Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശബരിമല വിഷയം: പിണറായിയുടെ നിലപാട് തള്ളി എൽഡിഎഫ്; വിശ്വാസികളുടെ അവിശ്വാസം മാറ്റണം; വനിതാ മതിലിന് പിന്നാലെ യുവതികളെ ശബരിമലയിൽ കയറ്റിയത് വിശ്വാസികളെ വേദനിപ്പിച്ചു; തെറ്റിദ്ധാരണ മാറ്റാൻ നടപടി; ബിജെപിക്ക് ബദലായി കോൺഗ്രസെന്ന ധാരണയ്ക്ക് അംഗീകാരം കിട്ടിയതും തിരിച്ചടിയായി: ഒരു തിരഞ്ഞെടുപ്പ് തോൽവി കൊണ്ടു തങ്ങളെ ഇല്ലാതാക്കാനാവില്ലെന്നും എൽഡിഎഫ്

ശബരിമല വിഷയം: പിണറായിയുടെ നിലപാട് തള്ളി എൽഡിഎഫ്; വിശ്വാസികളുടെ അവിശ്വാസം മാറ്റണം; വനിതാ മതിലിന് പിന്നാലെ യുവതികളെ ശബരിമലയിൽ കയറ്റിയത് വിശ്വാസികളെ വേദനിപ്പിച്ചു; തെറ്റിദ്ധാരണ മാറ്റാൻ നടപടി; ബിജെപിക്ക് ബദലായി കോൺഗ്രസെന്ന ധാരണയ്ക്ക് അംഗീകാരം കിട്ടിയതും തിരിച്ചടിയായി: ഒരു തിരഞ്ഞെടുപ്പ് തോൽവി കൊണ്ടു തങ്ങളെ ഇല്ലാതാക്കാനാവില്ലെന്നും എൽഡിഎഫ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമല വിഷയം വിശ്വാസികളെ ബാധിച്ചില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വിലയിരുത്തൽ തള്ളി എൽഡിഎഫ് യോഗം. തിരഞ്ഞെടുപ്പ് പരാജയത്തിന് ശബരിമല വിഷയവും കാരണമായി. വിശ്വാസികൾക്ക് എൽഡിഎഫിലുണ്ടായ അവിശ്വാസം മാറ്റണമെന്ന് തിരുവനന്തപുരത്തു ചേർന്ന യോഗം തീരുമാനിച്ചു. വിഷയത്തിൽ സർക്കാർ നിലപാട് ശരിയായിരുന്നെന്ന് പിണറായി വിജയൻ പറഞ്ഞു. എന്നാൽ, വിശ്വാസികൾക്ക് തെറ്റിദ്ധാരണ ഉണ്ടായി, ഇത് മാറ്റാൻ നടപടിയുണ്ടാവുമെന്നും എൽ.ഡി.എഫ് യോഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി

ശബരിമല വിഷയം മുൻനിർത്തി എൽജെഡി യോഗത്തിൽ വിമർശനമുന്നയിച്ചു. വനിതാ മതിലിനു പിന്നാലെ ശബരിമലയിൽ യുവതികളെ കയറ്റിയത് വിശ്വാസികളെ വേദനിപ്പിച്ചെന്നും നടപടി സ്ത്രീവോട്ടുകൾ നഷ്ടമാകാൻ കാരണമായെന്നുമായിരുന്നു വിമർശനം. സീറ്റുകൾ സിപിഎമ്മും സിപിഐയും പങ്കിട്ട് എടുത്തെന്ന പ്രചാരണവും വിനയായെന്ന് എൽജെഡി ചൂണ്ടിക്കാട്ടി. ശബരിമല വിഷയം അവഗണിച്ച് മുന്നണി മുന്നോട്ട് പോകരുതെന്ന് കേരള കോൺഗ്രസ് (ബി) നേതാവ് ആർ ബാലകൃഷ്ണപിള്ളയും പറഞ്ഞു.

സർക്കാരിന്റെ പ്രവർത്തനം വിലയിരുത്താർ പ്രത്യേക യോഗം ചേരാനും എൽ.ഡി.എഫ് തീരുമാനിച്ചു. ബിജെപി ക്ക് ബദലായി കോൺഗ്രസെന്ന ധാരണ അംഗീകരിക്കപ്പെട്ടുവെന്നും ഇത് എൽ.ഡി.എഫിന് തിരിച്ചടിയായെന്നും എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. യു.ഡി.എഫ് , ബിജെപി പ്രചാരണത്തെ മറികടക്കാൻ എൽ.ഡിഎഫിന് കഴിഞ്ഞില്ല. സർക്കാരിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുമെന്നും സർക്കാർ ചെയ്ത നല്ല കാര്യങ്ങൾ വോട്ടായി മാറിയില്ലെന്നും വിജയരാഘവൻ വ്യക്തമാക്കി.
ഒരു തിരഞ്ഞെടുപ്പ് തോൽവികൊണ്ട് ഇടതുപക്ഷം ഇല്ലാതാവില്ല. ഈ തിരഞ്ഞെടുപ്പിൽ അകന്നുപോയ ആളുകളെ ഇടതുപക്ഷ മുന്നണിയോട് അടുപ്പിക്കാനുള്ള സംഘടന പ്രവർത്തനവും പ്രചാരണ പ്രവർത്തനവും നടത്തും. ആ ജനവിഭാഗങ്ങളെ മുന്നണിയോട് അടുപ്പിക്കണം എന്ന സമീപനമാണ് ചർച്ചയിൽ ഉയർന്നുവന്നത്. തിരഞ്ഞെടുപ്പ് നവോഥാന പ്രവർത്തനമല്ല. നവോഥാനം തുടർച്ചയായ പ്രക്രിയമാണ്.

ജനങ്ങൾക്ക് ഇടതുപക്ഷത്തോട് എല്ലാ കാലത്തും സ്‌നേഹം ഉണ്ട്. ഒരു തിരഞ്ഞെടുപ്പ് തോൽവി കൊണ്ട് ഇടതുപക്ഷം ഇല്ലാതാവില്ല. 17 ലോകസഭ തിരഞ്ഞെടുപ്പിൽ നാല് തവണ മാത്രമാണ് ഇടതുപക്ഷത്തിന് മേൽക്കൈ ഉണ്ടായിട്ടുള്ളത്. ഘടകകക്ഷികളെല്ലാം തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള വിലയിരുത്തൽ നടത്തി. ദേശീയ രാഷ്ട്രീയം ഏറെ ചർച്ച ചെയ്യപ്പെട്ട തിരഞ്ഞെടുപ്പാണ് കഴിഞ്ഞത്. മോദിക്കെതിരായ ജനവിധിയാണ് കേരളത്തിലുണ്ടായത്. മതേതര സർക്കാർ എന്ന ഇടത് പക്ഷ പ്രചരണത്തെക്കാൾ സ്വീകാര്യത കോൺഗ്രസിന് ലഭിച്ചു. രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിച്ചതും കോൺഗ്രസിന് അനുകൂലമായെന്നും എ വിജയരാഘവൻ വ്യക്തമാക്കി.

പിണറായി വിജയൻ നേരത്തെ പറഞ്ഞത്

ലോക്സഭ തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം ബാധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല വിഷയം ബാധിക്കുകയാണെങ്കിൽ ബിജെപിയാണ് നേട്ടമുണ്ടാക്കേണ്ടതെന്നും എന്നാൽ പത്തനംതിട്ടയിൽ ഉൾപ്പെടെ ബിജെപി. പിന്നിലായെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, തിരഞ്ഞെടുപ്പിലെ തോൽവി പ്രതീക്ഷിച്ചില്ലെന്നും ഈ തിരിച്ചടി താത്കാലികമാണെന്നും അദ്ദേഹം വ്യക്തമാക്കി.

തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം ബാധിച്ചിട്ടില്ല, ബാധിച്ചെങ്കിൽ ബിജെപിക്കായിരുന്നു ഗുണം കിട്ടേണ്ടിയിരുന്നത്. എന്നാൽ ബിജെപി. സ്ഥാനാർത്ഥി പത്തനംതിട്ടയിൽ പിന്നോട്ടുപോയി. പത്തനംതിട്ടയിൽ വിജയിക്കും എന്നായിരുന്നു അവരുടെ അവകാശവാദം. അത് ഉണ്ടായില്ല. പക്ഷേ, വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അവർ ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണയുണ്ടാക്കി. അത് പരിശോധിക്കേണ്ടതുണ്ട്. സുപ്രീംകോടതി വിധിയാണ്. അതിൽനിന്ന് ഒഴിഞ്ഞുമാറാൻ ഒരു മുഖ്യമന്ത്രിക്കും കഴിയില്ല. ഏത് സർക്കാരാണെങ്കിലും ചെയ്യേണ്ടകാര്യങ്ങളാണ് സംസ്ഥാന സർക്കാരും ചെയ്തത്- മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രത്തിൽ മോദിഭരണം വരരുതെന്ന് ആഗ്രഹിക്കുന്നവർ കോൺഗ്രസ് ഭരണത്തിന് നേതൃത്വം നൽകാനാകുമെന്ന് ചിന്തിച്ചു. രാജ്യത്തിന്റെ ഭാവിയിൽ ഉത്കണ്ഠയുള്ള ഇവർ കോൺഗ്രസിന് വോട്ട് ചെയ്യുന്നതാണ് നല്ലതെന്ന് കരുതി. ഇതാണ് യു.ഡി.എഫിന് കൂടുതൽ വോട്ടുകൾ ലഭിക്കാൻ കാരണമായതെന്നും ലോക്സഭ തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന സർക്കാരിനെതിരായ വിധിയെഴുത്തല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കാനെത്തിയത് എന്തിനാണെന്ന് ഇപ്പോൾ മനസിലായെന്നും രാഹുലിന്റെ സ്ഥാനാർത്ഥിത്വം തെറ്റായ സന്ദേശം നൽകുമെന്ന് ഇടതുപക്ഷം ആദ്യമേ ചൂണ്ടിക്കാണിച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്‌ഗഢിലും കോൺഗ്രസ് തകർന്നു. ഈ സംസ്ഥാനങ്ങളിൽ ഭരണത്തിലേറി മാസങ്ങളായിട്ടും വിജയിക്കാനായില്ല. കോൺഗ്രസിന്റെ സ്ഥിതി ദയനീയമാണെന്നും ഇത് പലരും മനസിലാക്കിയില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP