Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഭർത്താവിന്റെ കുത്തുവാക്കുകൾക്ക് മുന്നിൽ ഇടനെഞ്ചുപൊട്ടി കരഞ്ഞ ഒരു വീട്ടമ്മ കൂടിയാണ് എലിസബത്ത് രാജ്ഞിയെന്നറിയാമോ? മക്കൾക്ക് പേരിടുന്നതിനെച്ചൊല്ലിയുള്ള തർക്കം അവസാനിച്ചത് ഇങ്ങനെ; ബ്രിട്ടീഷ് രാജകുടുംബത്തിലെ കഥകൾ പുറത്തെത്തുമ്പോൾ

ഭർത്താവിന്റെ കുത്തുവാക്കുകൾക്ക് മുന്നിൽ ഇടനെഞ്ചുപൊട്ടി കരഞ്ഞ ഒരു വീട്ടമ്മ കൂടിയാണ് എലിസബത്ത് രാജ്ഞിയെന്നറിയാമോ? മക്കൾക്ക് പേരിടുന്നതിനെച്ചൊല്ലിയുള്ള തർക്കം അവസാനിച്ചത് ഇങ്ങനെ; ബ്രിട്ടീഷ് രാജകുടുംബത്തിലെ കഥകൾ പുറത്തെത്തുമ്പോൾ

രാജ്യം ഭരിക്കുന്ന രാജ്ഞിയാണെങ്കിലും എലിസബത്തും ഒരു വീട്ടമ്മയാണ്. ഒരു കുടുംബത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന എല്ലാത്തരം കഷ്ടപ്പാടുകളും പിന്നിട്ടുവന്ന വീട്ടമ്മ. ഭർത്താവ് ഫിലിപ്പിൽനിന്നും ചെറുപ്പകാലത്ത് അത്രത്തോളം അവഗണനയും മാനസിക പീഡനവും അവർ നേരിട്ടുണ്ടെന്നാണ് വെളിപ്പെടുത്തൽ. ഇന്നലെ രാജ്ഞിക്കൊപ്പം 98-ാം പിറന്നാൾ ആഘോഷിച്ചെങ്കിലും ഫിലിപ്പ് രാജകുമാരൻ ഇപ്പോൾ ഭാര്യയുമായി അത്ര നല്ല സുഖത്തിലല്ലെന്നും റിപ്പോർട്ടുണ്ട്. ഇരുവരും വെവ്വേറെയാണ് താമസിക്കുന്നത്. ആഴ്ചകളോളം പരസ്പരം കാണാതിരിക്കുന്ന സാഹചര്യം പോലുമുണ്ടെന്ന് റോയൽ സെൻട്രൽ എഡിറ്റർ ചാർളി പ്രോക്ടർ വെളിപ്പെടുത്തുന്നു.

ഫിലപ്പ് രാജകുമാരൻ രണ്ടുവർഷം മുമ്പ് രാജകീയ ചുമതലകളെല്ലാം ഒഴിഞ്ഞിരുന്നു. പിന്നീട് ബക്കിങ്ങാം കൊട്ടാരത്തിൽ വല്ലപ്പോഴും മാത്രമാണ് അദ്ദേഹം തങ്ങാറുള്ളതെന്ന് ചാർളി പ്രോക്ടർ പറയുന്നു. തന്റെ വീടെന്നതിനെക്കാൾ ജോലി സ്ഥലം പോലെയാണ് കൊട്ടാരത്തെ അദ്ദേഹം കാണുന്നതെന്നും ചാർളി പറയുന്നു. ആഴ്ചകളോളം പരസ്പരം കാണാതെയാണ് താമസമെങ്കിലും ഇരുവരും ദിവസവും ഒരുതവണയെങ്കിലും ഫോണിൽ സംസാരിക്കാറുണ്ട്.

72 വർഷമായി എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും വിവാഹിതരായിട്ട്. ഇരുവരുടെയും ദാമ്പത്യത്തിൽ ഇതുവരെ യാതൊരു അലോസരവും റിപ്പോർട്ട് ചെയ്തിട്ടില്ല. തന്റെ ശക്തിയും ധൈര്യവുമാണ് ഭർത്താവെന്നാണ് രാജ്ഞി പലപ്പോഴും അഭിപ്രായപ്പെട്ടിട്ടുള്ളത്. എന്നാൽ, തുടക്കകാലത്ത് അങ്ങനെയായിരുന്നില്ലെന്നാണ് പുതിയ വെളിപ്പടുത്തൽ. ദാമ്പത്യത്തിന്റെ തുടക്കകാലത്തുണ്ടായ ഒരു തർക്കം ഇരുവരെയും വല്ലാതെ അകറ്റിയെന്നും രാജ്ഞി പൊട്ടിക്കരഞ്ഞുവെന്നും അടുത്തിടെ പുറത്തിറങ്ങിയ ജീവചരിത്രത്തിൽ പറയുന്നു.

മക്കളുടെ പേരിടുന്നതിനെച്ചൊല്ലിയായിരുന്നു തർക്കം. 1952-ലാണ് എലിസബത്തിന്റെ പിതാവ് ജോർജ് ആറാമൻ രാജാവ് സ്ഥാനമൊഴിഞ്ഞ് മകൾക്ക് അധികാരം കൈമാറിയത്. എലിസബത്തിന്റെയും പ്രിൻസിന്റെയും മക്കളായ ചാൾസ് രാജകുമാരനും ആൻ രാജകുമാരിയും തന്റെ കുടുംബപ്പേരായ മൗണ്ട്ബാറ്റൺ ഉപയോഗിക്കണമെന്ന നിലപാടിലായിരുന്നു അക്കാലത്ത് ഫിലിപ്പ് രാജകുമാരൻ. എന്നാൽ, ഇതുകൊട്ടാരത്തിൽ സ്വീകരിക്കപ്പെട്ടിട്ടില്ല.

മുൻ പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലും എലിസബത്തിന്റെ മുത്തശ്ശി ക്വീൻ മേരിയും അമ്മയുമൊക്കെ ചാൾസും ആനും രാജകുടുംബത്തിന്റെ പേരായ വിൻഡ്‌സർ എന്ന് പേരിനോട് ചേർക്കണമെന്ന് നിലപാടെടുത്തു. ഇതോടെ, എലിസബത്ത് മക്കൾക്ക് വിൻഡ്‌സർ എന്ന് ചേർത്തു. ഇത് പ്രഖ്യാപിച്ചുകൊണ്ട് 1952 ഏപ്രിൽ ഒമ്പതിന് എലിസബത്ത് രാജ്ഞിയെന്ന നിലയിൽ ഉത്തരവിറക്കുകയും ചെയ്തു. ഇത് ഫിലി്പ്പിനെ വല്ലാതെ അലോസരപ്പെടുത്തി. സ്വന്തം മക്കൾക്ക് തന്റെ പേര് നൽകാൻ ഭാഗ്യമില്ലാത്ത രാജ്യത്തെ ഏക വ്യക്തി താനായിരിരിക്കുമെന്ന് ഫിലിപ്പ് സുഹൃത്തുക്കളോട് പരിഭവം പറയുകയും ചെയ്തു.

1960-ൽ മൂന്നാമത്തെ കുട്ടി ആൻഡ്രു രാജകുമാരനെ എലിസബത്ത് ഗർഭിണിയായിരുന്നപ്പോഴും ഇതേ പ്രശ്‌നം വീണ്ടും ഉയർന്നുവന്നു. തന്റെ പഴയ ഉത്തരവ് 1952 മുതൽ ഭർത്താവിനെ വല്ലാതെ അലോസരപ്പെടുത്തുന്നുവെന്നും അത് പുനപരിശോധിക്കണമെന്നും അന്നത്തെ പ്രധാനമന്ത്രി ഹാരോൾഡ് മക്മില്ലനോട് രാജ്ഞി പറഞ്ഞതായി ബാദേൽ സ്മിത്ത് എഴുതിയ ജീവചരിത്രത്തിൽ പറയുന്നു. ഭർത്താവിനെ സംതൃപ്തിപ്പെടുത്താൻ എന്തെങ്കിലും ചെയ്യണമെന്നതായിരുന്നു രാജ്ഞിയുടെ നിലപാട്.

മക്കളുടെ പേരിനൊപ്പം കുടുംബപ്പേര് ചേർക്കാനായില്ലെന്നതിന്റെ പേരിൽ എലിസബത്തിനോട് പ്രിൻസ് ക്രൂരമായാണ് പെരുമാറിയിരുന്നതെന്ന് ജീവചരിത്രം പറയുന്നു. സന്ദ്രിങ്ഘാമിൽവെച്ച് ഒരു ഞായറാഴ്ചയാണ് ഹാരോൾഡിനോട് രാജ്ഞി ഇക്കാര്യം പറയുന്നത്. പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു അതെന്നും ജീവചരിത്രം പറയുന്നു. ഞെട്ടിപ്പോയ ഹാരോൾഡ് മക്മില്ലൻ പ്രശ്‌നപരിഹാരത്തിനായി തന്റെ ഡപ്യൂട്ടിയായ റാബ് ബട്‌ലറെയും ചാൻസലർ കിൽമൂറിനെയും ചുമതലപ്പെടുത്തി.

ഇവരുടെ ഇടപെടലിനെത്തുടർന്ന് 1960 ഫെബ്രുവരി എട്ടിന് രാഞ്ജിയും ഫിലിപ്പും ഒത്തുതീർപ്പിലെത്തി. തന്റെ അനന്തരാവകാശികൾ മൗണ്ട്ബാറ്റൺ-വിൻഡ്‌സർ എന്ന പേരാകും കുടുംബപ്പേരായി സ്വീകരിക്കുകയെന്ന് രാജ്ഞി പുതിയ ഉത്തരവിറക്കി. ഹിസ് ഓർ ഹെർ റോയൽ ഹൈനസ് എന്ന സ്ഥാനപ്പേര് അവരാരും ഉപയോഗിക്കുകയില്ലെന്നും ഇതിൽ വ്യക്തമാക്കി. 1973 നവംബർ 14-ന് ആൻ രാജകുമാരി വിവാഹ സർട്ടിഫിക്കറ്റിൽ ഒപ്പുവെക്കുമ്പോൾ ഈ കുടുംബപ്പേര് ആദ്യമായി ഉപയോഗിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP