Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭാരത് മാതാകീ ജയ്യും വന്ദേമാതരവും വിളിച്ചു എംപിമാർ; ഇടവേളകളിൽ മോദി.. മോദി.. വിളിക്കും; ജയ് പെരിയോർ, ജയ് കലൈഞ്ജർ.. വിളികളുമായി ഡിഎംകെക്കാരും; ലോകത്തിന് മുമ്പിൽ ഇന്ത്യയെ നാണം കെടുത്തി പാർലമെന്റ് ചന്തയായി മാറുമ്പോൾ വാ പൊളിച്ചിരിക്കുന്നത് പരിചയ സമ്പന്നരായ ജനപ്രതിനിധികൾ

ഭാരത് മാതാകീ ജയ്യും വന്ദേമാതരവും വിളിച്ചു എംപിമാർ; ഇടവേളകളിൽ മോദി.. മോദി.. വിളിക്കും; ജയ് പെരിയോർ, ജയ് കലൈഞ്ജർ.. വിളികളുമായി ഡിഎംകെക്കാരും; ലോകത്തിന് മുമ്പിൽ ഇന്ത്യയെ നാണം കെടുത്തി പാർലമെന്റ് ചന്തയായി മാറുമ്പോൾ വാ പൊളിച്ചിരിക്കുന്നത് പരിചയ സമ്പന്നരായ ജനപ്രതിനിധികൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യൻ പാർലമെന്റിൽ ഇത്തവണ അംഗങ്ങളായവരിൽ പ്രഗ്യ സിങ് ഠാക്കൂർ അടക്കമുള്ള തീവ്രഹിന്ദുത്വ വാദികൾ ഏറെയുണ്ട്. പച്ചവർഗ്ഗീയത പറഞ്ഞ് തെരഞ്ഞെടുപ്പിൽ വിജയിച്ച് എത്തിയവർ തന്നെയായിരുന്നു ഇതിൽ ഭൂരിപക്ഷവും. അതുകൊണ്ട് തന്നെ ഇത്തവണ പാർലമെന്റിലും മുമ്പെങ്ങും ഇല്ലാത്ത വിധത്തിൽ വർഗീയത നിറഞ്ഞു നിൽക്കുന്ന രംഗങ്ങളാണ് സത്യപ്രതിജ്ഞാ വേളയിലും കണ്ടത്. രണ്ട് ദിവസം നീണ്ടു നിൽക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങുകൾ കണ്ട് ഇന്ത്യക്കാർ നാണിച്ച് തലതാഴ്‌ത്തേണ്ടുന്ന അവസ്ഥയാണ്. മുദ്രാവാക്യത്തിന്റെ പേരിൽ അനാവശ്യമായി ബഹളം വെക്കുന്നവരെയാണ് ലോകം കണ്ടത്.

സത്യവാചകങ്ങൾക്കപ്പുറം മറ്റു വാക്യങ്ങൾ കൂട്ടിച്ചേർക്കരുതെന്ന സഭാചട്ടത്തിലെ വ്യവസ്ഥ മറികടന്നാണ് അംഗങ്ങൾ മുദ്രാവാക്യങ്ങൾ മുഴക്കിയത്. അതത് സംസ്ഥാനങ്ങളുടെ മഹത്ത്വവും പാർട്ടി നേതാക്കളുടെ പെരുമയും വിളിച്ചുപറഞ്ഞതിനൊപ്പം രാഷ്ട്രീയച്ചുവയുള്ള മുദ്രാവാക്യങ്ങളുയർത്താനും മടിച്ചില്ല. ദൈവനാമവും മുഴങ്ങി. എന്നാൽ, മുദ്രാവാക്യങ്ങൾ രേഖയിലുണ്ടാകില്ലെന്ന് പ്രോട്ടെം സ്പീക്കർ റൂളിങ് നൽകി.

ഭാരത് മാതാ കീ ജയ്, വന്ദേമാതരം എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി തിങ്കളാഴ്ച ബിജെപി.യാണ് ഈ പ്രവണതയ്ക്കു തുടക്കമിട്ടത്. കഴിഞ്ഞകാല സഭകളിൽ അംഗങ്ങളുടെ സത്യപ്രതിജ്ഞയിൽ കേൾക്കാത്ത പതിവുകൾക്കിതു ഇത് വഴിവെച്ചു. സത്യപ്രതിജ്ഞ ചൊല്ലിയയുടൻ ചിലർ മുദ്രാവാക്യം മുഴക്കി. ആർ.എസ്‌പി. അംഗം എൻ.കെ. പ്രേമചന്ദ്രൻ ഇതിനെതിരേ പ്രതികരിച്ചപ്പോൾ, ചട്ടം പാലിക്കണമെന്ന് പ്രോട്ടെം സ്പീക്കർ നിർദ്ദേശിച്ചു.

ചൊവ്വാഴ്ച ഭരണ-പ്രതിപക്ഷ അംഗങ്ങൾ ഒന്നടങ്കം മുദ്രാവാക്യം വിളികൾ ഉയർത്തിയതോടെ സഭ മുദ്രാവാക്യമുഖരിതമായി. അതത് പ്രാദേശിക ഭാഷയിലായിരുന്നു പലരുടെയും മുദ്രാവാക്യം മുഴക്കൽ. തമിഴ്‌നാട്ടിലെ ഡി.എം.കെ. അംഗങ്ങൾ ജയ് പെരിയോർ, ജയ് കലൈഞ്ജർ വിളികൾ ഉയർത്തിയപ്പോൾ എ.ഐ.എ.ഡി.എം.കെ.യുടെ ഏക അംഗം രവീന്ദ്രനാഥ് കുമാർ 'പുരട്ചി തലൈവിക്കു' ജയ് വിളിച്ചു. ബംഗാളിൽനിന്നുള്ള അംഗങ്ങൾ ജയ് ഹിന്ദ്, ജയ് ബംഗ്ലാ മുദ്രാവാക്യങ്ങളുയർത്തി.

ഹൈദരാബാദിൽ നിന്നുള്ള മജ്‌ലിസ് പാർട്ടി അംഗം അസദുദ്ദീൻ ഒവൈസി ജയ് ഭീം, അള്ളാഹു അക്‌ബർ, ജയ് ഹിന്ദ് എന്നിങ്ങനെയും ബിജെപി. അംഗങ്ങൾ ഭാരത് മാതാ കീ ജയ്, വന്ദേ മാതരം മുദ്രാവാക്യങ്ങളുമുയർത്തി. ഒവൈസിയെ പ്രകോപിപ്പിച്ചത് ബിജെപി അംഗങ്ങളുടെ മുദ്രാവാക്യം വിളികൾ മാത്രമായിരുന്നു. എന്നെ കാണുമ്പോൾ ഇവർക്ക് ''ജയ് ശ്രീരാം'' എന്ന് വിളിക്കാൻ തോന്നുന്നത് നല്ല കാര്യമാണ് എന്ന് ഒവൈസി പരിഹസിച്ചു. ബിജെപി എംപിമാർ ജയ് ശ്രീരാം വിളികളുമായി പ്രകോപിപ്പിക്കാൻ ശ്രമിക്കുമ്പോൾ നിങ്ങൾ വിളിച്ചോളൂ എന്ന് സൂചന നൽകുന്ന ആംഗ്യം ഒവൈസി കാണിക്കുന്നുണ്ടായിരുന്നു.

ഈ മുദ്രാവാക്യം ഇവർക്ക് ഓർമ്മ വരുന്നത് നല്ലതാണ്. ഭരണഘടനയേയും മുസഫർപൂരിൽ മരിച്ച കുട്ടികളേയും ഇവർ മറന്നിട്ടില്ല എന്ന് കരുതുന്നു. ജയ് ശ്രീരാം ക്ഷേത്രങ്ങളിലാണ് വിളിക്കേണ്ടത് എന്നും ഇത് അതിനുള്ള സ്ഥലമല്ല എന്നും മഹാരാഷ്ട്രയിലെ അമരാവതിയിൽ നിന്നുള്ള സ്വതന്ത്ര എംഎൽഎ നവനീത് റാണ പ്രതികരിച്ചിരുന്നു.

മഥുരയിൽനിന്നുള്ള ബിജെപി. അംഗം ഹേമമാലിനി രാധേ രാധേ എന്ന കൃഷ്ണ-രാധാ കീർത്തനമാണ് സത്യവാചകത്തിനൊടുവിൽ ആലപിച്ചത്. ബിജെപി. അംഗം അരുൺ കുമാർ സാഗർ ഭാരത് മാതാ കീ ജയ് വിളിച്ചപ്പോൾ പ്രതിപക്ഷ ബെഞ്ചിൽനിന്ന് രാഹുൽ ഗാന്ധി, ഒരു വട്ടംകൂടിയെന്ന് ആവശ്യപ്പെട്ടു. താൻ വീണ്ടും വിളിക്കാമെന്നും എന്നാൽ ജയ് എന്ന വാക്ക് രാഹുൽ ഗാന്ധി പൂരിപ്പിക്കണമെന്നും സാഗർ നിബന്ധന വെച്ചു. രാഹുൽ ജയ് ഹിന്ദ് എന്നു മുദ്രാവാക്യം വിളിച്ച് അതിനു മറുപടി നൽകി.

ബിജെപി.ക്കെതിരേ ഉത്തർപ്രദേശിലെ സമാജ് വാദി പാർട്ടി അംഗം ഷഫീഖുർ റഹ്മാൻ ബർഖ് പ്രതിഷേധമുയർത്തിയത് അല്പനേരം ഭരണ-പ്രതിപക്ഷങ്ങൾ തമ്മിൽ വാക്കേറ്റത്തിനിടയാക്കി. ബിജെപി. അംഗങ്ങൾ മുദ്രാവാക്യം വിളിച്ചപ്പോൾ ക്രമപ്രശ്‌നമുന്നയിച്ച എൻ.കെ. പ്രേമചന്ദ്രൻ, പ്രതിപക്ഷം മുദ്രാവാക്യമുയർത്തുമ്പോൾ മൗനം പാലിക്കുന്നതെന്തുകൊണ്ടെന്നു ഭരണപക്ഷം ചോദിച്ചു. ഇക്കാര്യത്തിൽ അധ്യക്ഷൻ തിങ്കളാഴ്ചതന്നെ നിർദ്ദേശം നൽകിയിട്ടുണ്ടെന്നായിരുന്നു പ്രേമചന്ദ്രന്റെ മറുപടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP