Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുപ്പതുനാൾ നീണ്ട പരിശീലനത്തിനൊടുവിൽ ദക്ഷിണവെച്ച് ആയുധങ്ങൾ സ്വീകരിച്ച പടയാളികൾ ഇനി വെട്ടുകണ്ടത്തിലേക്ക്; 12 ചുവടുകളും പതിനെട്ടടവുകളും തെളിഞ്ഞ പോരാളികൾ അനുസ്മരിക്കുന്നത് കായംകുളം- ചെമ്പകശ്ശേരി രാജാക്കന്മാരുടെ പോരാട്ട ചരിത്രം; രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ഓച്ചിറക്കളിക്ക് ഇന്ന് തുടക്കം

മുപ്പതുനാൾ നീണ്ട പരിശീലനത്തിനൊടുവിൽ ദക്ഷിണവെച്ച് ആയുധങ്ങൾ സ്വീകരിച്ച പടയാളികൾ ഇനി വെട്ടുകണ്ടത്തിലേക്ക്; 12 ചുവടുകളും പതിനെട്ടടവുകളും തെളിഞ്ഞ പോരാളികൾ അനുസ്മരിക്കുന്നത് കായംകുളം- ചെമ്പകശ്ശേരി രാജാക്കന്മാരുടെ പോരാട്ട ചരിത്രം; രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ഓച്ചിറക്കളിക്ക് ഇന്ന് തുടക്കം

മറുനാടൻ മലയാളി ബ്യൂറോ

ഓച്ചിറ: ഓണാട്ടുകരയുടെ സമരവീര്യത്തിന്റെ സ്മരണ പുതുക്കി പ്രസിദ്ധമായ ഓച്ചിറക്കളി ഇന്നും നാളെയും ഓച്ചിറ പടനിലത്ത് നടക്കും. ഇടവം ഒന്നിന് ആരംഭിച്ച പരിശീലനം ശനിയാഴ്ച രാത്രി അവസാനിച്ചു. തുടർന്ന് ആശാന്മാരുടെ നേതൃത്വത്തിൽ കളരിവിളക്കുതെളിച്ച് കളരിപൂജയും ആയുധപൂജയും നടത്തി. ആശാന്മാർ യോദ്ധാക്കളിൽനിന്ന് ദക്ഷിണ സ്വീകരിച്ചതിനുശേഷം ആയുധങ്ങൾ കൈമാറി.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ക്ഷേത്രത്തിൽ ശംഖനാദം മുഴങ്ങുന്നതോടെ യോദ്ധാക്കൾ ഗുരുക്കന്മാരുടെ നേതൃത്വത്തിൽ ഭരണസമിതി ഓഫീസിന് മുന്നിൽ അണിനിരക്കും. തുടർന്ന് ഘോഷയാത്ര. ഘോഷയാത്ര വെട്ടുകണ്ടത്തിനു വടക്കുഭാഗത്ത് എത്തിയശേഷം ക്ഷേത്രഭരണസമിതി ഭാരവാഹികൾ, കരനാഥന്മാർ, സ്ഥാനികൾ, കളരി ഗുരുക്കന്മാർ എന്നിവർ വെട്ടുകണ്ടത്തിന്റെ മധ്യഭാഗത്തെത്തും. കരനാഥന്മാർ കരപറഞ്ഞ് ഹസ്തദാനം ചെയ്യം. തുടർന്ന് ഇരുകരകളിലുമായി നിൽക്കുന്ന യോദ്ധാക്കൾ രണഭേരിമുഴക്കി വെട്ടുകണ്ടത്തിലേക്ക് എടുത്തുചാടി പോരാട്ടം നടത്തും. വെട്ടുകണ്ടത്തിലെ പോരാട്ടത്തിനുശേഷം അടുത്ത ദിവസം വീണ്ടും കാണാമെന്ന ഉറപ്പിന്മേൽ പരബ്രഹ്മത്തെ വണങ്ങി കളരികളിലേക്കു മടങ്ങും.

ഒരു മാസം നീണ്ടു നിന്ന പരിശീലനത്തിൽ വായ്ത്താരിയോടെ 12 ചുവടുകളും 18 അടവുകളും വടി, വാൾ, പരിച തുടങ്ങിയവകൊണ്ടുള്ള വെട്ടും തടയും ഗുരുക്കന്മാർ ശിഷ്യരെ പഠിപ്പിച്ചു. ഗുരുമുഖത്തുനിന്നു നേടിയ അടവുകളും ചുവടുകളും കളരിമുറ്റത്തു പ്രകടിപ്പിച്ച് ഒരിക്കൽക്കൂടി ഉറപ്പാക്കി. ഞായറാഴ്ച പുലർച്ചെ കുളിച്ച് ഈറനണിഞ്ഞ് ആശാന്മാർ പരബ്രഹ്മത്തിന്റെ മുന്നിലെത്തി പടപ്പുറപ്പാടിനുള്ള അനുവാദം വാങ്ങി. തുടർന്ന് ഓണാട്ടുകരയിലെ കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിൽപ്പെട്ട 52 കരകളിലെ ഇരുനൂറിൽപ്പരം കളരികളിലെ യോദ്ധാക്കളാണ് പടനിലത്തെത്തുക.

മിഥുനമാസം ഒന്നും രണ്ടും തീയതികളിലാണ് ഓച്ചിറക്കളി നടക്കുന്നത്. കായംകുളത്തെയും ചെമ്പകശേരിയിലെയും രാജാക്കന്മാർ തമ്മിൽ നടന്ന യുദ്ധം അനുസ്മരിപ്പിക്കുന്നതാണ് ഓച്ചിറക്കളി എങ്കിലും, ഇന്നവിടെ വൈരാഗ്യമോ വിദ്വേഷമോ അല്ല ഉത്സവതിമിർപ്പന്റെ ആവേശമാണ് കാണുക. ചരിത്രപഴമയുടെ അനുസ്മരണം ഇന്ന് സാമൂഹികമായ ഒരനുഷ്ഠാനമായി മാറിയിരിക്കുന്നു. 52കരക്കാരാണ് ഇതിൽ പങ്കെടുക്കുന്നത്. ഈ 52 കരക്കാർക്കും കൂടി അവകാശപ്പെട്ടതാണ് ഓച്ചിറ ക്ഷേത്രം. ഇതിൽ ആബാലവൃദ്ധം ജനങ്ങളും ആയുധമേന്തി പങ്കുകൊള്ളും . കളരിസംഘങ്ങളാണ് പ്രധാനമായും ഓച്ചിറക്കളിയിൽ പങ്കെടുക്കുന്നത്.പഴയ പടയാളികളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ വേഷവിധാനങ്ങളും, വാളും പരിചയും തെറുപ്പുവാളവും വടിയും കത്തിയും തടയുമൊക്കെയായി നൂറുക ണക്കിനാളുകൾ പടനിലത്തെത്തും.

ഭാരതത്തിലെ പരബ്രഹ്മസങ്കല്പത്തിലുള്ള ക്ഷേത്രങ്ങളിൽ പ്രധാനമാണ് ഓച്ചിറ പരബ്രഹ്മസ്ഥാനം. ബിംബങ്ങളോ തന്ത്രങ്ങളോ വൈദിക ആരാധനാക്രമങ്ങളോ ഇല്ലാത്ത നിരാകാര സങ്കല്പമാണ് ഓച്ചിറ പരബ്രഹ്മ സ്വരൂപം. കാല, ദേശ, ഗുണരഹിതമായ പരബ്രഹ്മത്തെ പ്രതിനിധീകരിക്കാൻ അരയാൽവൃക്ഷം മാത്രമാണ് ഇവിടെയുള്ളത്. പരബ്രഹ്മമൂർത്തി വാഴുന്ന ആൽത്തറകൾ, മുത്തുക്കുടകളും വാദ്യമേളങ്ങളുമായി ഋഷഭവാഹനങ്ങളുടെ അകമ്പടിയോടെ വലംവച്ചെത്തുന്ന കളരി സംഘങ്ങൾ പടനിലത്തേക്കിറങ്ങുമ്പോൾ അവിടം രണഭൂമിയായി മാറും. വായ്ത്താരികളും ശംഖനാദങ്ങളും വാദ്യഘോഷങ്ങളും കൊണ്ട് അന്തരീക്ഷം മുഖരിതമാകും.

ഘോഷയാത്രകഴിഞ്ഞാലുടൻ കിഴക്കും പടിഞ്ഞാറും കരക്കാരായി പിരിഞ്ഞ് കളിയാശാന്മാരും യോദ്ധാക്കളും കളിക്കണ്ടത്തിന്റെ ഇരുഭാഗങ്ങളിലുമായി നിരക്കുന്നു. അയോധനകലയുടെ പതിനെട്ടടവുകൾ നിരന്ന കരക്കളിയാണ് ആദ്യം. കരക്കളിക്കുശേഷം ഇരുഭാഗത്തുനിന്നും കരനാഥന്മാർ കരകളുടെ പതാകയുമേന്തി എട്ടുകണ്ടത്തിലേക്കിറങ്ങുന്നു.

കരപറഞ്ഞ് ഹസ്തദാനം ചെയ്യുന്നതോടെ യോദ്ധാക്കൾ മുട്ടോളം വെള്ളം നിറഞ്ഞ എട്ടുകണ്ടത്തിലേക്ക് ആരവത്തോടെ ഓടിയിറങ്ങുകയായി. പടനിലത്തെ എട്ടുകണ്ടത്തിൽ ഓച്ചിറക്കളിക്ക് തുടക്കം കുറിക്കുമ്പോൾ കാണികളായെത്തുന്നവരുടെ മനസ്സിലും ആവേശം പടരുകയായി. പിന്നെ പോര് വെള്ളത്തിലാണ്. വെള്ളവും ചളിയും ചവിട്ടിമെതിച്ച് ഇരു കരക്കാരും പാഞ്ഞടുത്ത് ഏറ്റുമുട്ടുമ്പോൽ ദേഹമാസകലം ചളിവെള്ളം തെറിക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP