Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിഎഫിനെ ചെയർമാനും ജോസ് കെ മാണിയെ വർക്കിങ് ചെയർമാനുമാക്കിയുള്ള ഒത്തു തീർപ്പ് ഫോർമുലയുമായി കോൺഗ്രസ് നേതാക്കൾ; ചെയർമാൻ പദവിയിൽ യാതൊരു വിട്ടു വീഴ്‌ച്ചയുമില്ലെന്ന് തീർത്ത് പറഞ്ഞ് ജോസ് കെ മാണി; പാർട്ടിയിലെ പ്രശ്നം താനായിട്ട് രൂക്ഷമാക്കില്ലെന്ന നിലപാടിൽ ജോസഫ്; പിളർപ്പൊഴിവാക്കണെന്നും ലോക്സഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകിയ പിന്തുണ മാനിക്കണമെന്നും ആവശ്യപ്പെട്ട് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും മുനീറും

സിഎഫിനെ ചെയർമാനും ജോസ് കെ മാണിയെ വർക്കിങ് ചെയർമാനുമാക്കിയുള്ള ഒത്തു തീർപ്പ് ഫോർമുലയുമായി കോൺഗ്രസ് നേതാക്കൾ; ചെയർമാൻ പദവിയിൽ യാതൊരു വിട്ടു വീഴ്‌ച്ചയുമില്ലെന്ന് തീർത്ത് പറഞ്ഞ് ജോസ് കെ മാണി; പാർട്ടിയിലെ പ്രശ്നം താനായിട്ട് രൂക്ഷമാക്കില്ലെന്ന നിലപാടിൽ ജോസഫ്; പിളർപ്പൊഴിവാക്കണെന്നും ലോക്സഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകിയ പിന്തുണ മാനിക്കണമെന്നും ആവശ്യപ്പെട്ട് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും മുനീറും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരളാ കോൺഗ്രസി (എം)ൽ ചെയർമാൻ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം ഇപ്പോഴും ശമിക്കാത്ത സാഹര്യത്തിൽ ഒത്തു തീർപ്പ് ഫോർമുലയുമായി മുന്നോട്ട് നീങ്ങുകയാണ് യുഡിഎഫ് നേതൃത്വം. പാർട്ടിക്കുള്ളിലെ തർക്കം പരിധി വിടുന്ന സമയത്തും ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരെ കൂടി സമവായ ചർച്ചയിൽ ഉൾപ്പെടുത്തിയാണ് കേരളാ കോൺഗ്രസിൽ സമാധാനം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നത്. പിളർപ്പ് ഒഴിവാക്കണമെന്നും ഒറ്റക്കെട്ടായി മുന്നോട്ട് നീങ്ങണമെന്നുമാണ് യുഡിഎഫിന്റെ ആവശ്യം.

ഇതിന്റെ ഭാഗമായി യുഡിഎഫ് നേതാക്കൾ പി.ജെ ജോസഫിനെ നേരിൽ കണ്ട് പിളർപ്പൊഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. യുഡിഎഫ് നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, എം.കെ മുനീർ എന്നിവരാണ് പി.ജെ ജോസഫുമായി ചർച്ച നടത്തിയത്. പാർട്ടിയിലെ പ്രശ്നങ്ങൾ കോടതിയിലും തിരഞ്ഞെടുപ്പ് കമ്മിഷനിലും എത്തിയ സ്ഥിതിക്ക് തീർപ്പുണ്ടാകുന്നതുവരെ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കരുതെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.

എന്നാൽ ജോസ് കെ മാണിയെ കേരളാ കോൺഗ്രസ് ചെയർമാനാക്കിയ നടപടിയോട് യോജിക്കുന്നില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്ന ജോഫസ് പാർട്ടിയിൽ താനായിട്ട് കൂടുതൽ പ്രശ്നമൊന്നും ഉണ്ടാക്കില്ലെന്നും വ്യക്തമാക്കി. എന്നാൽ ഇപ്പോൾ കേരളാ കോൺഗ്രസിൽ നടക്കുന്നത് ലോക്സഭാ തിരഞ്ഞെടുപ്പിലെ ജനവിധിക്ക് ചേരാത്ത സമീപനമാണെന്നും ഇരു വിഭാഗങ്ങളും ഇത്തരത്തിൽ മുന്നോട്ട് നീങ്ങരുതെന്നും യുഡിഎഫ് നേതാക്കൾ ആവശ്യപ്പെട്ടു.

ജനങ്ങളുടെ പിന്തുണ എപ്പോഴും മാനിക്കേണ്ട കാര്യമുണ്ടെന്ന് ഓർമ്മിപ്പിച്ച നേതാക്കൾ കേരളാ കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങളിൽ ഇടപെടില്ലെന്നും വ്യക്തമാക്കി. എങ്ങനെ പ്രശ്നം തീർക്കണമെന്ന് നിർദ്ദേശിക്കുന്നില്ലെങ്കിലും വിട്ടു വീഴ്‌ച്ചകളിലൂടെ യോജിച്ച് പോയേ പറ്റൂവെന്നും നേതാക്കൾ നിർദ്ദേശിച്ചു. പാലായിലടക്കം ഉപതിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പാർട്ടി രണ്ടായി പിളരുന്നതിനോട് ഒരു കാരണവശാലും യോജിക്കാൻ കഴിയില്ലെന്നു മൂന്നു നേതാക്കളും വ്യക്തമാക്കി. മറുവിഭാഗത്തെക്കുറിച്ചുള്ള പരാതികളാണു ചർച്ചയിൽ ജോസഫ് പ്രധാനമായും ഉന്നയിച്ചത്.

ചെയർമാനായ കെ.എം.മാണിക്കു തുല്യമായ അധികാരം വർക്കിങ് ചെയർമാനായ തനിക്കുണ്ടെങ്കിലും അതംഗീകരിക്കാൻ മറുവിഭാഗം ഒരിക്കലും തയാറായിട്ടില്ല. ആ വിഭാഗത്തിൽനിന്നു പലരും തനിക്കൊപ്പം ചേരുകയാണ്. സംസ്ഥാന കമ്മിറ്റി വിളിച്ചു പാർട്ടിയെ പിളർത്തിയതു ജോസ് കെ. മാണിയാണ്. അദ്ദേഹത്തെ ചെയർമാനാക്കിയത് അംഗീകരിക്കാൻ കഴിയില്ലെന്നും ജോസഫ് പറഞ്ഞു.

പ്രകോപനങ്ങൾ ഒഴിവാക്കണമെന്ന യുഡിഎഫിന്റെ ആവശ്യം അദ്ദേഹം തള്ളിയില്ല. തിരഞ്ഞെടുപ്പ് കമ്മിഷന്റെയും സ്പീക്കറുടെയും മുന്നിലേക്കു തർക്കം നീണ്ടാലുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയതു ഗൗരവത്തിലെടുത്തു. സഭാനേതൃത്വത്തിലെ ചില ഉന്നതരുമായും യുഡിഎഫ് നേതാക്കൾ സംസാരിച്ചിരുന്നു. പ്രശ്നത്തിൽ തുടർന്നും ഇടപെടാൻ സന്നദ്ധമാണെന്നാണ് അവർ അറിയിച്ചിട്ടുള്ളത്. കെ.എം. മാണി യോജിപ്പിച്ച പാർട്ടിയെ രണ്ടാക്കാൻ അനുവദിക്കില്ലെന്നു വ്യക്തമാക്കി ഇക്കാര്യത്തിൽ നിലപാട് കർശനമാക്കാനാണു യുഡിഎഫ് ഒരുങ്ങുന്നത്.

ജോസും ജോസഫും ഇടച്ചിലിൽ തന്നെ

ചെയർമാൻ സ്ഥാനത്ത് ജോസ് കെ. മാണി എന്ന കാര്യത്തിൽ മാറ്റമില്ലെന്നും മറ്റു ഫോർമുലകൾ ചർച്ചചെയ്യാമെന്നുമുള്ള നിലപാടിലാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ. ജോസ് കെ. മാണിയെ ചെയർമാനായി തിരഞ്ഞെടുത്തുകഴിഞ്ഞ സ്ഥിതിക്ക് ഇനി തിരിച്ചുപോക്ക് അസാധ്യമാണ്. ജോസഫിനെ നിയമസഭാകക്ഷി നേതാവായി അംഗീകരിക്കാം. മറ്റു പാർട്ടിസ്ഥാനങ്ങളിലും നീക്കുപോക്കാകാം. ജോസ് കെ. മാണിയെ ചെയർമാനായി തിരഞ്ഞെടുത്തശേഷം ജോസഫ് അടക്കമുള്ള മറുവിഭാഗം ഭാരവാഹികളെ നീക്കുകയോ പകരം നിയമനം നടത്തുകയോ ചെയ്യാത്തത് മധ്യസ്ഥശ്രമങ്ങൾക്കുള്ള വാതിലായി കാണണമെന്നും അവർ പറഞ്ഞു.

ജോസ് കെ. മാണിയെ ചെയർമാനായി തിരഞ്ഞെടുത്തത് അംഗീകരിക്കാനാകില്ലെന്ന് ജോസഫ് യു.ഡി.എഫ്. നേതാക്കളോടു പറഞ്ഞു. യോഗം വിളിച്ചത് അതിന് അധികാരമില്ലാത്തയാളാണ്. അതിനാലാണ് കോടതിവഴി സ്റ്റേ സന്പാദിച്ചത്. തുടർന്നും നിയമവഴി നോക്കും. ഏതു പക്ഷത്താണ് യഥാർഥ പാർട്ടിയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പറയട്ടെയെന്നും ജോസഫ് വിഭാഗം പറയുന്നു. ഇപ്പോൾ തന്നെ മാണിവിഭാഗത്തിലെ പ്രമുഖർ ജോസഫിനൊപ്പമെത്തിയത് അവർ ചൂണ്ടിക്കാട്ടുന്നു. ജോസഫ് സമവായത്തിനുനിന്നപ്പോൾ ജോസ് കെ. മാണിയാണു പാർട്ടി പിളർത്തിയതെന്നും അവർ പറയുന്നു.

സി.എഫ്. തോമസിനെ ചെയർമാനാക്കണമെന്ന് ജോസ് കെ. മാണി വിഭാഗത്തിലെ പ്രധാന നേതാക്കൾ ആദ്യഘട്ടത്തിൽ നിലപാടെടുത്തിരുന്നു. ഇതിനായി മെയ്‌ നാലിന് ചേർന്ന യോഗത്തിൽ ജോസ് കെ. മാണി, സി.എഫ്. തോമസ്, ജോയ് എബ്രഹാം, റോഷി അഗസ്റ്റിൻ, തോമസ് ചാഴികാടൻ എന്നിവർ ഉൾപ്പെടെയുള്ള ഉന്നതനേതാക്കൾ പങ്കെടുത്തു. സി.എഫിനെ ചെയർമാനാക്കണമെന്നും ജോസ് കെ. മാണിയെ വർക്കിങ് ചെയർമാനാക്കണമെന്നുമുള്ള നിർദ്ദേശം ജോസഫിനെ അറിയിക്കാൻ പാർട്ടി ജനറൽ സെക്രട്ടറി ജോയ് എബ്രഹാമിനെ ചുമതലപ്പെടുത്തി. മെയ്‌ ആറിന് ജോസഫിനെ നേരിൽക്കണ്ട് അദ്ദേഹം ഇക്കാര്യം അറിയിച്ചു.

പാർലമെന്ററി പാർട്ടി ലീഡർ സ്ഥാനത്തിനൊപ്പം ജോസഫ് വിഭാഗത്തിന് ഡെപ്യൂട്ടി ചെയർമാൻ സ്ഥാനമോ മറ്റോ നൽകാമെന്ന വാഗ്ദാനവും മുന്നോട്ടുവെച്ചു. ചർച്ചചെയ്ത് തീരുമാനിക്കാമെന്ന നിലപാടിൽ ജോസഫുമെത്തി. എന്നാൽ, ജോസ്.കെ. മാണിയെ പിന്തുണയ്ക്കുന്ന ചിലർ ഇതെല്ലാം അട്ടിമറിച്ചുവെന്നാണ് ജോസഫ് വിഭാഗത്തിന്റെ പ്രധാന ആരോപണം. ജോസ്.കെ. മാണി വിഭാഗത്തിൽ ഇടഞ്ഞുനിൽക്കുന്ന നേതാക്കളെ ഇക്കാര്യങ്ങൾ ബോധ്യപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ജോസഫ് പക്ഷം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP