Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കടമായി നൽകിയ ഒന്നേമുക്കാൽ ലക്ഷം തിരിച്ചു വാങ്ങാതെ നിർബന്ധിച്ചത് കല്യാണം കഴിക്കാൻ; കാശ് അക്കൗണ്ടിലിട്ടിപ്പോൾ തിരിച്ചും അക്കൗണ്ടിലേക്ക് തന്നെ ഇട്ടു; ഭർത്താവിനേയും കുട്ടികളേയും വകവരുത്തുമെന്നും ഭീഷണിപ്പെടുത്തി; കുടുംബത്തിനൊപ്പം ഉറച്ചു നിൽക്കുന്ന പൊലീസുകാരിയുടെ ഉറച്ച മനസ്സ് ക്രൂരതയുടെ കനൽ ആളിക്കത്തിച്ചു; മുമ്പും കൊല്ലാൻ ശ്രമിച്ചു; ശല്യം അതിരുവിട്ടപ്പോൾ വള്ളിക്കുന്നം എസ് ഐയെ എല്ലാം അറിയിച്ചത് മൂന്ന് മാസം മുമ്പ്; സൗമ്യയെ ചുട്ടെരിച്ച അജാസിന്റെ പകയുടെ ചുരുൾ അഴിയുമ്പോൾ

കടമായി നൽകിയ ഒന്നേമുക്കാൽ ലക്ഷം തിരിച്ചു വാങ്ങാതെ നിർബന്ധിച്ചത് കല്യാണം കഴിക്കാൻ; കാശ് അക്കൗണ്ടിലിട്ടിപ്പോൾ തിരിച്ചും അക്കൗണ്ടിലേക്ക് തന്നെ ഇട്ടു; ഭർത്താവിനേയും കുട്ടികളേയും വകവരുത്തുമെന്നും ഭീഷണിപ്പെടുത്തി; കുടുംബത്തിനൊപ്പം ഉറച്ചു നിൽക്കുന്ന പൊലീസുകാരിയുടെ ഉറച്ച മനസ്സ് ക്രൂരതയുടെ കനൽ ആളിക്കത്തിച്ചു; മുമ്പും കൊല്ലാൻ ശ്രമിച്ചു; ശല്യം അതിരുവിട്ടപ്പോൾ വള്ളിക്കുന്നം എസ് ഐയെ എല്ലാം അറിയിച്ചത് മൂന്ന് മാസം മുമ്പ്; സൗമ്യയെ ചുട്ടെരിച്ച അജാസിന്റെ പകയുടെ ചുരുൾ അഴിയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

മാവേലിക്കര: വള്ളികുന്നം പൊലീസ് സ്റ്റേഷനിലെ വനിതാ പൊലീസ് സൗമ്യയെ ചുട്ടുകൊന്നതിന് പിന്നിൽ അജാസിന്റെ മനസ്സിലെ കൊടും ക്രൂരത തന്നെ. കഷ്ടകാലത്ത് പണം നൽകി സൗമ്യയെ സഹായിച്ച അജാസ് അതിന് പകരം ചോദിച്ചത് വിവാഹ ജീവിതമായിരുന്നു. മൂന്ന് കുട്ടികളുടെ അമ്മ ഇതിന് നോ പറഞ്ഞതോടെ പ്രതികാരവും തുടങ്ങി. പൊലീസുകരാന്റെ മനസ്സിലെ ക്രിമിനൽ സൗമ്യയെ വകവരുത്തിയത് പ്രണയം തലയ്ക്ക് പിടിച്ചാണ്. ഭർത്താവിനേയും കുട്ടികളേയും വരെ ഇല്ലാതാക്കിയും സൗമ്യയെ കൂടെ കൂട്ടാൻ ഇയാൾ പദ്ധതി ഇട്ടു. എന്നാൽ ഒരിക്കലും അജാസുമായി ബന്ധത്തിനുണ്ടാകില്ലെന്ന് സൗമ്യ പറഞ്ഞതോടെ മനസ്സിൽ പകയുടെ തീക്കനലെത്തി. പ്രതികാരമായി സൗമ്യയെ കത്തിച്ചു കൊന്നു.

അജാസുണ്ടാക്കിയ പ്രശ്‌നങ്ങൾ സൗമ്യയുടെ അമ്മയ്ക്കും അറിയാമായിരുന്നു. വിവാഹ അഭ്യർത്ഥന നിരസിച്ചതിനെ തുടന്നുള്ള വൈരാഗ്യം ആണ് മകളുടെ കൊലയ്ക്ക് കാരണമെന്ന് അമ്മയും ഉറപ്പിക്കുന്നു. അജാസ് സൗമ്യയോട് വിവാഹ അഭ്യർത്ഥന നടത്തിയിരുന്നെന്നും വൈരാഗ്യത്തിന് കാരണം വിവാഹ അഭ്യർത്ഥന നിരസിച്ചതാണെന്നും സൗമ്യയുടെ അമ്മ പറഞ്ഞു. കല്യാണം കഴിക്കാനായി കഴിഞ്ഞ ഒരു വർഷമായി സൗമ്യയെ അജാസ് ഭീഷണിപ്പെടുത്തിയിരുന്നതായും അമ്മ ഇന്ദിര പൊലീസിന് മൊഴി നൽകി. ഇതോടെ കൊലയ്ക്ക് പിന്നിലെ ഗൂഢാലോചനയുടേയും ചുരൾ അഴിഞ്ഞു. ആരോടും പറയാതെ മനസ്സിൽ പകയുമായി നടന്ന അജാസ് ഒറ്റയ്ക്കാണ് കൊലപാതക പദ്ധതി തയ്യാറാക്കിയതെന്നാണ് സൂചന.

സൗമ്യയ്ക്ക് അജാസിൽ നിന്ന് നേരത്തെ തന്നെ ഭീഷണിയുണ്ടായിരുന്നു. അജാസ് സൗമ്യയെ വിവാഹത്തിന് നിർബന്ധിച്ചിരുന്നെങ്കിലും സൗമ്യ ഒഴിഞ്ഞുമാറി. കൊലപാതകം ആസൂത്രിതമാണെന്നും ഭീഷണി ഉള്ള കാര്യം വള്ളികുന്നം എസ്‌ഐയെ മൂന്നുമാസം മുമ്പ് സൗമ്യ അറിയിച്ചിരുന്നതായും അമ്മ പറഞ്ഞു. ഒന്നര ലക്ഷം രൂപ അജാസിൽ നിന്നും സൗമ്യ വായ്പ വാങ്ങിയിരുന്നു. അജാസിൽ നിന്ന് വാങ്ങിയ ഒന്നരലക്ഷം രൂപ തിരിച്ചു കൊടുക്കാൻ ശ്രമിച്ചെങ്കിലും അജാസ് അത് വാങ്ങാൻ തയ്യാറായില്ല. കഴിഞ്ഞ ആഴ്ച സൗമ്യയും അമ്മയുമായി കൊച്ചിയിലെത്തി പണം തിരികെ നൽകാൻ ശ്രമിച്ചിരുന്നു. എന്നാൽ പണം വേണ്ടെന്നായിരുന്നു അജാസിന്റെ നിലപാട്. വിവാഹം കഴിച്ചാൽ മതിയെന്നും പറഞ്ഞു.

പണം കൈപ്പറ്റാത്ത അജാസ് ഇരുവരെയും കാറിൽ തിരികെ ആലപ്പുഴ എത്തിച്ചു. അജാസിന്റെ അക്കൗണ്ടിൽ പണം നിക്ഷേപിച്ചപ്പോൾ തിരികെ അക്കൗണ്ടിൽ ഇട്ടു. സൗമ്യ വിവാഹത്തിന് തയ്യാറാകാത്തതാണ് കൊലയ്ക്ക് കാരണമായത്. നേരത്തെയും സൗമ്യയുടെ വീട്ടിലെത്തിയ അജാസ് പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായും അമ്മ മൊഴി നൽകി. ഭർത്താവിനെ കൊലപ്പെടുത്തുമെന്ന് ഭീഷണി ഉണ്ടായിരുന്നതായും അമ്മ പറഞ്ഞു. അജാസിന് പണമായിരുന്നില്ല ലക്ഷ്യം. പണം പലവട്ടം മടക്കി നൽകിയിട്ടും അജാസ് വാങ്ങിയില്ല. സ്റ്റേഷനിൽ ഡ്യൂട്ടി ചെയ്യുമ്പോൾ അജാസ് ഫോൺ വിളിച്ച് ഓൺ ചെയ്തു വെക്കാൻ നിർബന്ധിച്ചിരുന്നു. ഫോൺ ബ്ലോക്ക് ആക്കിയ ശേഷം മറ്റു നമ്പരിൽ നിന്ന് വിളിച്ച് ഭീഷണിപ്പെടുത്തി. സൗമ്യയുടെ അമ്മ അജാസിനെ വിളിച്ച് താക്കീത് ചെയ്തിരുന്നെങ്കിലും അതിനുശേഷവും ഉപദ്രവം തുടർന്നു.

സമാനമായ മൊഴി സൗമ്യയുടെ മകൻ ഋഷികേശും പൊലീസിന് നൽകിയിട്ടുണ്ട്. തനിക്കെന്തെങ്കിലും സംഭവിച്ചാൽ പൊലീസിനോട് കാര്യങ്ങൾ പറയണമെന്നാണ് അമ്മ പറഞ്ഞിരിക്കുന്നതെന്നാണ് സൗമ്യയുടെ മൂത്തമകൻ ഋഷികേശ് പറഞ്ഞത്. അമ്മ വല്ലാതെ പേടിച്ചിരുന്നുവെന്നും, ചില സാമ്പത്തിക ഇടപാടുകൾ അജാസുമായി ഉണ്ടായിരുന്നുവെന്നും കാശിന്റെ കാര്യമാണ് അമ്മയോട് അജാസ് ചോദിക്കുന്നത് എന്ന് തോന്നിയിട്ടുണ്ടെന്നും വിളിക്കരുതെന്ന് പറഞ്ഞ് അമ്മ അജാസിനോട് ദേഷ്യപ്പെടാറുണ്ടായിരുന്നുവെന്നും സൗമ്യയുടെ മകൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. തൃശൂരിൽ പൊലീസ് സേനയിലെ പരിശീലന കാലത്ത് തുടങ്ങിയ സൗഹൃദം തകരുന്ന രീതിയിൽ എന്തോ സംഭവിച്ചിട്ടുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ ഡ്യൂട്ടി കഴിഞ്ഞ് ഇരുചക്ര വാഹനത്തിൽ പോകുകയായിരുന്ന സിവിൽ പൊലീസുദ്യോഗസ്ഥയായ സൗമ്യയെ പൊലീസുദ്യോഗസ്ഥനായ അജാസ് കാറിടിച്ചു വീഴ്‌ത്തിയശേഷം കത്തികൊണ്ട് കുത്തി പെട്രോളൊഴിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലനടത്തിയ പ്രതി ആലുവ ട്രാഫിക് സ്റ്റേഷനിലെ സിപിഒ അജാസ് ഇപ്പോഴും ഗുരുതരാവസ്ഥ മറികടന്നിട്ടില്ല. അജാസിൽ നിന്ന് മൊഴിയെടുത്താൽ മാത്രമേ കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്താൻ കഴിയൂ. സൗമ്യ ജോലി കിട്ടി പരിശീലനത്തിലായി തൃശൂർ പൊലീസ് അക്കാദമയിൽ എത്തുമ്പോൾ അവിടെ ഇൻസ്ട്രക്ടർ ആയിരുന്നു അജാസ്. അവിടെ നിന്ന് തുടങ്ങിയ സൗഹൃദം ആണ് ഇപ്പോൾ ഇങ്ങനെ ഒരു ദുരന്തത്തിൽ അവസാനിച്ചത് എന്നാണ് കരുതുന്നത്.

അജാസിന്റെ കാർ പരിശോധിച്ചതിൽ നിന്ന് ചില നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ സൗമ്യയുടെ മകൻ നൽകിയ മൊഴിയും നിർണായകമാണ്. സൗമ്യയെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തന്നെ ആണ് അജാസ് ആലപ്പുഴയിൽ എത്തിയത് എന്ന് തന്നെയാണ് പൊലീസ് വിശ്വസിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി അജാസ് ലീവിൽ ആയിരുന്നു. സൗമ്യയെ നിരീക്ഷിക്കുന്നതിന് വേണ്ടിയായിരിക്കാം ഈ ദിവസങ്ങൾ ഉപയോഗിച്ചത് എന്നാണ് പൊലീസ് കരുതുന്നത്. വാടകയ്ക്കെടുത്ത കാറിൽ എത്തിയായിരുന്നു അജാസ് കൃത്യം നിർവ്വഹിച്ചത്. സൗമ്യയെ വെട്ടി പരിക്കേൽപിക്കാൻ ഉപയോഗിച്ച ആയുധങ്ങൾ സാധാരണ ഗതിയിൽ വിൽപനയ്ക്ക് ലഭ്യമായവ അല്ലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. സാധാരണ ലഭ്യമാകുന്നവയേക്കാൾ നീളം കൂടിയ കൊടുവാളും കത്തിയും ആണ് ഉപയോഗിച്ചിട്ടുള്ളത്. ഇതിന് അസാധാരണ മൂർച്ചയും ഉണ്ടായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. ഇവ പ്രത്യേകം പണിയിച്ചെടുത്ത ആകാം എന്നാണ് പൊലീസിന്റെ നിഗമനം.

സൗമ്യയെ ഏത് വിധേനയും കൊലപ്പെടുത്തുക എന്നത് തന്നെ ആയിരുന്നു അജാസിന്റെ ലക്ഷ്യം. ആയുധങ്ങൾക്ക് പുറമേ രണ്ട് കുപ്പികളിലായി പെട്രോളും കാറിൽ സൂക്ഷിച്ചിരുന്നു. ഇതോടൊപ്പം രണ്ട് സിഗാർ ലൈറ്ററുകളും ഉണ്ടായിരുന്നു. രണ്ട് കുപ്പി പെട്രോളും രണ്ട് ലൈറ്ററുകളും സൂക്ഷിച്ചത് എന്തിനെന്ന ചോദ്യവും ഉയരുന്നുണ്ട്. ഒന്ന് നഷ്ടപ്പെട്ടാൽ പോലും കൊലപാതകശ്രമം വൃഥാവിലാകരുത് എന്ന് ഉറപ്പിച്ചായിരിക്കാം ഇത്തരത്തിൽ ചെയ്തത് എന്നാണ് നിരീക്ഷണം. 33 വയസ്സുള്ള അജാസ് അവിവാഹിതനാണ്. വിവാഹത്തെ കുറിച്ച് ചോദിക്കുമ്പോൾ പല ഒഴികഴിവുകൾ ആയിരുന്നു ഇയാൾ പറഞ്ഞിരുന്നത്. കൊല്ലപ്പെട്ട സൗമ്യയുടേയും പ്രതി അജാസിന്റേയും മൊബൈൽ ഫോണുകൾ പരിശോധിക്കാനൊരുങ്ങുകയാണ് പൊലീസ്.

എം.എഡ് ബിരുദധാരിയായ സൗമ്യയെക്കുറിച്ച് നാട്ടുകാർക്കും സഹപ്രവർത്തകർക്കും നല്ല അഭിപ്രായം മാത്രമേ പറയാനുള്ളൂ. മക്കൾ ക്‌ളാപ്പനയിലെ തന്റെ വീട്ടിലായിരുന്നതിനാൽ വള്ളികുന്നം തെക്കേമുറിയിലെ വീട്ടിൽ സൗമ്യ തനിച്ചായിരുന്നു ഇപ്പോൾ താമസം. വെള്ളത്തിന്റെ ദൗർലഭ്യം കാരണമാണ് മക്കളെ ക്‌ളാപ്പനയിലെ വീട്ടിലേക്ക് മാറ്റിയത്. സൗമ്യയും ഇടയ്ക്ക് അങ്ങോട്ടു പോകുമായിരുന്നു.നാട്ടിൽ പ്‌ളമ്പിങ് ജോലി ചെയ്തിരുന്ന സൗമ്യയുടെ ഭർത്താവ് സജീവ് ഏതാനും വർഷം മുമ്പാണ് ജോലിക്കായി സൗദിയിലേക്ക് പോയത്. ഇവിടെ നിന്ന് ലീവിനെത്തിയ സജീവ് മൂന്നാഴ്ച മുമ്പാണ് ലിബിയയിൽ പുതിയ ജോലിക്കായി പോയത്.

ഗൾഫിൽ ജോലിക്ക് പോകുന്നതിനു മുമ്പാണ് തെക്കേമുറിയിൽ സജീവ് വീടുവച്ചത്. പുഷ്പാരനും ഇന്ദിരയുമാണ് സൗമ്യയുടെ മാതാപിതാക്കൾ. സൗമ്യയുടെ രണ്ടാൺമക്കളും ഓച്ചിറ ചങ്ങൻകുളങ്ങര വിവേകാനന്ദ സ്‌കൂളിലെ വിദ്യാർത്ഥികളാണ്. ഇളയ മകൾ അംഗൻവാടി വിദ്യാർത്ഥിനിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP