Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അകത്ത് നേതാവിനെ തെരഞ്ഞെടുക്കാൻ ഭാരവാഹികൾ; പുറത്ത് നേതാവിന്റെ നെയിംബോർഡ് വച്ച് അണികൾ; എല്ലാം പൂർത്തിയായത് നിമിഷങ്ങൾക്കകം; സംഘർഷം പ്രതീക്ഷിച്ച് വൻ പൊലീസ് സന്നാഹം ഒരുക്കിയെങ്കിലും ജോസഫിന്റെ അണികൾ ആരും എത്തിയില്ല; ഭരണ ഘടനാ ലംഘനം എന്ന് ജോസഫ് പറയുമ്പോഴും പഴുതടച്ചുള്ള ജോസ് കെ മാണിയുടെ പൂഴിക്കടകനിൽ നിലം പരിശായി പി ജെ ജോസഫ്; തൊടുപുഴയിലെ കിരീടം വയ്ക്കാത്ത രാജാവിന് ഇനി വഴി പഴയ സ്വന്തം പാർട്ടി പുനർജീവിപ്പിക്കുക മാത്രം

അകത്ത് നേതാവിനെ തെരഞ്ഞെടുക്കാൻ ഭാരവാഹികൾ; പുറത്ത് നേതാവിന്റെ നെയിംബോർഡ് വച്ച് അണികൾ; എല്ലാം പൂർത്തിയായത് നിമിഷങ്ങൾക്കകം; സംഘർഷം പ്രതീക്ഷിച്ച് വൻ പൊലീസ് സന്നാഹം ഒരുക്കിയെങ്കിലും ജോസഫിന്റെ അണികൾ ആരും എത്തിയില്ല; ഭരണ ഘടനാ ലംഘനം എന്ന് ജോസഫ് പറയുമ്പോഴും പഴുതടച്ചുള്ള ജോസ് കെ മാണിയുടെ പൂഴിക്കടകനിൽ നിലം പരിശായി പി ജെ ജോസഫ്; തൊടുപുഴയിലെ കിരീടം വയ്ക്കാത്ത രാജാവിന് ഇനി വഴി പഴയ സ്വന്തം പാർട്ടി പുനർജീവിപ്പിക്കുക മാത്രം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പിജെ ജോസഫ് ഇനി കേരളാ കോൺഗ്രസിൽ ആരുമല്ല. കെ എം മാണിയുടെ പാർട്ടിയുടെ അനന്തരാവകാശിയായി മകൻ ജോസ് കെ മാണി എത്തുന്നത് അണികളിൽ ബഹുഭൂരിഭാഗത്തേയും ഒപ്പം നിർത്തിയാണ്. ചില നേതാക്കൾ ജോസഫിനൊപ്പം പോയെങ്കിലും മാണിയുടെ വികാരം നിറച്ച് പ്രവർത്തകർ മകനൊപ്പം നിൽക്കുന്നു. അതുകൊണ്ട് തന്നെ ജോസഫിന് പുതിയ പാർട്ടി ഉണ്ടാക്കേണ്ടിവരും. അതായത് തന്റെ പഴയ കേരളാ കോൺഗ്രസിനെ പുനർജീവിപ്പിക്കുക. ഈ കേരളാ കോൺഗ്രസിന്റെ യഥാർത്ഥ അവകാശി ഇപ്പോൾ പിസി തോമസാണ്. അതുകൊണ്ട് തന്നെ പഴയ നേതാക്കളേയും അണികളേയും ഒത്തുകൂട്ടി പുതിയ പാർട്ടി വേണ്ടി വരും. അത്രയും പഴുതടച്ചാണ് ജോസഫിനെ ജോസ് കെ മാണി പൂട്ടിയത്. ഏത് നിയമ പോരാട്ടത്തിലും വിജയം ജോസ് കെ മാണിക്ക് തന്നെയാകും. സംസ്ഥാന കമ്മറ്റിയിലെ ബഹുഭൂരിപക്ഷവും ജോസ് കെ മാണിക്ക് പിന്നിൽ അണിനിരന്നതാണ് ഇതിന് കാരണം.

സംസ്ഥാന സമിതിയിൽ നിലവിലുള്ള 437 അംഗങ്ങളിൽ 312 പേരും പങ്കെടുത്ത യോഗത്തിലായിരുന്നു ജോസ് കെ മാണിയുടെ തിരഞ്ഞെടുപ്പ്. എന്നാൽ 10 ദിവസം മുൻപു നോട്ടിസ് നൽകാതെ വിളിച്ചുചേർത്ത യോഗം നിയമപരമായി നിലനിൽക്കില്ലെന്നും റിട്ടേണിങ് ഓഫിസർ ഇല്ലാതെയായിരുന്നു തിരഞ്ഞെടുപ്പ് എന്നും പി.ജെ. ജോസഫ് പ്രതികരിച്ചു. എന്നാൽ യോഗത്തിന് 312 പേരെത്തിയത് ജോസ് കെ മാണിക്ക് കരുത്താണ്. ഇനി കോടതിയിൽ പോയാലും സംസ്ഥാന സമിതി വിളിച്ച് ചേർക്കാനേ കോടതി നിർദ്ദേശിക്കൂ. ഇതിനുള്ള സാധ്യതയാണ് ജോസ് കെ മാണി അടച്ചത്. യോഗത്തിലേക്ക് ജോസഫ് വിഭാഗം എത്തുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ വൻ പൊലീസ് സന്നാഹവും എത്തി എന്നാൽ ആരും വന്നില്ല. അതുകൊണ്ട് തന്നെ എല്ലാം സമാധാന പരമായി. അങ്ങനെ കേരളാ കോൺഗ്രസിന്റെ നേതൃത്വം ജോസ് കെ മാണിയിലേക്ക് എത്തുകയാണ്.

തോമസ് ചാഴികാടൻ എംപിയും 5 എംഎൽഎമാരിൽ റോഷി അഗസ്റ്റിനും ഡോ. എൻ. ജയരാജും യോഗത്തിൽ പങ്കെടുത്തു; പി.ജെ. ജോസഫ്, ഡപ്യൂട്ടി ചെയർമാൻ കൂടിയായ സി.എഫ്. തോമസ്, മോൻസ് ജോസഫ് എന്നിവർ വിട്ടുനിന്നു. ജനറൽ സെക്രട്ടറി ജോയി ഏബ്രഹാമും പങ്കെടുത്തില്ല. മുൻ എംഎൽഎമാരായ തോമസ് ജോസഫ്, ജോസഫ് എം.പുതുശേരി, മുതിർന്ന നേതാക്കളായ പി.കെ.സജീവ്, പി.ടി.ജോസ് തുടങ്ങിയവർ യോഗത്തിനെത്തി. ഇതിൽ സി എഫിന്റെ മനസ്സ് മാണിയുടെ കേരളാ കോൺഗ്രസിന് ഒപ്പമാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിക്കുന്ന കേരളാ കോൺഗ്രസ് എമ്മിനൊപ്പമാകും താനെന്ന് സിഎഫ് പ്രതികരിച്ചിട്ടുണ്ട്.

മധ്യസ്ഥ ശ്രമങ്ങൾ തുടരുന്നുണ്ടെങ്കിലും ഇപ്പോഴത്തെ നടപടികൾ അതിനു പ്രയാസമുണ്ടാക്കുന്നതാണെന്നു സി.എഫ്. തോമസ് പ്രതികരിച്ചു. ചെയർമാൻ തിരഞ്ഞെടുപ്പു നടത്താൻ പി.ജെ. ജോസഫ് തയാറാകാതിരുന്നതിനെ തുടർന്നാണ് ജോസ് കെ. മാണി പക്ഷം സ്വന്തം നിലയ്ക്കു സംസ്ഥാന സമിതി യോഗം വിളിച്ചത്. മുതിർന്ന അംഗം പ്രഫ. കെ.ഐ. ആന്റണിയാണു നോട്ടിസ് നൽകിയത്. മുൻ ഗവ. പ്ലീഡർ കെ.സെഡ്. കുഞ്ചെറിയ പ്രിസൈഡിങ് ഓഫിസറായി. യോഗത്തിൽ പങ്കെടുത്തവർക്കെതിരെയുള്ള നടപടി ആലോചിക്കാൻ ഇന്നു മുതിർന്ന നേതാക്കൾ യോഗം ചേരുന്നുണ്ട്.

28 അംഗ ഉന്നതാധികാര സമിതിയിൽ 15 പേരും വിവിധ പോഷകസംഘടനാ നേതാക്കളും തനിക്കൊപ്പമുണ്ടെന്നു ജോസഫ് അവകാശപ്പെട്ടു. 8 ജില്ലാ പ്രസിഡന്റുമാരും 325 സംസ്ഥാന കമ്മിറ്റി അംഗങ്ങളും ഒപ്പമുണ്ടെന്ന് ജോസ് കെ.മാണി വിഭാഗം വ്യക്തമാക്കി. ഇതിൽ പ്രധാന ഘടകം സംസ്ഥാന സമിതിയാണ്. അതുകൊണ്ട് തന്നെ ജോസ് കെ മാണിക്കൊപ്പമാണ് കേരളാ കോൺഗ്രസ് എന്ന യാഥാർത്ഥ്യത്തിലേക്ക് കാര്യങ്ങൾ എത്തുകയാണ്. കോട്ടയത്തു നടന്നത് ഫാൻസ് അസോസിയേഷന്റെ കൂട്ടായ്മയാണ്. വിളിക്കാൻ അധികാരമില്ലാത്തവർ വിളിച്ചാൽ കമ്മിറ്റിയാകില്ല. പങ്കെടുത്തവരിൽ അധികവും സംസ്ഥാന കമ്മിറ്റിയിൽ ഇല്ലാത്തവരാണ്.-ഇതാണ് ജോസഫിന്റെ പുതിയ ആരോപണം. എന്നാൽ ഇതു ബദൽ കമ്മിറ്റിയല്ല; പി.ജെ. ജോസഫ് ഉൾപ്പെടെ എല്ലാവരെയും അറിയിച്ചിട്ടുണ്ട്. ഫാൻസ് അസോസിയേഷൻ യോഗമാണെന്ന പി.ജെ. ജോസഫിന്റെ പ്രസ്താവന മറുപടി അർഹിക്കുന്നില്ലെന്ന് ജോസ് കെ മാണിയും പറയുന്നു.

തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിക്കുന്ന കേരള കോൺഗ്രസിന് (എം) ഒപ്പമാണു ഞാൻ. കേരള കോൺഗ്രസ് (എം) എന്നു പാർട്ടിക്കു പേരിടാൻ ചേർന്ന നാലഞ്ചുപേരുടെ യോഗത്തിലെ ഒരാളാണു ഞാൻ. ആ പാർട്ടിയുടെ എംഎൽഎയാണ് ഇപ്പോഴും.-ഇങ്ങനെയാണ് സി എഫ് തോമസിന്റെ പ്രതികരണം.

ആവേശത്തിൽ അണികൾ.. വേണ്ടി വന്നത് മൂന്ന് മിനിറ്റും

ജോസ് കെ. മാണി എംപി, ചെയർമാൻ എന്ന ബോർഡും പാർട്ടി പതാകയുമായി കാർ പുറത്ത് ഒരുക്കിനിർത്തിയ ശേഷമായിരുന്നു കേരള കോൺഗ്രസ് (എം) സംസ്ഥാന സമിതി യോഗം. തിരഞ്ഞെടുപ്പു നടപടികൾക്കു വേണ്ടി വന്നതാകട്ടെ 3 മിനിറ്റ്. യോഗം നടന്ന സിഎസ്‌ഐ റിട്രീറ്റ് സെന്ററിലേക്ക് ഉച്ചമുതൽ വിവിധ ജില്ലകളിൽനിന്നുള്ള പാർട്ടി ഭാരവാഹികൾ എത്തി. എംഎൽഎമാരായ റോഷി അഗസ്റ്റിനും ഡോ.എൻ. ജയരാജും ഇവരെ സ്വീകരിച്ചു. റജിസ്‌ട്രേഷൻ കൗണ്ടറുകൾ ക്രമീകരിച്ചിരുന്നു. സംസ്ഥാന കമ്മറ്റി അംഗങ്ങൾക്കു മാത്രമായിരുന്നു പ്രവേശനം. 2.40ന് ജോസ്.കെ.മാണി എത്തിയതോടെ മുദ്രാവാക്യം വിളികളുയർന്നു.

ചെയർമാൻ തിരഞ്ഞെടുപ്പു നടപടിക്രമങ്ങൾ തുടങ്ങുന്നതായി വരണാധികാരി അറിയിച്ചതോടെ കോട്ടയം മുൻ ജില്ലാ പ്രസിഡന്റ് ഇ.ജെ. ആഗസ്തി അടക്കം ഒട്ടേറെ നേതാക്കൾ ജോസ് കെ. മാണിയുടെ പേരു നിർദേശിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. കെ.സജീവ്, തോമസ് ജോസഫ്, വഴുതാനത്ത് ബാലചന്ദ്രൻ എന്നിവർ പിന്താങ്ങി. തുടർന്ന് ജോസ് കെ. മാണിയെ എതിരില്ലാതെ ചെയർമാനായി റിട്ടേണിങ് ഓഫിസർ പ്രഖ്യാപിച്ചു. ഇതോടെ കയ്യടിയും മുദ്രാവാക്യം വിളികളും തുടങ്ങി. പലരും കയ്യിൽ കാത്തുവച്ചിരുന്ന പൂമാലകൾ ജോസ്.കെ. മാണിയെ അണിയിച്ചു. പിന്നാലെ കിരീടവും അണിയിച്ചു.

ചെയർമാനായി തിരഞ്ഞെടുത്തതിനു പിന്നാലെ ജോസ്. കെ. മാണി തുറന്ന ജീപ്പിൽ അൽപദൂരം സഞ്ചരിച്ച ശേഷം സംസ്ഥാന കമ്മിറ്റി ഓഫിസിലെത്തി ചുമതല ഏറ്റെടുത്തു. കെ.എം.മാണിയുടെ ഛായാചിത്ര അനാച്ഛാദനം നിർവഹിച്ചു. തുടർന്ന് പാലായിൽ കെ.എം. മാണിയുടെ കല്ലറയിൽ പ്രാർത്ഥനയും

കൂറുമാറ്റ നിരോധന നിയമം തൽകാലം വരില്ല.

കേരള കോൺഗ്രസ് (എം) ഫലത്തിൽ പിളർന്നെങ്കിലും അതിന്റെ ആഘാതം നിയമസഭയിൽ തൽക്കാലം ഉണ്ടാകില്ല. 5 എംഎൽഎമാരിൽ ഇരുപക്ഷത്തും 2 പേർ വീതമാണ്; ഒരാൾ നിഷ്പക്ഷനും. എംഎൽഎമാർ തങ്ങളുടെ കക്ഷിയുടെ നിലപാടിനു വിരുദ്ധമായി സഭയ്ക്കുള്ളിലോ പുറത്തോ പ്രവർത്തിക്കുക, വിപ്പ് ലംഘനം എന്നിവ ഉണ്ടാകുമ്പോഴാണു കൂറുമാറ്റ നിയമപ്രകാരം നടപടി ഉണ്ടാകുന്നത്. എന്നാൽ എല്ലാവരും യുഡിഎഫിലായതു കൊണ്ട് ഈ സാഹചര്യം ഉണ്ടാകില്ല.

ഏതെങ്കിലും അംഗം പാർട്ടി വിട്ടെന്നു കക്ഷി നേതാവിനോ അംഗങ്ങൾക്കോ സ്പീക്കർക്കു പരാതി നൽകാം. ആരോപണവിധേയനായ അംഗത്തിനു സ്പീക്കർ ഒരാഴ്ചയ്ക്കകം നോട്ടിസ് നൽകണം. പാർട്ടിയുടെ പേരും ചിഹ്നവും സംബന്ധിച്ച തർക്കം ഉണ്ടായാൽ തിരഞ്ഞെടുപ്പു കമ്മിഷനാണു തീരുമാനം എടുക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP