Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിലവിലെ സമാധാന അന്തരീക്ഷം മുതലെടുത്ത് പാക്കിസ്ഥാൻ നടത്തുന്നത് ഭീകരത വേരിറക്കുന്നതിനുള്ള ശ്രമമോ? പഴയ വിഘടനവാദികളേയും ലഷ്‌കർ തീവ്രവാദികളേയും ചേർത്തുള്ള കശ്മീരിലെ പുത്തൻ ഭീകര സംഘത്തിന് പിന്നിൽ ചാരസംഘടന ഐഎസ്ഐ എന്ന് റിപ്പോർട്ട്; തലവനായി നിയമിച്ചത് ലഷ്‌കർ മുൻ അംഗം ഇർഷാദ് അഹമ്മദ് മാലിക്കിനെ; കിർഗിസ്ഥാനിലേക്ക് പോവാൻ പാക്ക് വ്യോമപാത വേണ്ടെവച്ച് മോദി

നിലവിലെ സമാധാന അന്തരീക്ഷം മുതലെടുത്ത് പാക്കിസ്ഥാൻ നടത്തുന്നത് ഭീകരത വേരിറക്കുന്നതിനുള്ള ശ്രമമോ? പഴയ വിഘടനവാദികളേയും ലഷ്‌കർ തീവ്രവാദികളേയും ചേർത്തുള്ള കശ്മീരിലെ പുത്തൻ ഭീകര സംഘത്തിന് പിന്നിൽ ചാരസംഘടന ഐഎസ്ഐ എന്ന് റിപ്പോർട്ട്; തലവനായി നിയമിച്ചത് ലഷ്‌കർ മുൻ അംഗം ഇർഷാദ് അഹമ്മദ് മാലിക്കിനെ; കിർഗിസ്ഥാനിലേക്ക് പോവാൻ പാക്ക് വ്യോമപാത വേണ്ടെവച്ച് മോദി

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: പുൽവാമ ഭീകരക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ബാലാക്കോട്ട് തിരിച്ചടിക്ക് ശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം ആടിയുലഞ്ഞ് നിൽക്കുകയായിരുന്നു. ഇന്ത്യൻ വിമാനങ്ങൾക്ക് പാക്കിസ്ഥാൻ ഏർപ്പെടുത്തിയിരുന്ന നാളുകളായുള്ള വിലക്കിന് ചെറിയ തോതിലാണെങ്കിലും അയവ് വന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനത്തിന് കിർഗിസ്താനിലേക്ക് യാത്ര ചെയ്യാനുള്ള അനുമതി പാക്കിസ്ഥാൻ നൽകിയതോടെയാണ്. എന്നാൽ ഈ വേളയിലാണ് പാക്ക് ചാര സംഘടനയായ ഐഎസ്ഐയുടെ നേതൃത്വത്തിൽ പുതിയ വിഘടനവാദി സംഘത്തിന് രൂപം കൊടുക്കുന്നുവെന്ന വാർത്ത ഇപ്പോൾ പുറത്ത് വരുന്നത്.

ലഷ്‌കർ ഇ തോയ്ബയിലെ ഭീകരരേയും പഴയ വിഘടനവാദി ഗ്രൂപ്പുകളിലേയും അംഗങ്ങളെ ചേർത്താണ് പുതിയ സംഘം രൂപീകരിച്ചിരിക്കുന്നതെന്നാണ് സൂചന. ഇർഷാദ് അഹമ്മദ് മാലിക്ക് എന്ന ലഷ്‌കർ ഇ തോയ്ബ മുൻ ഭീകരനേയാണ് സംഘത്തിന്റെ തലവനായ നിയമിച്ചിരിക്കുന്നതെന്നും സൂചനയുണ്ട്. എൻഐഎ, ആദായ നികുതി വകുപ്പ്, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ ഏജൻസികൾ സംയുക്തമായി ഭീകരവാദത്തിന് സാമ്പത്തിക സഹായം നൽകുന്നവരെ കണ്ടെത്തി പിടികൂടാനുള്ള നടപടികൾ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ നടപ്പിലാക്കിയിരുന്നു. കശ്മീരിലെ ഭീകരർക്ക് ആവശ്യമായ ഫണ്ട് ലഭിക്കാതിരിക്കാൻ ഇത് ഇടയാക്കി.

നടപടികൾ കടുപ്പിച്ചതോടെ ഭീകരവാദികളെ നേരിടുന്നതിൽ സുരക്ഷാ സേനയ്ക്ക് സാഹചര്യങ്ങൾ അനുകൂലമായി. നിലവിലുള്ള വിഘടനവാദികളിൽ പ്രമുഖർ ഭീകരവാദത്തിന് സാമ്പത്തിക സഹായം നൽകിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് അറസ്റ്റിലായിരുന്നു. ഇത് പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ വിഘടനവാദ ഗ്രൂപ്പിന് പാക്കിസ്ഥാൻ രൂപം നൽകിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇന്ത്യയിലെ പാക് ഹൈക്കമ്മീഷനിൽ നിന്ന് വിഘടനവാദികൾക്ക് സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടായിരുന്നുവെന്നും ഇവർ വഴിയാണ് ഭീകരസംഘടനകൾക്ക് പ്രവർത്തനങ്ങൾക്കാവശ്യമായ പണം ലഭിച്ചിരുന്നതെന്നും ആഭ്യന്തര മന്ത്രാലയ അധികൃതരെ ഉദ്ധരിച്ച് സി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ ഭീകരവാദം ഇനിയും തുടർന്നാൽ ബാലാക്കോട്ട് മാതൃകയിൽ ഇനിയും ആക്രമണം ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾക്ക് പിന്നാലെ പാക്കിസ്ഥാനിൽ ഭീകര ക്യാമ്പുകളുടെ പ്രവർത്തനം താൽകാലികമായി നിറുത്തുന്നുവെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇതിന് പിന്നാലെയാണ് പാക്ക് ചാര സംഘടന തന്നെ ഭീകര സംഘടനകൾക്ക് രൂപം കൊടുക്കുന്നുവെന്ന വാർത്തയും പുറത്ത് വരുന്നത്. പാക്കിസ്ഥാനിൽ

പാക് അധീന കശ്മീരിലെ മുസാഫറാബാദിലും കോട്‌ലിയിലും അഞ്ച് വീതവും ബർണയിൽ ഒരു ഭീകരവാദ ക്യാമ്പും ഉൾപ്പെടെ 11 ക്യാമ്പുകൾ ഉള്ളതായി ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതോടെ ഭീകര സംഘങ്ങളെ തുടച്ച് നീക്കാൻ രാജ്യാന്തര തലത്തിൽ പാക്കിസ്ഥാന് മേൽ സമ്മർദം ഏറി. ഇന്ത്യയിലെ സുന്ദർബാനി, രജൗരി മേഖലകൾക്ക് സമാന്തരമായി ലഷ്‌കറെ തയിബ സ്ഥാപിച്ച ഭീകര ക്യാംപുകളെല്ലാം അടച്ചു. ജയ്‌ഷെ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദ്ദീൻ എന്നിവരുടെ ക്യാംപുകളും അടച്ചുപൂട്ടിയവയിലുണ്ട്.

അതേസമയം, ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണം എന്നാവശ്യപ്പെട്ട് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നരേന്ദ്ര മോദിക്ക് വീണ്ടും കത്തയച്ചു. കിർഗിസ്താനിലെ ബിഷ്‌കെക്കിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ ഉച്ചകോടിക്കിടെ ഇമ്രാനുമായി മോദി ചർച്ച നടത്തില്ല എന്ന് ഇന്ത്യ വ്യക്തമാക്കിയതിന് പിന്നാലെയാണ് മോദിക്ക് പുതിയ കത്തയച്ചിരിക്കുന്നത്. ജൂൺ 13, 14 തീയതികളിലാണ് ഉച്ചകോടി നടക്കുക.

പുൽവാമ ഭീകരാക്രമണവും ബാലാകോട്ട് ആക്രമണവും ഇന്ത്യ-പാക്കിസ്ഥാൻ ബന്ധത്തെ ഏറെ വഷളാക്കിയിരുന്നു. അതിനു പിന്നാലെ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഗംഭീര വിജയവുമായി മോദി വീണ്ടും അധികാരത്തിലെത്തുകയായിരുന്നു. തിരഞ്ഞെടുപ്പ് വിജയത്തിൽ ആശംസകളർപ്പിച്ച് ഇമ്രാൻ മോദിയെ ഫോണിൽ ബന്ധപ്പെട്ടത് ശുഭസൂചനകളാണ് നൽകിയതെങ്കിലും ഉച്ചകോടിയിൽ ഇമ്രാനുമായി ചർച്ച നടത്തില്ലെന്ന് പ്രധാനമന്ത്രി തീരുമാനിച്ചതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വീണ്ടും അസ്വാരസ്യങ്ങൾ രൂപപ്പെടാൻ തുടങ്ങിയിരിക്കുകയാണ്.

പാക്ക് അനുവദിച്ചെങ്കിലും വ്യോമ പാത വേണ്ടെന്ന് മോദി

ഷാങ്ഹായ് സഹകരണ സംഘടനാ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പാക്കിസ്ഥാന്റെ വ്യോമപാത ഉപയോഗിക്കില്ല. ഒമാനിലും ഇറാനിലും മധ്യേഷ്യൻ രാജ്യങ്ങളിലും കൂടി കടന്നുപോകുന്ന വ്യോമപാതയിൽക്കൂടിയാണ് മോദി ഉച്ചകോടി നടക്കുന്ന കിർഗിസ്താനിലെ ബിഷ്‌കെക്കിലേക്കു പോകുക. വിദേശകാര്യമന്ത്രാലയ വക്താവ് രവീഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. ബിഷ്‌കെക്കിൽ ജൂൺ 13, 14 ദിവസങ്ങളിലാണ് ഉച്ചകോടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP