Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബാപ്പയുടെ അകാല നിര്യാണം മുതൽ സാമ്പത്തിക ബാധ്യത കൂടെപ്പിറപ്പ്; കോളേജിൽ പഠിക്കുമ്പോൾ കുടുംബത്തിന് താങ്ങാകാൻ അണിഞ്ഞത് തേയിലക്കച്ചവടക്കാരന്റേയും ചുമട്ടുകാരന്റേയും വരെ വേഷം; ഫയർമാനും കോൺസ്റ്റബിളുമായ ശേഷം ഇച്ഛാശക്തിയിൽ എസ് ഐയായ പാട്ടുകുളങ്ങരക്കാരൻ; കവിതകളിലൂടെയും നാടിന്റെ പ്രിയപ്പെട്ടവൻ; ഏമാന്മാരുടെ പീഡനം മനസ്സിനെ തകർത്തപ്പോൾ ആത്മവിശ്വാസത്തിന്റെ അഗ്നി ചിറക് തേടി പോയത് കലാമിന്റെ രാമേശ്വരത്തേക്കും; സിഐ നവാസിനെ കുറിച്ച് സോഷ്യൽ മീഡിയയ്ക്ക് പറയാനുള്ളത്

ബാപ്പയുടെ അകാല നിര്യാണം മുതൽ സാമ്പത്തിക ബാധ്യത കൂടെപ്പിറപ്പ്; കോളേജിൽ പഠിക്കുമ്പോൾ കുടുംബത്തിന് താങ്ങാകാൻ അണിഞ്ഞത് തേയിലക്കച്ചവടക്കാരന്റേയും ചുമട്ടുകാരന്റേയും വരെ വേഷം; ഫയർമാനും കോൺസ്റ്റബിളുമായ ശേഷം ഇച്ഛാശക്തിയിൽ എസ് ഐയായ പാട്ടുകുളങ്ങരക്കാരൻ; കവിതകളിലൂടെയും നാടിന്റെ പ്രിയപ്പെട്ടവൻ; ഏമാന്മാരുടെ പീഡനം മനസ്സിനെ തകർത്തപ്പോൾ ആത്മവിശ്വാസത്തിന്റെ അഗ്നി ചിറക് തേടി പോയത് കലാമിന്റെ രാമേശ്വരത്തേക്കും; സിഐ നവാസിനെ കുറിച്ച് സോഷ്യൽ മീഡിയയ്ക്ക് പറയാനുള്ളത്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വളരെ ദരിദ്രാവസ്ഥയിൽ നിന്ന് സ്വന്തം അധ്വാനം കൊണ്ട് പൊലീസിന്റെ ഉന്നത സ്ഥാനത്ത് എത്തിയ ഉദ്യോഗസ്ഥനായിരുന്നു കൊച്ചി സെൻട്രൽ പൊലീസ് സ്‌റ്റേഷനിലെ സി ഐ വി എസ് നവാസ്. തേയില കച്ചവടം, ചുമട്ടു ജോലി എന്നിവയും പഠിക്കുന്ന കാലത്ത് ചെയ്ത് വിദ്യാഭ്യാസത്തിന് പണം കണ്ടെത്തിയ നവാസ് സ്വന്തം നാട്ടുകാരുടെ കണ്ണിലുണ്ണിയാണ്. പാട്ടുകുളങ്ങര ഗ്രാമത്തിന്റെ അഭിമാനം.നല്ലൊരു കവിയും ആണ് അദ്ദേഹം. നവാസിനെ കണ്ടെത്തിയെന്ന വാർത്ത വരുമ്പോൾ പാട്ടുകുളങ്ങരയും ആശ്വാസത്തിലാണ്. പ്രാർത്ഥന ദൈവം കേട്ടെന്ന് ഇവിടുത്തുകാർ പറയുന്നു.

നവാസനെ ഇവിടെ എല്ലാവർക്കും അറിയാം. എം.എ പഠനം കഴിഞ്ഞ് ഫയർ ഫോഴ്സിലും തുടർന്ന് എൽ.ഡി. സി.ആയി ഹോമിയോ വകുപ്പിലും ജോലി നോക്കി. പിന്നീട് എസ്‌ഐ ആയി എറണാകുളത്ത് ജോലി നോക്കിയപ്പോഴും മാനസിക പീഡനം ഉണ്ടായി. മറ്റുള്ളവരുടെ ശുപാർശകൾക്ക് പുല്ലുവില കൊടുക്കുന്ന നവാസ് പാവങ്ങളുടെ പ്രിയങ്കരനായിരുന്നു. എറണാകുളത്തെ പൊലീസ്‌ദ്യോഗസ്ഥ രാഷ്ട്രീയ മാഫിയയ്ക്ക് വശംവദരാകാത്ത ഉദ്യോഗസ്ഥരെ മാനസികമായി തകർത്ത് ആത്മഹത്യയിലേക്ക് എത്തിക്കുക അവരുടെ ഒരു രീതിയാണ്. 2018ൽ കസബ എസ്‌ഐ ഗോപകുമാർ ആത്മഹത്യ ചെയ്തതും ഇത്തരം മാനസിക പീഡനം സഹിക്കാതെ ആണ്. അതിന് ഉത്തരവാദിയായ ഉദ്യോഗസ്ഥർ ഇന്നും അരങ്ങ് വാഴുന്നു. ഇതിന് തെളിവായി നവാസ് വിഷയത്തെ കാണുകയാണ് നവാസിന്റെ അയൽവാസിയും ബാല്യകാല സുഹൃത്തും വിശ്വഹിന്ദു പരിഷതത്തിന്റെ ഇടുക്കി ജില്ലാ സെക്രട്ടറിയും ആയ ജയകുമാർ വേലിക്കകത്ത്.

മനസ്സ് തളർന്നപ്പോൾ നവാസ് ഓടിപോയത് രാമേശ്വരത്തേക്കാണ്. പ്രതീക്ഷകൾക്ക് അഗ്നി ചിറക് നൽകിയ എപിജെ അബ്ദുൾ കലാമിന്റെ നാട്ടിലേക്ക്. ആത്മവിശ്വാസം വീണ്ടെടുക്കാനുള്ള മാർഗ്ഗമായുള്ള മാറി നിൽക്കലായിട്ടാണ് സുഹൃത്തുക്കൾ നവാസിന്റെ കാണാതാകലിനെ കാണുന്നത്. ഭയം കാരണം വീട്ടുകാർ പരാതി നൽകി. അതുകൊണ്ട് മാത്രം വിവാദമായി. ഏതായാലും കേരളാ പൊലീസ് ഉണർന്ന് പ്രവർത്തിച്ചതും നവാസിനെ കണ്ടെത്താൻ തുണയായി. പാവങ്ങളുടെ പ്രിയപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ തിരിച്ചെത്തുമ്പോൾ എങ്ങനെയാകും കേരളാ പൊലീസിലെ ഏമാന്മാർ കൈകാര്യം ചെയ്യുകയെന്നതും ഉയരുന്ന ചോദ്യമാണ്.

നവാസിന് വേണ്ടി സാമൂഹ്യപ്രവർത്തകനായ കരപ്പുറം രാജശേഖരൻ നിരാഹാര സമരവും പ്രഖ്യാപിച്ചിരുന്നു. ഇതും നവാസിന്റെ സാമൂഹിക പന്തുണയുടെ തെളിവാണ്. നവാസിനെ കണ്ടെത്തിയതിനാൽ സമരം വേണ്ടെന്ന് വച്ചിട്ടുണ്ട്. മേലുദ്യോഗസ്ഥന്റെ മാനസിക പീഡനം സഹിക്കാതെ കഴിഞ്ഞ ദിവസം വീടുവിട്ടുപോയ നവാസിനെക്കുറിച്ച് പത്രപ്രവർത്തകനായ വി എസ്. ധനസുമോദ് എഴുതിയ കുറിപ്പും സോഷ്യൽ മീഡിയയിൽ വൈറലാണ്. ജയകുമാർ വേലിക്കകത്ത് പങ്കുവച്ച അതേ വികാരമാണ് ധനുസുമോദിനും പറയാനുള്ളത്. കാണ്മാനില്ല എന്ന പ്രശ്‌നം അവസാനിച്ചെങ്കിലും മുതിർന്ന ഉദ്യോഗസ്ഥർ കീഴുദ്ദ്യോഗസ്ഥരെ ശാസിക്കുമ്പോൾ ഉപയോഗിക്കേണ്ട ഭാഷയും ഭീഷണിയുമൊക്കെ സംബന്ധിച്ച് സേനയിൽ നിയന്ത്രണം ഉണ്ടായില്ലെങ്കിൽ കാണാതാകുന്നവരുടെ എണ്ണം കൂടിക്കൊണ്ടേയിരിക്കും-ധനുസുമോദ് എഴുതുന്നു.

കൊല്ലത്ത് നിന്നും പുനലൂർ തെങ്കാശി വഴി രാമേശ്വരത്തേയ്ക്കാണ് നവാസ് യാത്ര തിരിച്ചത്. കേട്ടാലറയ്ക്കുന്ന അസഭ്യ വാക്കുകൾ മുതിർന്ന ഉദ്യോഗസ്ഥനിൽ നിന്നും ഉണ്ടായതാണ് കടുത്ത മാനസിക സംഘർഷത്തിലേക്ക് തള്ളിവിട്ടത്. പുലർച്ചെ 4.30 വരെ (18 മണിക്കൂർ ) ജോലി ചെയ്യുമ്പോഴും അറ്റൻഡൻസ് പുസ്തകത്തിൽ അബ്‌സെൻഡ് മാർക് ചെയ്തു കിട്ടുമ്പോൾ ആർക്കായാലും മനസ് തകർന്നു പോകും. ആത്മഹത്യ ചെയ്യാതിരിക്കാനാണ് രാമേശ്വരത്തേക്ക് തിരിച്ചത്. കേരളത്തിൽ നടക്കുന്ന ഈ വിവാദമൊന്നും അദ്ദേഹം അറിഞ്ഞിരുന്നില്ല. ട്രെയിനിൽ വച്ചു ആർപിഎപ് ആണ് അദ്ദേഹത്തെ തിരിച്ചറിഞ്ഞത്. ഇപ്പോൾ കരൂർ സ്റ്റേഷനിലാണ്. രാമനാഥപുരത്തെ അദ്ധ്യാപകനെ കണ്ടപ്പോൾ മനസിന് ഏറെ ആശ്വാസമായി.-ധനുസുമോദ് കുറിക്കുന്നു.

ഇന്നലെ ചാനൽ ചർച്ചയ്ക്ക് മുൻപായി ഒരു ന്യൂസ് പ്രെസെന്ററുമായി സംസാരിച്ചപ്പോൾ പുതിയ തിയറി ഇറങ്ങിയതായി അറിഞ്ഞു. കടം കൊണ്ടാണത്രേ നവാസ് നാട് വിട്ടത്. ഞാനും നവാസുമായി മാനസിക അടുപ്പം ഉണ്ടാകാൻ ഇടയുള്ള കാര്യം പറഞ്ഞാൽ ഇക്കാര്യത്തിലെ വസ്തുത മനസിലാകും. പത്ത് വർഷം മുൻപ് അന്ന് എസ് ഐ ആയിരുന്ന നവാസിക്കയുടെ പേഴ്സണൽ മൊബൈലിൽ നിന്നും തുടർച്ചയായി മിസ്സ്ഡ് കോളുകൾ. തിരിച്ചു വിളിച്ചപ്പോൾ ക്ഷമാപണത്തോടെ ആണ് അങ്ങേര് തുടങ്ങിയത് 'മൊബൈലിൽ ബാലൻസ് ഇല്ലാത്തതുകൊണ്ടാണ് മിസ്സ് അടിച്ചത് ' എറണാകുളം നഗരത്തിൽ ജോലി ചെയ്യുന്ന സാധാരണ പൊലീസുകാരന്റെ സാമ്പത്തിക ചുറ്റുപാടുകളെകുറിച്ച് കൃത്യമായി ബോധ്യമുള്ള എനിക്ക് ആ വാക്കുകൾ മതിയായിരുന്നു ആ സത്യസന്ധനെ മനസിലാക്കാൻ.

ബാപ്പയുടെ അകാല നിര്യാണം മുതൽ നവാസിക്കയ്ക്ക് സാമ്പത്തിക ബാധ്യത കൂടെപ്പിറപ്പാണ്. പത്താം തീയതിക്ക് മുൻപേ ശമ്പളം തീരും. സാമ്പത്തിക പ്രശ്‌നം കൊണ്ട് നാടുവിടണം എങ്കിൽ 12 വയസുള്ളപ്പോൾ ആത്മഹത്യ ചെയ്യേണ്ടതായിരുന്നു. അത്രയ്ക്ക് പട്ടിണി ആയിരുന്നു. കോളേജിൽ പഠിക്കുമ്പോൾ ചുമട് എടുക്കാൻ പോയാണ് ജീവിക്കാനുള്ള വരുമാനം നേടിയത്. ഫയർമാൻ, പൊലീസ് കോൺസ്റ്റബിൾ ജോലി ജോലി തുടങ്ങി ഒടുവിൽ അടങ്ങാത്ത ഇച്ഛാശക്തി കൊണ്ട് എസ് ഐ ടെസ്റ്റും കീഴടക്കുകയായിരുന്നു. തിയറിക്കാരോട് ഒന്നേ പറയാനുള്ളൂ -വെടിക്കെട്ട് കാരനെ ഉടുക്ക് കൊട്ടി പേടിപ്പിക്കരുത്. ഇതിനേക്കാൾ വലിയ പെരുന്നാൾ വന്നിട്ട് വാപ്പ പള്ളീ പോയിട്ടില്ല പിന്നാ...-ധനുസുമോദ് കുറിക്കുന്നു. സത്യസന്ധനായ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ തിരോധാനത്തിൽ ആശങ്ക പ്പെട്ട കേരളം ഒരു കാര്യത്തിന് കൂടി അടിവരയിടുന്നുണ്ട്. നന്മ വറ്റാത്ത കുറെ ആളുകൾ നമ്മുടെ ചുറ്റിലുമുണ്ട്. പ്രതികാര നടപടി ഉണ്ടാകാതെ മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനിൽ സി ഐ ആയി ചുമതല ഏറ്റെടുക്കാൻ നവാസിക്കയ്ക്ക് കഴിയും എന്ന് കരുതുന്നതായും ധനുസുമോദ് എഴുതുന്നു.

ഒഎൻവിയെ പ്രണയിച്ച എസ് ഐ

മുമ്പും നവാസിനെ കുറിച്ച് ധനു സുമോദ് ഫെയ്‌സ് ബുക്കിൽ കുറിച്ചിട്ടുണ്ട്. 2018ൽ ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണർ കിട്ടിയപ്പോഴായിരുന്നു അത്. ആ കുറിപ്പ് ഇപ്പോൾ വെറലാകുകയാണ്.

ഒ എൻ വി മരിച്ച വിവരം അറിഞ്ഞപ്പോൾ ആദ്യം വിളിച്ചു പറയാൻ തോന്നിയത് അന്ന് വൈക്കത്ത് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന വി എസ് നവാസിനോട് ആയിരുന്നു. അത്രമേൽ അദ്ദേഹം ഒ എൻ വി യെ സ്‌നേഹിച്ചിരുന്നു. അദ്ദേഹത്തിന്റെ കവിതകൾ പഠിച്ചും പാടിയും നവാസിക്ക നിന്നപ്പോൾ ഒരു മലയാളം പ്രൊഫസർ ആകേണ്ട ആളാണ് പൊലീസിൽ ആയിപ്പോയി എന്ന് തോന്നി. അടുത്ത ജന്മം ആരായി ജനിക്കണം എന്നാണ് ആഗ്രഹം എന്ന് ചോദിച്ചപ്പോൾ കാക്കിയിടാൻ തന്നെയാണ് ആഗ്രഹം എന്ന് പറഞ്ഞു. കാക്കി ഷർട്ടിന്റെ കോളറിൽ പിടിച്ചു ` നീതി തേടി വരുന്നവന്റെ കണ്ണീരൊപ്പാനുള്ളതാണ് ഈ യൂണിഫോമെന്നു അദ്ദേഹം പറഞ്ഞു.

എല്ലാ വാതിലും അടഞ്ഞു കഴിയുമ്പോഴാണ് 99 %ആളുകളും പരാതിയുമായി പൊലീസ് സ്റ്റേഷൻ പടിചവിട്ടുന്നത്. ആരുടേയും ശുപാർശയില്ലാതെ നീതിയും ന്യായവും അളന്നു നോക്കി മജിസ്ട്രേറ്റായും വക്കീലായും കൗൺസിലറായും സാമൂഹ്യ പ്രവർത്തകനായും ഒക്കെ ഈ സർക്കിൾ ഇൻസ്‌പെക്റ്റർ മാറുന്നതിന് ഞാൻ സാക്ഷിയാണ്. ജോലിയോട് നൂറ്റമ്പത് ശതമാനം കൂറ് പുലർത്തുന്ന ഈ ഉദ്യോഗസ്ഥന് പുരസ്‌കാരം നൽകുമ്പോൾ പുരസ്‌കാരത്തിന് പോലും മഹത്വമേറുന്നു. ഏറ്റവും പ്രിയപ്പെട്ട സഹോദര തുല്യനായ നവാസിക്ക , മാരാരിക്കുളം ക്കാരുടെ ചങ്ക് ബ്രോ ,DGP നിന്നും നേടിയ Badge of Honour അർഹതപ്പെട്ട ഇടനെഞ്ചിൽ തന്നെയാണ് എത്തിയിരിക്കുന്നത്..അപകടകരമാം വിധം സത്യസന്ധനായ മനുഷ്യാ അഭിനന്ദനങ്ങൾ ...നൂറുമ്മകളും-ഇതായിരുന്നു ആ കുറിപ്പ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP