Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാന്തപുരം വിഭാഗം പലയിടത്തും പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു; ഏറ്റവും പുതുതായി വാലില്ലാപ്പുഴ മദ്രസയിൽ വന്ന് അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും അക്രമിച്ചു; കത്തി, വടി, പട്ടിക എന്നിവയുമായി വിദ്യാർത്ഥികളുടെ മുന്നിലിട്ട് അദ്ധ്യാപകരെ അക്രമിച്ചു; മതസ്ഥാപനങ്ങളിൽ സംഘർഷം സൃഷ്ടിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്ന് ഇ.കെ സമസ്തയുടെ ലീഗൽ സെൽ; സമസ്തയുടെ 9925അംഗീകൃത മദ്‌റസകൾ തുറന്നതോടെ എപി- ഇകെ തർക്കവും വ്യാപിക്കുന്നു

കാന്തപുരം വിഭാഗം പലയിടത്തും പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു; ഏറ്റവും പുതുതായി വാലില്ലാപ്പുഴ മദ്രസയിൽ വന്ന് അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും അക്രമിച്ചു; കത്തി, വടി, പട്ടിക എന്നിവയുമായി വിദ്യാർത്ഥികളുടെ മുന്നിലിട്ട് അദ്ധ്യാപകരെ അക്രമിച്ചു; മതസ്ഥാപനങ്ങളിൽ സംഘർഷം സൃഷ്ടിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്ന് ഇ.കെ സമസ്തയുടെ ലീഗൽ സെൽ; സമസ്തയുടെ 9925അംഗീകൃത മദ്‌റസകൾ തുറന്നതോടെ എപി- ഇകെ തർക്കവും വ്യാപിക്കുന്നു

ജംഷാദ് മലപ്പുറം

മലപ്പുറം: റമദാൻ കഴിഞ്ഞ് മദ്‌റസകൾ തുറന്നതോടെ മലബാറിൽ എപി- ഇകെ തർക്കവും വ്യാപിക്കുന്നു. മതസ്ഥാപനങ്ങളിൽ സംഘർഷം സൃഷ്ടിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്ന് സമസ്ത ലീഗൽ സെൽ സംസ്ഥാന കൺവീനർ പിണങ്ങോട് അബൂബക്കർ പറഞ്ഞു. റമദാൻ കഴിഞ്ഞു കേരളത്തിലും പുറത്തുമുള്ള 9925 സമസ്തയുടെ അംഗീകൃത മദ്‌റസകൾതുറന്നു പ്രവർത്തനം ആരംഭിച്ചു. പതിവുപോലെ ഈ വർഷവും കാന്തപുരം വിഭാഗം പലയിടത്തും പ്രശ്‌നങ്ങൾ ഉണ്ടാക്കിവരികയാണ്. ഏറ്റവും പുതുതായി മലപ്പുറം ജില്ലയിലെ വാലില്ലാപ്പുഴ മദ്രസയിൽ വന്ന് അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും നാട്ടുകാരെയും അന്യായമായി അക്രമിച്ചു. തങ്ങളുടെ പൂർവ്വ പിതാക്കന്മാരുടെ സംഭാവനകൾ കൂടി ഉപയോഗപ്പെടുത്തി നിർമ്മിച്ച മതസ്ഥാപനങ്ങളായതിനാൽ അവകാശം ചോദിച്ചാണ് ചിലർ രംഗത്തുവരുന്നത്. മതസ്ഥാപനങ്ങൾ സ്വകാര്യസ്വത്തല്ലെന്നും പൊതുസ്വത്താണെന്നും അറിയാത്തവരല്ല ഇവർ. കരുതിക്കൂട്ടി കുഴപ്പങ്ങൾ ഉണ്ടാക്കി മതരംഗം മലിനമാക്കാൻ ഇറങ്ങിപ്പുറപ്പെടുകയാണ് ഇവരെന്നും അദ്ദേഹം പറഞ്ഞു.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നേതാക്കൾ സർക്കാരിന്റെ മുമ്പിലും ഉദ്യോഗസ്ഥർക്കും മുമ്പിലും ന്യായമായ ചില വ്യവസ്ഥകൾ വച്ചിട്ടുണ്ട്. കക്കോവ്, പള്ളിക്കൽ ബസാർ, ചീക്കോട് തുടങ്ങിയ ദേശങ്ങളിൽ ചില പൊലീസ് അധികാരികൾ പോലും നീതിയുടെ പക്ഷത്ത് നിൽക്കാത്ത ഘട്ടത്തിലാണ് ചർച്ച നടത്തിയത്. ഒരു മതസ്ഥാപനത്തിന്റെ ആധികാരിക രേഖയായ ആധാരത്തിൽ നിർദ്ദേശിക്കപ്പെട്ട ആശയത്തിനും സംഘടനക്കും പരിരക്ഷ ലഭിക്കണം, ഒരു പ്രദേശത്തെ പള്ളി മദ്രസ സ്ഥാപനങ്ങൾ നടത്തുന്ന സംഘടനയുടെ ഭരണഘടന നിർദ്ദേശങ്ങളും ജനറൽ ബോഡി ഭൂരിപക്ഷവും മാനിക്കണം-അംഗീകരിക്കണം, ബഹുമാനപ്പെട്ട കോടതികൾ വിധി അംഗീകരിക്കണം ഇതായിരുന്നു നേതാക്കൾ മുന്നോട്ടുവച്ച വ്യവസ്ഥ. എന്നാൽ ഈ വ്യവസ്ഥകൾ നിരന്തരം പലയിടത്തും ലംഘിക്കപ്പെടുന്നു. പ്രാദേശിക രാഷ്ട്രീയ നേതൃത്വവും മറ്റു ചില ശക്തികളും ചേർന്ന് സത്യത്തിനും നീതിക്കും എതിരെ പ്രവർത്തിക്കുന്നത് അംഗീകരിക്കാനാവില്ല.

രാജ്യത്തിന്റെ ഭരണഘടനയും നിയമവ്യവസ്ഥയും ശരീഅത്ത് ചട്ടങ്ങളും മാനിക്കാതെ മതസ്ഥാപനങ്ങൾ കയ്യേറി കുഴപ്പങ്ങൾ ഉണ്ടാക്കി സംഘർഷം സൃഷ്ടിക്കുന്നത് ചിലർ പതിവാക്കിയിരിക്കുകയാണ്. സമസ്തമയുടെ ആശയങ്ങളോടും നയങ്ങളോടും വിയോജിപ്പ് ഉള്ളതുകൊണ്ട് പുറത്തുപോകേണ്ടിവന്നവരും പുറത്താക്കപ്പെട്ടവരുമാണ് ഇപ്പോൾ സംഘം ചേർന്ന് വിവാദങ്ങൾ സൃഷ്ടിക്കുന്നത്. മദ്രസാ അദ്ധ്യാപകരുടെ അദ്ധ്യാപകനാണ് തെളിയിക്കുന്ന പ്രാഥമിക രേഖയായ എംഎസ്.ആർ പോലും തെറ്റിദ്ധാരണ പരത്താൻ ഉപയോഗപ്പെടുത്തുകയാണ്.
മതപഠനത്തിനും ആരാധനകൾക്കും വേണ്ടി സ്ഥാപിക്കപ്പെട്ട പള്ളി-മദ്രസകൾ ഏത് വലിയ വെല്ലുവിളി ഉണ്ടായാലും സംരക്ഷിക്കപ്പെടാൻ സ്ഥാപന അധികാരികളും സമസ്തയും കടപ്പെട്ടവരാണ്. ഇസ്ലാമിക പ്രമാണത്തിന് വിരുദ്ധമായി ഇത്തരക്കാർ നടത്തുന്ന പ്രചാരണവും പ്രവർത്തനങ്ങളും എന്ത് വില കൊടുത്തും തടയുകതന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

വാലില്ലാപ്പുഴ തർബ്ബിയത്തുൽ ഉലൂം മദ്രസയിൽ കഴിഞ്ഞ ദിവസം സംഘംചേർന്ന് അതിക്രമിച്ച് കയറി പ്രധാനാദ്ധ്യാപകനടക്കം ആറുപേരെ മർദ്ദിച്ച് പരിക്കേൽപ്പിച്ചിരുന്നു.രാവിലെ ആറര മണിയോടെയാണ് സംഭവം. പരിക്കേറ്റ സദർ മുദരിസും മസ്ജിദ് ഇമാമും ഖതീബുമായ നെല്ലിക്കുത്ത് പാറക്കൽ മുഹ്യുദ്ദീൻ സഖാഫി (40), അദ്ധ്യാപകരായ അബ്ദുൽ ലത്തീഫ് മുസ്ലിയാർ (50), പുൽപ്പറ്റ തോട്ടക്കാട് പെരുതനങ്ങോട് മുഹമ്മദ് സൽമാൻ (32), മദ്രസ കമ്മറ്റി അംഗങ്ങളായ എസ് വൈ എസ് യൂണിറ്റ് സെക്രട്ടറി മുഹമ്മദ് ഹനീഫ (30), മഹല്ല് സെക്രട്ടറി വൈ പി മൊയ്തീൻകുട്ടി (62), ഷമീർ (34) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മദ്രസയിൽ അദ്ധ്യാപക നിയമനം സംബന്ധിച്ച് തർക്കം നില നിന്നിരുന്നു. 1993 മുതൽ സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് സിലബസ്സനുസരിച്ച് അദ്ധ്യയനം നടക്കുന്ന മദ്‌റസയിൽ 93 വിദ്യാർത്ഥികളാണ് പഠിക്കുന്നത്. മദ്രസ കമ്മറ്റിയെന്ന് വ്യാജരേഖയുണ്ടാക്കി ഒരു വിഭാഗം ഭരണം പിടിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും ജില്ലാ രജിസ്ട്രാറുടെ 2019 ഏപ്രിൽ 30ലെ ഉത്തരവ് പ്രകാരം ഇതിന് കഴിയാതെ പോയതിലുള്ള വിരോധമാണ് പ്രതികളെ അക്രമത്തിലേക്ക് നയിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു.

കത്തി, വടി, പട്ടിക എന്നിവയുമായി മദ്രസയിൽ അതിക്രമിച്ച് കയറിയ സംഘം വിദ്യാർത്ഥികളുടെ മുന്നിലിട്ട് അദ്ധ്യാപകരെ അക്രമിക്കുകയായിരുന്നു. കുട്ടികളുടെ കൂട്ടക്കരച്ചിൽ കേട്ട് ഓടിയെത്തിയ കമ്മറ്റിയംഗങ്ങൾക്കും അക്രമത്തിൽ പരിക്കേറ്റു. സംഭവത്തിൽ വാലില്ലാപ്പുഴ സ്വദേശികളായ കാരങ്ങാടൻ അബ്ദുൽ ലത്തീഫ് (49), ശങ്കരൻകണ്ടി മുഹമ്മദ് (60), പാലാന്തൊടി റഷീദ് (42), ടി പി കബീർ (45) എന്നിവർക്കെതിരെ അരീക്കോട് പൊലീസ് കേസ്സെടുത്ത് അന്വേഷണമാരംഭിച്ചു. എന്നാൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് ഇകെ വിഭാഗമാണെന്നാണ് എപിക്കാരുടെ വാദം. തങ്ങളുടെ മദ്രസകൾ അവർ പിടിച്ചെടുക്കയാണെന്നും എപി വിഭാഗം ആരോപിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP