Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മിഷേൽ ഷാജിയുടെ ദുരൂഹ മരണം: അന്വേഷണത്തിന് വീണ്ടും ജീവൻവയ്ക്കുന്നു; സി.സി.ടി.വി. ദൃശ്യത്തിലുള്ള യുവാക്കൾക്ക് പിന്നാലെ പൊലീസ്; മിഷേലിനെ കാണാതായ ദിവസം യുവാക്കൾ ബൈക്കിൽ പിന്തുടരുന്നതായി സിസിടിവി ദൃശ്യങ്ങൾ; പെൺകുട്ടിയുടെ വാച്ചും മോതിരവും മൊബൈൽ ഫോണും പൊലീസിന് കണ്ടെത്താൻ സാധിച്ചില്ല; പൊലീസ് നൽകിയിരിക്കുന്നത് അവ്യക്തമായ ചിത്രമെന്ന് ഷാജി

മിഷേൽ ഷാജിയുടെ ദുരൂഹ മരണം: അന്വേഷണത്തിന് വീണ്ടും ജീവൻവയ്ക്കുന്നു; സി.സി.ടി.വി. ദൃശ്യത്തിലുള്ള യുവാക്കൾക്ക് പിന്നാലെ പൊലീസ്; മിഷേലിനെ കാണാതായ ദിവസം യുവാക്കൾ ബൈക്കിൽ പിന്തുടരുന്നതായി സിസിടിവി ദൃശ്യങ്ങൾ; പെൺകുട്ടിയുടെ വാച്ചും മോതിരവും മൊബൈൽ ഫോണും പൊലീസിന് കണ്ടെത്താൻ സാധിച്ചില്ല; പൊലീസ് നൽകിയിരിക്കുന്നത് അവ്യക്തമായ ചിത്രമെന്ന് ഷാജി

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: സി.എ. വിദ്യാർത്ഥിനി മിഷേൽ ഷാജിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ തുടർ അന്വേഷണത്തിന് വീണ്ടും ജീവൻവയ്ക്കുന്നു. ആറുമാസത്തിലേറെയായി അന്വേഷണം നിലച്ച മട്ടായിരുന്നു.കാണാതായ ദിവസം കലൂർ പള്ളിയിൽ പോയ മിഷേലിനെ ബൈക്കിൽ പിന്തുടർന്നതായി കരുതുന്ന യുവാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുനരാരംഭിക്കുന്നത്. ഇവരെ കണ്ടെത്തുന്നതിനായി സി.സി.ടി.വി. ദൃശ്യങ്ങൾ സഹിതം പൊലീസ് പത്രപ്പരസ്യം നൽകി.

മിഷേലിനെ പള്ളിയിൽനിന്ന് ബൈക്കിൽ പിന്തുടർന്ന രണ്ടുപേരെപ്പറ്റി പൊലീസ് അന്വേഷിച്ചില്ലെന്ന് കുടുംബം ആരോപിച്ചിരുന്നു. മിഷേലിന്റെ വാച്ചും മോതിരവും മൊബൈൽ ഫോണും പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.മകളുടെ മരണം ആത്മഹത്യയല്ലെന്ന് വിശ്വസിക്കുന്ന കുടുംബം രണ്ടു വർഷമായി നിയമപ്പോരാട്ടത്തിലാണ്. സിബിഐ. അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.

2017 മാർച്ച് അഞ്ചിന് വൈകീട്ടാണ് കൊച്ചിയിലെ ഹോസ്റ്റലിൽനിന്ന് പുറത്തുപോയ മിഷേലിനെ കാണാതായത്. അടുത്ത ദിവസം കൊച്ചി കായലിൽ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. ഗോശ്രീ പാലത്തിൽനിന്ന് കായലിലേക്ക് ചാടി ആത്മഹത്യ ചെയ്തുവെന്നായിരുന്നു പൊലീസിന്റെയും അടുപ്പമുണ്ടായിരുന്ന ക്രോണിൻ അലക്സാണ്ടറിന്റെ നിരന്തര ശല്യത്തെത്തുടർന്നാണിതെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.നേരത്തെ നടന്ന അന്വേഷണത്തിൽ വിട്ടുപോയ കാര്യങ്ങൾ വിശദമായി പരിശോധിക്കുകയാണെന്ന് ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പി. ഇമ്മാനുവൽ പോൾ പറഞ്ഞു.

കാണാതായ ദിവസം മിഷേൽ കലൂർ പള്ളിയിൽ പോയിരുന്നു. ഈ സമയം ഇതുവഴി ബൈക്കിൽ രണ്ട് യുവാക്കൾ സഞ്ചരിച്ചതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ ലഭിച്ചിരുന്നു. കേസിന്റെ ആദ്യഘട്ടത്തിൽ ഇവരെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ സാധിച്ചില്ല. അതിനാൽ, ഇവരെ കണ്ടെത്താൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ബൈക്കിൽ മകളെ പിന്തുടർന്നവരുടെ മുഖം വ്യക്തമാക്കുന്ന ചിത്രങ്ങൾ സി.സി.ടി.വി. ഹാർഡ് ഡിസ്‌കിൽ ഉണ്ടായിരുന്നിട്ടും അവ്യക്തമായ ചിത്രമാണ് പൊലീസ് പരസ്യത്തിൽ നൽകിയിരിക്കുന്നതെന്ന് മിഷേലിന്റെ അച്ഛൻ ഷാജി വർഗീസ് ആരോപിച്ചു.ബൈക്കിൽ സഞ്ചരിച്ച ഇവരെ കണ്ടെത്തി ചോദ്യം ചെയ്തിരുന്നുവെന്നാണ് ആദ്യം അന്വേഷണ സംഘം അറിയിച്ചത്. എന്നാൽ, അവരിൽനിന്ന് എന്തു വിവരം ലഭിച്ചുവെന്ന് നിരന്തരം ചോദിച്ചതോടെയാണ് ഇവരെ കണ്ടെത്താൻ പൊലീസിനു കഴിഞ്ഞിട്ടില്ലെന്ന് മനസ്സിലായത്.മിഷേലിന്റെ കൈകളിൽ പിടിച്ചമർത്തിയതു പോലെയുള്ള പാടുകൾ നീലിച്ചുകിടപ്പുണ്ടായിരുന്നു. ഇത് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും ഷാജി വർഗീസ് പറഞ്ഞു.

മിഷേൽ കലൂർ പള്ളിയിൽ പ്രാർത്ഥന നടത്തി പുറത്തിറങ്ങുന്ന ദൃശ്യങ്ങൾ ലഭിച്ചിരുന്നു. പാലത്തിൽ നിന്ന് ചാടിയെന്നും മണിക്കൂറുകൾ വെള്ളത്തിൽ കിടന്നെന്നും പറയുമ്പോഴും മിഷേലിന്റെ മൃതദേഹത്തിൽ കാര്യമായ പരിക്കുകളില്ലായിരുന്നുവെന്നതാണ് സംഭവം കൊലപാതകമാണെന്ന സംശയത്തിന് കാരണമായി കുടുംബം പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP