Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അപകട സ്ഥലത്തുണ്ടായിരുന്നുവെന്ന് സാക്ഷികളുടെ മൊഴി; എട്ട് പേരുടെ മൊബൈൽ പരിശോധനയിൽ പലരുടേയും ഫോൺ ഇരുന്നത് പള്ളിപ്പുറത്തെ ടവർ റേഞ്ചിൽ അല്ല; മൊഴിയിൽ അവർ ഉണ്ടായിരുന്നു എന്ന് പറഞ്ഞ സ്ഥലവും മൊബൈൽ ടവർ പരിശോധിച്ചപ്പോൾ ലഭിച്ച സ്ഥലവും തമ്മിൽ വലിയ അന്തരം; ബാലഭാസ്‌കറിന്റെ മരണത്തിൽ ദുരൂഹത കൂട്ടി സാക്ഷികളുടെ ഫോൺ രേഖകളും; വയലിനിസ്റ്റിന്റെ മരണ കാരണം കണ്ടെത്താൻ അർജുനെ പിടിക്കാനുറച്ച് ക്രൈംബ്രാഞ്ച്

അപകട സ്ഥലത്തുണ്ടായിരുന്നുവെന്ന് സാക്ഷികളുടെ മൊഴി; എട്ട് പേരുടെ മൊബൈൽ പരിശോധനയിൽ പലരുടേയും ഫോൺ ഇരുന്നത് പള്ളിപ്പുറത്തെ ടവർ റേഞ്ചിൽ അല്ല; മൊഴിയിൽ അവർ ഉണ്ടായിരുന്നു എന്ന് പറഞ്ഞ സ്ഥലവും മൊബൈൽ ടവർ പരിശോധിച്ചപ്പോൾ ലഭിച്ച സ്ഥലവും തമ്മിൽ വലിയ അന്തരം; ബാലഭാസ്‌കറിന്റെ മരണത്തിൽ ദുരൂഹത കൂട്ടി സാക്ഷികളുടെ ഫോൺ രേഖകളും; വയലിനിസ്റ്റിന്റെ മരണ കാരണം കണ്ടെത്താൻ അർജുനെ പിടിക്കാനുറച്ച് ക്രൈംബ്രാഞ്ച്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കർ അപകടത്തിൽ മരിച്ച ദിവസം സംഭവസ്ഥലത്തുണ്ടായിരുന്ന എട്ട് സാക്ഷികളുടെ മൊഴികളിൽ ചിലതിൽ പൊലീസിന് സംശയം. സാക്ഷിമൊഴികൾ ഒപ്പിച്ച് നൽകിയതാണോ എന്നതാണ് ഉയരുന്ന സംശയം. പ്രകാശ് തമ്പിയാണ് സാക്ഷികളെ പൊലീസിന് നൽകിയതെന്ന ആരോപണം സജീവമായിരുന്നു. ഇതിൽ ദുരൂഹതയുണ്ടെന്ന് ബാലഭാസ്‌കറിന്റെ കുടുംബം ആരോപിച്ചിരുന്നു. വണ്ടി ഓടിച്ചത് ബാലഭാസ്‌കറാണെന്ന ചർച്ച ബലപ്പെടുത്തിയത് ഇതിൽ ചിലരുടെ മൊഴികളാണ്. അർജുൻ എന്ന ഡ്രൈവറെ രക്ഷിക്കാൻ കൂടി വേണ്ടിയാണ് ഇതെല്ലാമെന്നും ആരോപണം ഉയർന്നു. ഡ്രൈവർ അർജുൻ ഒളിവിലാണ്. ഇയാളെ പിടികൂടാനും പൊലീസ് ശ്രമം തുടങ്ങും.

ഇങ്ങനെ സാക്ഷിമൊഴി നൽകിയവരുടെ മൊബൈൽ ഫോൺ വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു. ഫോൺ വിവരങ്ങൾ പരിശോധിച്ചപ്പോൾ ചിലതിൽ അസ്വാഭാവികത ഉള്ളതായി അന്വേഷക സംഘം സംശയിക്കുന്നു. സാക്ഷികളുടെ മൊഴിയിൽ അവർ ഉണ്ടായിരുന്നു എന്ന് പറഞ്ഞ സ്ഥലവും മൊബൈൽ ടവർ പരിശോധിച്ചപ്പോൾ ലഭിച്ച സ്ഥലവും തമ്മിൽ അന്തരമുള്ളതായാണ് വിവരം. ഇതിനാൽ സംശയമുള്ള സാക്ഷികളെ വീണ്ടും വിളിച്ചുവരുത്തി മൊഴിയെടുക്കാനാണ് ആലോചന. 12 പേരുടെ ഫോൺ രേഖകൾ എടുക്കാനാണ് അന്വേഷണസംഘം സൈബർ വിഭാഗത്തിന് നിർദ്ദേശം നൽകിയത്. ഇതിൽ എട്ടുപേരുടെ വിവരങ്ങളാണ് തിങ്കളാഴ്ച സംഘത്തിന് ലഭിച്ചത്. അപകടത്തിന് മുമ്പും പിമ്പുമായി അതുവഴി കടന്നുപോയവരുടെ വിവരവും പൊലീസ് ശേഖരിക്കുന്നുണ്ട്. കലാഭവൻ സോബിയുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് ഇത്.

കേസുമായി ബന്ധപ്പെട്ട് നടന്ന പല വെളിപ്പെടുത്തലുകളുടെയും സത്യാവസ്ഥ അറിയാനാണ് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നത്. നിലവിൽ അറുപതിലധികം സാക്ഷികളുടെ മൊഴി അന്വേഷണസംഘം എടുത്തിട്ടുണ്ട്. നിരവധി രേഖകളും ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണസംഘം തിങ്കളാഴ്ച യോഗം ചേർന്ന് അടുത്തഘട്ട അന്വേഷണത്തിന്റെ രൂപരേഖ തയ്യാറാക്കി. ഇനിയും കൂടുതൽ സാക്ഷികളുടെ മൊഴിയെടുക്കും. അപകടസമയം കാറിൽനിന്ന് കണ്ടെത്തിയ വിരലടയാളം, രക്തസാമ്പിൾ, മുടി എന്നിവയുടെ ഫോറൻസിക് റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. കാറിൽ ഉണ്ടായിരുന്നവരുടെ പരിക്കുകൾ സംബന്ധിച്ചുള്ള ഫോറൻസിക് റിപ്പോർട്ടും ലഭിച്ചിട്ടുണ്ട്. വാഹനം ഓടിച്ചത് അർജുൻ ആണെന്ന് തെളിഞ്ഞാൽ ഇയാളെ പ്രതിയാക്കി കേസെടുക്കും.

എന്നാൽ, അന്വേഷണസംഘം പരിശോധനയ്ക്ക് നൽകിയ അർജുന്റെ രക്തവും മുടിയും, വിരലടയാളം സംബന്ധിച്ച ഫോറൻസിക് റിപ്പോർട്ടും ഇതുവരെ ലഭിച്ചിട്ടില്ല. ഇത് ലഭിച്ചശേഷമേ വാഹനം ഓടിച്ചത് ആരാണെന്നത് സംബന്ധിച്ച ശാസ്ത്രീയപരിശോധന പൂർത്തിയാകൂ. ഈ തെളിവുകൾ അതിനിർണ്ണായകമായി മാറും. ബാലഭാസ്‌കർ ചികിത്സയിൽ കഴിഞ്ഞ അനന്തപുരി ആശുപത്രിയിലെ ഡോക്ടർമാരുടെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. ചികിത്സയിൽ കഴിയവേ ബാലഭാസ്‌കറിനെ സന്ദർശിച്ചവരെക്കുറിച്ച് ബന്ധുക്കൾ ആരോപണമുന്നയിച്ചിരുന്നു. ഇതെല്ലാം ഗൗരവത്തോടെയാണ് കാണുന്നത്.

ചികിത്സാ സമയത്തെ കാര്യങ്ങൾക്ക് മേൽനോട്ടംവഹിച്ച് ആശുപത്രിയിലുണ്ടായിരുന്നത് സ്വർണക്കടത്ത് കേസിലെ പ്രതി പ്രകാശൻ തമ്പിയാണ്. തമ്പിയെ കഴിഞ്ഞദിവസം കാക്കനാട് ജയിലിൽ ചോദ്യംചെയ്തിരുന്നു. തമ്പി പറഞ്ഞ കാര്യങ്ങളിലെ പൊരുത്തക്കേടുകളും നിജസ്ഥിതിയും അന്വേഷിക്കാനാണ് ഡോക്ടർമാരുടെ സഹായം തേടുന്നത്. ബാലഭാസ്‌കറിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സംബന്ധിച്ചും ക്രൈംബ്രാഞ്ച് അന്വേഷിച്ചുവരികയാണ്. അക്കൗണ്ടുകൾ സംബന്ധിച്ച വിവരങ്ങൾ കൈമാറുന്നത് സ്വർണക്കടത്ത് കേസിലെ പ്രതികളായ പ്രകാശൻ തമ്പിയും മാനേജർ വിഷ്ണുവും തടഞ്ഞെന്നായിരുന്നു ബാലഭാസ്‌കറിന്റെ ബന്ധുക്കളുടെ പരാതി. ബാലഭാസ്‌കറിന്റെ അക്കൗണ്ട് വിവരങ്ങൾ, പണമിടപാടുകൾ എന്നിവയാണ് ബാങ്കുകളിൽനിന്ന് ആവശ്യപ്പെട്ടിട്ടുള്ളത്. അപകടസമയത്ത് വാഹനമോടിച്ചത് അർജുനാണെന്ന നിഗമനത്തിലെത്തിയെങ്കിലും പിന്നീട് ഇയാളെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്തിട്ടില്ല. ഇയാൾ ഒളിവിലാണ്.

ബാലഭാസ്‌കറിന്റെ മരണത്തിലെ ദൃക്സാക്ഷി കെ എസ് ആർ ടി സി ഡ്രൈവർ അജിയുടെ വിശദമായ മൊഴി ക്രൈം ബ്രാഞ്ച് വീണ്ടും രേഖപ്പെടുത്തും. അപകടദിവസം ബാലഭാസ്‌കറിന്റെ കാറിനൊപ്പം മറ്റൊരു വെള്ള സ്വിഫ്റ്റ് കാർ കണ്ടതായി അജി കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. ഇത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ക്രൈം ബ്രാഞ്ച് പരിശോധിക്കും. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ അജിയുടെ മൊഴി ക്രൈം ബ്രാഞ്ച് നേരത്തെ രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഇക്കഴിഞ്ഞ ദിവസമാണ്, ബാലഭാസ്‌കറിന്റെ വാഹനത്തിനു പിന്നാലെ ഒരു വെള്ള സ്വിഫ്റ്റ് കാർ ആറ്റിങ്ങൽ മുതൽ പള്ളിപ്പുറം വരെയുണ്ടായിരുന്നുവെന്നും ഇതിനു ശേഷം ആ കാർ കാണാതായെന്നും അജി വെളിപ്പെടുത്തൽ നടത്തിയത്.

അപകടസമയത്ത് വാഹനം ഓടിച്ചത് ബാലഭാസ്‌കർ ആയിരുന്നെന്ന് മൊഴി നൽകിയ ഏകവ്യക്തിയും അജിയാണ്. അർജുനാണ് വാഹനം ഓടിച്ചതെന്നാണ് മറ്റൊരു ദൃക്സാക്ഷി നന്ദു, ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി തുടങ്ങിയവർ മൊഴി നൽകിയിരിക്കുന്നത്. ബാലഭാസ്‌കർ ആയിരിക്കാം വാഹനം ഓടിച്ചതെന്നായിരുന്നു ആദ്യഘട്ടത്തിൽ അജി പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് വാഹനം ഓടിച്ചത് ബാലഭാസ്‌കർ തന്നെയാണ് എന്ന് ഉറപ്പിച്ചു പറയുകയായിരുന്നു. അതിനിടെ ബാലഭാസ്‌കറിന്റെ മരണത്തെപ്പറ്റിയുള്ള ക്രൈംബ്രാഞ്ച് അന്വേഷണം നേരായ വഴിയിലാണെന്നും മരണത്തെപ്പറ്റി ഒരുപാട് വാർത്തകൾ വരുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP