Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബിജെപിയിൽ ചേരാനാകാത്തത് മാണ്ഡ്യയിലെ മുസ്ലിം സമുദായം തനിക്ക് വോട്ടു ചെയ്തതിനാൽ; ബിജെപി പിന്തുണയോടെ പാർലമെന്റിലെത്തിയ സുമലത നിലപാട് വ്യക്തമാക്കിയത് പ്രഥമ പാർലമെന്റ് സമ്മേളനത്തിനെത്തിയതോടെ; പാർട്ടിയിൽ ചേർന്നില്ലെങ്കിലും പാർലമെന്റിൽ പിന്തുണ നൽകുമോ എന്ന് വ്യക്തമാക്കാതെ മാണ്ഡ്യയുടെ പുതിയ എംപി; മലയാളികൾ നൽകിയ സ്‌നേഹം മറക്കാനാകില്ലെന്നും തെന്നിന്ത്യൻ താരം

ബിജെപിയിൽ ചേരാനാകാത്തത് മാണ്ഡ്യയിലെ മുസ്ലിം സമുദായം തനിക്ക് വോട്ടു ചെയ്തതിനാൽ; ബിജെപി പിന്തുണയോടെ പാർലമെന്റിലെത്തിയ സുമലത നിലപാട് വ്യക്തമാക്കിയത് പ്രഥമ പാർലമെന്റ് സമ്മേളനത്തിനെത്തിയതോടെ; പാർട്ടിയിൽ ചേർന്നില്ലെങ്കിലും പാർലമെന്റിൽ പിന്തുണ നൽകുമോ എന്ന് വ്യക്തമാക്കാതെ മാണ്ഡ്യയുടെ പുതിയ എംപി; മലയാളികൾ നൽകിയ സ്‌നേഹം മറക്കാനാകില്ലെന്നും തെന്നിന്ത്യൻ താരം

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: തെരഞ്ഞെടുപ്പിൽ ബിജെപി പിന്തുണയോടെ വിജയിച്ചിട്ടും ബിജെപിയിലേക്കില്ലെന്ന സുമലതയുടെ നിലപാടിന് പിന്നിൽ മുസ്ലിം വോട്ടുകൾ. മുസ്ലിം വോട്ടർമാരുടെ വികാരം മാനിച്ചാണ് താൻ ബിജെപിയിൽ ചേരാത്തത് എന്നാണ് തെന്നിന്ത്യൻ സിനിമാതാരം കൂടിയായ സുമലത പറയുന്നത്. തനിക്ക് വോട്ടുചെയ്ത മാണ്ഡ്യയിലെ മുസ്‌ലിംസമുദായത്തെ മറക്കാനാവില്ലെന്നും വിജയത്തിൽ അവരുടെ വോട്ടുകൾ നിർണായകമായിരുന്നുവെന്നും സുമലത വ്യക്തമാക്കുന്നു. 17ാം ലോക്‌സഭയുടെ പ്രഥമ സമ്മേളനത്തിനെത്തിയപ്പോഴാണ് മനസ്സ് തുറന്നത്.

മുസ്‌ലിം ജനവിഭാഗത്തിന്റെ വോട്ടുകൊണ്ടു കൂടിയാണ് താൻ ജയിച്ചതെന്നും അതിനാൽ എടുത്തുചാടി ഒരു തീരുമാനമെടുക്കില്ലെന്നും അവർ പറഞ്ഞു. അതേസമയം സഭയിൽ ബിജെപിയെ പിന്തുണക്കുമോ എന്ന ചോദ്യത്തിന് അവരുടെ പിന്തുണയിൽ എംപിയായിവന്ന സുമലത വ്യക്തമായ മറുപടി നൽകിയില്ല. സ്വതന്ത്രയായിത്തന്നെ താൻ സഭയിൽ തുടരുമെന്ന് സുമലത പറഞ്ഞു.

നിലവിൽ ജനസേവനത്തിനാണ് ഊന്നൽ. അഭിനയം ഇപ്പോൾ ആലോചനയിലില്ല. തന്റെ കരിയറിലെ മികച്ച സിനിമകൾ മലയാളിത്തിലായിരുന്നുവെന്നും സുമലത പറഞ്ഞു. മലയാളികൾ തനിക്ക് നൽകിയ സ്‌നേഹം ഏറെ വിലപ്പെട്ടതാണെന്നും സുമലത പറഞ്ഞു. മലയാള സിനിമയിലെ അഭിനയ കാലം ഗൃഹാതുരതയോടെയാണ് ഓർക്കുന്നതെന്ന്, 'തൂവാനത്തുമ്പി'കളിലെ ക്ലാരയായി മലയാള സിനിമ പ്രേക്ഷകർ എന്നും ഓർക്കുന്ന സുമലത തുടർന്നു. പത്മരാജനെ പോലുള്ള വലിയ സംവിധായകരുടെ കൂടെ ചേർന്ന് പ്രവർത്തിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായാണ് കരുതുന്നത്.

കോൺഗ്രസ് നേതാവും നടനുമായ അംബരീഷിന്റെ മരണത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ഭാര്യയായ സുമലത ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണം എന്ന് ആഗ്രഹം പ്രകടിപ്പിച്ച് കർണാടക രാഷ്ട്രീയത്തിലേക്ക് രംഗപ്രവേശനം ചെയ്യുന്നത്. അംബരീഷിന്റെ മണ്ഡലമായിരുന്ന മാണ്ഡ്യയിൽ മത്സരിക്കണമെന്ന ആഗ്രഹം കോൺഗ്രസ് നേതൃത്വത്തോട് സുമലത വ്യക്തമാക്കുകയും ചെയ്തു. എന്നാൽ സഖ്യധാരണ പ്രകാരം കോൺഗ്രസ് സീറ്റ് ജെഡിഎസിന് വിട്ടുകൊടുത്തു.

ഇതോടെയാണ് മാണ്ഡ്യയിൽ സുമലത സ്വതന്ത്ര സ്ഥാനാർത്ഥിയാവുന്നത്. അംബരീഷിന് വലിയ സ്വാധീനമുള്ള മാണ്ഡ്യയിൽ സുമലതയ്ക്ക് വലിയ സ്വീകരണവും പിന്തുണയുമാണ് ലഭിച്ചത്. നിഖിൽ കുമാരസ്വാമി കോൺഗ്രസ്-ജെഡിഎസ് സഖ്യ സ്ഥാനാർത്ഥിയാണെങ്കിലും കോൺഗ്രസിന്റ പ്രാദേശിക നേതൃത്വത്തിന്റെ പിന്തുണ സുമലതയ്ക്കായിരുന്നു ലഭിച്ചത്. സാഹചര്യം മുതലെടുത്ത് സുമലതയെ പിന്തുണയ്ക്കാൻ തയ്യാറായി ബിജെപിയും രംഗത്തെത്തി. ഇതോടെ സുമലതയുടെ പ്രചരണത്തിനായി പ്രാദേശിക കോൺഗ്രസ് നേതൃത്വവും ബിജെപി പ്രവർത്തകരും ഒരുമിച്ച് രംഗത്തിറങ്ങുന്ന സ്ഥിതിയായിരുന്നു മാണ്ഡ്യയിൽ ഉണ്ടായിരുന്നത്. മണ്ഡലത്തിൽ രണ്ടുലക്ഷത്തിലേറെ വോട്ടുകളുള്ള ബിജിപിയുടെ പിന്തുണ സുമലതയുടെ വിജയത്തിൽ ഏറ നിർണ്ണായകമായി.

1,15,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു മാണ്ഡ്യയിൽ നടി സുമലത വിജയിച്ചത്. അഭിമാനകരമായ പോരാട്ടത്തിൽ ജെഡിഎസ് - കോൺഗ്രസ് സഖ്യസ്ഥാനാർത്ഥിയും സംസ്ഥാന മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകനുമായ നിഖിൽ കുമാരസ്വാമിയെയായിരുന്നു സുമലത പരാജയപ്പെടുത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP