Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പാർട്ടിക്ക് വേണ്ടി ജീവിച്ചയാളായിരുന്നു, നഗരസഭയ്ക്ക് അനുമതി നൽകിക്കൂടായിരുന്നോ? ഭർത്താവ് ജീവനൊടുക്കിയത് ഓഡിറ്റോറിയത്തിന് അനുമതി ലഭിക്കില്ലെന്ന് ഉറപ്പായതോടെ; ആന്തൂർ നഗരസഭയ്‌ക്കെതിരെ പ്രവാസി വ്യവസായിയുടെ ഭാര്യ; സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരം, ആരോപണം ശരിയാണെങ്കിൽ കുറ്റകാർക്കെതിരെ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി; വിഷയം പ്രവാസി സമൂഹത്തിന്റെ രോഷം ആളിക്കത്തിക്കുമ്പോൾ നഗരസഭാ ഭരണസമിതിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് പറഞ്ഞ് തടിയെടുക്കാൻ ചെയർപേഴ്‌സൺ പികെ ശ്യാമള

പാർട്ടിക്ക് വേണ്ടി ജീവിച്ചയാളായിരുന്നു, നഗരസഭയ്ക്ക് അനുമതി നൽകിക്കൂടായിരുന്നോ? ഭർത്താവ് ജീവനൊടുക്കിയത് ഓഡിറ്റോറിയത്തിന് അനുമതി ലഭിക്കില്ലെന്ന് ഉറപ്പായതോടെ; ആന്തൂർ നഗരസഭയ്‌ക്കെതിരെ പ്രവാസി വ്യവസായിയുടെ ഭാര്യ; സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരം, ആരോപണം ശരിയാണെങ്കിൽ കുറ്റകാർക്കെതിരെ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി; വിഷയം പ്രവാസി സമൂഹത്തിന്റെ രോഷം ആളിക്കത്തിക്കുമ്പോൾ നഗരസഭാ ഭരണസമിതിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് പറഞ്ഞ് തടിയെടുക്കാൻ ചെയർപേഴ്‌സൺ പികെ ശ്യാമള

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ആന്തൂരിൽ പ്രവാസി വ്യവസായി സാജൻ പാറയ്ക്കൽ ആത്മഹത്യ ചെയ്ത് സംഭവത്തിൽ പ്രവാസി സമൂഹത്തിന്റെ പ്രതിഷേധം ആളിക്കത്തുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ വിദേശരാജ്യങ്ങളിൽ പോയി വാക്കു നൽകിയതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിൽ നിക്ഷേപം ഇറക്കാൻ പല പ്രവാസികളും തയ്യാറാകുന്നത്. എന്നാൽ, ഇപ്പോഴും മുട്ടാന്യായങ്ങൾ നിരത്തി വ്യവസായികളെ ഓടിക്കുന്ന സമീപനമാണ് ഇവിടുത്തെ രാഷ്ട്രീയ പാർട്ടികൾ സ്വീകരിക്കുന്നത്. ഭരണാധാകാരികളുടെ പിടിപ്പുകേടും പലപ്പോഴും പ്രശ്‌നങ്ങൾ ക്ഷണിച്ചു വരുത്തുന്നു. എന്തായാലും ചുവപ്പുനാടയിൽ കുരുങ്ങി രക്തസാക്ഷിയാകേണ്ടി വന്ന വ്യക്തിയാണ് ആന്തൂരിലെ സാജൻ പാറയ്ക്കൽ.

സാജൻ ആത്മഹത്യ ചെയ്തത് നഗരസഭയുടെ നടപടികളിൽ മനംനൊന്ത് ആണെന്ന് സാജന്റെ ഭാര്യ ബീന ആരോപിച്ചതോടെ പാർട്ടി ഗ്രാമത്തിലെ ആത്മഹത്യ സിപിഎമ്മിനെയും വെട്ടിലാക്കി. ജീവിതത്തിലെ മുഴുവൻ സമ്പാദ്യവും ഉപയോഗിച്ചാണ് നൈജീരിയയിൽ നിന്ന് മടങ്ങിയെത്തിയ സാജൻ ഓഡിറ്റോറിയം നിർമ്മിച്ചത്. ഓഡിറ്റോറിയത്തിന് അനുമതി ലഭിക്കില്ലെന്ന് വ്യക്തമായതോടെയാണ് ഭർത്താവ് ജീവനൊടുക്കിയതെന്നും ബീന പറഞ്ഞു.

കഴിഞ്ഞ കുറെ ദിവസമായി ഭർത്താവ് മാനസിക വിഷമത്തിലായിരുന്നു. ഓഡിറ്റോറിയത്തിന് അനുമതി നൽകില്ലെന്ന വാശിയിലായിരുന്നു നഗരസഭ. ഓരോ തവണയും നിസ്സാര കാരണങ്ങൾ പറഞ്ഞ് നഗരസഭ അനുമതി നിഷേധിക്കുകയായിരുന്നുവെന്നും ബീന ആരോപിക്കുന്നു. പാർട്ടിക്ക് വേണ്ടി ജീവിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്നും ബീന പറയുന്നു. 'കുറച്ചു ദിവസമായി ചേട്ടൻ ഭയങ്കര ടെൻഷനിലായിരുന്നു. ഓഡിറ്റോറിയത്തിന്റെ കടലാസ്സുകളുമായി പിന്നാലെ നടക്കുകയായിരുന്നു. പക്ഷെ അവർ തന്നതേയില്ല. ചേട്ടനെ കളിപ്പിക്കുന്നതായി തോന്നിയിട്ടുണ്ടാവണം. തരില്ലാന്ന് ഉറപ്പു തോന്നിയിട്ടുണ്ടാവണം. രാത്രിയും പകലുമില്ലാതെ പിന്നാലെ ഓടിനടക്കുകയായിരുന്നു. ചെയർപേഴ്‌സണ് സഹകരിച്ചു കൂടായിരുന്നോ. പാർട്ടിക്ക് വേണ്ടി ജീവിക്കുന്നയാളായിരുന്നു ഭർത്താവ്', ബീന പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പി ജയരാജന്റെ അടുത്ത് പോയിട്ടുണ്ടായിരുന്നു. അവര് സഹായിച്ചിരുന്നു. പിന്നെ എന്താണ് സംഭവിച്ചതെന്ന് അറിയില്ല- ബീന മാധ്യമങ്ങളുടെ ചോദ്യത്തിനുത്തരമായി പറഞ്ഞു.

അതേസമയം വിഷയം നിയമസഭയിലും എത്തിയിട്ടുണ്ട്. ആന്തൂരിൽ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത വിഷയം പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചു. ആന്തൂരിലെ വ്യവസായിയുടെ ആത്മഹത്യ അങ്ങേയറ്റം ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ പറഞ്ഞു. ആരോപണം ശരിയാണെങ്കിൽ കുറ്റകാർക്കെതിരെ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അടിയന്തരപ്രമേയ നോട്ടീസ് തള്ളിയതിൽ പ്രതിപഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി. കെട്ടിട നിർമ്മാണത്തിൽ അപാകത ഇല്ലെന്ന് ടൗൺ പ്ലാനർ വ്യക്തമാക്കിയിട്ടുണ്ടെന്നും നരഹത്യയാണ് നടന്നതെന്ന് പ്രമേയത്തിന് അനുമതി തേടിയ സണ്ണി ജോസഫ് എംഎ‍ൽഎ ആരോപിച്ചു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് നഗരകാര്യ റീജ്യണൽ ഡയറക്ടർ പരിശോധിക്കുമെന്ന് മന്ത്രി എ.സി മൊയ്തീൻ മറുപടി പറഞ്ഞു.

എന്നാൽ പ്രവാസികൾ കേരളത്തിലെത്തി വ്യവസായം തുടങ്ങിയാൽ പരദേശത്തേക്ക് അയക്കുന്ന അവസ്ഥയാണുള്ളതെന്ന് പ്രതിപക്ഷനേതാവ് വിമർശിച്ചു. മരണത്തിന് ഉത്തരവാദി സിപിഐ.എം ആണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ചും വിഷയം സർക്കാർ ഗൗരവത്തോടെ എടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോകയും ചെയ്തു. അതേസമയം ആരോപണം എം വി ഗോവിന്ദന്റെ ഭാര്യ ഭരിക്കുന്ന ആന്തൂർ നഗരസഭക്കെതിരെ ഉയർന്നതോടെ തടിയെടുക്കാനുള്ള ശ്രമങ്ങൾ നഗരസഭയും ആരംഭിച്ചു. ഭരണസമിതിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആന്തൂർ നഗരസഭ ചെയർപേഴ്‌സൺ പികെ ശ്യാമളയും വ്യക്തമാക്കി.

കോടികൾ ചെലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയ ഓഡിറ്റോറിയത്തിന്റെ പ്രവർത്തനാനുമതി നഗരസഭ വൈകിപ്പിച്ചതിൽ മനംനൊന്ത് കഴിഞ്ഞ ദിവസമാണ് സാജൻ ആത്മഹത്യ ചെയ്തത്. കണ്ണൂർ കൊറ്റാളി സ്വദേശി സാജൻ പാറയിലാണ് ആത്മഹത്യ ചെയ്തത്. ചൊവ്വാഴ്ച പുലർച്ചെ സാജനെ കൊറ്റാളിയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നൈജീരിയയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത് സമ്പാദിച്ച പതിനാറ് കോടിയോളം രൂപ മുടക്കിയാണ് കണ്ണൂർ ബക്കളത്ത് സജൻ കൺവെൻഷൻ സെന്റർ നിർമ്മിച്ചത്.

കെട്ടിട നിർമ്മാണം പൂർത്തിയാക്കി നമ്പറിന് അപേക്ഷ നൽകിയപ്പോൾ ചെറിയ കാരണങ്ങൾ ആന്തൂർ നഗരസഭ അത് തടഞ്ഞുവച്ചുവെന്നാണ് ആരോപണം. നിർമ്മാണ പ്രവർത്തനം നടന്നുകൊണ്ടിരിക്കെ നിയമലംഘനമുണ്ടെന്ന് പറഞ്ഞ് കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ സാജൻ നൽകിയ പരാതിയിൽ ഉന്നതല സംഘം നടത്തിയ അന്വേഷണത്തിൽ നിയമലംഘനമില്ലെന്ന് കണ്ടെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP