Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുൻകൂട്ടി നിശ്ചയിച്ച പരിശോധന ഒരുദിവസം താമസിച്ചതിന് സാജു സാമുവലിന് നഷ്ടമായത് സ്വന്തം ജീവൻ; മരണവാർത്ത വിശ്വസിക്കാനാകാതെ ബന്ധുക്കളും നാട്ടുകാരും; നാസിക്കിലെ മുത്തൂറ്റ് ശാഖയിലെ കവർച്ചാ സംഘം സാജുവിനെ കൊലപ്പെടുത്തിയത് അപായമണി മുഴക്കിയതിൽ പ്രകോപിതരായി

മുൻകൂട്ടി നിശ്ചയിച്ച പരിശോധന ഒരുദിവസം താമസിച്ചതിന് സാജു സാമുവലിന് നഷ്ടമായത് സ്വന്തം ജീവൻ; മരണവാർത്ത വിശ്വസിക്കാനാകാതെ ബന്ധുക്കളും നാട്ടുകാരും; നാസിക്കിലെ മുത്തൂറ്റ് ശാഖയിലെ കവർച്ചാ സംഘം സാജുവിനെ കൊലപ്പെടുത്തിയത് അപായമണി മുഴക്കിയതിൽ പ്രകോപിതരായി

മറുനാടൻ മലയാളി ബ്യൂറോ

മാവേലിക്കര: ഒരു ദിവസം മുന്നേ പരിശോധന നടത്താൻ കഴിയാതിരുന്നതിന് സാജു സാമുവലിന് നഷ്ടമായത് സ്വന്തം ജീവൻ. വെള്ളിയാഴ്‌ച്ചയാണ് മഹാരാഷ്ട്രയിലെ നാസിക്കിലെ മുത്തൂറ്റ് ഫിനാൻസ് ശാഖയിൽ കവർച്ചാ സംഘത്തിന്റെ വെടിയേറ്റ് മാവേലിക്കര അറുനൂറ്റിമംഗലം മുറിയായിക്കര ബ്ലസ് ഭവനിൽ സാജു സാമുവൽ(29) കൊല്ലപ്പെട്ടത്. മുംബൈ ശാഖയിലെ സിസ്റ്റം അഡ്‌മിനിസ്ട്രേറ്ററായ സാജു വ്യഴാഴ്‌ച്ചയായിരുന്നു ഇവിടെ പരിശോധനയ്ക്കായി എത്തേണ്ടിയിരുന്നത്. എന്നാൽ അന്ന് വീട്ടിൽ നിന്നും ഇറങ്ങാൻ താമസിച്ചു. തുടർന്ന് മേലധികാരിളെ അറിയിച്ച ശേഷമാണ് സാജു ഇന്നലെ നാസിക്കിലെ ബ്രാഞ്ചിൽ എത്തിയത്.

സാജു സാമുവൽ നാസിക്കിൽ കവർച്ചക്കാരുടെ വെടിയേറ്റു മരിച്ചുവെന്ന വാർത്ത വിശ്വസിക്കാൻ വീട്ടുകാർക്കും നാട്ടുകാർക്കുമാവുന്നില്ല. സാമൂഹിക മാധ്യമങ്ങളിലൂടെയും വാർത്താചാനലുകളിലൂടെയും വിവരമറിഞ്ഞവർ വീടിനു സമീപമെത്തിയെങ്കിലും അമ്മ സാറാമ്മ ഒന്നുമറിഞ്ഞിരുന്നില്ല. ബന്ധുക്കളുടെ പരുങ്ങൽ കണ്ട് വിവരമന്വേഷിച്ച അമ്മയോട് സാജുവിന് അപകടം പറ്റിയെന്നു മാത്രമാണ് ആദ്യം പറഞ്ഞത്. പിന്നീട് കൂടുതൽ ആൾക്കാർ വീട്ടിലേക്ക് എത്തിത്തുടങ്ങിയതോടെ എന്റെ മകന് എന്തുപറ്റിയെന്ന് കരഞ്ഞുകൊണ്ട് അന്വേഷണമായി. സാറാമ്മയെ സമാധാനിപ്പിക്കാൻ ബന്ധുക്കൾക്കുമായില്ല. സാജു ഇനിയില്ലെന്നു മനസ്സിലാക്കിയ സാറാമ്മ കുഴഞ്ഞുവീണു.

മുംബൈയിലെ നെരൂളിൽ സ്ഥിരതാമസമായ സാജു രണ്ടരമാസംമുമ്പാണ് ഭാര്യ ജെയ്സിയോടൊപ്പം നാട്ടിലെത്തി മകൻ ജെർമിയുടെ മാമോദീസ ചടങ്ങിൽ പങ്കെടുത്തത്. അന്ന് നാട്ടിലുള്ള ബന്ധുക്കളുമായും സുഹൃത്തുക്കളുമായും സൗഹൃദം പങ്കുവച്ചാണ് മടങ്ങിയത്. മിക്കദിവസവും അമ്മയെയും ഇളയസഹോദരൻ സുജുവിനെയും വിളിക്കുമായിരുന്നു

കവർച്ചക്കാരുടെ ആക്രമണത്തിൽ മുംബൈ ശാഖയിലെ മറ്റൊരു ജീവനക്കാരനായ പുനലൂർ സ്വദേശി കൈലാഷ് ജയൻ (22), നാസിക് ശാഖാ മനേജർ സി.ബി. ദേശ്പാണ്ഡെ(64) എന്നിവർക്കും ഒരു സുരക്ഷാ ജീവനക്കാരനും പരിക്കേറ്റു. ഇവർ നാസിക് സിവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സാജുവിന്റെ നെഞ്ചിലും വയറ്റിലുമായി മൂന്നുതവണയാണ് വെടിയേറ്റത്. സംഭവസ്ഥലത്തുവെച്ചുതന്നെ സാജു മരിച്ചതായി പൊലീസ് പറഞ്ഞു. നാസിക്കിലെ ഉൻത്വാടിയിലുള്ള ഓഫീസിൽ വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് ബൈക്കിലെത്തിയ അഞ്ചംഗസംഘം ആക്രമണമഴിച്ചുവിട്ടത്.

സ്ഥാപനത്തിൽ ഓഡിറ്റിങ് നടക്കുന്നതിനിടെ അതിക്രമിച്ചുകയറിയ സംഘം ജീവനക്കാരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയശേഷം മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുകയും ലോക്കറിന്റെ താക്കോൽ ആവശ്യപ്പെടുകയുംചെയ്തു. അഞ്ചുജീവനക്കാരും എട്ട് ഇടപാടുകാരുമാണ് സംഭവസമയത്ത് ഓഫീസിലുണ്ടായിരുന്നത്. ജീവനക്കാർ എതിർത്തപ്പോൾ സംഘം മർദിക്കുകയും അഞ്ചുതവണ നിറയൊഴിക്കുകയുംചെയ്തതായി നാസിക് പൊലീസ് കമ്മിഷണർ വിശ്വാസ് നൻഗ്രേ പാട്ടീൽ പറഞ്ഞു. ഇതിനിടെ, സാജു സാമുവൽ അപായമണി മുഴക്കി. ഇതോടെ മർദനം സാജുവിനുനേരെയായി. സാജു തിരിച്ചടിച്ചപ്പോൾ സംഘം വെടിവെക്കുകയായിരുന്നെന്ന് സ്ഥാപനത്തിലുണ്ടായിരുന്നവർ പറഞ്ഞു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP