Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

സജീവിലൂടെ കോട്ടയം മെഡിക്കൽ കോളജ് വിജയകരമായി പൂർത്തിയാക്കിയത് അഞ്ചാമത് ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ; അഞ്ചു വർഷമായി ചികിത്സയിലായിരുന്ന യുവാവിന് തുണയായത് മൃതസജ്ഞീവനി പദ്ധതി; പെരുമ്പാവൂരിൽ വാഹനാപകടത്തിൽ മരിച്ച നിബിയയുടെ ഹൃദയം ഇനി തുടിക്കുക ചങ്ങനാശ്ശേരി സ്വദേശിയിൽ

സജീവിലൂടെ കോട്ടയം മെഡിക്കൽ കോളജ് വിജയകരമായി പൂർത്തിയാക്കിയത് അഞ്ചാമത് ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ; അഞ്ചു വർഷമായി ചികിത്സയിലായിരുന്ന യുവാവിന് തുണയായത് മൃതസജ്ഞീവനി പദ്ധതി; പെരുമ്പാവൂരിൽ വാഹനാപകടത്തിൽ മരിച്ച നിബിയയുടെ ഹൃദയം ഇനി തുടിക്കുക ചങ്ങനാശ്ശേരി സ്വദേശിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: വാഹനാപകടത്തിൽ മരിച്ച നിബിയ മേരി ജോസഫിന്റെ ഹൃദയം ഇനി തുടിക്കുക കളമശേരിയിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ സജീവിൽ. കൊച്ചിയിൽ നിന്നും പ്രത്യേക വാഹനത്തിലെത്തിച്ച നിബിയയുടെ ഹൃദയം സജീവിന് തുന്നിച്ചേർത്തതോടെ കോട്ടയം മെഡിക്കൽ കോളജിൽ പൂർത്തിയായത് വിജയകരമായ അഞ്ചാമത് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ. ചങ്ങനാശേരി നാലുകോടി ചെറുപേഴിൽ ഗോപിയുടെ മകൻ സജീവി(30) നാണു പുതിയ ഹൃദയം തുന്നിച്ചേർത്തത്. ഹൃദയ ശസ്ത്രക്രിയ മേധാവി ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.

പെരുമ്പാവൂർ മാറമ്പിള്ളിയിലുണ്ടായ കാറപകടത്തിൽ ഗുരുതരമായി പരുക്കേറ്റു ചികിത്സയിലിരുന്ന ഇടുക്കി വണ്ടന്മേട് ചേറ്റുകുഴി കരിമ്പനയ്ക്കൽ നിബിയ മേരി ജോസഫാണ് 14നാണ് മരണത്തിനു കീഴടങ്ങിയത്.രാവിലെ 7ന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതോടെയാണു ബന്ധുക്കൾ അവയവദാനത്തിനു തയാറായത്. ഈ മാസം 10ന് ആയിരുന്നു അപകടം. കാറിലുണ്ടായിരുന്ന നിബിയയുടെ പിതാവ് ജോസഫ് ചാക്കോ സംഭവദിവസംതന്നെ മരിച്ചിരുന്നു.

ഹൃദയ ഭിത്തിയിലെ മസിലുകൾക്ക് തകരാർ സംഭവിക്കുന്ന ഡയലേറ്റഡ് കാർഡിയാക് മയോപ്പതി രോഗം ബാധിച്ച് സജീവ് അഞ്ചു വർഷമായി ചികിത്സയിലാണ്. എറണാകുളത്തെ ലെയ്ത്ത് വർക്ക് ഷോപ്പിൽ വെൽഡർ ആയി ജോലി ചെയ്യുമ്പോഴാണ് ആരോഗ്യ പ്രശ്‌നങ്ങൾ തുടങ്ങിയത്. തിരുവനന്തപുരം ശ്രീ ചിത്രയിലും തിരുവനന്തപുരം മെഡിക്കൽ കോളജിലും ചികിൽസ നടത്തിയിരുന്നു. രണ്ടു വർഷമായി കോട്ടയം മെഡിക്കൽ കോളജിലെ ചികിത്സയിലായിരുന്നു. രണ്ടാഴ്ച മുൻപ് പക്ഷാഘാതം ഉണ്ടായതോടെ നില അതീവ ഗുരുതരമായി. സർക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസജ്ഞീവനി പദ്ധതിയിൽ പേര് രജിസ്റ്റർ ചെയ്താണ് ശസ്ത്രക്രിയ നടത്തിയത്. ഇതിനിടയിൽ പല തവണ ഹൃദയം ലഭ്യമായെങ്കിലും ഗ്രൂപ്പ് അനുയോജ്യമല്ലാത്തതിനാൽ തിരസ്‌കരിച്ചു. നിബിയയുടെ രക്തഗ്രൂപ്പ് എ ബി പോസിറ്റീവ് ആയതിനാൽ നിബിയയുടെ ഹൃദയം ഏറ്റവും അനുയോജ്യമായതും സജീവിനായിരുന്നു.

വ്യാഴാഴ്ച വൈകിട്ട് മൃതസജ്ഞീവനി കോ ഓർഡിനേറ്റർമാരായ ജിമ്മി ജോർജ്, നീതു തോമസ് എന്നിവർക്ക ഹൃദയം സംബന്ധിച്ച സന്ദേശം ലഭിക്കുന്നത്. ഉടൻ തന്നെ ഹൃദയ ശസ്ത്രക്രീയ വിഭാഗത്തിലേയും, വൃക്ക രോഗവിഭാഗത്തിലേയുംഉന്നത ഡോകടർമാരെ വിവരം അറിയിച്ചു.അതനുസരിച്ച് സജീവിനെ രാത്രി തന്നെ ആശുപത്രിയിലേക്ക് വിളിച്ചു വരുത്തി, ശസ്ത്രക്രിയയ്ക്കു തയാറാകുന്നതിനു നിർദ്ദേശം നൽകി. തുടർന്നു ഇന്നലെ രാവിലെ ഏഴിനു തന്നെ ഹൃദയ ശസ്ത്രക്രീയ വിഭാഗത്തിലേയും, പിന്നാലെ വൃക്കരോഗവിഭാഗത്തിലേയും ഡോക്ടർമാർ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു പുറപ്പെട്ടു. ഇതിനിടയിൽ അമൃതയിലേയും ഡോകടർമാരും എത്തി.

ഉച്ചകഴിഞ്ഞു രണ്ടോടെ ദാനം ചെയ്യുവാൻ തീരുമാനിച്ച അവയവങ്ങൾ വഹിച്ചുകൊണ്ടുള്ള വാഹനങ്ങൾ അതാത് ആശുപത്രികളിലേയ്ക്ക് പുറപ്പെട്ടു.ഹൃദയം കൂടാതെ ഒരു കിഡ്നിനിയും കോട്ടയം മെഡിക്കൽ കോളജിനും, ഒരു കിഡ്നിയും പാൻക്രിയാസും എന്നിവ അമൃത ആശുപത്രിയിലെ രണ്ട് രോഗികൾക്കും, കരൾ ആസ്റ്റർ മെഡിസിറ്റിയിൽ കഴിയുന്ന രോഗിക്കുമാണ് ലഭിച്ചത്.

2013ലാണ് ആദ്യമായി പത്തനംതിട്ട സ്വദേശി പൊടിയന്റെ ഹൃദയം മാറ്റി വച്ച് മെഡിക്കൽ കോളജ് ആശുപത്രി ചരിത്രം സൃഷ്ടിച്ചത്.സർക്കാർ ആശുപത്രികളിൽ ഇന്ത്യയിൽ ആദ്യമായാണ് കോട്ടയം മെഡിക്കൽ കോളജിൽ ഹൃദയമാറ്റ ശസ്ത്രക്രിയ അന്നു നടന്നത്.തുടർന്ന് എറണാള്ളം വൈപ്പിൻ സ്വദേശി അബ്ദുൾ റാവുത്തർ, വയനാട് സ്വദേശിബാലൻ, എറണാകുളം ഉദയംപേരൂർ സ്വദേശി സുബ്രഹ്മണ്യൻ എന്നിവരിലും മുമ്പ് ഹൃദയം മാറ്റിവച്ചിരുന്നു.

11 ലക്ഷം രൂപയാണ് സജീവിന്റെ ഹൃദയം മാറ്റിവയ്ക്കലിനായി സന്നദ്ധപ്രവർത്തകർ സമാഹരിച്ചത്. പായിപ്പാട് പഞ്ചായത്തും ചങ്ങനാശേരി മീഡിയ വില്ലേജും സന്നദ്ധ പ്രവർത്തകരും ചേർന്ന് വിപുലമായ പ്രചാരണം നൽകിയാണ് ധനസമാഹരണം നടത്തിയത്. രണ്ടു ലക്ഷം രൂപയോളം ഇതുവരെയുള്ള ചികിത്സകൾക്ക് ചെലവായി. ബാക്കി തുകയാണ് ഇപ്പോൾ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിനിയോഗിക്കുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം ഏറെക്കാലം വൻതുകയുടെ മരുന്നുകൾ മാസം തോറും വേണ്ടിവരുന്നതു ഈ കുടുംബത്തെ അലട്ടുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP