Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോകകപ്പിലെ ഇംഗ്ലീഷ് പരീക്ഷയിൽ വിൻഡീസ് 'ടോട്ടൽ ഫെയ്‌ലിയർ'; ബാറ്റിങ്ങിലും ബോളിങ്ങിലും ചുറുചുറുക്ക് എന്തെന്ന് മറന്നു പോയ കരീബിയൻ പട ഇംഗ്ലണ്ടിനോട് തോറ്റത് എട്ട് വിക്കറ്റിന്; 44 ഓവറിൽ 212 റൺസിന് വിൻഡീസ് പട ഓൾ ഔട്ട്; ഏകാഗ്രമായ ബാറ്റിങ്ങിലൂടെ 33 ഓവറിൽ വെറും രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ടിന്റെ വിജയക്കുതിപ്പ്; 94 പന്തിൽ സെഞ്ചുറി തികച്ച് ജോ റൂട്ടിന്റെ മിന്നൽ പ്രകടനം

ലോകകപ്പിലെ ഇംഗ്ലീഷ് പരീക്ഷയിൽ വിൻഡീസ് 'ടോട്ടൽ ഫെയ്‌ലിയർ'; ബാറ്റിങ്ങിലും ബോളിങ്ങിലും ചുറുചുറുക്ക് എന്തെന്ന് മറന്നു പോയ കരീബിയൻ പട ഇംഗ്ലണ്ടിനോട് തോറ്റത് എട്ട് വിക്കറ്റിന്; 44 ഓവറിൽ 212 റൺസിന് വിൻഡീസ് പട ഓൾ ഔട്ട്;  ഏകാഗ്രമായ ബാറ്റിങ്ങിലൂടെ 33 ഓവറിൽ വെറും രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ടിന്റെ വിജയക്കുതിപ്പ്;  94 പന്തിൽ സെഞ്ചുറി തികച്ച് ജോ റൂട്ടിന്റെ മിന്നൽ പ്രകടനം

വേൾഡ് കപ്പ് ഡെസ്‌ക്‌

സതാംപ്ടൻ: ലോകകപ്പ് ക്രിക്കറ്റിലെ ഇംഗ്ലീഷ് പരീക്ഷയിൽ 'ടോട്ടൽ ഫെയിലിയറായി' വിൻഡീസ് പട. ക്രിക്കറ്റ് ലോകത്തെ മുടി ചൂടാ മന്നന്മാർ ഇംഗ്ലണ്ടിനോട് മത്സരിച്ചപ്പോൾ ബാറ്റിങ്ങിലും ബോളിങ്ങിലുമുണ്ടായിരുന്ന 'ചുറുചുറുക്ക്' എന്തെന്ന് മറന്നു പോയോ എന്ന് വരെ ഇപ്പോൾ ആരാധകരിൽ നിന്നും ചോദ്യങ്ങളുയരുന്നു. 44 ഓവറിൽ 212 റൺസ് നേടി വിൻഡീസ് പട ഓൾ ഔട്ടായപ്പോൾ ഏകാഗ്രമായ ബാറ്റിങ്ങിലൂടെ വെറും രണ്ട് വിക്കറ്റ് നഷ്ടത്തിൽ 33 ഓവറുകൾ കൊണ്ട് ഇംഗ്ലണ്ട് വിജയ ലക്ഷത്തിലേക്ക് കുതിച്ച് കയറി. 94 പന്തിൽ 100 റൺസ് നേടിയ ഇംഗ്ലണ്ടിന്റെ ജോ റൂട്ടിന്റെ പ്രകടനമായിരുന്നു ശ്രദ്ധേയം.

ബാറ്റിങ്ങിന് പുറമേ ഫീൽഡിങ്ങിലും ബോളിങ്ങിലും മികവ് തെളിയിച്ച ജോ റൂട്ടിന്റെ കിടിലൻ പ്രകടനമാണ് വിൻഡീസിന് മുട്ടു മടക്കാൻ കാരണമായത്. ഇതോടെ ലോകകപ്പിലെ മൂന്നാം ജയം കുറിച്ചിരിക്കുകയാണ് ഇംഗ്ലണ്ട്. അഞ്ച് ഓവറിൽ 27 റൺസ് മാത്രം വഴങ്ങി രണ്ടു നിർണായക വിക്കറ്റുകൾ വീഴ്‌ത്തിയ റൂട്ട്, രണ്ടു ക്യാച്ചും, ഓപ്പണറായിറങ്ങി നേടിയ സെഞ്ചുറിയും സഹിതം ഔൾറൗണ്ട് പ്രകടനം ഗംഭീരമാക്കി. 94 പന്തിൽ 11 ബൗണ്ടറി സഹിതം 100 റൺസെടുത്ത റൂട്ട് പുറത്താകാതെ നിന്നു. ഫീൽഡിങ്ങിനിടെ പരുക്കേറ്റ ജേസൺ റോയിക്കു പകരക്കാരനായാണ് റൂട്ട് ഇക്കുറി ഓപ്പണറുടെ വേഷത്തിലെത്തിയത്. റോയിക്കു പുറമെ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഒയിൻ മോർഗനും ഫീൽഡിങ്ങിനിടെ പരുക്കേറ്റു തിരിച്ചുകയറി.

ഈ വിജയത്തോടെ നാലു മൽസരങ്ങളിൽനിന്ന് ആറു പോയിന്റുമായി ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തേക്കു കയറി. ഓസീസിനും ആറു പോയിന്റുണ്ടെങ്കിലും റൺറേറ്റിലെ മേധാവിത്തമാണ് ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചത്. നാലു മൽസരങ്ങളിൽനിന്ന് ഏഴു പോയിന്റുമായി ന്യൂസീലൻഡ് ഒന്നാം സ്ഥാനത്തു നിൽക്കുന്നു. മൂന്നു മൽസരങ്ങളിൽനിന്ന് അഞ്ചു പോയിന്റുമായി നാലാമതാണ് ഇന്ത്യ. വിൻഡീസ് ഉയർത്തിയ 213 റൺസ് വിജയലക്ഷ്യത്തിലേക്കു ബാറ്റെടുത്ത ഇംഗ്ലണ്ടിന് ഓപ്പണിങ് വിക്കറ്റിൽ 95 റൺസ് കൂട്ടുകെട്ട് സമ്മാനിച്ച് റൂട്ട് ബെയർ‌സ്റ്റോ സഖ്യം ഉജ്വല തുടക്കമാണ് സമ്മാനിച്ചത്. 46 പന്തിൽ 45 റൺസെടുത്ത ജോണി ബെയർ‌സ്റ്റോ ഗബ്രിയേലിന്റെ പന്തിൽ കാർലോസ് ബ്രാത്ത്‌വെയ്തിന് ക്യാച്ച് നൽകിയാണു പുറത്തായത്.

പിന്നാലെയെത്തിയ ക്രിസ് വോക്‌സിനെ കൂട്ടുപിടിച്ച് റൂട്ട് ഇംഗ്ലിഷ് സ്‌കോർ ഉയർത്തി. ഇംഗ്ലണ്ട് സ്‌കോർ 199ൽ നിൽക്കെ ഗബ്രിയേലിനു തന്നെ രണ്ടാം വിക്കറ്റ് നൽകി ക്രിസ്‌വോക്‌സ് പുറത്തായി. 54 പന്തുകൾ നേരിട്ട ക്രിസ്‌വോക്‌സ് 40 റൺസെടുത്തു. തുടർന്ന് ബെൻസ്റ്റോക്‌സും റൂട്ടും ചേർന്ന് 101 പന്തുകൾ ശേഷിക്കെ ഇംഗ്ലണ്ടിനായി വിജയറൺസ് കുറിച്ചു. ബെൻ സ്റ്റോക്‌സ് പുറത്താകാതെ 10 റൺസെടുത്തു. ഏഴ് വിൻഡീസ് താരങ്ങൾ ഇംഗ്ലണ്ടിനെതിരെ പന്തെറിഞ്ഞെങ്കിലും ഷാനൻ ഗബ്രിയേലിനൊഴികെ മറ്റാർക്കും വിക്കറ്റ് നേടാനായില്ല. ഗബ്രിയേൽ 2 വിക്കറ്റുകൾ വീഴ്‌ത്തി.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വിൻഡീസ് 44.4 ഓവറിൽ 212 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. കന്നി ഏകദിന അർധസെഞ്ചുറി കുറിച്ച നിക്കോളാസ് പുരാനാണ് വിൻഡീസിന്റെ ടോപ് സ്‌കോറർ. പുരാൻ 78 പന്തിൽ മൂന്നു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 63 റൺസെടുത്തു. നാലാം വിക്കറ്റിൽ ഷിംറോൺ ഹെറ്റ്മയറിനൊപ്പം 89 റൺസിന്റെ കൂട്ടുകെട്ടു തീർത്ത പുരാനാണ് വിൻഡീസിന് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. ഹെറ്റ്മയർ 48 പന്തിൽ നാലു ബൗണ്ടറി സഹിതം 39 റൺസെടുത്തു. ഓപ്പണർ ക്രിസ് ഗെയ്ൽ 41 പന്തിൽ അഞ്ചു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 36 റൺസ് നേടി.

ഉജ്വല ബോളിങ് പ്രകടനത്തിലൂടെ ഇംഗ്ലിഷ് ബോളർമാർ വിൻഡീസിനെ താരതമ്യേന ചെറിയ സ്‌കോറിൽ ഒതുക്കുകയായിരുന്നു. ഇംഗ്ലണ്ടിനായി മാർക്ക് വുഡ് 6.4 ഓവറിൽ 18 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്‌ത്തി. ഷാനൺ ഗബ്രിയേലിനെ വീഴ്‌ത്തി വിൻഡീസ് ഇന്നിങ്‌സിന് തിരശീലയിട്ട മാർക്ക് വുഡ് ഏകദിനത്തിൽ 50 വിക്കറ്റും പൂർത്തിയാക്കി. ജോഫ്ര ആർച്ചർ ഒൻപത് ഓവറിൽ 30 റൺസ് വഴങ്ങിയും മൂന്നു വിക്കറ്റ് സ്വന്തമാക്കി. അതേസമയം, അഞ്ച് ഓവറിൽ 27 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത പാർട്ട് ടൈം സ്പിന്നർ ജോ റൂട്ടിന്റെ പ്രകടനവും നിർണായകമായി.

ഹെറ്റ്മയർ, ക്യാപ്റ്റൻ ജെയ്‌സൻ ഹോൾഡർ എന്നിവരെയാണ് റൂട്ട് പുറത്താക്കിയത്. ക്രിസ് വോക്‌സ്, ലിയാം പ്ലങ്കറ്റ് എന്നിവർ ഓരോ വിക്കറ്റ് നേടി. എവിൻ ലൂയിസ് (എട്ടു പന്തിൽ രണ്ട്), ഷായ് ഹോപ്പ് (30 പന്തിൽ 11), ജെയ്‌സൻ ഹോൾഡർ (10 പന്തിൽ ഒൻപത്), ആന്ദ്രെ റസ്സൽ (16 പന്തിൽ 21), കാർലോസ് ബ്രാത്വയ്റ്റ് (22 പന്തിൽ 14), ഷെൽഡൻ കോട്രൽ (പൂജ്യം), ഷാനൺ ഗബ്രിയേൽ (പൂജ്യം) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP