Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കഴിഞ്ഞവർഷം അവാർഡ് കിട്ടിയത് പിണറായിയെ 'മരണത്തിന്റെ മൊത്തവ്യാപാരിയായി' ചിത്രീകരിക്കുന്ന കാർട്ടൂണിന്; അവാർഡ് നൽകിയതും മുഖ്യമന്ത്രി തന്നെ; ഇത്തവണ കാർട്ടൂണിൽ മത വികാരം വ്രണപ്പെട്ടുവെന്ന് ആരോപണം ഉയർന്നപ്പോൾ പ്രതികരിക്കാൻ സാംസ്കാരിക നായകർക്കുപോലും അവുന്നില്ല; പരിഹസിക്കാനുള്ളതാണ് കാർട്ടൂൺ എന്ന് പറയാനുള്ള ധൈര്യം ഉണ്ടായത് സക്കറിയക്ക് മാത്രം; 'തിരുവസ്ത്രം പൊക്കിയവന്റെ അടിവസ്ത്രം താങ്ങുന്നവരാരെന്ന' കാർട്ടൂൺ വൈറലാക്കി ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനായി സോഷ്യൽ മീഡിയ

കഴിഞ്ഞവർഷം അവാർഡ് കിട്ടിയത് പിണറായിയെ 'മരണത്തിന്റെ മൊത്തവ്യാപാരിയായി' ചിത്രീകരിക്കുന്ന കാർട്ടൂണിന്; അവാർഡ് നൽകിയതും മുഖ്യമന്ത്രി തന്നെ; ഇത്തവണ കാർട്ടൂണിൽ മത വികാരം വ്രണപ്പെട്ടുവെന്ന് ആരോപണം ഉയർന്നപ്പോൾ പ്രതികരിക്കാൻ സാംസ്കാരിക നായകർക്കുപോലും അവുന്നില്ല; പരിഹസിക്കാനുള്ളതാണ് കാർട്ടൂൺ എന്ന് പറയാനുള്ള ധൈര്യം ഉണ്ടായത് സക്കറിയക്ക് മാത്രം; 'തിരുവസ്ത്രം പൊക്കിയവന്റെ അടിവസ്ത്രം താങ്ങുന്നവരാരെന്ന' കാർട്ടൂൺ വൈറലാക്കി ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനായി  സോഷ്യൽ മീഡിയ

കെ വി നിരഞ്ജൻ

കോഴിക്കോട്: ആക്ഷേപഹാസ്യവും പരിഹാസത്തിൽ ചാലിച്ച നർമ്മവും ഉണ്ടാക്കുക തന്നെയല്ലേ കാർട്ടൂണിസ്റ്റുകളുടെ കടമ. പക്ഷേ ഭരണഘടന പൗരന്മാർക്കു നൽകുന്ന ആവിഷ്‌ക്കാര സ്വതന്ത്ര്യത്തിന്റെ അതിർവരമ്പുകളൊക്കെ മതം എന്ന ഒരു വിഷയത്തിൽ തട്ടി നിൽക്കുകയാണ്. ഫ്രാങ്കോമുളയ്ക്കനെ പരിഹസിക്കുന്ന കാർട്ടൂണിന് ലളിതകലാ അക്കാദമി അവാർഡ് നൽകിയ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഇക്കാര്യം ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ കാമ്പയിൻ ശക്തമാണ്. കഴിഞ്ഞ വർഷം മുഖ്യമന്ത്രി പിണറായി വിജയനെ 'മരണത്തിന്റെ മൊത്തവ്യാപാരിയായി' ചിത്രീകരിച്ച കാർട്ടൂണിനായിരുന്നു ലളിതകലാ അക്കാദമിയുടെ പുരസ്‌കാരം ലഭിച്ചത്. മാതൃഭൂമിയിലെ കാർട്ടൂണിസ്റ്റായ ഗോപീ കൃഷ്ണനായിരുന്നു പുരസ്‌കാരം ലഭിച്ചത്.

'കടക്ക് പുറത്ത്' എന്ന തലക്കെട്ടിലുള്ള കാർട്ടൂണിന് പുരസ്‌കാരം നൽകാൻ എത്തിയതും മുഖ്യമന്ത്രി തന്നെയായിരുന്നു. ആ കാർട്ടൂണിനെതിരെ ഒരു സിപിഎം കാരനും കുരുപൊട്ടിയില്ല. മാത്രമല്ല മികച്ച ആവിഷ്‌കാരമായി ഉൾക്കൊള്ളാനും കാർട്ടൂണിസ്റ്റിന് പുരസ്‌കാരം നൽകാനും പിണറായി തന്നെ മുന്നോട്ടുവരികയും ചെയ്തു. അതായത് മോദിയെയും പിണറായിയെയുമൊക്കെ നിങ്ങൾ എത് രീതിയിലും വിമർശിക്കാം. പക്ഷേ വിഷയത്തിൽ മതം കലർന്നാൽ നമ്മുടെ സാംസ്കാരിക നായകർക്ക്പോലും പ്രതികരിക്കാൻ ഭയമാണെന്ന് തെളിയിക്കയാണ് ഈ വർഷത്തെ കാർട്ടൂൺ വിവാദം. കന്യാസ്ത്രീ പീഡനക്കേസിൽ അറസ്റ്റിലായ പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വിമർശിച്ചുകൊണ്ട് കെ.കെ.സുഭാഷ് വരച്ച കാർട്ടൂൺ ക്രിസ്തീയ മതപ്രതീകങ്ങളെ അവഹേളിക്കുന്നുവെന്ന വിമർശനവുമായി കത്തോലിക്ക സഭ രംഗത്തെത്തിയതോടെയാണ് വിവാദമായത്. തുടർന്ന് കെ.കെ സുഭാഷിന് പുരസ്‌കാരം നൽകിയത് പുനഃപരിശോധിക്കാൻ സർക്കാർ ലളിതകല അക്കാദമിയോട് നിർദ്ദേശിക്കുകയും ചെയ്തിരുന്നു.

മതപ്രതീകങ്ങളെ അവഹേളിക്കുന്ന കാർട്ടൂണിനു ലളിതകലാ അക്കാദമി പുരസ്‌കാരം നൽകിയതിനോടു സർക്കാരിനു യോജിപ്പില്ലെന്നു മന്ത്രി എ.കെ. ബാലൻ വ്യക്തമാക്കിയിരുന്നു. പുരസ്‌കാരം പുനഃപരിശോധിക്കാൻ അക്കാഡമിയോടു നിർദ്ദേശിച്ചത് ആവിഷ്‌കാരസ്വാതന്ത്ര്യത്തിലുള്ള കൈകടത്തലല്ല.അക്കാഡമികളുടെ പ്രവർത്തനങ്ങളിൽ സർക്കാർ ഇടപെടാറില്ല. അവർ ചുമതലപ്പെടുത്തുന്ന സമിതിയാണു വിധികർത്താക്കളെ തീരുമാനിക്കുന്നത്. കാർട്ടൂണിൽ ബിഷപ് ഫ്രാങ്കോയെ ചിത്രീകരിച്ചതിനോടു സർക്കാരിനു വിയോജിപ്പില്ല. അദ്ദേഹത്തിന്റെ പ്രവൃത്തികൾ പൊതുസമൂഹം വിലയിരുത്തിയിട്ടുള്ളതാണ്. എന്നാൽ, അതു വരച്ചുകാട്ടാൻ ഒരു പ്രത്യേക മതവിഭാഗത്തിന്റെ ചിഹ്നത്തെ അവഹേളിച്ചതിനോടാണു വിയോജിപ്പ്. മതവികാരം വ്രണപ്പെടുത്തുന്നതു സർക്കാർ നയമല്ല. അത് അംഗീകരിക്കുകയുമില്ല. ലളിതകലാ അക്കാഡമി ഇക്കാര്യത്തിൽ തുടർനടപടി സ്വീകരിക്കണം. ന്യൂനപക്ഷസമുദായങ്ങളോട് മാന്യമായ സമീപനമാണ് എക്കാലവും ഇടതുസർക്കാർ സ്വീകരിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

സമാനമായ നിലപാടാണ് സാംസ്കാരിക നായകർക്കുമുള്ളത്. എസ് ഹരീഷിന്റെ 'മീശ' നോവലിനെതിരെ സംഘപരിവാറിന്റെ നേതൃത്വത്തിൽ ചില ഹൈന്ദവ സംഘടനകൾ ഉറഞ്ഞുതുള്ളിയപ്പോൾ പ്രതികരിച്ച ഇടതുബുദ്ധിജീവികൾക്കൊക്കെ ഇപ്പോൾ നാക്കിറങ്ങിയ മട്ടാണ്. ഇതുപോലെ തന്നെയായിരുന്നു വാങ്ക് വിളിക്കാൻ ആഗ്രഹിക്കുന്ന മുസ്ലിം പെൺകുട്ടിയുടെ കഥ പറഞ്ഞ റഫീഖ് മംഗലശ്ശേരിയുടെ കിത്താബ് എന്ന നാടകത്തിനെതിരെയും ചില ഇസ്ലാമിക ഗ്രൂപ്പുകളിൽനിന്ന് പ്രതിഷേധം ഉയർന്നിരുന്നു. അന്നും നാടകകൃത്ത് റഫീക്ക് മംഗലശ്ശേരിക്ക് യാതൊരു പിന്തുണയും സാംസ്കാരിക നായകരുടെ ഭാഗത്തുനിന്ന് കിട്ടിയില്ല, എന്നുമാത്രമല്ല, നാടകത്തിന്റെ മൂല കൃതിയായ കഥയെഴുതിയ ഉണ്ണി ആർ തൊട്ട് സച്ചിതാനന്ദൻവരെ ഇസ്ലാമോഫോബിയ എന്നു പറഞ്ഞ് നാടക സംവിധായകൻ റഫീഖിന്റെ ഒറ്റപ്പെടുത്തുകയായിരുന്നു. അന്നും സോഷ്യൽ മീഡിയയും സ്വതന്ത്ര ചിന്തകരും മാത്രമാണ് റഫീഖിന് പിന്തുണ നൽകിയത്.

ഫ്രാങ്കോ കാർട്ടൂണിന്റെ വിഷയത്തിലും സമാനമായ അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. എഴുത്തുകാരൻ സക്കറിയ മാത്രമാണ് ഈ വിഷയത്തിൽ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനുവേണ്ടി പ്രതികരിക്കാൻ തയ്യാറായത്. കാര്യങ്ങൾ ഇങ്ങനെയാണെങ്കിൽ അവാർഡ് നിർണ്ണയത്തിന് എഴുത്തുകാരുടെ സമിതി ആവശ്യമില്ലെന്ന് സക്കറിയ പ്രതികരിച്ചു. പരിഹസിക്കാൻ ഉള്ളതുതന്നെയാണ് കാർട്ടൂൺ എന്ന് മന്ത്രിയും എതിർക്കുന്നവരും മനസ്സിലാക്കണം. അതിനെ ഗൗരവമായി കണ്ട് പ്രതിഷേധിക്കുന്നവർ വിഡ്ഢികളാണ്. അവാർഡ് നിർണ്ണയ കമ്മറ്റിയിൽ ഉണ്ടായിരുന്ന കലാകാരന്മാർ മനസ്സ് തുറക്കണം. കലാകാരന്മാർക്ക് മുകളിലല്ല മന്ത്രി ബാലൻ. അമേരിക്കൻ പ്രസിഡന്റ് ട്രമ്പിനെ അവിടെ കാർട്ടൂണിസ്റ്റുകൾ വലിച്ചു കീറുകയാണ്. മോസ്‌ക്കോയിൽ പുട്ടിനെതിരെയും കാർട്ടൂണിസ്റ്റുകൾ സജീവമാണ്. ഇതൊന്നും മനസ്സിലാക്കാനുള്ള ശേഷി മന്ത്രിക്കില്ലെന്നും സക്കറിയ മാധ്യമങ്ങളോട് പ്രതികരിച്ചു.

എന്നാൽ സോഷ്യൽ മീഡിയയിൽ ആവിഷ്‌ക്കാര സ്വതന്ത്ര്യത്തിനും ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ്പിനുമെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. 'തിരുവസ്ത്രം പൊക്കിയവന്റെ അടിവസ്ത്രം പൊക്കുന്നവരാര് ' എന്ന ക്യാപ്ഷനോടെ മാതൃഭൂമിയിലെ ഗോപീകൃഷ്ണന്റെ ഒരുകാർട്ടുൺ അവർ വൈറലാക്കുകയാണ്. ഫ്രാങ്കോയുടെ തിരവസ്ത്രവും പൊക്കിക്കൊണ്ട് നടക്കുന്ന പിണറായി അടക്കമുള്ള രാഷ്ട്രീയക്കാരുടെ നീണ്ട നിരയാണ്, 'തീവണ്ടി' എന്ന കാർട്ടൂണിലൂടെ അവർ പ്രചരിപ്പിക്കുന്നത്.'ക്രിസ്തുവിന്റെ ആറാം തിരുമുറിവ്' എന്ന നാടക ഇടതുപക്ഷ സർക്കാർ നിരോധിച്ചതാണ് ഇതോടൊപ്പം പലരും എടുത്തുകാണിക്കുന്നത്. ഇതേ മാതൃകയിൽ തെരുവിലിറങ്ങിയവരോട് ഒരിക്കൽ സന്ധി ചെയ്തതിന്റെ തുടർച്ചയാണിപ്പോൾ കാണുന്നതെന്ന് ചില പോസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു. ശബരിമല വിഷയത്തിലടക്കം ലിംഗനീതിയുടെ പുരോഗമനപരമായ സമീപനം സ്വീകരിച്ച ഇടതുപക്ഷം ഇപ്പോൾ എന്താണ് വിയർക്കുന്നതെന്നും, ഇത് ഒരു പ്രത്യേകതരം നവോത്ഥാനം ആയിപ്പോയി എന്നുമാണ് പലരും വിമർശിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP