Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അടിമത്തത്തിൽ നിന്നും രക്ഷപെട്ടത് ആഭ്യന്തര യുദ്ധത്തിനിടെ; അമേരിക്കൻ സെമിനാരികൾ പ്രവേശനം നിഷേധിച്ചിട്ടും വൈദികനായത് റോമിൽ പോയി പഠിച്ച്; വൈദികനായി തിരികെയെത്തിയിട്ടും അനുഭവിക്കേണ്ടി വന്നത് വംശീയ പീഡനങ്ങൾ; ഫാദർ അഗസ്റ്റിൻ ടോൾട്ടനെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിലൂടെ കത്തോലിക സഭ നടത്തുന്നത് ചരിത്രപരമായ ഇടപെടൽ

അടിമത്തത്തിൽ നിന്നും രക്ഷപെട്ടത് ആഭ്യന്തര യുദ്ധത്തിനിടെ; അമേരിക്കൻ സെമിനാരികൾ പ്രവേശനം നിഷേധിച്ചിട്ടും വൈദികനായത് റോമിൽ പോയി പഠിച്ച്; വൈദികനായി തിരികെയെത്തിയിട്ടും അനുഭവിക്കേണ്ടി വന്നത് വംശീയ പീഡനങ്ങൾ; ഫാദർ അഗസ്റ്റിൻ ടോൾട്ടനെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിലൂടെ കത്തോലിക സഭ നടത്തുന്നത് ചരിത്രപരമായ ഇടപെടൽ

മറുനാടൻ മലയാളി ബ്യൂറോ

വത്തിക്കാൻ സിറ്റി: ഫാദർ അഗസ്റ്റിൻ ടോൾട്ടനെ വിശുദ്ധനായി ഉയർത്തുന്നതോടെ കത്തോലിക സഭ നടത്താൻ പോകുന്നത് ചരിത്രപരമായ പ്രഖ്യാപനം.ആഫ്രിക്കൻ അമേരിക്കൻ വംശജനായ ആദ്യ വിശുദ്ധൻ എന്ന പദവിയിലേക്കാണ് അദ്ദേഹം അടുക്കുന്നത്. ഇനി അദ്ദേഹത്തിന്റെ മധ്യസ്ഥതയിൽ നടക്കുന്ന 2 അത്ഭുതങ്ങൾ സ്ഥിരീകരിക്കുന്നതോടെ ആദ്യം വാഴ്‌ത്തപ്പെട്ടവനായും തുടർന്ന് വിശുദ്ധനായും പ്രഖ്യാപിക്കപ്പെടും. ഒരു അത്ഭുതം സഭാ അധികൃതർ പരിശോധിച്ചുവരുകയാണ്.

അഗസ്റ്റിൻ ടോൾട്ടൺ അടക്കം 7 ദൈവദാസരെയും രക്തസാക്ഷികളായ 3 അൽമായരെയും വിശുദ്ധരായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അടിമയായി ജനിച്ച് വൈദികനായ അഗസ്റ്റിൻ ടോൺട്ടനെ നേരത്തേ ദൈവദാസനായി സഭ പ്രഖ്യാപിച്ചിരുന്നു. 7 പേരുടെ പുണ്യപ്രവൃത്തികളും സ്ത്രീകളായ 3 സ്പാനിഷ് അൽമായരുടെ രക്തസാക്ഷിത്വവും ഫ്രാൻസിസ് മാർപാപ്പ അംഗീകരിച്ചതോടെയാണ് ധന്യപദവി. വിശുദ്ധരുടെ കാര്യങ്ങൾക്കായുള്ള വത്തിക്കാൻ സംഘത്തലവൻ കർദിനാൾ ആഞ്ചലോ ബെച്യൂ സമർപ്പിച്ച റിപ്പോർട്ടുകൾ പരിശോധിച്ച ശേഷമാണു മാർപാപ്പ കൽപന പുറപ്പെടുവിച്ചത്.

1854 ഏപ്രിൽ 1-ന് മിസോറിയിൽ ജനിച്ച ജോൺ അഗസ്റ്റീൻ ടോൾട്ടൺ, അമ്മയോടും സഹോദരങ്ങളോടുമൊപ്പം 1862-ൽ അടിമത്തത്തിൽ നിന്ന് രക്ഷപെട്ടു. ആഭ്യന്തരയുദ്ധകാലത്ത് അവിടെ നിന്ന് പലായനം ചെയ്യുകയായിരുന്നു. തുടർന്ന് പഠനത്തിൽ ഏർപ്പെട്ട ടോൾട്ടൻ വിശുദ്ധ കുർബാന സ്വീകരിക്കുകയും അൾത്താരബാലനായി സേവനം ചെയ്യുകയും ചെയ്തു. ഹൈസ്‌കൂൾ പഠനം പൂർത്തിയാക്കിയ ടോൾട്ടൻ റോമിലേക്ക് വൈദിക പഠനത്തിനായി പോയി. കാരണം, അദ്ദേഹത്തിന്റെ വംശം മൂലം അമേരിക്കൻ സെമിനാരിയിൽ പഠിക്കുവാൻ അനുവാദം ലഭിച്ചിരുന്നില്ല. ആഫ്രിക്കയിൽ മിഷനറിയായി വിടുമെന്നാണു പ്രതീക്ഷിച്ചതെങ്കിലും യുഎസിലേക്കു നിയോഗിക്കപ്പെടുകയായിരുന്നു. വൈദികനായശേഷവും അദ്ദേഹം വംശീയമായ പീഡനങ്ങൾ അനുഭവിച്ചു.

വൈദിക പട്ടം സ്വീകരിച്ച അദ്ദേഹം 1886 ൽ തിരിച്ചു നാട്ടിലെത്തി. അദ്ദേഹത്തെ കറുത്തവർഗ്ഗക്കാർ രാജകീയമായ രീതിയിൽ സ്വീകരിച്ചു. കറുത്തവർഗ്ഗക്കാരുടെ ഇടയിൽ നിസ്വാർത്ഥ സേവനം അനുഷ്ടിച്ച അദ്ദേഹം അവർക്കായി ഒരു ഇടവക സ്ഥാപിച്ചു. 1897 ജൂലൈ ഒമ്പതിന് സൂര്യാഘാതം മൂലം അദ്ദേഹം മരണമടഞ്ഞു. മരിക്കുമ്പോൾ അദ്ദേഹത്തിന് 43 വയസായിരുന്നു. 2011 ൽ അദ്ദേഹത്തെ ദൈവദാസനായി ഉയർത്തിയിരുന്നു.

വിദേശ മിഷനുകൾക്കായുള്ള സഹോദരങ്ങളുടെ പൊന്തിഫിക്കൽ സഭാംഗമായ ഇറ്റലി സ്വദേശി ഫെലിചേ തന്താർദീനി, ദിവ്യകാരുണ്യ വൈദിക സഭാംഗമായ ഇറ്റലി സ്വദേശി ജൊവാന്നി നദിയാനി, ജപമാലയുടെ ഡൊമിനിക്കൻ സഹോദരിമാരുടെ സഭയുടെ സ്ഥാപക ഫിലിപ്പീൻസ് സ്വദേശി മരിയ ബെയാത്രിചേ റൊസാരിയോ, പുണ്യകന്യകമാതാവിന്റെ സന്ന്യാസസഭാ സമൂഹത്തിന്റെ സ്ഥാപക ഇറ്റലിക്കാരി മരിയ പാവുള മുസ്സേദു, കാരുണ്യത്തിന്റെ സഹോദരിമാരുടെ സ്ഥാപനത്തിലെ അംഗമായ ഇറ്റലിക്കാരി മരിയ സന്തീനാ കൊളാനി, ഇറ്റലിയിലെ ഇടവകവൈദികൻ ഫാ. എൻസോ ബൊസ്‌ക്കേത്തി എന്നിവരാണു ഫാ. ടോൾട്ടണു പുറമേ ധന്യപദവിയിലേക്കുള്ള പടവുകൾ കയറുന്നത്.

സ്‌പെയിനിലെ പോളാ ദി സൊമിയേദോയിൽ 1936ലെ ആഭ്യന്തര വിപ്ലവകാലത്തുകൊല്ലപ്പെട്ട പിലാർ ഗുലോൺ യുറിയാഗയും 2 സുഹൃത്തുക്കളുമാണു രക്തസാക്ഷികളായ അൽമായ സ്ത്രീകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP