Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വയൽ നികത്തി ഫ്ളാറ്റിലേക്ക് റോഡ് നിർമ്മാണം: കോൺഫിഡന്റ് ഗ്രൂപ്പിന്റെ അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ പ്രതിഷേധവുമായി എഐവൈഎഫ്; വില്ലേജ് ഓഫീസർക്കും കോർപ്പറേഷൻ അധികൃതർക്കും തഹസിൽദാർക്കും പരാതി നൽകിയെങ്കിലും ഫലമില്ല; ഫ്ളാറ്റിലേക്ക് മാർച്ചും പ്രതിഷേധവും

വയൽ നികത്തി ഫ്ളാറ്റിലേക്ക് റോഡ് നിർമ്മാണം: കോൺഫിഡന്റ് ഗ്രൂപ്പിന്റെ അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ പ്രതിഷേധവുമായി  എഐവൈഎഫ്; വില്ലേജ് ഓഫീസർക്കും കോർപ്പറേഷൻ അധികൃതർക്കും തഹസിൽദാർക്കും പരാതി നൽകിയെങ്കിലും ഫലമില്ല; ഫ്ളാറ്റിലേക്ക് മാർച്ചും പ്രതിഷേധവും

കെ.വി.നിരഞ്ജൻ


കോഴിക്കോട്: നിയമങ്ങൾ കാറ്റിൽപ്പറത്തി നഗരത്തിൽ കൊമ്മേരി അനന്തൻ ബസാറിൽ കോൺഫിഡന്റ് ഗ്രൂപ്പിന്റെ അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ. പ്രദേശത്ത് നിർമ്മാണം പൂർത്തിയാക്കിയ ഫ്ളാറ്റിലേക്ക് വയൽ നികത്തി റോഡ് നിർമ്മിക്കുകയാണ് കമ്പനി. ഇതിനെതിരെയാണ് പ്രതിഷേധവുമായി എ ഐ വൈ എഫ് രംഗത്തെത്തിയിട്ടുള്ളത്. നിയമങ്ങൾ കാറ്റിൽ പറത്തികൊണ്ട് പ്രദേശത്തെ പാരിസ്ഥിതിക ആവാസ വ്യവസ്ഥകളെ തകിടം മറിക്കുന്ന രീതിയിൽ വയൽ നികത്തിയാണ് പാർപ്പിട സമുച്ചയത്തിലേക്ക് വഴി നിർമ്മിച്ച് കൊണ്ടിരിക്കുന്നത്. റവന്യൂ രേഖകളിലുൾപ്പടെ ഭൂമിയുടെ തരം വയൽ എന്ന് രേഖപ്പെടുത്തിയിട്ടുള്ള പ്രദേശത്ത് നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയ കോഴിക്കോട് കോർപ്പറേഷനിലും, വയൽ നികത്തി കൊണ്ടുള്ള അനധികൃത നിർമ്മാണത്തിനെതിരെ റവന്യൂ അധികാരികൾക്കും നിരവധി തവണ പരാതി നൽകിയിട്ടും നിയമലംഘനങ്ങൾക്കെതിരെ കണ്ണടച്ച് സ്വകാര്യ കമ്പനിയെ സഹായിക്കുന്ന സമീപനം അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായ സാഹചര്യത്തിലാണ് എ ഐ വൈ എഫ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചതെന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്.

സിപിഐ റവന്യു വകുപ്പ് ഭരിക്കുമ്പോഴാണ് പ്രതിഷേധ സമരവുമായി എ ഐ വൈ എഫിന് രംഗത്ത് വരേണ്ടിവന്നത്. വില്ലേജ് ഓഫീസർക്കും കോർപ്പറേഷൻ അധികൃതർക്കും തഹസിൽദാർക്കുമെല്ലാം പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ലെന്ന് നേതാക്കൾ പറയുന്നു. റവന്യു വകുപ്പ് അധികാരികളെല്ലാം കോൺഫിഡന്റ് ഗ്രൂപ്പിന് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. ഇതോടെയാണ് ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് വന്നിട്ടുള്ളതെന്നും ഇവർ പറയുന്നു. ഇതേ സമയം സിപിഐ ജില്ലാ നേതാക്കൾ അധികവും ഇത്തരം നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുകൂലമായി നിലപാടാണ് സ്വീകരിക്കുന്നതെന്ന് ആക്ഷേപമുണ്ട്. ഇത്തരമൊരു ഘട്ടത്തിൽ റവന്യു വകുപ്പ് മന്ത്രിക്ക് ഉൾപ്പെടെ പരാതിനൽകാനുള്ള ഒരുക്കത്തിലാണ് എ ഐ വൈ എഫ്.

ഫ്ളാറ്റിന്റെ നിർമ്മാണം പൂർണ്ണമായും പൂർത്തിയായി. ഫ്ളാറ്റുകളിൽ ഭൂരിഭാഗം വിൽപ്പനയും കഴിഞ്ഞു. താക്കോൽദാനം അടുത്ത ദിവസം നടക്കാൻ പോവുകയാണ്. വഴിയും ഏറെക്കുറേ വെട്ടിക്കഴിഞ്ഞു. ഇത്തരമൊരു സാഹചര്യത്തിൽ കമ്പനി അധികൃതരിൽ നിന്ന് പണം വാങ്ങാനുള്ള നീക്കത്തിന്റെ ഭാഗമായാണ് എ ഐ വൈ എഫിന്റെ സമരമെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. എന്നാൽ മൂന്നു വർഷം മുമ്പ് ഫ്ളാറ്റ് നിർമ്മാണം ആരംഭിച്ചതുമുതൽ ഇവിടേക്ക് വയൽ നികത്തിയാൽ മാത്രമെ വഴിയുണ്ടാക്കാൻ കഴിയൂ എന്ന കാര്യം കമ്പനി അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയതായി എ ഐ വൈ എഫ് നേതാക്കൾ പറയുന്നു. ഫ്ളാറ്റ് നിർമ്മിക്കുന്നത് സാധാരണ പറമ്പിലാണ്. അതുകൊണ്ട് തന്നെ അതിന്റെ നിർമ്മാണ പ്രവർത്തനം നടക്കുന്ന സമയത്ത് അത് തടയാൻ ശ്രമിക്കാൻ കഴിയില്ല. ഇവിടേക്ക് വഴിയുണ്ടാവില്ലെന്നും വയൽ നികത്തേണ്ടിവരുമെന്നും അറിഞ്ഞുകൊണ്ട് തന്നെയാണ് ഇവിടെ അവർ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്.

രണ്ടോ മൂന്നോ സെന്റ് വയൽ മാത്രം കൈവശമുള്ള പാവപ്പെട്ടവർ വയൽ നികത്തി വീട് നിർമ്മിക്കാൻ സാധിക്കാതെ പ്രയാസപ്പെടുമ്പോഴാണ് ഏക്കർ ക ണക്കിന് വയൽ നിസ്സാരമായി കമ്പനി നികത്തുന്നത്. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും ഇവർ വ്യക്തമാക്കുന്നു.
തങ്ങളുടെ പാർട്ടി നേതാക്കൾ ഉൾപ്പെടെ കമ്പനിയുടെ പക്ഷത്താണുള്ളതെന്ന് അറിയാമെങ്കിലും പോരാട്ടം തുടരാനാണ് എ ഐ വൈ എഫ് പ്രവർത്തകരുടെ തീരുമാനം. മുകൾത്തട്ടിലുള്ള എല്ലാവരെയും അവർ സ്വാധീനിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് പരാതികളൊന്നും ആരും മുഖവിലക്കെടുക്കാത്തത്. പക്ഷെ പ്രക്ഷോഭവുമായി ഏതറ്റം വരെയും പോകുമെന്നും ഇവർ പറയുന്നു.
കമ്പനി ഫ്ളാറ്റ് നിർമ്മിച്ചിരിക്കുന്നത് നിയമങ്ങൾ പലതും പാലിക്കാതെയാണെന്നും ആക്ഷേപമുണ്ട്. അഗ്‌നിസുരക്ഷാ സംവിധാനങ്ങളില്ലാതെയാണ് കോൺഫിഡന്റ് ഗ്രൂപ്പ് പുതിയ ഫ്ളാറ്റ് കെട്ടിപ്പൊക്കിയിരിക്കുന്നത് എന്നാണ് ആക്ഷേപം.

ബഹുനില കെട്ടിടത്തിന് നാലുവശവും ഫയർ എൻജിൻ ഓടിക്കാൻ കഴിയുന്ന വഴികളുണ്ടാവണമെന്നാണ് നിയമം.ഇത് പാലിക്കാത്തതുകൊണ്ട് തന്നെ തീപ്പിടുത്തമുണ്ടായാൽ ഫയർ എൻജിൻ കെട്ടിടത്തിന് അടുത്തേക്ക് പോലും എത്തിക്കാൻ കഴിയില്ല. ഈ ഫ്ളാറ്റിലേക്ക് വയലിലൂടെ റോഡ് നിർമ്മിച്ചാൽ പോലും ഫയർ എൻജിൻ എത്തിക്കാൻ സാധിക്കില്ല. കെട്ടിടത്തിന് സമീപത്തൂടെ ഒരു ഓട്ടോ പോലും ഓടിക്കാനുള്ള സ്ഥലമില്ല. വയലുകഴിഞ്ഞാൽ ആദ്യ നിലയിലേക്ക് പ്രത്യേക റാമ്പ് നിർമ്മിച്ചിരിക്കുകയാണ്. കെട്ടിടത്തിലാണ് വാഹനങ്ങളുടെ പാർക്കിംഗിന് സ്ഥലം ഒരുക്കിയത്. കെട്ടിടത്തിന് ചുറ്റുവട്ടത്തൊന്നും വാഹനം കടന്നുപോകാനുള്ള സൗകര്യമില്ല. അതുകൊണ്ട് തന്നെ അപകടമുണ്ടായാൽ ഫയർ എൻജിന് ഇവിടെയെത്തി രക്ഷാ പ്രവർത്തനം നടത്താനും കഴിയില്ല. അഗ്‌നരക്ഷാ സേനയുടെ എൻ ഒ സി ഈ കെട്ടിടത്തിന് ഒരു കാരണവശാലും നൽകാൻ കഴിയില്ലെന്നും ഇത്തരമൊരു കെട്ടിടത്തിന് കോർപ്പറേഷൻ ലൈസൻസ് നൽകരുതെന്നും നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്.

കൊമ്മേരി അനന്തൻ ബസാറിൽ കോൺഫിഡന്റ് ഗ്രൂപ്പ് നിർമ്മിച്ച പാർപ്പിട സമുച്ചയത്തിലേക്ക് എ ഐ വൈ എഫ് സിറ്റി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ച് സംസ്ഥാന ജോ:സെക്രട്ടറി അഡ്വ: പി ഗവാസ് മാർച്ച് ഉദ്ഘാടനം ചെയ്തു.അനധികൃത നിർമ്മാണങ്ങൾക്ക് കുട പിടിക്കുന്ന നിലപാട് അധികാരികൾ തിരുത്തിയില്ലെങ്കിൽ നിയമലംഘനങ്ങൾക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ നിയമപരമായും ജനങ്ങളെ അണിനിരത്തിയും ശക്തമായ സമരങ്ങൾക്ക് എ ഐ വൈ എഫ് നേതൃത്വം നൽകുമെന്നും ഗവാസ് പറഞ്ഞു.

എ ഐ വൈ എഫ് സിറ്റി മണ്ഡലം സെക്രട്ടറി അനു കൊമ്മേരി അധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി പി കെ നാസർ, എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി, അഡ്വ: കെ പി ബിനൂപ്, വി കെ ദിനേശൻ, എൻ അജയകുമാർ, എൻ അനുശ്രീ പ്രസംഗിച്ചു. റിയാസ് അഹമ്മദ്, സി കെ ബിജിത്ത്ലാൽ, എം കെ പ്രജോഷ്, കെസുജിത്ത്, കെ ഷൗക്കത്തലി, കെ എം ശ്രീജിത്ത്, കെ ആദർശ് നേതൃത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP