Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ദിരാ ഗാന്ധി ഇരുന്ന ഇരിപ്പടത്തിന് അടുത്തെത്തിയ അഭിമാനത്തിൽ രമ്യാ ഹരിദാസ്; ചോദ്യോത്തര വേള തുടങ്ങുന്ന ദിവസം തന്നെ അവസരം ലഭിച്ച ആഹ്ലാദത്തിൽ അടൂർ പ്രകാശ്; സോണിയയ്ക്ക് മുമ്പിൽ കൈകൂപ്പിയും രാഹുലിന് കൈകൊടുത്തും ആരിഫ്; തിണ്ണമിടുക്കിന്റെ മികവിൽ ബഹളം വച്ചും ഡെസ്‌കിൽ അടിച്ചും ബിജെപി എംപിമാർ; തുടക്കമേ അലമ്പാക്കി പ്രജ്ഞാ സിങ്; ലോക്‌സഭയിലെ ആദ്യ ദിനം സംഭവ ബഹുലമായത് ഇങ്ങനെ

ഇന്ദിരാ ഗാന്ധി ഇരുന്ന ഇരിപ്പടത്തിന് അടുത്തെത്തിയ അഭിമാനത്തിൽ രമ്യാ ഹരിദാസ്; ചോദ്യോത്തര വേള തുടങ്ങുന്ന ദിവസം തന്നെ അവസരം ലഭിച്ച ആഹ്ലാദത്തിൽ അടൂർ പ്രകാശ്; സോണിയയ്ക്ക് മുമ്പിൽ കൈകൂപ്പിയും രാഹുലിന് കൈകൊടുത്തും ആരിഫ്; തിണ്ണമിടുക്കിന്റെ മികവിൽ ബഹളം വച്ചും ഡെസ്‌കിൽ അടിച്ചും ബിജെപി എംപിമാർ; തുടക്കമേ അലമ്പാക്കി പ്രജ്ഞാ സിങ്; ലോക്‌സഭയിലെ ആദ്യ ദിനം സംഭവ ബഹുലമായത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ലോക്സഭാ സമ്മേളനത്തിന്റെ ആദ്യദിനത്തിൽ ആവേശത്തിലായിരുന്നു കേരളത്തിൽനിന്നുള്ള പുതുമുഖ എംപി.മാർ. സത്യപ്രതിജ്ഞചെയ്ത കേന്ദ്രമന്ത്രിമാരിൽ കൂടുതൽ കൈയടി ലഭിച്ചത് സ്മൃതി ഇറാനിക്കായിരുന്നു. അമേഠിയിൽ രാഹുൽഗാന്ധിയെ വീഴ്‌ത്തിയ സ്മൃതി സത്യപ്രതിജ്ഞ ചെയ്യാൻ എഴുന്നേറ്റപ്പോൾ പ്രധാനമന്ത്രിയും അമിത് ഷായും ഉൾപ്പടെയുള്ള ഭരണകക്ഷിയംഗങ്ങൾ ഡസ്‌കിൽ അടിച്ചു സ്വാഗതംചെയ്തു. ഇങ്ങനെ പല നാടകീയതകൾക്കും ലോക്‌സഭയിലെ ആദ്യ ദിനം സാക്ഷിയായി.

അംഗങ്ങളുടെ സത്യപ്രതിജ്ഞയോടെയാണ് 17ാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിനു തുടക്കമായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യം സത്യപ്രതിജ്ഞ ചൊല്ലിയത്. തുടർന്ന് അക്ഷരമാല ക്രമത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അംഗങ്ങളുടെ സത്യപ്രതിജ്ഞ ആരംഭിച്ചു. കേരളമടക്കം 23 സംസ്ഥാനങ്ങളിലെ എംപിമാരാണു പ്രതിജ്ഞയെടുത്തത്. ബാക്കിയുള്ളവരുടെ സത്യപ്രതിജ്ഞ ഇന്നു പൂർത്തിയാകും. നാളെ സ്പീക്കർ തിരഞ്ഞെടുപ്പു നടക്കും. 20 ന് രാഷ്ട്രപതി സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിക്കു നരേന്ദ്ര മോദിക്കു ശേഷം ലോക്‌സഭയിൽ സത്യപ്രതിജ്ഞ ചെയ്യാൻ ആദ്യ അവസരം ലഭിച്ചത് മാവേലിക്കരയുട എംപി കൊടിക്കുന്നിൽ സുരേഷിന്.

പ്രോടെം സ്പീക്കറെ സഹായിക്കാനുള്ള മൂന്നംഗ പാനലിൽ കൊടിക്കുന്നിൽ ഉൾപ്പെട്ടതു കൊണ്ടാണ് ഈ അവസരം ലഭിച്ചത്. ബ്രിജ്ഭൂഷൺ ശരൺ സിങ് (ബിജെപി), കൊടിക്കുന്നിൽ സുരേഷ് (കോൺഗ്രസ്), ഭർതൃഹരി മഹ്താബ് (ബിജെഡി) എന്നിവരാണു പാനലിലുള്ളത്. ഇതിൽ ബ്രിജ്ഭൂഷണെയാണ് ആദ്യം ക്ഷണിച്ചത്. എന്നാൽ അപ്പോൾ അദ്ദേഹം സഭയിൽ എത്തിയിരുന്നില്ല. തുടർന്നാണു കൊടിക്കുന്നിലിന് അവസരം ലഭിച്ചത്. രാഷ്ട്രീയ പാർട്ടികളുടെ കേരള യാത്ര പോലെ കാസർകോട് നിന്നായിരുന്നു ലോക്‌സഭയിൽ കേരള അംഗങ്ങളുടെ സത്യപ്രതിജ്ഞ തുടങ്ങിയത്. ലോക്‌സഭയിലും ആലത്തൂരിലെ പെങ്ങളൂട്ടി എല്ലാവരുടേയും പ്രിയങ്കരിയാവുകയാണ്. രമ്യാ ഹരിദാസിനും മതിയായ ശ്രദ്ധ ആദ്യ ദിനം ലോക്‌സഭയിൽ കിട്ടി.

കേരളത്തിൽ നിന്നുള്ള അംഗങ്ങൾക്കൊപ്പം രാഹുൽ ഗാന്ധിയും പ്രതിജ്ഞയെടുത്തു. വിവിധ ഭാഷകളിലാണ് അംഗങ്ങൾ പ്രതിജ്ഞയെടുത്തത്. പ്രധാനമന്ത്രിയും അമിത് ഷായുമടക്കം പല മന്ത്രിമാരും ഹിന്ദിയിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ ആരോഗ്യമന്ത്രി ഹർഷ് വർധൻ സംസ്‌കൃതത്തിലാണു പ്രതിജ്ഞയെടുത്തത്. തുടർന്നു മറ്റുചില ബിജെപി അംഗങ്ങളും സംസ്‌കൃതത്തിൽ പ്രതിജ്ഞാ വാചകം ചൊല്ലി. ശിവസേന അംഗങ്ങൾ ഭഗവാൻ പരമശിവന്റെ പര്യായമായ പരമേശ്വരന്റെ നാമത്തിലാണു പ്രതിജ്ഞയെടുത്തത്. പുതിയ ലോകത്തെത്തിയതു പോലെ പുതുമുഖ എംപിമാർ പാർലമെന്റ് ചുറ്റും നടന്നുകണ്ടു.

അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്കിടയിലാണ് ഭോപാലിൽനിന്നുള്ള ബിജെപി. അംഗം പ്രജ്ഞാ സിങ് പുതിയ വിവാദമുണ്ടാക്കിയത്. മാലേഗാവ് സ്‌ഫോടനക്കേസിൽ പ്രതിയായ അവർ, സത്യപ്രതിജ്ഞയ്ക്കിടയിൽ സ്വന്തം പേരിനൊപ്പം ഗുരുവായ സ്വാമി പൂർണചേതാനന്ദ് അവേധാശാനന്ദ് ഗിരിയുടെ പേരുകൂടി ചേർത്തുവായിച്ചതാണു പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. സംസ്‌കൃതത്തിലായിരുന്നു പ്രതിജ്ഞ. ഭാരത് മാതാ കീജയ് എന്നുവിളിച്ചായിരുന്നു അവർ പ്രതിജ്ഞ അവസാനിപ്പിച്ചത്.

സത്യവാചകത്തിനിടയിൽ സ്വന്തം വാക്കുകൾ തിരുകിക്കയറ്റാനാവില്ലെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷം ബഹളംവെച്ചു. ആർ.എസ്‌പി. അംഗം എൻ.കെ. പ്രേമചന്ദ്രനാണ് വിഷയം പ്രോട്ടെം സ്പീക്കറുടെ ശ്രദ്ധയിൽപ്പെടുത്തിയത്. സത്യവാങ്മൂലത്തിൽ പ്രജ്ഞ പേരു നൽകിയിരിക്കുന്നതെങ്ങനെയെന്നു പരിശോധിക്കണമെന്നും അദ്ദേഹമാവശ്യപ്പെട്ടു. കേരളത്തിൽനിന്നുള്ള അംഗങ്ങൾ പ്രേമചന്ദ്രനെ പിന്തുണച്ച് എഴുന്നേറ്റു. പ്രജ്ഞയെ പിന്തുണച്ച് ബിജെപി. അംഗങ്ങളും അണിനിരന്നു. ഇതോടെ ബഹളമായി. സർട്ടിഫിക്കറ്റിൽ ചേർത്തിരിക്കുന്ന പേരുമാത്രമേ സത്യവാചകത്തിൽ ഉൾപ്പെടുത്താവൂവെന്ന് പ്രോട്ടെംസ്പീക്കർ റൂളിങ് നൽകി.തുടർന്ന് പ്രതിജ്ഞയെടുത്ത മറ്റു ബിജെപി. അംഗങ്ങളും സത്യവാചകത്തിന്റെ ഒടുവിൽ ഭാരത്മാതാ കീ ജയ് മുദ്രാവാക്യം മുഴക്കാൻ തുടങ്ങി. പ്രതിപക്ഷം വീണ്ടും വിഷയമുന്നയിച്ചു. സഭാചട്ടമനുസരിച്ചു നിലവിലുള്ള രീതി പിന്തുടരണമെന്ന് പ്രോട്ടെംസ്പീക്കർ റൂളിങ് നൽകി. എന്നിട്ടും ബിജെപി. അംഗങ്ങൾ വഴങ്ങിയില്ല.

ലോക്സഭയിൽ സത്യപ്രതിജ്ഞ ചെയ്യവേ, മുൻപ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധിയും രാജീവ്ഗാന്ധിയുമൊക്കെ ഓർമയിൽ തെളിഞ്ഞെന്ന് ആലത്തൂർ എംപി. രമ്യാ ഹരിദാസ്. ഈ നേതാക്കൾ ഏറെക്കാലം പ്രവർത്തിച്ച സഭയിൽ എത്താൻ കഴിഞ്ഞത് ഭാഗ്യമാണെന്ന് രമ്യ പറയുന്നു. അവർ സത്യപ്രതിജ്ഞ ചെയ്യുന്നതുകാണാൻ അമ്മ രാധാഹരിദാസും നാട്ടിലെയും മണ്ഡലത്തിലെയും പാർട്ടിപ്രവർത്തകരും പാർലമെന്റിലെത്തിയിരുന്നു.കേരളത്തിലെ ഏക ഇടതു എംപി. എ.എം. ആരിഫ് സത്യപ്രതിജ്ഞയ്ക്കുമുമ്പ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിക്ക് കൈകൊടുത്തതും സോണിയഗാന്ധിക്കു മുന്നിൽ കൈകൂപ്പിയതും സഭയിലെ കൗതുകമായി.

ഹിന്ദിയിൽ കൊടിക്കുന്നിൽ സത്യവാചകം ചൊല്ലിയപ്പോൾ ബിജെപി ബെഞ്ചുകളിൽ നിന്നു വലിയ കയ്യടിയുയർന്നു. സത്യപ്രതിജ്ഞ ചെയ്ത് സോണിയ ഗാന്ധിയുടെ അടുത്തിരുന്ന കൊടിക്കുന്നിലിനോട് എന്തിനാണു മലയാളത്തിൽ പ്രതിജ്ഞ ചൊല്ലാതെ ഹിന്ദിയിൽ ചൊല്ലിയതെന്ന് സോണിയ ചോദിച്ചു. പിന്നീടു തിരിഞ്ഞ് പുറകിലിരുന്ന കേരള എംപിമാരോട് നിങ്ങൾ മലയാളത്തിൽ പ്രതിജ്ഞ എടുക്കണമെന്നും കേരളത്തിന്റെ തനിമ കാത്തു സൂക്ഷിക്കണമെന്നും സോണിയ പറഞ്ഞു.

രാജ്‌മോഹൻ ഉണ്ണിത്താൻ, എം.കെ. രാഘവൻ, വി. കെ. ശ്രീകണ്ഠൻ, എ.എം. ആരിഫ് എന്നിവർ മാത്രമാണു മലയാളത്തിൽ സത്യപ്രതിജ്ഞ എടുത്തത്. കൊടിക്കുന്നിൽ ഒഴിച്ച് ബാക്കിയെല്ലാവരും ഇംഗ്ലിഷിൽ പ്രതിജ്ഞയെടുത്തു. ഇന്ത്യ-പാക്കിസ്ഥാൻ ക്രിക്കറ്റ് മത്സരം കാണാൻ ഇംഗ്ലണ്ടിലേക്കു പോയ ശശി തരൂർ ആദ്യദിനം പ്രതിജ്ഞയെടുത്തതുമില്ല. രാഹുൽ ഗാന്ധി, ആരിഫ്, എൻ.കെ. പ്രേമചന്ദ്രൻ എന്നിവർ ദൃഢപ്രതിജ്ഞയെടുത്തു. ചോദ്യോത്തര വേളയിൽ തന്നെ ചോദ്യം ഉന്നയിക്കാൻ അടൂർ പ്രകാശിന് അവസരവും ലഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP