവാൻ പാടില്ല എന്ന ആഗ്രഹവും വാശിയും എനിക്ക് ഉണ്ടായിരുന്നു.അതിന്റെ ആദ്യ പടി വിജയിച്ചു എന്ന് ഞാനിപ്പോൾ വിശ്വസിക്കുന്നു. ഇതൊരു അംഗീകാരം ആയി കാണാൻ ആണ് ഞാൻ ഉദ്ദേശിക്കുന്നത്. കഴിഞ്ഞ എട്ടു മാസത്തോളമായി മിഖായേലിലെ മാർകോ ജൂനിയറിൽ നിന്നും മാമാങ്കത്തിലെ ചന്ദ്രോത്ത് പണിക്കർ ആയി പരകായപ്രവേശം നടത്താൻ മാനസികമായും ശാരീരികമായും ഉള്ള തയ്യാറെടുപ്പിലായിരുന്നു. രാത്രിയുള്ള ഷൂട്ടിങ് ശാരീരികമായി ഒരുപാട് അസ്വസ്ഥതകൾ ഉണ്ടാക്കിയെങ്കിലും അതൊന്നും ചന്ദ്രോത്ത് പണിക്കർ എന്ന കഥാപാത്രത്തിനോടുള്ള ഇഷ്ടത്തിന് കവച്ചുവെക്കുന്നതായിരുന്നില്ല. ഈ പോസ്റ്റിൽ നിങ്ങൾ ഉണ്ണിമുകുന്ദനെ കണ്ടിട്ടില്ല എങ്കിൽ അത് എന്റെ ആദ്യത്തെ അംഗീകാരമായി ഞാൻ കാണുന്നു.

ചരിത്ര കഥാപാത്രങ്ങളെ അതിന്റെ പരമോന്നതിയിൽ എത്തിച്ച മമ്മൂക്ക എന്ന് ഇതിഹാസത്തിന്റെ സാന്നിധ്യവും സഹകരണവും സപ്പോർട്ടും എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട് എന്ന് പറയാതെ വയ്യ. ചന്ദ്രോത്ത് പണിക്കർ എന്ന കഥാപാത്രത്തെ പൂർണ്ണ വിശ്വാസത്തോടെ എനിക്ക് തന്ന പപ്പേട്ടനും മാമാങ്കത്തിന്റെ പൂര്ണതയ്ക്ക് വേണ്ടി യാതൊരു വിട്ടുവീഴ്ചയും ചെയ്യാതെ എന്തിനും ഒപ്പം നിന്ന നിർമ്മാതാവ് വേണുവേട്ടനും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചുകൊള്ളുന്നു.ഇനിയും പല കഥാപാത്രങ്ങളും വരുമ്പോഴും അതിൽ ഉണ്ണിമുകുന്ദൻ എവിടെ എന്ന ചോദ്യത്തിനായി ഞാൻ വീണ്ടും കാത്തിരിക്കുന്നു.

അതേ സമയം മാമാങ്കം പോസ്റ്ററിലുള്ളത് താനാണെന്ന് തെറ്റിദ്ദരിച്ച ആരാധകരെ തിരുത്തി നടൻ സുധീറും രംഗത്തെത്തിയിട്ടുണ്ട്. താനാണ് പോസ്റ്ററിലുള്ളതെന്ന് തെറ്റിദ്ധരിച്ച് ഫോൺ ചെയ്ത സുഹൃത്തുക്കൾക്കും ആരാധകർക്കും മറുപടിയുമായിട്ടാണ് സുധീർ രംഗത്തെത്തിയത്.

സുധീറിന്റെ വാക്കുകൾ: 'ഇന്നലെ മുതൽ ഫോൺ കോളുകളുടെ ബഹളമാണ്. മാമാങ്കത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ സമൂഹമാധ്യമങ്ങളിലൂടെയും പത്രമാധ്യമങ്ങളിലൂടെയും റിലീസ് ചെയ്തിരുന്നു. അതിൽ മമ്മൂക്കയുടെ കൂടെ നിൽക്കുന്നത് ഞാനാണെന്ന് തെറ്റിദ്ധരിച്ച് നിരവധി ആളുകളാണ് മെസേജ് അയക്കുന്നത്. ഞാനെല്ലാവരെയും തിരുത്തിക്കൊണ്ടിരിക്കുകയാണ്. അത് ഞാനല്ല, നടൻ ഉണ്ണി മുകുന്ദനാണ് മമ്മൂക്കയ്‌ക്കൊപ്പമുള്ളത്.

രസകരമായ കാര്യം ഇതൊന്നുമല്ല, എന്റെ അച്ഛൻ പത്രം കണ്ടതിനു ശേഷം വിളിച്ചു, 'മമ്മൂക്കയുടെ കൂടെ നിന്റെ പടം കണ്ടു, അച്ഛന് സന്തോഷമായി' എന്നു പറഞ്ഞു. അച്ഛനെ വരെ തിരുത്തേണ്ട അവസ്ഥയിലേയ്ക്കു പോയി കാര്യങ്ങൾ. അതുകൊണ്ടാണ് ഇങ്ങനെ ലൈവിൽ വന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP