Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പെരിയ ഇരട്ടക്കൊലക്കേസിലെ മൂന്നു പ്രതികളുടെ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും; സിപിഎം അനുഭാവികളും നേതാക്കളും പ്രതികളായ കേസ് അട്ടിമറിക്കാൻ ശ്രമമെന്ന ആരോപണവുമായി കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ; സാക്ഷിപ്പട്ടികയിലും സിപിഎം നേതാക്കളും കുറ്റാരോപിതരും

പെരിയ ഇരട്ടക്കൊലക്കേസിലെ മൂന്നു പ്രതികളുടെ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും; സിപിഎം അനുഭാവികളും നേതാക്കളും പ്രതികളായ കേസ് അട്ടിമറിക്കാൻ ശ്രമമെന്ന ആരോപണവുമായി കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ; സാക്ഷിപ്പട്ടികയിലും സിപിഎം നേതാക്കളും കുറ്റാരോപിതരും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കാസർകോട് പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളായ മൂന്നു സിപിഎം പ്രവർത്തകരുടെ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിലെ രണ്ട്, ഒൻപത്, പത്ത് പ്രതികളാണ് ഹർജി സമർപ്പിച്ചത്. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലുള്ള കൊലപാതകമെന്ന് എഫ് ഐ ആറിൽ രേഖപ്പെടുത്തിയ ശേഷം കുറ്റപത്രത്തിൽ അത് എങ്ങനെയാണ് വ്യക്തിവൈരാഗ്യമായി മാറിയത് എന്ന് കേസ് ഡയറി പരിശോധിച്ച കോടതി വിമർശിച്ചിരുന്നു. ഒരാളോടുള്ള വ്യക്തിവൈരാഗ്യത്തിന് എന്തിനാണ് പ്രതികൾ രണ്ടുപേരെ കൊലപ്പെടുത്തിയതെവന്നും കോടതി ആരാഞ്ഞിരുന്നു.

യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലുമാണ് മൂന്നുമാസം മുമ്പാണ് കൊല്ലപ്പെട്ടത്. ഫെബ്രുവരി പതിനേഴിന് രാത്രി എട്ട് മണിയോടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കല്യോട്ട് കൂരാങ്കര റോഡിൽ വച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

സിപിഎം പെരിയ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന കല്ല്യോട്ട് ഏച്ചിലടുക്കത്തെ എ.പീതാംബരൻ (45), ഏച്ചിലടുക്കത്തെ സി.ജെ.സജി എന്ന സജി ജോർജ് (40), തളിപ്പറമ്പ് ചപ്പാരപ്പടവ് ഒടുവള്ളി കാവുംകൽ സ്വദേശിയും തെങ്ങുകയറ്റ തൊഴിലാളിയുമായ ഏച്ചിലടുക്കം പൊടോളിത്തട്ടിൽ കെ.എം.സുരേഷ് (27), ഓട്ടോ ഡ്രൈവർ ഏച്ചിലടുക്കത്തെ കെ.അനിൽകുമാർ (35), കല്ല്യോട്ടെ ജി.ഗിജിൻ (26), ജീപ്പ് ഡ്രൈവർ കല്ല്യോട്ടെ പ്ലാക്കാത്തൊട്ടിയിൽ ആർ.ശ്രീരാഗ് എന്ന കുട്ടു (22), കുണ്ടംകുഴി മലാംകാട്ടെ എ.അശ്വിൻ (അപ്പു-18), പാക്കം വെളുത്തോളിയിലെ എ.സുബീഷ് (29), തന്നിത്തോട്ടെ എം.മുരളി (36), ടി.രഞ്ജിത്ത് (46), പ്രദീപ് എന്ന കുട്ടൻ (42), ആലക്കോട് ബി.മണികണ്ഠൻ, പെരിയയിലെ സിപിഎം പെരിയ ലോക്കൽ സെക്രട്ടറി എൻ.ബാലകൃഷ്ണൻ, സിപിഎം ഉദുമ ഏരിയാ സെക്രട്ടറി കെ.മണികണ്ഠൻ എന്നിവരാണ് 1 മുതൽ 14 വരെ പ്രതികൾ. മുഴുവൻ പ്രതികളും സിപിഎം അനുഭാവികളോ നേതാക്കളോ ആണ്.

അതിനിടെ, പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിലെ സാക്ഷിപ്പട്ടികയിൽ സിപിഎം നേതാക്കളും കുറ്റാരോപിതരുമെന്ന് ആരോപണവുമായി കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പ്രതികളായ സിപിഎം പ്രവർത്തകരെ സഹായിക്കാനും കേസ് അട്ടിമറിക്കാനുമാണ് ഇത്തരത്തിൽ സാക്ഷിപ്പട്ടിക ഉണ്ടാക്കിയതെന്നാണ് ആരോപണം. കൊലയാളികളെ രക്ഷിക്കാൻ സഹായിക്കുന്ന വിധത്തിലുള്ള സാക്ഷി മൊഴികളാണ് ഇവരുടേതായി രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് കേസ് അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണെന്നും കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ ആരോപിച്ചു.

കുറ്റം തെളിയിക്കുന്നതിനു പകരം കൊലയാളികളെ രക്ഷിക്കാൻ ആവശ്യമായ മൊഴികളെടുത്ത് കേസ് അട്ടിമറി നീക്കം നടത്തുകയാണെന്നും ബന്ധുക്കൾ ആരോപിച്ചു. മാത്രമല്ല, നേരത്തേ കല്ല്യോട്ട് വച്ച് പൊതുയോഗത്തിൽ കൊളവിളി പ്രസംഗം നടത്തിയ സിപിഎം ജില്ലാ കമ്മിറ്റിയംഗം വി പി പി മുസ്തഫ, നേതാക്കളായ ബിനു ജോസഫ്, ബിജു സി മാത്യു, ഏഴാം പ്രതി ഗിജിന്റെ മാതാവ് ഗീത, ആരോപണ വിധേയനായ വൽസരാജ്, അഡ്വക്കറ്റ് ഗോപാലൻ നായർ എന്നിവരും സാക്ഷി പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. സാക്ഷിപ്പട്ടികയിലെ 229 പേരിൽ അമ്പത് പേരും സിപിഎം നേതാക്കളോ കുറ്റാരോപിതരോ ആണെന്നും ബന്ധുക്കൾ ആരോപിച്ചു.

നേരത്തേ, ഇരട്ടക്കൊലപാതകത്തിൽ ബന്ധമുണ്ടെന്ന് കൃപേഷിന്റെയും ശരത്ത് ലാലിന്റെയും ബന്ധുക്കൾ ആരോപിച്ചവരാണ് കുറ്റപത്രം സമർപ്പിക്കപ്പെട്ടപ്പോൾ സാക്ഷി പട്ടികയിലുണ്ടായത്. ഒന്നാം പ്രതി പീതാംബരൻ കൊലപാതകത്തിനു മുമ്പ് തന്റെ ഫോണിലൂടെ മറ്റു പ്രതികളെ ബന്ധപ്പെട്ടെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. എന്നാൽ, തന്നെ ഏൽപ്പിച്ച ഫോൺ പിന്നീട് കാണാതായെന്നാണ് ഭാര്യ മഞ്ജുഷയുടെ സാക്ഷി മൊഴി.

പാർട്ടി പ്രവർത്തനവുമായി ബന്ധപ്പെട്ട് ഒന്നാം പ്രതി പീതാംബരന് തന്നോട് ശത്രുത ഉണ്ടായിരുന്നുവെന്നാണ് ഏഴാം പ്രതി ഗിജിന്റെ പിതാവ് ശാസ്താ ഗംഗാധരൻ മൊഴി നൽകിയത്. അതിനാലാണ് തന്റെ മകനെ കൊലപാതക സംഘത്തിൽ കൂട്ടിയത്. തന്റെ വാഹനം ഉപയോഗിച്ചതും കൃത്യത്തിന് വീടിനടുത്തുള്ള സ്ഥലം തിരഞ്ഞെടുത്തതും ആയുധങ്ങൾ തന്റെ പറമ്പിൽ ഒളിപ്പിച്ചതും വ്യക്തി വിരോധം തീർക്കാനാണെന്നും ശാസ്താ ഗംഗാധരൻ മൊഴി നൽകിയിട്ടുണ്ട്. പ്രതികൾ താനിയടിയിലെ സിപിഎം ബ്രാഞ്ച് സെക്രട്ടറി മാത്യുവിന്റെ വീട്ടിലെത്തി കുളിച്ച് വസ്ത്രം മാറിയെന്നാണ് അന്വേഷണ സംഘത്തിന്റെ റിപോർട്ട്. എന്നാൽ, പ്രതികളെ അറിയില്ലെന്നും തന്റെ വീട്ടിൽ ആരെങ്കിലും വരികയോ കുളിക്കുകയോ ചെയ്തിട്ടില്ലെന്നുമാണ് മാത്യു നൽകിയ മൊഴി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP