Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

2030ൽ ബഹിരാകാശത്ത് ഇന്ത്യ വിക്ഷേപിക്കുന്നത് യാത്രികർക്ക് 15മുതൽ20 ദിവസം വരെ തങ്ങാൻ കഴിയുന്ന 20ടൺ ഭാരമുള്ള നിലയ; ആരുടെയും സഹായമില്ലാതെ ഇന്ത്യ ദൗത്യം പൂർത്തിയാക്കുന്നതോടെ ബഹിരാകാശത്ത് വൻ ശക്തിയായി രാജ്യം മാറും; പ്രധാനമായും ലക്ഷ്യമിടുന്നത് മൈക്രോഗ്രാവിറ്റി പരീക്ഷണങ്ങൾ; മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ആദ്യ ഇന്ത്യൻ ദൗത്യമായ ഗഗൻയാന്റെ തുടർച്ചയായി ഒരുങ്ങുന്നത് വമ്പൻ പദ്ധതി

2030ൽ ബഹിരാകാശത്ത് ഇന്ത്യ വിക്ഷേപിക്കുന്നത് യാത്രികർക്ക് 15മുതൽ20 ദിവസം വരെ തങ്ങാൻ കഴിയുന്ന 20ടൺ ഭാരമുള്ള നിലയ; ആരുടെയും സഹായമില്ലാതെ ഇന്ത്യ ദൗത്യം പൂർത്തിയാക്കുന്നതോടെ ബഹിരാകാശത്ത് വൻ ശക്തിയായി രാജ്യം മാറും; പ്രധാനമായും ലക്ഷ്യമിടുന്നത് മൈക്രോഗ്രാവിറ്റി പരീക്ഷണങ്ങൾ; മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ആദ്യ ഇന്ത്യൻ ദൗത്യമായ ഗഗൻയാന്റെ തുടർച്ചയായി ഒരുങ്ങുന്നത് വമ്പൻ പദ്ധതി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി;ബഹിരാകാശ രംഗത്ത് കഴിഞ്ഞ ദശാബ്ദങ്ങളിൽ ഇന്ത്യ ഉണ്ടാക്കിയത് വലിയ നേട്ടങ്ങളാണ്. ചന്ദ്രയാനും മംഗൾയാനും എല്ലാം അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ നമ്മുടെ യശസ്സ് ഉയർത്തിപ്പിടിച്ച ദൗത്യങ്ങളായിരുന്നു. ലോകത്തിന് മുന്നിൽ ഇന്ത്യ എന്ന ശക്തിയുടെ അത്ഭുത വളർച്ചയായിരുന്നു ഇതുവഴി സാധ്യമായത്. മനുഷ്യനെ ബഹിരാകാശത്ത് അയക്കാനുള്ള ഇന്ത്യയുടെ സ്വപ്നപദ്ധതി യാഥാർത്ഥ്യമായ ശേഷം ബഹിരാകാശ രംഗത്ത് മറ്റൊരു ബൃഹദ്പദ്ധതിയുമായി ഐഎസ്ആർഒ രംഗത്തുവന്നിട്ടുണ്ട്. അത് ബഹിരാകാശ രംഗത്ത് വലിയൊരു കുതിച്ചു ചാട്ടത്തിനാണ് വഴിതെളിക്കുന്നത്.

മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ആദ്യ ഇന്ത്യൻ ദൗത്യമായ ഗഗൻയാന്റെ തുടർച്ചയായിട്ടാകും ബഹിരാകാശനിലയ പദ്ധതിയെന്ന് ഐഎസ്ആർഒ അധ്യക്ഷൻ കെ.ശിവൻ വ്യക്തമാക്കി. നിലയം 2030ൽ വിക്ഷേപിക്കാമെന്നാണു പ്രതീക്ഷ. ഭൂമിക്ക് 400 കിലോമീറ്റർ മുകളിലാകും ഭ്രമണപഥം. ഭാരം 20 ടൺ. സൂക്ഷ്മ ഗുരുത്വബല (മൈക്രോഗ്രാവിറ്റി) പരീക്ഷണങ്ങളാണു പ്രധാനമായും ലക്ഷ്യമിടുന്നത്. അഞ്ചോ ഏഴോ വർഷം കൊണ്ട് പദ്ധതി യാഥാർത്ഥ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.

ബഹിരാകാശ സഞ്ചാരികൾക്കു 15 20 ദിവസം തങ്ങാം. മറ്റൊരു രാജ്യത്തിന്റെയും സഹായമില്ലാതെയാണു പദ്ധതി. വിശദാംശങ്ങൾ ഗഗൻയാനുശേഷം തയാറാക്കി കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തിനു നൽകും. സ്വാതന്ത്ര്യത്തിന്റെ 75 ാം വാർഷികമായ 2022ലാണു ഗഗൻയാൻ പദ്ധതി. കേന്ദ്രസർക്കാർ 10,000 കോടി രൂപ അനുവദിച്ചിട്ടുണ്ട്.മറ്റു സുപ്രധാന പദ്ധതികളും ഇതിനിടെയുണ്ട്. സൂര്യന്റെ അന്തരീക്ഷമായ കൊറോണ ഭൂമിയിലെ കാലാവസ്ഥാ മാറ്റത്തെ എങ്ങനെ ബാധിക്കുന്നുവെന്നു പഠിക്കാനുള്ള ആദിത്യ എൽ1 യജ്ഞം അടുത്ത വർഷം മധ്യത്തിലുണ്ടാകും; ശുക്രനെ പഠിക്കാനുള്ള ശുക്രയാൻ 1 യജ്ഞം 2023ലും.

സ്വന്തമായി ഒരു ബഹിരാകാശ നിലയം സ്ഥാപിക്കുന്നതോടെ ഈ മേഖലയിൽ ഇന്ത്യ ഉന്നത സ്ഥാനം നേടും എന്ന് ഉറപ്പാണ്. 2022 ൽ ആണ് ഇന്ത്യ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഗഗൻയാൻ പദ്ധതി നടപ്പിലാക്കുന്നത്. 2022 ഓഗസ്റ്റ് 15 ന് ആയിരിക്കും ഇത് എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിനായി ഇപ്പോൾ തന്നെ പതിനായിരം കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇവയെ കൂടാതെ ചന്ദ്രയാൻ-2, സൂര്യനെ കുറിച്ച് പഠിക്കുന്നതിനായി ആദിത്യ മിഷൻ, ശുക്രനെ കുറിച്ച് പഠിക്കുന്നതിനായി വീനസ് മിഷൻ എന്നീ പദ്ധതികളും ഐഎസ്ആർഒ ആവിഷ്‌കരിച്ചിട്ടുണ്ട്.

സ്‌പേസ് സ്റ്റേഷൻ അഥവാ ബഹിരാകാശ നിലയം

ബഹിരാകാശത്തെ ഗവേഷണ സ്ഥാപനമാണു സ്‌പേസ് സ്റ്റേഷൻ, അഥവാ ബഹിരാകാശ നിലയം. യൂറോപ്യൻ രാജ്യങ്ങൾ, യുഎസ്, റഷ്യ അടക്കമുള്ളവയുടെ സംയുക്ത സംരംഭമായ ഇന്റർനാഷനൽ സ്‌പേസ് സ്റ്റേഷൻ ആണു നിലവിൽ പൂർണമായും പ്രവർത്തിക്കുന്ന ഏക ബഹിരാകാശ കേന്ദ്രം. ശാസ്ത്രജ്ഞർക്ക് മാസങ്ങളോളം താമസിക്കാനും പരീക്ഷണങ്ങളിൽ ഏർപ്പെടാനും ഇതിൽ സൗകര്യമുണ്ട്. മുൻപ് യുഎസ്, റഷ്യ, ചൈന എന്നിവയും ബഹിരാകാശ കേന്ദ്രങ്ങൾ സാധ്യമാക്കിയിട്ടുണ്ട്. ആദ്യത്തെ സ്പേസ് സ്റ്റേഷൻ സോവിയറ്റ് യൂണിയന്റെ സല്യൂട്ട് - 1 (1971).നിലവിൽ അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങൾക്ക് മാത്രമാണ് ബഹിരാകാശ നിലയങ്ങളുള്ളത്. പലരാജ്യങ്ങൾ കൂടി നിർമ്മിച്ച അന്താരാഷ്ട്ര ബഹിരാകാശ നിലയം കൂടാതെയാണ് ഇത്.

ചൈനയും ശ്രമങ്ങൾ ആരംഭിച്ചു

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലാണ് ഇപ്പോൾ ഗവേഷകർ താമസിച്ച് പഠനം നടത്തി വരുന്നത്. അമേരിക്ക (NASA), റഷ്യ (RKA), ജപ്പാൻ (JAXA), കാനഡ (CSA) തുടങ്ങിയ രാജ്യങ്ങളുടേയും പതിനൊന്ന് യൂറോപ്യൻ രാജ്യങ്ങളിലെ ബഹിരാകാശ സംഘടനകളുടെയും (ESA) നിയന്ത്രണത്തിലുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിലവിൽ ഐ.എസ്.ആർ.ഒയ്ക്ക് പങ്കാളിത്തമില്ല.സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കാനുള്ള നീക്കം ഐ.എസ്.ആർ.ഒ വ്യക്തമാക്കിയിരിക്കുന്നു.

ഇന്ത്യയെക്കൂടാതെ ചൈനയും ബഹിരാകാശ നിലയം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളിലാണ്.ഐ.എസ്.ആർ.ഒ വിഭാവനം ചെയ്യുന്ന മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാനുള്ള ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായി 2022ലെ സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യ ബഹിരാകാശത്തേക്ക് ഗവേഷകരെ അയക്കും. രണ്ടോ മൂന്നോ ആളുകൾ ഇന്ത്യയുടെ ആദ്യ ബഹിരാകാശ സഞ്ചാരികളാവും. ഗവേഷകർക്ക് വേണ്ട പരിശീലനം നൽകുന്നതും ഇന്ത്യയായിരിക്കും. യാത്രികരെ തിരഞ്ഞെടുക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കും. 10000 കോടി രൂപയാണ് പദ്ധതി ചെലവായി കണക്കാക്കുന്നത്. ഗഗൻയാൻ ദേശീയ ഉപദേശക കൗൺസിലിന്റെ മേൽനോട്ടത്തിലാവും പദ്ധതി.ഗഗൻയാൻ പദ്ധതിക്കൊപ്പം സൂര്യനെ കുറിച്ച് പഠിക്കാനുള്ള ആദിത്യ മിഷൻ, ശുക്രനെ കുറിച്ച് പഠിക്കാനുള്ള വീനസ് മിഷൻ എന്നിവയ്ക്കും ഐ.എസ്.ആർ.ഒ തയ്യാറെടുക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP