Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രാരാബ്ദങ്ങളും വായ്പയും തീരാ തലവേദനയായിട്ടും അധ്വാനശീലം കൈവിടാതിരുന്ന സ്വഭാവം; 'അവധി ദിവസങ്ങളിൽ പോലും ജോലിക്ക് പോയിരുന്നയാളാണ് സൗമ്യ'; മടി എന്നത് തൊട്ടുതീണ്ടാത്ത വ്യക്തിത്വമായിരുന്നു സൗമ്യയെന്നും നിറകണ്ണുകളോടെ സുഹൃത്തുക്കൾ; പിഎസ്‌സി പരീക്ഷകൾക്കായി ഉറക്കമിളച്ചിരുന്നും കഷ്ടപ്പെട്ട് പഠിച്ച മിടുക്കി; ജോലിക്കു പോകുന്ന സമയം സൗമ്യയ്ക്ക് ആശ്വാസമായിരുന്നത് ഇളയ മകളെ പൊന്നു പോലെ നോക്കുന്ന ആൺമക്കൾ

പ്രാരാബ്ദങ്ങളും വായ്പയും തീരാ തലവേദനയായിട്ടും അധ്വാനശീലം കൈവിടാതിരുന്ന സ്വഭാവം; 'അവധി ദിവസങ്ങളിൽ പോലും ജോലിക്ക് പോയിരുന്നയാളാണ് സൗമ്യ'; മടി എന്നത് തൊട്ടുതീണ്ടാത്ത വ്യക്തിത്വമായിരുന്നു സൗമ്യയെന്നും നിറകണ്ണുകളോടെ സുഹൃത്തുക്കൾ; പിഎസ്‌സി പരീക്ഷകൾക്കായി ഉറക്കമിളച്ചിരുന്നും കഷ്ടപ്പെട്ട് പഠിച്ച മിടുക്കി; ജോലിക്കു പോകുന്ന സമയം സൗമ്യയ്ക്ക് ആശ്വാസമായിരുന്നത് ഇളയ മകളെ പൊന്നു പോലെ നോക്കുന്ന ആൺമക്കൾ

മറുനാടൻ ഡെസ്‌ക്‌

ആലപ്പുഴ: വീടിന്റെ വായ്പാ തിരിച്ചടവും പ്രാരാബ്ധങ്ങൾ തീർക്കാനായും രാപകൽ അധ്വാനിച്ചിരുന്ന വ്യക്തിത്വമായിരുന്നു കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട വള്ളികുന്നം സ്വദേശി സൗമ്യയെന്ന് നിറകണ്ണുകളോടെ പറയുകയാണ് സുഹൃത്തുക്കൾ. മടി എന്നത് തൊട്ടു തീണ്ടാത്ത വ്യക്തിത്വമായിരുന്നു. വെറുതെയിരിക്കാൻ സൗമ്യ ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. അതിനാൽ തന്നെ ഒഴിവ് ദിവസങ്ങളിൽ പോലും ജോലിക്ക് പോകാൻ സൗമ്യ ശ്രമിക്കുമായിരുന്നു. ആകെ ആഴ്‌ച്ചയിൽ ഒരു ദിവസം മാത്രമാണ് ഒഴിവ് ദിനം ലഭിക്കാറുള്ളത്. അതിന് പോലും ജോലി ചെയ്യുന്ന ശീലമായിരുന്നു സൗമ്യയ്ക്ക്.

അമിതമായി പണം ചെലവഴിക്കാറില്ല. യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷയെഴുതി തിരികെ വീട്ടിലേക്ക് കയറിയ ശേഷം ജോലിക്ക് കയറാം എന്ന് കരുതിയുള്ള യാത്രയ്ക്കിടെയാണ് വിധി മരണത്തിന്റെ രൂപത്തിലെത്തിയത്. ഏതാനും നിമിഷങ്ങൾ മാത്രമാണ് സൗമ്യ വീട്ടിൽ ചെലവഴിച്ചത്. ജോലിക്ക് കയറാൻ സ്റ്റേഷനിലേക്ക് സ്‌കൂട്ടറിൽ മടങ്ങവേയാണ് അജാസ് സൗമ്യയെ കാറിടിച്ച് വീഴ്‌ത്തുന്നതും പെട്രോൾ ഒഴിച്ച് കത്തിക്കുന്നതും. അധിക നേരം ജോലി ചെയ്താൽ അതും ചേർത്ത് കുറച്ച് കൂടുതൽ പണം കിട്ടും. അതിനാൽ തന്നെ താൻ കഴിവതും അവധിയെടുക്കാത്ത കാര്യം സുഹൃത്തുക്കൾക്ക് അറിയാമായിരുന്നു.

മാത്രമല്ല തനിക്ക് വായ്പ തിരിച്ചടയ്ക്കാനുണ്ടെന്നും ഇങ്ങനെ അധിക ജോലി ചെയ്യുമ്പോൾ കിട്ടുന്ന പണം തനിക്ക് ഏറെ സഹായകരമാണെന്നും സൗമ്യ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.  ജോലിക്ക് പോയി കഴിഞ്ഞാൽ ഇളയ മകളുടെ കാര്യം മൂത്ത ആൺകുട്ടികൾ നോക്കിക്കോളുമെന്നും അതിനാൽ തന്നെ മക്കളുടെ കാര്യങ്ങൾ നോക്കുന്നതിൽ ആശങ്കയില്ലെന്നും സൗമ്യ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ഭക്ഷണം തയാറാക്കി വെച്ച ശേഷം ജോലിക്ക് പോകുന്നതായിരുന്നു പതിവ്. മകളുടെ എല്ലാ കാര്യങ്ങളും 'ഏട്ടന്മാർ' ചെയ്തുകൊള്ളും. തന്റെ ഏറ്റവും വലിയ ആശ്വാസം അതായിരുന്നുവെന്നാണ് സൗമ്യ പറഞ്ഞിരുന്നത്. കല്യാണം കഴിഞ്ഞ സമയത്തും ജോലി നേടണം എന്ന ചിന്ത സൗമ്യയുടെ മനസിൽ ജ്വലിച്ചിരുന്നു.

അതിനായി ഉറക്കമിളച്ചിരുന്ന് പഠിച്ചും പല പിഎസ്‌സി പരീക്ഷകൾ എഴുതി. കെഎസ്ആർടിസിയിൽ ജോലി കിട്ടിയെങ്കിലും പോയില്ല. പിന്നെയാണ് പൊലീസ് സർവീസിൽ കിട്ടിയത്. തൃശൂരിലെ പരിശീലനത്തിനു ശേഷം ആലപ്പുഴ എസ്‌പി ഓഫിസിലായിരുന്നു നിയമനം. 15 ദിവസം ജോലിക്കു പോയെങ്കിലും ദൂരക്കൂടുതൽ മൂലം മാറ്റത്തിനു ശ്രമിച്ചു. അന്നത്തെ എംപി കെ.സി.വേണുഗോപാൽ ഇടപെട്ടാണ് വള്ളികുന്നം സ്റ്റേഷനിലേക്കു മാറ്റം കിട്ടിയത്. ആയിടയ്ക്കാണ് സൗമ്യയുടെ ഭർത്താവ് സജീവ് ജോലി തേടി ഗൾഫിൽ പോയത്. 2 പ്രാവശ്യമായി ഗൾഫിൽ ജോലി ചെയ്തു. അവിടെനിന്നു വന്നിട്ട് 10 മാസമായി. ഇപ്പോൾ ജോലി തേടി ലിബിയയിലേക്കു പോയിട്ട് ഒരു മാസം തികഞ്ഞിട്ടില്ല.

കൊലപാതക സംഭവങ്ങളെക്കുറിച്ച് മറ്റു പരാതികളുമായി ആരെയും സമീപിച്ചിട്ടില്ലെന്നു സാമ്യയുടെ അച്ഛൻ പുഷ്പാകരൻ പറഞ്ഞു. സജീവ് നാട്ടിലെത്തി ചടങ്ങുകൾ പൂർത്തിയാക്കിയശേഷം കൂടിയാലോചിച്ചു വേണ്ടതു ചെയ്യും. നാട്ടിൽ കരാർ ജോലികൾ ചെയ്തിരുന്ന പുഷ്പാകരന് ഇടക്കാലത്തു സാമ്പത്തിക ബാധ്യതയേറിയിരുന്നു. അതു കുറയ്ക്കാൻ ഗൾഫിൽ ജോലി തേടിപ്പോയെങ്കിലും കാര്യമായ നേട്ടമുണ്ടായില്ല. പക്ഷാഘാതം വന്ന് ആരോഗ്യവും നഷ്ടപ്പെട്ടു. പഠനം കഴിഞ്ഞ് ജോലി നേടിയ സൗമ്യ സ്വന്തം വീട്ടുകാർക്കും സഹായമെത്തിച്ചിരുന്നു.

പ്രണയ പരാജയമാണ് കൊലയ്ക്ക് പിന്നിലെന്ന മൊഴിയിലുറച്ച് അജാസ്

നിരന്തരമായി സൗമ്യ തന്നെ അവഗണിക്കുമായിരുന്നുവെന്നും പ്രണയ പരാജയമാണ് കൊലപാതകത്തിലേക്ക് എത്തിച്ചതെന്നും പ്രതി അജാസ് മൊഴി നൽകിയിരുന്നു. സൗമ്യയുടെ ശരീരത്തിൽ പെട്രോൾ ഒഴിച്ച സമയത്ത് തന്നെ തന്റെ ശരീരത്തും പെട്രോൾ ഒഴിച്ചെന്നും വ്യക്തമാക്കിയതിന് പിന്നാലെ കൃത്യത്തിൽ മറ്റാർക്കും പങ്കില്ലെന്നും അജാസ് മൊഴി നൽകിയിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണു നാടിനെ നടുക്കിയ ദുരന്തം നടന്നത്.

കായംകുളത്തിനടുത്ത് വള്ളികുന്നം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ സൗമ്യ പുഷ്പാകരനെ (34) സ്‌കൂട്ടറിൽ കാറിടിച്ചു വീഴ്‌ത്തിയ ശേഷം വെട്ടിയും കുത്തിയും തുടർന്ന് തീ കൊളുത്തിയും കൊലപ്പെടുത്തുകയായിരുന്നു. വള്ളികുന്നം തെക്കേമുറി ഉപ്പൻവിളയിൽ സജീവിന്റെ ഭാര്യയാണു സൗമ്യ. ആലുവ ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സിപിഒ ആയ കാക്കനാട് വാഴക്കാല സൗത്ത് നെയ്തേലിൽ എൻ.എ.അജാസ് (33) ആണു പ്രതി. 50% പൊള്ളലേറ്റ ഇയാൾ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കേസിൽ സൗമ്യയുടെ മകന്റെയും അമ്മയുടെയും നിർണായക മൊഴികളും പുറത്തു വന്നിരുന്നു. ഒരു വർഷമായി അജാസിൽ നിന്നു സൗമ്യ ആക്രമണം ഭയപ്പെട്ടിരുന്നതായി അമ്മ ഇന്ദിര പറഞ്ഞു. മുൻപും മകൾക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. ഇക്കാര്യം വള്ളികുന്നം എസ് ഐയെ അറിയിച്ചിരുന്നു. അമ്മ കൊല്ലപ്പെട്ടാൽ അജാസ് ആയിരിക്കും ഉത്തരവാദി എന്ന് പറഞ്ഞിരുന്നതായി മകനും പൊലീസിന് മൊഴി നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP