Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

12 അംഗ സംഘം ചാത്തന്നൂരിൽ നിന്ന് വിനോദയാത്ര പോയത് ആറ് ബൈക്കുകളിലായി; കോന്നിയിലേക്ക് തിരിച്ച സംഘത്തിലെ ഒരു ബൈക്കിന് വഴിതെറ്റി; അടവി വിനോദസഞ്ചാര കേന്ദ്രവും ലക്ഷ്യമിട്ടിറങ്ങിയ സംഘത്തിലെ രണ്ട് യുവാക്കൾക്ക് അതിദാരുണ അന്ത്യം; പത്തനാപുരത്ത് വച്ചുണ്ടായ അപകടത്തിന് കാരണം ബൈക്കുകളുടെ അമിത വേഗത; സജുവിന്റേയും അരുണിന്റേയും മരണത്തിൽ ഞെട്ടി സുഹൃത്തുക്കൾ

12 അംഗ സംഘം ചാത്തന്നൂരിൽ നിന്ന് വിനോദയാത്ര പോയത് ആറ് ബൈക്കുകളിലായി; കോന്നിയിലേക്ക് തിരിച്ച സംഘത്തിലെ ഒരു ബൈക്കിന് വഴിതെറ്റി; അടവി വിനോദസഞ്ചാര കേന്ദ്രവും ലക്ഷ്യമിട്ടിറങ്ങിയ സംഘത്തിലെ രണ്ട് യുവാക്കൾക്ക് അതിദാരുണ അന്ത്യം; പത്തനാപുരത്ത് വച്ചുണ്ടായ അപകടത്തിന് കാരണം ബൈക്കുകളുടെ അമിത വേഗത; സജുവിന്റേയും അരുണിന്റേയും മരണത്തിൽ ഞെട്ടി സുഹൃത്തുക്കൾ

അനന്തു തലവൂർ

പത്തനാപുരം: സ്വകാര്യ ബസും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പത്തനാപുരത്ത് രണ്ട് യുവാക്കൾ അതി ദാരുണമായി മരണപ്പെട്ടത് ബൈക്കിന്റെ അമിത വേഗതമൂലം. ആറ് ആഡംബര ബൈക്കുകളിലായി ഉല്ലാസയാത്രക്ക് കോന്നിക്ക് പോയ സംഘത്തിലെ രണ്ട് യുവാക്കളാണ് മരണപ്പെട്ടത്. പുനലൂർ- കായംകുളം പാതയിൽ പത്തനാപുരം പുതുവലിലാണ് അപകടം നടന്നത്. കല്ലുവാതുക്കൽ പാറയിൽ സനു ഭവനിൽ സാബു- റോസമ്മ ദമ്പതികളുടെ മകൻ സജു സാബു(20), കൊല്ലം ആദിച്ചനല്ലൂർ ഉമ്മല്ലൂർ അശ്വതി ഭവനിൽ സുരേഷ് കുമാർ- ലത ദമ്പതികളുടെ മകൻ അരുൺ സുരേഷ്(20) എന്നിവരാണ് മരണപ്പെട്ടത്.

അപകടത്തിൽ പരിക്കേറ്റ മൈലക്കാട് പ്ലാവിളവീട്ടിൽ ഹുസൈൻ(19), ചാത്തന്നൂർ അൽ അമീൻ മൻസിലിൽ അർഷാദ്(21) എന്നിവർ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിഝയിലാണ്. കൊല്ലം ചാത്തന്നൂരിൽ നിന്നും ആറ് ബൈക്കുകളിലായി കോന്നി അടവി മേഖലയിലേക്ക് വിനോദ സഞ്ചാരത്തിനായി പോയ സംഘത്തിൽ ഉള്ളവരാണ് അപകടത്തിൽ മരണപ്പെട്ടത്. പെൺകുട്ടികളടക്കം പന്ത്രണ്ട് പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. പത്തനാപുരത്ത് വച്ച് വഴി തെറ്റിയ ഇവർ പത്തനംത്തിട്ട ഭാഗത്തേക്ക് പോകുന്നതിന് പകരം അടൂരിലേക്ക് പോവുകയായിരുന്നു. കുറേ ദൂരം സഞ്ചരിച്ച് വഴിതെറ്റിയെന്ന് മനസിലാക്കിയ ശേഷം തിരികെ വരവെയാണ് സ്വകാര്യ ബസുമായി കൂട്ടിയിടിച്ചത്.

പത്തനാപുരത്ത് നിന്നും അടൂരിലേക്ക് പോകുകയായിരുന്നു ബസ്. അമിതവേഗതയിലെത്തിയ ഇരുചക്രവാഹനം ബസി നടിയിലേക്ക് പാഞ്ഞു കയറുകയായിരുന്നുവെന്ന് ദ്യക്‌സാക്ഷികൾ പറഞ്ഞു. ഏറെ പ്രയാസപ്പെട്ടാണ് വിദ്യാർത്ഥികളെ പുറത്തെടുത്തത്. സംഭവസ്ഥലത്തുവെച്ച് തന്നെ സജു സാബു മരണപ്പെട്ടിരുന്നു. പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിയ ശേഷമാണ് അരുൺ മരണപ്പെട്ടത്. ഇരുചക്രവാഹനം ഓടിച്ചതും അരുണായിരുന്നു. പത്തനാപുരത്ത് നിന്നും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് ഏറെ പണിപ്പെട്ടാണ് ബസിനടിയിൽ നിന്ന് വാഹനം പുറത്തെടുത്തത്.

ഇരുചക്ര വാഹനവും ബസിന്റെ മുൻ ഭാഗം പൂർണ്ണമായും തകർന്നു. കൊല്ലം എ. ആർ ക്യാമ്പിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറായ സുരേഷ് കുമാറിന്റെ മകനായ അരുൺ കൊല്ലത്തെ സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിലെ മൂന്നാം വർഷ വിദ്യാർത്ഥിയായിരുന്നു. അഞ്ജലിയാണ് സഹോദരി. കല്ലമ്പലത്തുള്ള മാരുതി ഷോറൂമിലെ ജീവനക്കാരനായിരുന്നു സജു സാബു. സനുവാണ് സഹോദരൻ.അടൂർ ജനറൽ ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മ്യതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ട് നൽകും. സംസ്‌കാരം ചടങ്ങുകളും ഇന്ന് നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP