Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംഗീതമാണ് എന്നെയും ബാലഭാസ്‌ക്കറിനെയും അടുപ്പിച്ചത്; ബാലുവിന്റെ സംഗീതത്തോട് എനിക്ക് തോന്നിയ ആദരവിന്റെ ബാക്കിപത്രമായിരുന്നു ബ്രാൻഡ് അംബാസഡർ പദവി; വയലിനിസ്റ്റുമായി ഉണ്ടായിരുന്നത് സഹോദര ബന്ധം; ബാലു മരിച്ച് മൂന്ന് മാസത്തിന് ശേഷം തന്നെ പരസ്യങ്ങളിൽ നിന്ന് ചിത്രം മാറ്റി; വിഷ്ണു കുഴപ്പക്കാരനെന്ന സൂചന കിട്ടിയിരുന്നില്ല; സൺ ഹോംസിന് പിന്നിലെ ചാലകശക്തി കോൺഡോറിന്റെ ഉടമയായ സഹോദരനും; ബാലഭാസ്‌കർ വിവാദത്തിൽ സൺ ഹോംസ് ചെയർമാൻ സജീവ് വിദ്യാധരൻ മറുനാടനോട് പറഞ്ഞത്

സംഗീതമാണ് എന്നെയും ബാലഭാസ്‌ക്കറിനെയും അടുപ്പിച്ചത്; ബാലുവിന്റെ സംഗീതത്തോട് എനിക്ക് തോന്നിയ ആദരവിന്റെ ബാക്കിപത്രമായിരുന്നു ബ്രാൻഡ് അംബാസഡർ പദവി; വയലിനിസ്റ്റുമായി ഉണ്ടായിരുന്നത് സഹോദര ബന്ധം; ബാലു മരിച്ച് മൂന്ന് മാസത്തിന് ശേഷം തന്നെ പരസ്യങ്ങളിൽ നിന്ന് ചിത്രം മാറ്റി; വിഷ്ണു കുഴപ്പക്കാരനെന്ന സൂചന കിട്ടിയിരുന്നില്ല; സൺ ഹോംസിന് പിന്നിലെ ചാലകശക്തി കോൺഡോറിന്റെ ഉടമയായ സഹോദരനും; ബാലഭാസ്‌കർ വിവാദത്തിൽ സൺ ഹോംസ് ചെയർമാൻ സജീവ് വിദ്യാധരൻ മറുനാടനോട് പറഞ്ഞത്

എം മനോജ് കുമാർ

തിരുവനന്തപുരം: സംഗീത വിസ്മയം ബാലഭാസ്‌ക്കറുമായി തനിക്കുണ്ടായിരുന്നത് സഹോദരബന്ധമായിരുന്നുവെന്നു പ്രമുഖ ബിൽഡറും സൺ ഹോംസ് ചെയർമാനുമായ സജീവ് വിദ്യാധരൻ മറുനാടൻ മലയാളിയോട് പറഞ്ഞു. എന്നാൽ ബാലഭാസ്‌ക്കറിനോട് തനിക്ക് സഹോദരബന്ധമുണ്ടായിരുന്നപ്പോൾ വിഷ്ണുവുമായി ഉണ്ടായിരുന്നത് സൗഹൃദ ബന്ധം മാത്രമെന്നും സജീവ് പറഞ്ഞു. ബാലഭാസ്‌ക്കറും വിഷ്ണുവുമായി സൺ ഹോംസിനുണ്ടായിരുന്ന ബന്ധത്തെ മുൻനിർത്തി മറുനാടൻ നൽകിയ വാർത്തയോട് പ്രതികരിക്കുകയായിരുന്നു സജീവ് വിദ്യാധരൻ. ബാലഭാസ്‌ക്കർ എന്റെ ബ്രാൻഡ് അംബാസഡർ ആയിരുന്നു. ബാലഭാസ്‌ക്കർ മരിച്ച് മൂന്നു മാസത്തിനു ശേഷം തന്നെ സൺ പരസ്യങ്ങളിൽ നിന്ന് ബാലഭാസ്‌കറിന്റെ ചിത്രങ്ങൾ മാറ്റിയിരുന്നു.

സംഗീതമാണ് എന്നെയും ബാലഭാസ്‌ക്കറിനെയും അടുപ്പിച്ചത്. ബാലുവിന്റെ സംഗീതത്തോട് എനിക്ക് തോന്നിയ ആദരവിന്റെ ബാക്കി പത്രമായി ഞാൻ തന്നെ നൽകിയതാണ് ബാലുവിന്റെ ബ്രാൻഡ് അംബാസഡർ പദവി. വലിയ ഹൃദയബന്ധമായിരുന്നു ബാലഭാസ്‌കറും ഞാനും തമ്മിലുണ്ടായിരുന്നത്. എന്റെ കുടുംബവുമായും ബാലുവിന് ബന്ധമുണ്ടായിരുന്നു. ഏതാണ്ട് ഒരേ സമയം തന്നെയാണ് ബാലുവും വിഷ്ണുവുമായി എനിക്ക് ബന്ധമുണ്ടായിരുന്നത്. പത്ത് പതിമൂന്നു വർഷങ്ങൾക്ക് മുൻപ് തന്നെ വിഷ്ണുവിനെ എനിക്ക് അറിയാമായിരുന്നു. വിഷ്ണു ഒരിക്കലൂം സൺ ഹോംസിന്റെ സ്റ്റാഫ് ആയിരുന്നില്ല. എന്റെ സുഹൃത്ത് എന്ന നിലയിൽ മാത്രമാണ് വിഷ്ണുവിനെ കണ്ടത്. സൺ ഹോംസിലെ സ്റ്റാഫ് ആയിരുന്നു വിഷ്ണു എന്ന വാർത്ത ശരിയല്ല.

അപ്പം മെഷീൻ കണ്ടുപിടിച്ച് ആ മെഷീനിന്റെ മാർക്കറ്റിങുമായി ബന്ധപ്പെട്ട് ഓടി നടന്നിരുന്ന ആളെന്ന നിലയിലാണ് വിഷ്ണുവിനെ അറിയുന്നത്. സ്വർണം കടത്ത് കേസിൽ വിഷ്ണു പ്രതിയാകുമെന്നോ അകാലത്തിൽ ബാലഭാസ്‌ക്കർ വിടപറയുമെന്നോ ഒന്നും ഞാൻ കരുതിയതുമില്ല. സ്വർണ്ണക്കടത്ത് കേസിൽ വിഷ്ണുവിന് ബന്ധം വരുമെന്ന് ഞാൻ കരുതിയതല്ല. ഒരു കുഴപ്പക്കാരൻ ആയി വിഷ്ണുവിനെ ഞാൻ കാണുകയോ അകറ്റി നിർത്തേണ്ട ഒരാളാണ് വിഷ്ണുവെന്നു എനിക്ക് തോന്നുകയോ ചെയ്തില്ല. അത്തരം സൂചനകൾ എനിക്ക് ലഭിച്ചിരുന്നില്ല.

എന്റെ സഹോദരന്റെ സ്ഥാപനമായ കോൺഡോറുമായി എനിക്ക് യാതൊരു പ്രശ്‌നങ്ങളുമില്ല. എന്റെ സൺ ഹോംസിന്റെ പിന്നിലെ വലിയ ചാലകശക്തി തന്നെയാണ് സഹോദരൻ ഇപ്പോഴും. ബാലഭാസ്‌കറും വിഷ്ണുവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലേക്ക് എന്നെയോ സൺ ഹോംസിനെയോ ഒരിക്കലൂം വലിച്ചിഴയ്ക്കരുത്. രണ്ടു പതിറ്റാണ്ടായി സജീവമായി നിലകൊള്ളുന്ന ഹൗസിങ് പ്രോജക്ട് ആണ് സൺ ഹോംസ്. പതിനൊന്നോളം പ്രോജക്ടുകൾ വിജയകരമായി സൺ ഹോംസ് പൂർത്തീകരിച്ചിട്ടുണ്ട്. ഉള്ളൂരിലുള്ള പ്രോജക്ട് മാത്രമാണ് ഇനി പൂർത്തീകരിക്കാൻ ഉള്ളത്. പതിനാലു നിലകൾ ഉള്ള ഫ്‌ളാറ്റ് ആണ് ഉള്ളൂരിൽ പൂർത്തീകരിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ഒരു വിവാദങ്ങളിലേക്കും സൺ പ്രോജക്ടിനെ വലിച്ചിഴയ്ക്കരുത്-സജീവ് പറയുന്നു.

ബാലഭാസ്‌കറിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകൾ മുഴുവൻ പരിശോധിക്കാൻ ക്രൈംബ്രാഞ്ച് തീരുമാനമെടുത്തതോടെ അന്വേഷണ നിഴലിൽ പ്രമുഖ ബിൽഡർ ആയ സൺ ഹോംസും എന്ന വാർത്തയാണ് ഇന്നലെ മറുനാടൻ നൽകിയത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഇപ്പോൾ ഡിആർഐ അന്വേഷിക്കുന്ന ബാലഭാസ്‌ക്കറിന്റെ ട്രൂപ്പിലുണ്ടായിരുന്ന വിഷ്ണു സൺ ഹോംസിന്റെ മാർക്കറ്റിങ് വിഭാഗത്തിലെ സ്റ്റാഫ് ആയിരുന്നു എന്ന പുതുവിവരമാണ് ക്രൈംബ്രാഞ്ച് അന്വേഷണം സൺ ഹോംസിലേക്കും നീളാൻ ഇടയാക്കുന്നത്. വിഷ്ണു സൺ പ്രോജക്ട് സ്റ്റാഫ് ആയിരുന്നില്ലാ എന്നാണ് സൺ ഹോംസ് ചെയർമാൻ വിദ്യാധരൻ ഇപ്പോൾ പറയുന്നത്. പക്ഷെ വാർത്തയിൽ പറയുന്നത് പോലെ ബാലഭാസ്‌കറുമായും വിഷ്ണുവുമായും അടുത്ത ബന്ധം തനിക്ക് ഉണ്ടായിരുന്നുവെന്നു സജീവ് സമ്മതിക്കുന്നുണ്ട്. അത് പക്ഷെ ഹൃദയബന്ധവും സൗഹൃദ ബന്ധവുമാണ് എന്നാണ് സജീവ് പറയുന്നത്. ബാലഭാസ്‌ക്കർ സണ്ണിന്റെ ബ്രാൻഡ് അംബാസഡർ കൂടിയായിരുന്നു എന്ന കാര്യം സജീവ് നിഷേധിക്കുന്നുമില്ല.

സൺ പ്രോജക്ടിന്റെ ബ്രാൻഡ് അംബാസഡർ ആയിരുന്നു മരിക്കും വരെ ബാലഭാസ്‌ക്കർ. ബാലഭാസ്‌ക്കറിന്റെ ട്രൂപ്പിലെ കാര്യങ്ങൾ നോക്കിയിരുന്ന വിഷ്ണു അതേ സമയം സൺ പ്രോജക്ടിന്റെ മാർക്കറ്റിങ് വിഭാഗത്തിൽ ജീവനക്കാരൻ കൂടിയായിരുന്നു. വിഷ്ണുവാണ് ബാലഭാസ്‌ക്കറിന്റെ സൺ പ്രൊജക്ടുമായി അടുപ്പിക്കുന്നത്. പക്ഷെ ഇത് സജീവ് നിഷേധിക്കുകയാണ്. ബാലുവുമായും വിഷ്ണുവുമായും ഒരേ കാലയളവിൽ തന്നെയാണ് തനിക്ക് ബന്ധം വന്നത് എന്നാണ് സജീവ് പറയുന്നത്.

മധ്യ കേരളത്തെ പ്രളയം വിഴുങ്ങിയപ്പോൾ പ്രളയബാധിതരെ സഹായിക്കാൻ ദുരിതാശ്വാസ സഹായവും ആഹ്വാനവുമായി ബാലഭാസ്‌കറും രംഗത്തുണ്ടായിരുന്നു. ആ ഘട്ടത്തിൽ ബാലഭാസ്‌ക്കർ ഒരു ഫെയ്സ് ബുക്ക് പോസ്റ്റ് നടത്തിയിരുന്നു. ദുരിതബാധിതരെ സഹായിക്കാൻ എല്ലാവരും രംഗത്തിറങ്ങണമെന്നായിരുന്നു ആഹ്വാനം. ദുരിതബാധിതർക്ക് എത്തിക്കാൻ സഹായ സാമഗ്രികൾ നൽകാൻ നൽകാൻ ആഗ്രഹിക്കുന്നവർ അത് എത്രയും പെട്ടെന്ന് സൺ പ്രൊജക്റ്റ് ഓഫീസിൽ എത്തിക്കാനായിരുന്നു ബാലഭാസ്‌കർ നൽകിയ നിർദ്ദേശം. ബാലഭാസ്‌ക്കർ ആ സമയത്ത് സൺ പ്രോജക്ടിന്റെ ബ്രാൻഡ് അംബാസഡർ ആയിരുന്നു. ഇതിനെ തുടർന്നാണ് ദുരിതാശ്വാസ സഹായം സൺ പ്രോജക്ട് വഴി നൽകാൻ സ്വന്തം ഫെയ്സ് ബുക്ക് പോസ്റ്റ് വഴി ബാലഭാസ്‌ക്കർ ആഹ്വാനം ചെയ്യുന്നത്- ഇത് ഇന്നലെത്തെ മറുനാടൻ വാർത്തയിൽ നൽകിയിരുന്നു.

സൺ പ്രോജക്ടും ബാലഭാസ്‌ക്കറുമായി അടുത്തതോടെയാണ് ബാലഭാസ്‌ക്കർ സൺ പ്രോജക്ട് ബ്രാൻഡ് അംബാസഡർ ആകുന്നത്. സൺ പ്രോജക്ടും ബാലഭാസ്‌ക്കറുമായി അടുപ്പമുണ്ടായിരുന്നുവെന്ന് ബാലഭാസ്‌ക്കറിന്റെ പിതാവ് കെ.സി.ഉണ്ണി മറുനാടൻ മലയാളിയോട് സ്ഥിരീകരിച്ചിരുന്നു. സൺ പ്രൊജക്ടിന്റെ കാര്യവട്ടം പ്രൊജക്ടിൽ ബാലഭാസ്‌ക്കറിന് ഒരു ഫ്ളാറ്റും സ്വന്തമായിട്ടുണ്ടായിരുന്നു. ആ ഫ്ളാറ്റ് വിഷ്ണുവിന്റെ കയ്യിലായിരുന്നുവെന്ന് ഉണ്ണി പറഞ്ഞു. അത് 20000 രൂപയ്ക്ക് വിഷ്ണു മറ്റാർക്കോ വാടകയ്ക്ക് നൽകിയതായി വിവരമുണ്ടായിരുന്നു. ഇപ്പോൾ ആ ഫ്‌ളാറ്റ് ആരുടെ കയ്യിലാണെന്ന് അറിയില്ലെന്നും ഉണ്ണി പറഞ്ഞു. ബാലഭാസ്‌ക്കറിനെക്കൊണ്ട് ഫ്‌ളാറ്റ് എടുപ്പിച്ച ശേഷം വിഷ്ണു തന്റെയടുക്കലും വന്നിരുന്നുവെന്നു ഉണ്ണി പറഞ്ഞു. തങ്ങൾ കൂടി കാര്യവട്ടത്തെ ഫ്ളാറ്റിൽ ഒരു ഫ്‌ളാറ്റ് കൂടി എടുക്കണം എന്നായിരുന്നു വിഷ്ണുവിന്റെ ഡിമാൻഡ്. തങ്ങളുടെ സാമ്പത്തിക അവസ്ഥയും ഒരു ഫ്ളാറ്റ് വാങ്ങാൻ വേണ്ടിവരുന്ന ചിലവുമെല്ലാം എന്റെ മുന്നിലുണ്ടായിരുന്നു. വിഷ്ണു പറഞ്ഞപ്പോൾ തന്നെ ഈ ആവശ്യം ഞാൻ തള്ളിയിരുന്നു. ഇപ്പോൾ ഒരു വീടുണ്ട്. പിന്നെന്തിനു ഒരു ഫ്ളാറ്റ് കൂടി. ഞാൻ അത് അന്നേ അത് വേണ്ടെന്നു വെച്ചു. പിന്നെ വിഷ്ണുവിനെ എനിക്ക് തീരെ വിശ്വാസമുണ്ടായിരുന്നില്ല. ഒരു കള്ളലക്ഷണം വിഷ്ണുവിന്റെ മുഖത്തുണ്ടായിരുന്നു.

ഞങ്ങൾക്ക് ഒരിക്കലും വിഷ്ണു മുഖം തന്നിരുന്നില്ല. സംസാരിക്കുമ്പോൾ തന്നെ വിഷ്ണുവിന്റെ മുഖത്തുണ്ടായിരുന്നു കള്ളലക്ഷണം തെളിഞ്ഞു നിന്നിരുന്നു. വിഷ്ണുവിനെക്കുറിച്ച് ഞാൻ മാത്രമല്ല പലരും ബാലഭാസ്‌ക്കറിന് മുന്നറിയിപ്പ് നൽകിയിരുന്നു. വിഷ്ണുവിനെക്കുറിച്ച് മാത്രമല്ല പ്രകാശ് തമ്പി, പൂന്തോട്ടം ആശുപത്രിയിലെ ലത, ആശുപത്രിയുമായുള്ള ബന്ധം എല്ലാത്തിനെക്കുറിച്ചും ബാലഭാസ്‌ക്കറിന് മുന്നറിയിപ്പ് നൽകിയിരുന്നു. പക്ഷെ എല്ലാ മുന്നറിയിപ്പുകളൂം ബാലു തള്ളി. അതുകൊണ്ട് ഞങ്ങൾക്ക് എല്ലാം എല്ലാം നഷ്ടമായി-ഉണ്ണി പറയുന്നു. ഈ വാർത്തയ്ക്ക് അനുബന്ധമായാണ് മറുനാടൻ ബാലഭാസ്‌കറിന്റെ അച്ഛൻ ഉണ്ണിയോട് ബാലുവും സൺ പ്രോജക്ടിന്റെ സജീവ് വിദ്യാധരനുമായി ഉണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് ചോദിക്കുന്നതും ഇതു സംബന്ധിച്ച് വാർത്ത നൽകുകയും ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP