Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയൻ ഗോവിന്ദന്റെ ഒരു മകൻ ജിവിച്ചത് നിർമ്മാണ തൊഴിലാളിയായി; ദീർഘകാലം മന്ത്രിയായിട്ടും സ്വന്തം വീട് വിറ്റുപോയ പാലോളി മുഹമ്മദുകുട്ടി; ഇക്കാലത്തും കൂലിപ്പണി ചെയ്തും ഹോട്ടലിൽ ജോലി ചെയ്തും ജീവിതം പുലർത്തുന്നത് പി ജയരാജന്റെ മക്കൾ മാത്രം; ബിനോയ് കോടിയേരിയുടെ ബലാൽസംഗ വിവാദം പുറത്തുവരുന്നതോടെ പാർട്ടിയിൽ ഒറ്റപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി; പിണറായിയുടെ പിൻഗാമി സ്ഥാനവും അടുത്ത മുഖ്യമന്ത്രിപദവും ഇനി സ്വപ്നങ്ങൾ മാത്രം

സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയൻ ഗോവിന്ദന്റെ ഒരു മകൻ ജിവിച്ചത് നിർമ്മാണ തൊഴിലാളിയായി; ദീർഘകാലം മന്ത്രിയായിട്ടും സ്വന്തം വീട് വിറ്റുപോയ പാലോളി മുഹമ്മദുകുട്ടി; ഇക്കാലത്തും കൂലിപ്പണി ചെയ്തും ഹോട്ടലിൽ ജോലി ചെയ്തും ജീവിതം പുലർത്തുന്നത് പി ജയരാജന്റെ മക്കൾ മാത്രം; ബിനോയ് കോടിയേരിയുടെ ബലാൽസംഗ വിവാദം പുറത്തുവരുന്നതോടെ പാർട്ടിയിൽ ഒറ്റപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി; പിണറായിയുടെ പിൻഗാമി സ്ഥാനവും അടുത്ത മുഖ്യമന്ത്രിപദവും ഇനി സ്വപ്നങ്ങൾ മാത്രം

രഞ്ജിത്ത് ബാബു

കണ്ണൂർ: കമ്യൂണിസ്റ്റ് ശൈലി വിട്ട് മക്കളെ വളരാൻ അനുവദിച്ചതിന്റെ ദുരന്തഫലമാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇപ്പോൾ നേരിടുന്നത്. ഇ.കെ. നായനാരും ചടയൻ ഗോവിന്ദനും പിണറായി വിജയനുമൊക്കെ ഇരുന്ന പാർട്ടി നേതൃസ്ഥാനത്ത് ഇരിക്കുന്ന കോടിയേരി മക്കളുടെ പേരിൽ നേരിടുന്നത് കടുത്ത വിമർശമാണ്. ബിനോയിയുടെ ബലാൽസംഗക്കേസുകൂടി പുറത്തുവന്നതോടെ പാർട്ടിയിൽ തീർത്തും ഒറ്റപ്പെട്ട നിലയിലുമാണ് ഈ സിപിഎം നേതാവ്. പാർട്ടി കുടുംബങ്ങളിലേക്ക്അരാഷ്ട്രീയതയും സാമ്പത്തികതാൽപ്പര്യങ്ങളും കടന്നുവരുന്നുവെന്ന് പാർട്ടി കോൺഗ്രസും സിപിഎമ്മിന്റെ തെറ്റുതിരുത്തൽ രേഖകളും പല തവണ മുന്നറിയിപ്പും നൽകിയിരുന്നു. സാധാരണഗതിയിൽ കമ്യൂണിസ്റ്റ് നേതാക്കളുടെ മക്കൾ വിവാദത്തിൽനിന്ന് അകന്നു നിൽക്കയാണ് പതിവ്. സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്നു ചടയൻ ഗോവിന്ദന്റെ മക്കളൊക്കെ തീർത്തും സാധാരണക്കാരായാണ് ജീവിച്ചത്്. ചടയന്റെ ഒരു മകൻ നിർമ്മാണത്തൊഴിലാളിയായി ജീവിക്കുന്നത് മലയാള മനോരമപോലും മുമ്പ് വാർത്തയാക്കിയിരുന്നു.അതുപോലെ തന്നെ, ഇത്രകാലം രാഷ്ട്രീയ പ്രവർത്തനം നടത്തിയിട്ടും മുതിർന്ന നേതാവും മുൻ മന്ത്രിയുമായ സിപിഎം നേതാവ് പാലോളി മുഹമ്മദ് കുട്ടിയുടെ വീട് വിറ്റുപോയതടക്കമുള്ള കാര്യങ്ങൾ ഇന്ന് സങ്കൽപ്പിക്കാൻ പോലും കഴിയില്ല.

രാഷ്ട്രീയത്തിന്റെ തീചൂളയിൽ വളർന്ന നേതാവായിരുന്നില്ല കോടിയേരി ബാലകൃഷ്ണൻ. വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനം മുതൽ ഇത്രയേറെ ഭാഗ്യം തുണച്ച നേതാവ് കമ്യൂണിസ്റ്റ് പാർട്ടിയിൽ അത്യപൂർവ്വം. കോടിയേരിയിലെ കല്ലറക്കല്ലായി എൽ.പി. സ്‌ക്കൂൾ അദ്ധ്യാപകനായ കുഞ്ഞിക്കുറിപ്പിന്റെ മകൻ ബാലകൃഷ്ണന്റെ ബാല്യവും കൗമാരവും പ്രാരാബ്ദത്തിന്റെ കയിപ്പുനീർ അനുഭവിച്ചു കൊണ്ടു തന്നെയായിരുന്നു. അദ്ധ്യാപകർക്ക് തുച്ഛമായ ശമ്പളം ലഭിച്ചുപോന്നിരുന്ന കാലത്ത് ബാലകൃഷ്ണനും ലക്ഷ്മി, പത്മിനി എന്നീ രണ്ട് സഹോദരിമാരും മാതാവ് നാരായണിയും അടങ്ങുന്നതായിരുന്നു കുടുംബം. മറ്റ് വരുമാനമൊന്നുമില്ലാതെ അഞ്ചംഗ കുടുംബം കഷ്ടിച്ച് ജീവിച്ചു വരികയായിരുന്നു. പ്രാഥമിക പഠനത്തിന് ശേഷം തലശ്ശേരിയിലെ ഓണിയൻ ഹൈസ്‌ക്കൂളിൽ പഠനമാരംഭിച്ച ബാലകൃഷ്ണൻ കെ.എസ്. എഫിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. യൂനിറ്റ് പ്രസിഡണ്ടായായിരുന്നു തുടക്കം. സ്‌ക്കൂൾ ലീഡർ സ്ഥാനത്ത് മത്സരിച്ചെങ്കിലും കെ.എസ്. യു. സ്ഥാനാർത്ഥിയോട് പരാജയപ്പെടുകയായിരുന്നു.

എസ്.എസ്. എൽ. സി ക്ക് ശേഷം അച്ഛന് തുണയായി മദിരാശിയിൽ വല്ല ജോലിയും തരപ്പെടുത്താമെന്ന് കുടുംബം ആലോചിച്ചിരുന്നു. എന്നാൽ സഹോദരീ ഭർത്താവിന്റെ നിർദ്ദേശ പ്രകാരം മാഹി മഹാത്മാഗാന്ധി കോളേജിൽ ചേരുകയായിരുന്നു. കെ.എസ്. എഫ് പ്രവർത്തകനായതുകൊണ്ടു തന്നെ കോളേജ് യൂനിയൻ ചെയർമാൻ സ്ഥാനത്തേക്ക് മത്സരിച്ച് ജയിച്ചു. എസ്. എഫ്.ഐ. രൂപീകരിച്ചതോടെ ജില്ലാ ഭാരവാഹിയായും സംസ്ഥാന സെക്രട്ടറിയായും അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. അതിനിടയിലാണ് 1975 ലെ അടിയന്തിരാവസ്ഥയിൽ മിസ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടത്. 16 മാസത്തെ ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങിയതോടെ ബാലകൃഷ്ണന്റെ രാഷ്ട്രീയ ജീവിതം മാറ്റി മറിച്ചു. ജയിലിൽ കിടന്ന യുവാവ് എന്നതിനാൽ വീരപരിവേഷം ലഭിക്കുകയും ചെയ്തു. തുടർന്ന് ഡി.വൈ. എഫ്.ഐ. യുടെ പ്രഥമ ജില്ലാ പ്രസിഡണ്ടായി. തലശ്ശേരി എംഎൽഎ ആയിരുന്ന എം. വി. രാജഗോപാലന്റെ മകൾ എസ്. ആർ. വിനോദിനിയെ വിവാഹം കഴിക്കുകയും ചെയ്തു. ബംഗളൂരുവിൽ നിന്ന് ടി.സി.എച്ച് ട്രെയിനിങ് കഴിഞ്ഞ് വിനോദിനി ടീച്ചറായി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. എന്നാൽ ടി.സി. എച്ച് കോഴ്‌സിന് കേരളത്തിലെ അംഗീകാരം സംബന്ധിച്ച പ്രശ്‌നം ഉയർന്നതോടെ ജോലിയിൽ നിന്നും വിട്ടു നിന്നു. തുടർന്ന് വിനോദിനി വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്‌സിലെ ഷോറൂം ജീവനക്കാരിയായി ജോലിയിൽ പ്രവേശിച്ചു.

കണ്ണൂരിലെ കമ്യൂണിസ്റ്റ് പാരമ്പര്യത്തിൽ നിന്നും കോടിയേരി പതിയെ വ്യതിചലിക്കാൻ തുടങ്ങിനെന്ന് ഇക്കാലയളവിലാണ് പാർട്ടിക്കകത്തുനിന്ന് ആരോപണം ഉയരുന്നത്. തലശ്ശേരിയിൽ നിന്നും എംഎൽഎ ആയതോടെ ഭാര്യയേയും മക്കളേയും കൂട്ടി തിരുവനന്തപുരത്തേക്ക് താമസം മാറ്റി. രാഷ്ട്രീയത്തിന് പിറകിലെ കളികളിൽ ഭാര്യയും ഇടപെട്ടു തുടങ്ങി. തിരുവനന്തപുരത്തെ ഒരു പൊതുമേഖലാ സ്ഥാപനത്തിൽ അവർ ജോലി നേടുകയും ചെയ്തു. ആർഭാടം അവർക്ക് ലഹരിയായിരുന്നു. അതനുസരിച്ച് തന്നെയാണ് മക്കളും വളർന്നത്. വീണ്ടും തലശ്ശേരിയിൽ നിന്ന് ജയിച്ച് ആഭ്യന്തര ടൂറിസം മന്ത്രിയായതോടെ ഭാര്യയും മക്കളും ശരിക്ക് കളി തുടങ്ങിയിരുന്നു. മക്കൾ രണ്ടു പേരും ഗൾഫിൽ എത്തിയത് അക്കാലത്താണ്. പിന്നീട് രവി പിള്ളയുടെ വ്യവസായ സാമ്രാജ്യത്തിന്റെ ഉപാദ്ധ്യക്ഷനായി ബിനോയിയുടെ രംഗപ്രവേശം. കമ്യൂണിസ്റ്റ് ശൈലി അതോടെ ഈ കുടുംബത്തിൽ നിന്നും പൂർണ്ണമായും പുറത്തായി. ബിനീഷിന്റെ വിവാഹ സൽക്കാരം തന്നെ അതിന് ഉദാഹരണമായിരുന്നു. സൽക്കാരത്തിന് പങ്കെടുത്ത പാർട്ടി നേതാക്കളും അണികളും പണത്തിന്റെ ഉറവിടം എവിടെനിന്ന് എന്ന് സംശയിച്ചിരുന്നു. റിയൽ എസ്റ്റേറ്റ്, ടൂറിസം എന്നീ ഇടപാടുകളിലൂടെയണെന്ന് പരസ്പരം പറഞ്ഞു.

കഴിഞ്ഞ വർഷം ജനുവരിയിലാണ് ബിനോയ് ദുബായിൽ ഒരു കോടി 72 ലക്ഷം രൂപയുടെ ചെക്കു നൽകി വഞ്ചിക്കാൻ ശ്രമിച്ചെന്ന പരാതി ഉയർന്നത്. ഇത് സിപിഎം. നെ ചില്ലറയൊന്നുമില്ല ഉലച്ചത്. എന്നാൽ എല്ലാം പിന്നീട് പരിഹരിക്കുകയായിരുന്നു. ബിനോയ്‌ക്കെതിരെയുള്ള പരാതി പരിഹരിച്ചെങ്കിലും സിപിഎമ്മിന്റെ പ്രതിഛായ ഭൂമിയോളം താഴ്ന്ന സംഭവമായിരുന്നു അത്. പ്രായപൂർത്തിയായ മക്കൾ കേസിൽപെട്ടാൽ അച്ഛനെ അതിൽ വലിച്ചിഴക്കുന്നത് ശരിയല്ലെന്നായിരുന്നു ബിനീഷിന്റെ അന്നത്തെ പ്രതികരണം. തെറ്റ് ചെയ്തവൻ ശിക്ഷിക്കപ്പെടണമെന്ന സാമാന്യ തത്വത്തിന് വിരുദ്ധമായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. അത് അക്കാലത്ത് ഏറെ വിവാദങ്ങൾ ക്ഷണിച്ചു വരുത്തിയിരുന്നു. ഇപ്പോൾ വീണ്ടും ബിനോയ്‌ക്കെതിരെ മാനഭംഗം, വഞ്ചന. ഭീഷണിപ്പെടുത്തൽ തുടങ്ങിയ പരാതി പ്രകാരം കേസ് വന്നിരിക്കയാണ് സിപിഎം. ന്റെ അമരത്തുള്ള ഒരു നേതാവിന്റെ മക്കളിൽ നിന്നും പാർട്ടിക്ക് ഏൽക്കുന്ന ഏറ്റവും വലിയ തിരിച്ചടിയാണ് ഇത്.

പാർട്ടി നേതാക്കൾ മാതൃകയാക്കേണ്ടത് സിപിഎം. സംസ്ഥാന കമ്മിറ്റി അംഗമായ പി.ജയരാജനേയും കുടുംബത്തേയുമാണെന്ന കാര്യം പാർട്ടി തലത്തിൽ ചർച്ചയായിരിക്കയാണ്. ജില്ലാ സെക്രട്ടറിയായിരുന്നുപ്പോഴും സ്വന്തം മക്കളുടെ ജോലിക്കാര്യത്തിലോ മറ്റോ ഇടപെട്ടുകൊണ്ട് ജയരാജൻ ഒന്നും ചെയ്തില്ല. അവർ ജോലിക്കു വേണ്ടി സ്വയം പ്രവർത്തിക്കുകയായിരുന്നു. കൂലിപ്പണി ചെയ്തും ഹോട്ടലിൽ ജോലി ചെയ്തും കഴിഞ്ഞ ജയരാജന്റെ മക്കൾ എന്തിന് ഇത്ര ത്യാഗം സഹിച്ചു എന്ന് പാർട്ടി അണികൾ തന്നെ ചോദിക്കുന്നു. പാർട്ടിക്ക് ഇപ്പോഴും മാതൃകയായി പറയാൻ ഒരു പി.ജയരാജനെങ്കിലും അവശേഷിക്കുന്നുവെന്നാണ് സിപിഎമ്മിന്റെ പ്രസക്തി. ഈ വിവാദത്തോടെ പാർട്ടിയിൽ കോടിയേരിയുടെ പ്രതിഛായായും ഗണ്യമായി ഇടിഞ്ഞിരിക്കയാണ്. പിണറായിക്കുശേഷം അടുത്ത മുഖ്യമ്രന്തി എന്ന സാധ്യതകളും ഇതോടെ തട്ടിത്തെറിപ്പിക്കപ്പെടുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP