Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോകത്തെ എണ്ണനീക്കത്തിന്റെ 20 ശതമാനവും നടക്കുന്ന ഹോർമുസ് കടലിടുക്കിലെ സേനാവിന്യാസം എണ്ണവ്യാപാരത്തെ പ്രതികൂലമായി ബാധിക്കുന്നു; എണ്ണക്കപ്പലുകൾക്ക് നേരെയുള്ള ആക്രമണത്തോടെ ക്രൂഡ് ഓയിൽ വിലയും ഉയരുന്നു; ഹൂതി വിമതരും സൗദിയും തമ്മിലുള്ള സംഘർഷത്തിന്റെ ബാക്കിപത്രവും എണ്ണവില വർദ്ധനവ് തന്നെ; യുദ്ധസമാനമായ സംഘർഷം തീർക്കാൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസൊ ആബേ സമാധാന സന്ദേശവുമായി ഇറാനിൽ: മധ്യപൂർവദേശത്തെ സാഹചര്യങ്ങൽ അനുദിനം വഷളാകുന്നു

ലോകത്തെ എണ്ണനീക്കത്തിന്റെ 20 ശതമാനവും നടക്കുന്ന ഹോർമുസ് കടലിടുക്കിലെ സേനാവിന്യാസം എണ്ണവ്യാപാരത്തെ പ്രതികൂലമായി ബാധിക്കുന്നു; എണ്ണക്കപ്പലുകൾക്ക് നേരെയുള്ള ആക്രമണത്തോടെ ക്രൂഡ് ഓയിൽ വിലയും ഉയരുന്നു; ഹൂതി വിമതരും സൗദിയും തമ്മിലുള്ള സംഘർഷത്തിന്റെ ബാക്കിപത്രവും എണ്ണവില വർദ്ധനവ് തന്നെ; യുദ്ധസമാനമായ സംഘർഷം തീർക്കാൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസൊ ആബേ സമാധാന സന്ദേശവുമായി ഇറാനിൽ: മധ്യപൂർവദേശത്തെ സാഹചര്യങ്ങൽ അനുദിനം വഷളാകുന്നു

മറുനാടൻ ഡെസ്‌ക്‌

റിയാദ്: മധ്യപൂർവ്വദേശത്തെ സംഘർഷങ്ങൾ ലോകത്തെ തന്നെ ആശങ്കയുടെ മുൾമുനയിൽ നിർത്തുന്നു. സൗദി അറേബ്യയും യെമനിലെ ഹൂതി വിമതരും തമ്മിലുള്ള സംഘർഷം ഒരു വശത്ത് വീണ്ടും മറുകുമ്പോൾ തന്നെ മറുവശത്ത് ഇറാനും അമേരിക്കയും തമ്മിൽ നേർക്കുനേർ നിൽക്കുകയാണ്. ഈ പ്രശ്‌നത്തിന്റെയും ഒരു വശത്ത് സൗദിയാണ്. എണ്ണവിപണിയെ ചൊല്ലിയുള്ള ആശങ്കകളാണ് പ്രശ്‌നങ്ങൾ വഷളാക്കുന്നത്. ലോകത്തെ എണ്ണ വ്യാപാരത്തിന്റെ കേന്ദ്രമായ ഹോർമുസ് കടലിടുക്കിലെ പ്രക്ഷുബ്ധ സാഹചര്യങ്ങൾ ക്രൂഡ് ഓയിൽ വിലയിലും വർദ്ധനവിന് ഇടയാക്കുന്നു. സംഘർഷങ്ങളുടെ നടക്ക് യുഎസ് ഇറാൻ തർക്കം കൂടുതൽ വഷളാകുന്ന സാഹചര്യത്തിൽ കടുത്ത പിരിമുറുക്കത്തിലാണ് മധ്യപൂർവദേശം.

യെമനിലെ അബ്ദുറബ് മൻസൂർ ഹാദി സർക്കാരിനെ അട്ടിമറിച്ച ഹൂതികൾക്കെതിരെ സർക്കാരിനൊപ്പം ചേർന്നു സൗദി സഖ്യസേന യുദ്ധം ആരംഭിച്ച് 4 വർഷം പിന്നിട്ടിട്ടും സമാധാനശ്രമങ്ങളോ വെടിനിർത്തലോ വിജയിച്ചിട്ടില്ല. ഐക്യരാഷ്ട്ര സംഘടനയുടെ ശ്രമങ്ങളെ തുടർന്ന് സംഘർഷം കുറഞ്ഞുനിന്ന ഏതാനും മാസങ്ങൾക്കു ശേഷം ഹൂതികൾ വീണ്ടും ജനവാസ മേഖലകളിൽ ആക്രമണം ആരംഭിച്ചതോടെ സഖ്യസേന കനത്ത തിരിച്ചടി തുടങ്ങിക്കഴിഞ്ഞു.

യെമനിൽ വിമതസേനയായ ഹൂതികളുടെ പിടിയിലുള്ള തലസ്ഥാന നഗരമായ സനായിൽ സൗദി സഖ്യസേനയുടെ വൻ വ്യോമാക്രമണം ഉണ്ടായത് ഇന്നലെയാണ്. ഹൂതികളുടെ 3 ശക്തികേന്ദ്രങ്ങളിലായിരുന്നു ഇന്നലെ ബോംബാക്രമണം. കഴിഞ്ഞദിവസം സൗദിയിലെ അബഹ വിമാനത്താവളത്തിനു നേരെയുണ്ടായ ഹൂതി മിസൈൽ ആക്രമണത്തിനുള്ള തിരിച്ചടിയാണിത്. യുഎന്നിന്റെ സമാധാന നീക്കങ്ങളിൽ സഹകരിക്കുന്നതിനിടെ ഹൂതികൾ സാധാരണ പൗരന്മാർക്കു നേരെ നടത്തുന്ന ആക്രമണം ഇരട്ടത്താപ്പാണെന്നു സൗദിയും യുഎഇയും കുറ്റപ്പെടുത്തി. ഈ പ്രശ്‌നങ്ങളുടെ കാരണ ഹേതുവാകുന്നതും ഇറാൻ-സൗദി തർക്കമാണ്.

ഇതിനിടെയാണ് മധ്യപൂർവദേശത്തെ സംഘർഷസാധ്യത രൂക്ഷമാക്കി രണ്ട് എണ്ണക്കപ്പലുകൾക്കു നേരെ കൂടി ആക്രമണമുണ്ടായത്. സൗദി, യുഎഇ എന്നിവിടങ്ങളിൽനിന്നു പുറപ്പെട്ട കപ്പലുകളിൽ ഒമാൻ കടലിടുക്കിൽവച്ചു സ്‌ഫോടനമുണ്ടായെങ്കിലും ആളപായമില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ മാസം 12ന്, ഒമാൻ കടലിടുക്കിൽ തന്നെ യുഎഇയിലെ ഫുജൈറ തുറമുഖത്തിനു സമീപം 4 കപ്പലുകൾ ആക്രമിക്കപ്പെട്ടിരുന്നു. ഇറാനാണ് അതിനു പിന്നിലെന്നായിരുന്നു അന്നു യുഎസിന്റെ ആരോപണം.

ജപ്പാൻ റജിസ്‌ട്രേഷനുള്ള കൊകുക കറേജിയസ്, നോർവേ കമ്പനിയുടെ ഫ്രണ്ട് ഓൾടെയർ കപ്പലുകളിലാണ് ഇന്നലെ സ്‌ഫോടനവും തുടർന്നു തീപിടിത്തവും ഉണ്ടായത്. മാഗ്‌നറ്റിക് മൈൻ ആക്രമണമാണെന്നു സംശയിക്കുന്നതായി കമ്പനി വക്താക്കൾ അറിയിച്ചു. കടലിൽ വിതറുന്ന ഇവ കപ്പലുകൾ കടന്നുപോകുമ്പോൾ കാന്തിക ശക്തിയാൽ മുകളിലെത്തി പൊട്ടിത്തെറിക്കും.

ഇരു കപ്പലുകളിലെയും 44 ജീവനക്കാരെയും രക്ഷിച്ച് ഇറാനിലെ ജസ്‌ക് തുറമുഖത്തെത്തിച്ചു. ഇവിടെനിന്ന് 45 കിലോമീറ്റർ അകലെയാണ് ആക്രമണമുണ്ടായത്. ഒരാൾക്കു ചെറിയ പരുക്കുണ്ട്. കപ്പൽ ജീവനക്കാരെ രക്ഷിച്ചതു തങ്ങളാണെന്ന് അവകാശപ്പെട്ട് ഇറാനും യുഎസും രംഗത്തെത്തി. ബഹ്‌റൈനിലുള്ള തങ്ങളുടെ നാവികസേനാംഗങ്ങളെ അയച്ച് ജീവനക്കാരെ രക്ഷിച്ചെന്നാണു യുഎസ് അവകാശവാദം. അതേസമയം, തങ്ങൾ നാവികസേനയെ അയച്ചെന്ന് ഇറാനും പറയുന്നു. ഇന്നലെ, ആക്രമണവാർത്തയ്ക്കു പിന്നാലെ രാജ്യാന്തര എണ്ണവില 4 % കൂടി. ബ്രെന്റ് ക്രൂഡ് വില ബാരലിന് 2 ഡോളർ കൂടി 61.97 ഡോളറായി.

യുഎസിൽ ട്രംപ് സർക്കാർ അധികാരത്തിലേറിയതു മുതൽ ഇറാനെതിരെയുള്ള നീക്കങ്ങൾ ശക്തം. ഒബാമ സർക്കാരിനു കീഴിൽ ഇറാന് ആനുകൂല്യങ്ങൾ പലതും കിട്ടിയിരുന്നെന്നു പരിഭവിച്ചിരുന്ന ഗൾഫ് രാജ്യങ്ങൾ ട്രംപിനു പിന്നിൽ ഉറച്ചു നിന്നതോടെ മധ്യപൂർവദേശത്തു വീണ്ടും സുന്നി ഷിയ ഭിന്നത രൂക്ഷമായത്. അതിനിടെയാണു കഴിഞ്ഞമാസം ഇറാനെതിരെയുള്ള ഉപരോധം യുഎസ് ശക്തമാക്കിയതും ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ ഇറാനിൽ നിന്ന് എണ്ണവാങ്ങുന്നതിൽ കടുത്ത അതൃപ്തി വ്യക്തമാക്കിയതും. ഇതോടെ, ഇറാൻ യുഎസ് ബന്ധം കൂടുതൽ വഷളായതിനു പിന്നാലെയാണു ഹോർമുസ് കടലിടുക്കിലെ ആക്രമണങ്ങൾ.

അതിനിടെ സംഘർഷം ഒഴിവാക്കാൻ സമാധാന ദൂതുമായി ജപ്പാൻ പ്രധാനമന്ത്രി രംഗത്തുണ്ട്. 1979 നു ശേഷം ഇറാൻ സന്ദർശിക്കുന്ന ആദ്യ ജപ്പാൻ പ്രധാനമന്ത്രിയാണു ആബേ ഷിൻസോ. കഴിഞ്ഞ ദിവസത്തെ നിർണായക സന്ദർശനത്തിനു പിന്നിലെ ലക്ഷ്യം മധ്യസ്ഥ ശ്രമം തന്നെയായിരുന്നു. യുഎസും ഇറാനുമായി ഒരേപോലെ ബന്ധമുള്ള രാജ്യമെന്ന നിലയ്ക്ക് സായുധപോരാട്ടം ഒഴിവാക്കാനാണു ശ്രമമെന്ന് ആബേ പറഞ്ഞു. യുഎസ് ഇറാൻ പ്രകോപനങ്ങൾ യുദ്ധമായി മാറാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും നൽകി. രാജ്യാന്തര സമൂഹത്തിനു മുന്നിൽ തങ്ങളുടെ മുഖം ചീത്തയാക്കാൻ കരുതിക്കൂട്ടിയുള്ള ശ്രമമാണ് ആക്രമണങ്ങളെന്നാണ് ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനിയുടെ പ്രതികരണം. ആബേ ഷിൻസോ സന്ദർശിക്കുന്ന സമയത്ത്, ജപ്പാൻ കപ്പൽ ആക്രമിക്കപ്പെട്ടതിനു പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും റൂഹാനി ആവശ്യപ്പെട്ടു.

ആദ്യത്തെ കപ്പൽ ആക്രമണങ്ങളെ തുടർന്ന് സൗദി വിളിച്ചു ചേർത്ത അടിയന്തര ഉച്ചകോടികൾ മുന്നോട്ടു വച്ച മുഖ്യ ആവശ്യം ഇതുമാത്രം ഇറാനെതിരെ രാജ്യാന്തര സമൂഹം കൂടുതൽ ശക്തമായ നടപടികളെടുക്കുക. യെമനിലെ ഹൂതികൾ ഇറാൻ പിന്തുണയോടെയാണു പ്രവർത്തിക്കുന്നതെന്നും കുറ്റപ്പെടുത്തി. സൗദി, യുഎഇ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളുടെ ഉപരോധം നേരിടുന്ന ഖത്തർ, ഉച്ചകോടികളിൽ പങ്കെടുത്തെങ്കിലും ഏകപക്ഷീയമായ നീക്കങ്ങളെ അംഗീകരിക്കില്ലെന്നു വ്യക്തമാക്കിയതു വീണ്ടും കല്ലുകടിയായി. ഖത്തറിനെതിരെ ഉപരോധം നീക്കാൻ സൗദി ചേരി തയാറായിട്ടില്ല. ഈ ഭിന്നതയും മേഖലയെ ബാധിക്കുന്നു.

ലോകത്തെ എണ്ണനീക്കത്തിന്റെ 20 ശതമാനവും നടക്കുന്ന ഹോർമുസ് കടലിടുക്കിൽ ദിവസം നടക്കുന്നത് 1.7 കോടി ബാരൽ എണ്ണ നീക്കം. ഇറാനാണു കപ്പൽ ആക്രമണങ്ങൾക്കു പിന്നിലെന്ന് ആരോപിച്ച് യുഎസ് ഇവിടേക്കു യുദ്ധക്കപ്പൽ അയച്ചതു കഴിഞ്ഞമാസമാണ്. ഹോർമുസിന്റെ വടക്കു തീരമായ ഇറാൻ വിചാരിച്ചാൽ കപ്പൽ ഗതാഗതം തടയാമെന്നതിനാൽ സംഘർഷം രൂക്ഷമാകുന്നത് എണ്ണവ്യാപാരത്തെ പ്രതികൂലമായി ബാധിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP