Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമേഠിയിലെ തോൽവിക്ക് പിന്നാലെ ഔദ്യോഗിക വസതി ഒഴിഞ്ഞ് രാഹുൽ; 15 വർഷം താമസിച്ച് തുഗ്ലക് ലെയ്‌നിലെ വസതി പുതിയ എംപിമാർക്കുള്ള പട്ടികയിലുൾപ്പെടുത്തി സർക്കാരും; വീട് മാറ്റത്തിന് പിന്നിൽ ജ്യോതിഷ രാശിയെന്നും അഭ്യൂഹം; ഭവന മാറ്റത്തിലും വയനാട് എംപിക്ക് എല്ലാ സൗകര്യങ്ങളും പഴയപോലെ; ഔദ്യോഗിക വസതി ഒഴിവാക്കി അരുൺ ജയ്റ്റ്‌ലിയും

അമേഠിയിലെ തോൽവിക്ക് പിന്നാലെ ഔദ്യോഗിക വസതി ഒഴിഞ്ഞ് രാഹുൽ; 15 വർഷം താമസിച്ച് തുഗ്ലക് ലെയ്‌നിലെ വസതി പുതിയ എംപിമാർക്കുള്ള പട്ടികയിലുൾപ്പെടുത്തി സർക്കാരും; വീട് മാറ്റത്തിന് പിന്നിൽ ജ്യോതിഷ രാശിയെന്നും അഭ്യൂഹം; ഭവന മാറ്റത്തിലും വയനാട് എംപിക്ക് എല്ലാ സൗകര്യങ്ങളും പഴയപോലെ; ഔദ്യോഗിക വസതി ഒഴിവാക്കി അരുൺ ജയ്റ്റ്‌ലിയും

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: അമേഠിയിൽ നിന്നും തോറ്റതിന് പിന്നാലെ ഔദ്യോഗിക വസതിയും ഒഴിഞ്ഞ് രാഹുൽ ഗാന്ധി. ഒഴിവ് വന്ന എംപിമാരുട വസതികളുടെ പട്ടിക പുറത്ത് വന്നപ്പോഴാണ് രാഹുലിന്റെ വീടും ഇടംപിടിച്ചിരിക്കുന്നത്. 2004 ൽ അമേഠിയിൽ നിന്ന് എംപിയായതു മുതൽ രാഹുൽ ഉപയോഗിക്കുന്ന തുഗ്ലക് ലെയ്‌നിലെ ഔദ്യോഗിക വസതിയാണ് എംപിമാർക്ക് പുതുതായി അനുവദിക്കുന്ന ഫ്‌ളാറ്റുകളുടെ പട്ടികയിൽ ഇടംപിടിച്ചത്. അമേഠിയുടെ പ്രതിനിധിയല്ലെങ്കിലും വയനാടിൽ നിന്ന് മത്സരിച്ച് വിജയിച്ച രാഹുലിന് ഇപ്പോൾ ഒഴിഞ്ഞ ഫ്‌ളാറ്റിന് സമാനമായ മറ്റൊന്നിലേക്ക് മാറാനാകും.

രാഹുലിന്റെ വസതിമാറ്റത്തിനു പിന്നിൽ രാഷ്ട്രീയ കാരണമുണ്ടോയെന്നതു വ്യക്തമല്ല. സർക്കുലറിനെക്കുറിച്ചു അറിയില്ലെന്നാണു കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്. സർക്കാർ ഔദ്യോഗിക വസതികളിലെ ഏറ്റവും മുന്തിയ വിഭാഗമായ ടൈപ്പ് 8 വസതിയാണ് രാഹുൽ ഗാന്ധിയുടേത്. 8250 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഫ്‌ളാറ്റിൽ എട്ട് കിടപ്പുമുറികളും, ഗാരിജ്, ഉദ്യാനം, ജോലിക്കാർക്കുള്ള ക്വാർട്ടേഴ്‌സ് തുടങ്ങിയ വിപുലമായ സൗകര്യങ്ങളാണ് ഇവിടെയുണ്ടാവുക.ഒഴിവു വരുന്ന വസതികളുടെ പട്ടിക തയാറാക്കിയത് ലോക്‌സഭാ സെക്രട്ടേറിയറ്റാണ്. ഇക്കുറി 517 വസതികളാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അപേക്ഷ നൽകുന്നതനുസരിച്ചു ഇവ 17ാം ലോക്‌സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട എംപിമാർക്ക് അനുവദിക്കും.

മന്ത്രിസഭയിൽ നിന്നു പിന്മാറിയ മുൻ ധനമന്ത്രി അരുൺ ജയ്റ്റ്‌ലിയും വസതിമാറാൻ തീരുമാനിച്ചതായി സൂചനയുണ്ട്. 2014 ൽ ധനമന്ത്രിയായതിനു പിന്നാലെയാണ് കൃഷ്ണമേനോൻ മാർഗ് 2ലേക്ക് ജയ്റ്റ്‌ലി എത്തിയത്. രാജ്യസഭയിൽ ബിജെപി കക്ഷി നേതാവായി തുടരുന്ന അദ്ദേഹത്തിനു ടൈപ്പ് 8 വീടിനുള്ള അർഹതയുണ്ട്. ഡൽഹിയിൽ സ്വന്തമായി വീടുള്ള ജയ്റ്റ്‌ലി ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി പിന്മാറിയതിനാൽ ഔദ്യോഗിക വസതിയിലേക്ക് തൽക്കാലം മാറുമോ എന്ന് ഉറപ്പില്ല.

പാർട്ടി അധ്യക്ഷ സ്ഥാനവും ഒഴിയാൻ തയ്യാറായി നിൽക്കുന്ന രാഹുൽ അടിമുടി മാറ്റമാണ് പ്രവർത്തന ശൈലിയിൽ ഉദ്ദേശിക്കുന്നത്. ഇതിനൊക്കെ മുന്നോടിയായിട്ടാണ് അമേഠി എംപിയായിരിക്കെ ഉപയോഗിച്ചിരുന്ന വസതി രാഹുൽ ഉപേക്ഷിക്കുന്നത്. പാർട്ടിയെ ശക്തിപ്പെടുത്താനും തിരിച്ച് വരാനും തയ്യാറെടുക്കുമ്പോൾ വീട് മാറ്റം കൊണ്ട് കാറ്റ് മാറി വീശുമോ എന്നതാണ് പ്രസക്തമായ ചോദ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP