Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റാഗിംഗിന്റെ പേരിൽ പഠനം മുടങ്ങിയ ആതിരയ്ക്ക് പിന്തുണയുമായി വിവധ സംഘടനകൾ; വിദ്യാർത്ഥിനിക്ക് ആവശ്യമായ സഹായങ്ങൾ ഉടൻ ലഭ്യമാക്കണമെന്ന് റവല്യൂഷണറി യൂത്ത്; വിദ്യാർത്ഥികളെ വഞ്ചിക്കുന്ന ഏജന്റുമാർക്കെതിരെയും കോളേജുകൾക്കെതിരെയും സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും നേതാക്കൾ

റാഗിംഗിന്റെ പേരിൽ പഠനം മുടങ്ങിയ ആതിരയ്ക്ക് പിന്തുണയുമായി വിവധ സംഘടനകൾ; വിദ്യാർത്ഥിനിക്ക് ആവശ്യമായ സഹായങ്ങൾ ഉടൻ ലഭ്യമാക്കണമെന്ന് റവല്യൂഷണറി യൂത്ത്; വിദ്യാർത്ഥികളെ വഞ്ചിക്കുന്ന ഏജന്റുമാർക്കെതിരെയും കോളേജുകൾക്കെതിരെയും സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും നേതാക്കൾ

കെ വി നിരഞ്ജൻ

കോഴിക്കോട്:വിദ്യാഭ്യാസ കച്ചവട ലോബിയുടെ ധാർഷ്ഠ്യം കാരണം തുടർ പഠനം മുടങ്ങിയ ആതിരയ്ക്ക് പിന്തുണയുമായി വിവിധ സംഘടനകൾ. ആതിരയ്ക്ക് ആവശ്യമായ സഹായങ്ങൾ ഉടൻ ലഭ്യമാക്കണമെന്ന് റവല്യൂഷണറി യൂത്ത് നേതാക്കൾ ആവശ്യപ്പെട്ടു. നഴ്സിങ് പഠനത്തിനായി തമിഴ്‌നാട് പേരമ്പല്ലൂരിലെ ശ്രീനിവാസൻ കോളെജ് ഓഫ് നഴ്സിങ് എന്ന സ്ഥാപനത്തിൽ ചേർന്ന കോഴിക്കോട് ചേളന്നൂർ പാലക്കോട്ടുതാഴം ഹരിവൽത്തിൽ പി ഷാജിയുടെയും കെ എം ജിവിഷയുടെയും മകളായ ആതിരയ്ക്ക് ഹോസ്റ്റലിലെ റാഗിംഗിനെ തുടർന്ന് പഠനം തുടരാൻ സാധിച്ചില്ല.

ഒരു വർഷത്തെ ഫീസായ ഒന്നര ലക്ഷത്തോളം രൂപ കോഴ്സിന് ചേരുമ്പോൾ തന്നെ അടച്ചിരുന്നു. തന്റെ സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളും ചോദിച്ചപ്പോൾ നാലു വർഷത്തെ കോഴ്സിന്റെ മൊത്തം ഫീസായ അഞ്ചു ലക്ഷം രൂപ മുഴുവനായി അടച്ചാൽ മാത്രമെ അവ നൽകാൻ കഴിയൂ എന്ന നിലപാടിലാണ് കോളെജ് അധികൃതർ. ഇതോടെ എന്ത് ചെയ്യണമെന്നറിയാതെ നിസ്സഹായരാവുകയാണ് ആതിരയും കുടുംബവും. ആതിരയുടെ ദയനീയ അവസ്ഥയെക്കുറിച്ച് കഴിഞ്ഞ ദിവസം മറുനാടൻ മലയാളി വാർത്ത നൽകിയിരുന്നു. ഇതേ തുടർന്നാണ് വിവിധ സംഘടനകൾ ആതിരയ്ക്ക് പിന്തുണയുമായി എത്തുന്നത്.

കഴിഞ്ഞ രണ്ടു വർഷമായി നിരവധി ശ്രമങ്ങൾ നടത്തിയിട്ടും സർട്ടിഫിക്കറ്റുകൾ തിരിച്ച് നൽകാൻ തയ്യാറാകാത്ത കോളജ് മാനേജ്മെന്റ് നടപടി മൂലം തുടർ പഠനം പോലും മുടങ്ങുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് റവല്യൂഷണറി യൂത്ത് നേതാക്കൾ വ്യക്തമാക്കി. എസ്.എസ്.എൽ.സിക്കും, പ്ലസ് ടു വിനും ഉന്നത വിജയം നേടിയ ആതിര തനിക്ക് ഇഷ്ടപ്പെട്ട തൊഴിൽ മേഖല സ്വപ്നം കണ്ടാണ് നഴ്സിങ് കോഴ്സിന് ചേരാൻ തീരുമാനിച്ചത്.

എന്നാൽ തന്റെ പ്രതീക്ഷകളെ മുഴുവൻ തല്ലി കെടുത്തുന്ന മാനസിക-ശാരീരിക പീഡനത്തെ തുടർന്ന് ആതിരയ്ക്ക് പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. വിദ്യാഭ്യാസ വായ്പയെടുത്ത് ആദ്യവർഷത്തെ ഒന്നര ലക്ഷത്തോളം ഫീസ് അടച്ചതും, ആതിരയുടെ സർട്ടിഫിക്കറ്റുകളും തിരിച്ച് നൽകാൻ മാനേജ്മെന്റ് ഇത് വരെ തയ്യാറായിട്ടില്ല.സാമ്പത്തികമായി ഏറെ പ്രയാസമനുഭവിക്കുന്ന ആതിരയുടെ കുടുംബം വീട് വിൽപ്പനയ്ക്ക് വെച്ച് ബാങ്ക് വായ്പ തിരിച്ചടക്കാനൊരുങ്ങുകയാണ്.വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് എംഎ‍ൽഎക്കും, കലക്ടർക്കും പരാതി നൽകിയിട്ടും അനുകൂല നടപടി ഇതുവരെ ഉണ്ടായില്ല. മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ട് വർഷം പിന്നിട്ടിട്ടും യാതൊരു മറുപടിയും ഉണ്ടായില്ല.

വിദ്യാഭ്യാസ മേഖലയിൽ കൊടികുത്തി വാഴുന്ന കച്ചവട ലോബിയുടെ ധാർഷ്ഠ്യത്തിനും, ധിക്കാരത്തിനും മുന്നിൽ തകരുന്നത് ഒരു വിദ്യാർത്ഥിനിയുടെ ജീവിതവും അതുവഴി പാവപ്പെട്ടൊരു കുടുംബത്തിന്റെ ഭാവി പ്രതീക്ഷയുമാണ്.ഉന്നത വിദ്യാഭ്യാസ രംഗത്ത് മോഹന വാഗ്ദാനങ്ങൾ നൽകി വിദ്യാർത്ഥികളെ വഞ്ചിക്കുന്ന ഏജന്റുമാർക്കെതിരെ കർശന നിയമ നടപടികൾ ഉണ്ടാവേണ്ടതുണ്ട്. ഇത്തരം സംഘങ്ങളെ നിയന്ത്രിക്കാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന് റവല്യൂഷണറി യുത്ത് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ പഠനം മുടങ്ങുന്ന വിദ്യാർത്ഥികൾക്ക് ഫീസും സർട്ടിഫിക്കറ്റുകളും തിരിച്ച് നൽകണമെന്ന് യുജിസിയും, കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയവും നിയമം ഉണ്ടാക്കിയിട്ടും അതിനെ തകിടം മറിക്കുന്ന ഇത്തരം കച്ചവട സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര മാനവവിഭവശേഷി മന്ത്രിക്കും,യുജിസിക്കും റവല്യൂഷണറി യൂത്ത് പരാതി നൽകും. ആതിരയുടെ തുടർവിദ്യാഭ്യാസത്തിനാവശ്യമായ സാഹചര്യമൊരുക്കാൻ അടിയന്തര ഇടപെടൽ സർക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവേണ്ടതുണ്ട് ഈ വിഷയം മുൻനിർത്തി സമരങ്ങളുമായി മുന്നോട്ട് പോകുമെന്ന് അതിരയുടെ വീട് സന്ദർശിച്ച ശേഷം റവലൂഷണറി യൂത്ത് നേതാക്കൾ പ്രസ്താവനയിൽ അറിയിച്ചു. കൂടുതൽ ആളുകളിൽ നിന്ന് പിന്തുണ ലഭിക്കുന്നതിൽ നന്ദിയുണ്ടെന്നും തന്റെ പ്രയാസം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആതിര വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP