Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഫിറോസ് കുന്നംപറമ്പിൽ ലൈവ് ഇട്ടാൽ കുറഞ്ഞത് 50 ലക്ഷം അക്കൗണ്ടിൽ എത്തുന്നെങ്കിൽ അതിനർത്ഥം അയാളെ മലയാളികൾ സ്നേഹിക്കുന്നു എന്ന് തന്നെയാണ്; വർഗീയത വിളമ്പിയും വെറുപ്പ് വ്യാപാരം നടത്തിയും യുദ്ധം ചെയ്ത് ജീവിക്കുന്നവർക്കിടയിൽ ഇങ്ങനെ ഒരാളെ കാണുമ്പോൾ ഒന്ന് കയ്യടിക്കാൻ പോലും എന്തെ നമുക്കാവുന്നില്ല? സോഷ്യൽ മീഡിയയിൽ നന്മ പെയ്യിക്കുന്ന ഫിറോസിനെ കുറ്റം പറയുന്നവരോട്

ഫിറോസ് കുന്നംപറമ്പിൽ ലൈവ് ഇട്ടാൽ കുറഞ്ഞത് 50 ലക്ഷം അക്കൗണ്ടിൽ എത്തുന്നെങ്കിൽ അതിനർത്ഥം അയാളെ മലയാളികൾ സ്നേഹിക്കുന്നു എന്ന് തന്നെയാണ്; വർഗീയത വിളമ്പിയും വെറുപ്പ് വ്യാപാരം നടത്തിയും യുദ്ധം ചെയ്ത് ജീവിക്കുന്നവർക്കിടയിൽ ഇങ്ങനെ ഒരാളെ കാണുമ്പോൾ ഒന്ന് കയ്യടിക്കാൻ പോലും എന്തെ നമുക്കാവുന്നില്ല? സോഷ്യൽ മീഡിയയിൽ നന്മ പെയ്യിക്കുന്ന ഫിറോസിനെ കുറ്റം പറയുന്നവരോട്

ഷാജൻ സ്‌കറിയ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയായിൽ വിചാരണയ്ക്ക് വിധേയനാകുകയാണ് ഫിറോസ് കുന്നുംപറമ്പിൽ എന്ന പാലക്കാട് ജില്ലക്കാരനായ സോഷ്യൽ മീഡിയാ ആക്ടിവിസ്റ്റ്. ഒരു സാധാരണക്കാരനായ മൊബൈൽ ഷോപ്പ് നടത്തിക്കൊണ്ടിരുന്ന തന്നെ തേടി കൈനീട്ടപ്പെട്ട വിശക്കുന്ന കരങ്ങൾക്ക് ഭക്ഷണം കൊടുത്ത് തുടങ്ങിയ സാമൂഹിക പ്രവർത്തനം വിപുലപ്പെടുന്നത് കയറിക്കിടക്കാൻ ഇടമില്ലാത്ത ഒരു വീട്ടമ്മയും കുട്ടികളും തന്നെ സമീപിക്കുമ്പോഴാണ്. അവിടെ നിന്നും പാവങ്ങൾക്കും പട്ടിണിക്കാർക്കും രോഗികൾക്കും വേണ്ടി പ്രവർത്തനം മാറ്റിവെച്ച ഫിറോസ് ഏറെ വൈകാതെ സോഷ്യൽ മീഡിയായിലെ താരമായി മാറുകയായിരുന്നു.

മലയാളത്തിലെ അറിയപ്പെടുന്ന സെലിബ്രിറ്റികൾക്ക് പോലും സാധിക്കാത്ത വിധം ഒരു ഫേസ്‌ബുക്ക് ലൈവിലൂടെ 60 ലക്ഷവും ഒരു കോടിയുമൊക്കെ രണ്ടും മൂന്നും ദിവസം കൊണ്ട് ശേഖരിക്കാൻ കഴിയുന്ന തരത്തിലേക്ക് ഒരു മഹാതാരമായി മാറുകയായിരുന്നു ഫിറോസ് കുന്നുംപറമ്പിൽ. ഫിറോസിന്റെ ആരാധകരായി ലോകമെമ്പാടുമുള്ള മലയാളികൾ മാറിയത് പെട്ടന്നാണ്. ഫിറോസ് ഒരു മുസ്ലിം സമുദായാംഗവും ഇസ്ലാമിക മൂല്യങ്ങളെ മുറുകെ പിടിക്കുന്ന വ്യക്തിയും മുസ്ലിം ലീഗു പോലുള്ള ഒരു പാർട്ടിയുമായി ബന്ധമുള്ള വ്യക്തിയും ആയതിനാൽ ഫിറോസിനെ കുറ്റം പറയുകയും കുരിശിൽ തറയ്ക്കുകയും ചെയ്യുന്നതിൽ ആനന്ദം കണ്ടെത്തുന്ന മറ്റൊരു വിഭാഗവും രൂപപ്പെട്ടു വന്നു.

എന്നാൽ അതൊന്നും ബാധിക്കാത്ത തരത്തിൽ തന്റെ ചുമതലയും കടമയും നിറവേറ്റുന്നതിൽ വ്യാപൃതനായി തുടരുകയാണ് ഫിറോസ് കുന്നും പറമ്പിൽ. ഏറ്റവുമൊടുവിൽ സോഷ്യൽ മീഡിയായിലെ വിചാരണയ്ക്ക് വിധേയമാക്കുന്ന തരത്തിൽ ഫിറോസ് മാറിയത് ബാങ്ക് ഓഫ് ഇന്ത്യയ്‌ക്കെതിരെ ഫിറോസ് നടത്തിയ ഒരു ഇടപെടൽ മൂലമാണ്. ഒരു പാവപ്പെട്ട് രോഗിക്ക് ചികിത്സാ സൗകര്യം ഉണ്ടാക്കുന്നതിന് വേണ്ടി ലൈവിലൂടെ സഹായം അഭ്യർത്ഥിക്കുകയും ആ രോഗിയുടെ സാഹചര്യം മനസിലാക്കി ഫിറോസിനെ ഇഷ്ടപ്പെടുന്നവർ നാനാ ഭാഗത്ത് നിന്നും ഒരു കോടി 17 ലക്ഷം രൂപ മൂന്ന് ദിവസം കൊണ്ട് നൽകുകയും ചെയ്തപ്പോൾ ആ പണം കൈമാറുന്നതിന് ബാങ്ക് കാട്ടിയ അവധാനതയ്‌ക്കെതിരെയാണ് ഫിറോസ് ലൈവ് നടത്തിയത്.

ഈ ലൈവ് നടത്തി മൂന്ന് മണിക്കൂറിനകം പ്രശ്‌നം പരിഹരിക്കപ്പെടുകയും പണം ട്രാൻസ്ഫർ ചെയ്യുകയും ചെയ്തു എന്ന് വരുമ്പോൾ ഫിറോസിന്റെ ഇടപെടൽ എത്ര ശക്തമാണ് എന്ന് മനസിലാക്കാം. ഫിറോസിന്റെ ലൈവിന് പിന്നാലെ നൂറുകണക്കിന് പേർ ബാങ്ക് ഓഫ് ഇന്ത്യ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനവുമായി രംഗത്തിറങ്ങിയപ്പോൾ ബാങ്കിന് അനുകൂലമായും ഫിറോസിന് എതിരായും മറ്റു ചിലർ രംഗത്തിറങ്ങുകയായിരുന്നു. അവർ ഈ വിഷയത്തിലെ ഫിറോസിന്റെ നൈതികതയെ ചോദ്യം ചെയ്യുക മാത്രമല്ല ഫിറോസിന്റെ സാമൂഹിക ഇടപെടലിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന സ്വാർത്ഥ താൽപര്യങ്ങളും ചൂണ്ടിക്കാട്ടിക്കൊണ്ട് രംഗത്തിറങ്ങുകയായിരുന്നു.

ഈ ആരോപണങ്ങളിലൂടെ ഓടിച്ച് കണ്ണോടിച്ചപ്പോൾ എനിക്ക് മനസിലായത് ആരോപണമുന്നയിക്കുന്ന ഒരു വ്യക്തിക്ക് പോലും ഫിറോസിന് നേരെ എന്തെങ്കിലും ഒരു ഡോക്യുമെന്റിന്റെ അടിസ്ഥാനത്തിൽ എന്തെങ്കിലും ആരോപണം ഉന്നയിക്കാൻ സാധിച്ചിരുന്നില്ല എന്നതാണ്. ഫിറോസിന്റെ മതമോ രാഷ്ട്രീയമോ ആയിരിക്കാം ഇവരുടെ ശത്രുതയ്ക്ക് കാരണം. അല്ലെങ്കിൽ ഒരു പിൻബലവുമില്ലാതെ സോഷ്യൽ മീഡിയായിൽ താൻ താരമായതിന്റെ ശുദ്ധമായ അസൂയയാവാം. ആരെങ്കിലും ഒരാൾ ചാരിറ്റിയുടെ പേരിൽ ഫിറോസ് പിരിച്ച കാശ് പുട്ടടിക്കുന്നതിന് വേണ്ടി ഉപയോഗിച്ചു എന്ന് തെളിവുകൾ സഹിതം രംഗത്ത് വന്നാൽ ഞാനെന്റെ നിലപാട് മാറ്റാം. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്പോൺസ് ചർച്ച ചെയ്യുന്നത്. പൂർണ രൂപം വീഡിയോയിൽ കാണുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP