Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലേഹ്യവും കഷായവും വിൽക്കുന്ന കൂട്ടത്തിൽ സ്നേഹം കൂടി വിൽക്കുമായിരുന്നു എന്ന് അറിയില്ലായിരുന്നു; കുഴപ്പം സംഭവിച്ചത് ലക്ഷ്മിയെ അവർ ട്രാപ്പിലാക്കുന്നതോടെ; കാന്തവും ഇരുമ്പും തമ്മിലുള്ള ബന്ധമായിരുന്നു ലക്ഷ്മിയും ലതയും തമ്മിൽ; ലക്ഷ്മിയുടെ വീട്ടിലെ നാല് സിസിടവികളും ബന്ധിപ്പിച്ചിരുന്നത് പ്രകാശ് തമ്പിയുടെ മൊബൈലിലേക്ക്; ബാലഭാസ്‌കറിന്റെ മരണത്തിൽ സംശയിക്കുന്നത് പൂന്തോട്ടത്തുകാരെ തന്നെ; വിവാദങ്ങൾ കത്തിപടരുമ്പോൾ ബാലുവിന്റെ അച്ഛൻ ഉണ്ണി മറുനാടനോട് പറഞ്ഞത്

ലേഹ്യവും കഷായവും വിൽക്കുന്ന കൂട്ടത്തിൽ സ്നേഹം കൂടി വിൽക്കുമായിരുന്നു എന്ന് അറിയില്ലായിരുന്നു; കുഴപ്പം സംഭവിച്ചത് ലക്ഷ്മിയെ അവർ ട്രാപ്പിലാക്കുന്നതോടെ; കാന്തവും ഇരുമ്പും തമ്മിലുള്ള ബന്ധമായിരുന്നു ലക്ഷ്മിയും ലതയും തമ്മിൽ; ലക്ഷ്മിയുടെ വീട്ടിലെ നാല് സിസിടവികളും ബന്ധിപ്പിച്ചിരുന്നത് പ്രകാശ് തമ്പിയുടെ മൊബൈലിലേക്ക്; ബാലഭാസ്‌കറിന്റെ മരണത്തിൽ സംശയിക്കുന്നത് പൂന്തോട്ടത്തുകാരെ തന്നെ; വിവാദങ്ങൾ കത്തിപടരുമ്പോൾ ബാലുവിന്റെ അച്ഛൻ ഉണ്ണി മറുനാടനോട് പറഞ്ഞത്

എം മനോജ് കുമാർ

തിരുവനന്തപുരം: പ്രകാശ് തമ്പിയെക്കുറിച്ചും വിഷ്ണുവിനെക്കുറിച്ചും പൂന്തോട്ടം ആശുപത്രിയെക്കുറിച്ചും ഞങ്ങൾ നൽകിയ മുന്നറിയിപ്പുകൾ ബാലഭാസ്‌ക്കർ അവഗണിച്ചതാണ് ബാലുവിന്റെ മരണത്തിനു കാരണമായതെന്ന് ബാലഭാസ്‌ക്കറിന്റെ അച്ഛൻ കെ.സി.ഉണ്ണി മറുനാടൻ മലയാളിയോട് പറഞ്ഞു. ബാലുവിന് മാത്രമല്ല സംഗീത രംഗത്തുള്ള മുഴുവൻ ആളുകൾക്കും ബാലുവിന്റെ മരണം ഒരു മുന്നറിയിപ്പാകണമെന്നും ഉണ്ണി പറഞ്ഞു. സംഗീത പരിപാടികൾ കോർഡിനെറ്റ് ചെയ്യുന്ന കാര്യത്തിൽ ട്രൂപ്പിലെ മാനേജർമാരെയും സ്റ്റാഫിനെയും തിരഞ്ഞടുക്കുന്ന കാര്യത്തിൽ ആളുകളോട് ഇടപഴകുന്ന കാര്യങ്ങളിൽ എല്ലാം ബാലഭാസ്‌കറിന്റെ മരണം ഒരുപാട് കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ മരണത്തിൽ നിന്നും സംഗീതജ്ഞർ, കലാകാരന്മാർ എല്ലാം ഒരുപാട് കാര്യങ്ങൾ പഠിക്കേണ്ടതുണ്ട്- ഉണ്ണി പറഞ്ഞു.

ബാലഭാസ്‌കറെ സംബന്ധിച്ച് വരുന്ന വാർത്തകൾ പലതും വാസ്തവവിരുദ്ധമാണ്. ഞങ്ങളുടെ വീട്ടിൽ നിന്നും ബാലു ഒരിക്കലൂം അകന്നു നിന്നിട്ടില്ല. ബാലു വീട്ടിൽ നിന്നും അകന്നു എന്ന രീതിയിൽ ഒട്ടുവളരെ വാർത്തകൾ വന്നു. വിവാഹ സമയത്ത് ഞങ്ങൾക്ക് ബാലുവിന്റെ തീരുമാനത്തോട് എതിർപ്പ് ഉണ്ടായിരുന്നു. ആ സമയം വിവാഹപ്രായമായിരുന്നില്ല. കോളേജിൽ പഠിക്കുന്ന സമയത്താണ് ഇവർ തമ്മിൽ വിവാഹിതരാകുന്നത്. ആ സമയത്ത് ബാലു വീട്ടിൽ നിന്നും അകന്നു നിന്നിരുന്നു. പക്ഷെ ആ അകൽച്ച താമസിയാതെ തന്നെ മാറി.

ഞങ്ങളുടെ ഒരേ ഒരു മകനെ വിവാഹത്തിന്റെ പേരിൽ റോഡിലേക്ക് തള്ളിക്കളയാൻ കഴിയില്ലല്ലോ. തിരുവനന്തപുരത്ത് ഉള്ള ദിവസങ്ങളിൽ മിക്കവാറും എല്ലാ ദിവസങ്ങളിലും ബാലു വീട്ടിൽ വന്നിരുന്നു. എന്റെ അസുഖ ശേഷം ആ വരവ് പതിവുള്ള കാര്യവുമായിരുന്നു. അതിനു മുൻപ് ഞാനും അവന്റെ വീട്ടിൽ പോകുമായിരുന്നു. ഞങ്ങൾ തമ്മിൽ അകൽച്ചയുണ്ടായിരുന്നില്ല. പക്ഷെ ഞങ്ങളെ അകറ്റാൻ ചിലർ ശ്രമിച്ചിരുന്നു. പൂന്തോട്ടത്തിലെ ലത സ്ത്രീയാണ് അതിനു ചരട് വലിച്ചത്. അവർ ഞങ്ങളെയും ബാലുവിനെയും പരമാവധി അകറ്റാൻ ശ്രമിച്ചിരുന്നു.

ലത പ്രസ് മീറ്റിൽ പറഞ്ഞത്. ബാലുവിന് സ്‌നേഹം വീട്ടിൽ നിന്നും കിട്ടുമായിരുന്നില്ല എന്നാണ്. ബാലുവിന് സ്‌നേഹം ഞങ്ങളാണ് കൊടുത്തിരുന്നത്. അതിനാലാണ് ബാലു ഞങ്ങളുമായി ഒട്ടിനിന്നത് എന്നാണ് ലത പറഞ്ഞത്. അവർ ലേഹ്യവും കഷായവും എല്ലാം വിൽക്കുന്ന കൂട്ടത്തിൽ സ്നേഹം കൂടി വിൽക്കുമായിരുന്നു എന്ന കാര്യം ഞങ്ങൾ അപ്പോഴാണ് അറിഞ്ഞത്. കുഴപ്പം സംഭവിച്ചത് ലക്ഷ്മിയെ അവർ ട്രാപ്പിലാക്കുന്നതോടെയാണ്. എന്താണ് അതിനു പിന്നിലുള്ള മാജിക് എന്ന് ഞങ്ങൾക്ക് അറിയില്ല. മരിച്ചതിനു ശേഷം അറുപത് ദിവസത്തോളം ഈ ലത ലക്ഷ്മിയുടെ കൂടെയായിരുന്നു. ഈ സ്ത്രീ എന്തിനാണ് ഇവിടെ നിൽക്കുന്നത് എന്ന് ഒരു ദിവസം ഞാൻ ദേഷ്യപ്പെട്ടു ചോദിച്ചു. ഇതവർക്ക് ഇഷ്ടമായില്ല. അതിന്റെ പേരിൽ വഴക്കൊക്കെ ഉണ്ടായിരുന്നു. കാന്തവും ഇരുമ്പും തമ്മിലുള്ള ബന്ധമായിരുന്നു ലക്ഷ്മിയും ലതയും തമ്മിലുണ്ടായിരുന്നത്-ഉണ്ണി പറയുന്നു.

ഇപ്പോൾ ബാലുവിന്റെ മരണം വിവാദമായിരിക്കെ ലക്ഷ്മിയെയാണ് അവർ മുന്നിലിടുന്നത്. ഞങ്ങൾ കാശ് ഒന്നും കൊടുക്കാനില്ല. വാങ്ങിയ കാശ് തിരികെ നൽകിയിട്ടുണ്ട്. ലക്ഷ്മിയോട് ചോദിക്കൂ എന്നാണ് പറയുന്നത്. ലക്ഷ്മിയെ ശുശ്രൂഷിക്കാനാണ് ഞാൻ അറുപത് ദിവസം അവിടെ പോയി നിന്നത്. ഞാൻ ചെന്ന് അവിടെ ചെന്ന് വഴക്കുപറഞ്ഞു ലതയെ ഇറക്കിവിട്ടു എന്നാണ് പറഞ്ഞത്. അതിൽ എന്ത് സത്യമുണ്ട്. ഞാൻ ഇറക്കി വിടാൻ പറഞ്ഞാൽ അവർ ലതയെ ഇറക്കിവിടുമോ? ഈ സ്ത്രീ എന്തിനു അവിടെ നിൽക്കുന്നു എന്ന് ഞാൻ ചോദിച്ചു എന്ന് പറഞ്ഞത് സത്യമാണ്. കാരണം ബാലുവിന്റെ മരണത്തിനു ഉത്തരവാദി പൂന്തോട്ടം കുടുംബമാണ് എന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുകയാണ്. ഈ ഒരവസ്ഥയിൽ അവർ ലക്ഷ്മിയെ പരിചരിക്കുന്നത് എന്തിനാണ് എന്ന് ചോദിച്ചത് ശരിയല്ലേ? ഇത്ര വലിയ ഫ്രണ്ട്ഷിപ്പ് ആണെങ്കിലും ഇത്ര ദീർഘമായ കാലയളവിൽ ഇങ്ങിനെ നിൽക്കുമോ? ഈ ചോദ്യവും എന്റെ മുന്നിലുണ്ടായിരുന്നു. ഒരു ക്വാളിഫൈഡ് നഴ്‌സ് ഉണ്ട്. ജോലിക്കാരുണ്ട്. പിന്നെ എന്തിനാണ് ലത പോലെ ഒരാൾ പരിചരണത്തിന് ആവശ്യമായി വരുന്നത്. ലക്ഷ്മിക്ക് ഇഷ്ടമുണ്ടായിരുന്നില്ല ഞാൻ അവിടെ നിന്നു പോയതിൽ. പിന്നെ ബാലുവിന്റെ അച്ഛൻ പറഞ്ഞതുകൊണ്ട് മാത്രമാണ് ഞാൻ ലക്ഷ്മിയുടെ വീട്ടിൽ നിന്നും പോയത് എന്നാണ് ലത പറഞ്ഞത്.

പിന്നെ ഞങ്ങൾ ലക്ഷ്മിയുടെ വീട്ടിൽ പോകുന്നത് നിർത്തി. എന്തിനാണ് പോകുന്നത് എന്ന ചോദ്യമാണ് ഞങ്ങളുടെ മുന്നിലുണ്ടായിരുന്നത്. എന്റെ മകൻ തിരിച്ചു വരില്ല. പിന്നെ എന്തിനു ലക്ഷ്മിയുടെ വീട്ടിൽ പോകണം എന്നാണ് ഈ പ്രശ്‌നത്തിന് ശേഷം എന്റെ മുന്നിൽ ഉദിച്ച ചോദ്യം. നാല് സിസിടിവി ക്യാമറയാണ് വീട്ടിൽ ഉണ്ടായിരുന്നത്. എന്തിനാണ് ഇത്രയും സിസിടിവി ക്യാമറകൾ. ഈ ക്യാമറ പ്രകാശ് തമ്പിയുടെ മൊബൈലുമായി ബന്ധിപ്പിച്ചിരുന്നതും പിന്നീട് വെളിയിൽ വന്ന കാര്യമാണ്. ഒരുപാട് ദുരൂഹതകൾ ഈ മരണവുമായി നിലനിൽക്കുന്നു. ആളുകൾ പണത്തിനു വേണ്ടി എന്തും ചെയ്യും എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് എന്റെ ബാലുമോന്റെ മരണം. പ്രകാശ് തമ്പിക്ക് ഒരുപാട് ശിങ്കിടികൾ ഉണ്ടായിരുന്നു. വിഷ്ണുവിന് ഒരുപാട് ശിങ്കിടികൾ ഉണ്ടായിരുന്നു. എല്ലാവരും കൂടെ എന്റെ കൊച്ചിനെ കൊന്നു-സി.കെ.ഉണ്ണി പറയുന്നു.

ബാലഭാസ്‌കറിന്റെ മരണത്തെക്കുറിച്ചുള്ള ക്രൈംബ്രാഞ്ച് അന്വേഷണം നേരായ വഴിയിലാണെന്നും മരണത്തെപ്പറ്റി ഒരുപാട് വാർത്തകൾ വരുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിലെ ഇന്നലെ പറഞ്ഞിരുന്നു. അതേസമയം ബാലഭാസ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ക്രൈംബ്രാഞ്ച് ത്വരിതപ്പെടുത്തിയിട്ടുണ്ട്. ബാലഭാസ്‌കർ അപകടത്തിൽപ്പെട്ട് ചികിൽസയിൽ കഴിഞ്ഞപ്പോഴുള്ള വിശദാംശങ്ങൾ ശേഖരിക്കുന്നതിനായി അനന്തപുരി ആശുപത്രിയിലെ ഡോക്ടർമാരുടെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP