Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

നിങ്ങൾ മുകളിൽ പിടിപാടുള്ളവരല്ലേ, എല്ലാം മുകളിൽ നിന്നു വാങ്ങിക്കോ; ഞാനീ കസേരയിൽ ഉള്ളിടത്തോളം കാലം കൺവൻഷൻ സെന്ററിന് അനുമതി ലഭിക്കില്ല; നഗരസഭയുടെ വാതിലുകൾ തട്ടി പരാജിതനായ സാജന് വെള്ളിടിയായത് നഗരസഭാ അധ്യക്ഷ ശ്യാമളയുടെ വെല്ലുവിളി; ഇനിയെങ്കിലും മണ്ഡപം തുറക്കാനായില്ലെങ്കിൽ കടം കയറി മുടിയുമെന്ന് പറഞ്ഞ് പി ജയരാജനെ സാജൻ കണ്ടത് എംവി ഗോവിന്ദന്റെ ഭാര്യയ്ക്ക് പിടിച്ചില്ല; കണ്ണൂരിലെ സിപിഎമ്മിലെ അന്തചിദ്രം തല്ലിക്കെടുത്തിയത് ഒരു പാർട്ടി കുടുംബത്തിന്റെ സ്വപ്‌നങ്ങളെ

നിങ്ങൾ മുകളിൽ പിടിപാടുള്ളവരല്ലേ, എല്ലാം മുകളിൽ നിന്നു വാങ്ങിക്കോ; ഞാനീ കസേരയിൽ ഉള്ളിടത്തോളം കാലം കൺവൻഷൻ സെന്ററിന് അനുമതി ലഭിക്കില്ല; നഗരസഭയുടെ വാതിലുകൾ തട്ടി പരാജിതനായ സാജന് വെള്ളിടിയായത് നഗരസഭാ അധ്യക്ഷ ശ്യാമളയുടെ വെല്ലുവിളി; ഇനിയെങ്കിലും മണ്ഡപം തുറക്കാനായില്ലെങ്കിൽ കടം കയറി മുടിയുമെന്ന് പറഞ്ഞ് പി ജയരാജനെ സാജൻ കണ്ടത് എംവി ഗോവിന്ദന്റെ ഭാര്യയ്ക്ക് പിടിച്ചില്ല; കണ്ണൂരിലെ സിപിഎമ്മിലെ അന്തചിദ്രം തല്ലിക്കെടുത്തിയത് ഒരു പാർട്ടി കുടുംബത്തിന്റെ സ്വപ്‌നങ്ങളെ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ആന്തൂരിൽ സിപിഎമ്മിനെ കെട്ടിപെടുക്കുന്നതിൽ ചെറിയ പങ്ക് വഹിച്ച വ്യക്തിയാണ് സാജൻ പാറയിൽ. പാർട്ടി ഗ്രാമത്തിൽ പാർട്ടിക്കൊപ്പം നിന്ന സഖാവ്. നൈജീരിയയിൽ പണിയെടുക്കുമ്പോഴും മനസ്സിൽ നാട്ടിലെ കമ്യൂണിസ്റ്റ് വിപ്ലവമായിരുന്നു. സാജന്റെ കുടുംബവും അടിയുറച്ച പാർട്ടിക്കാർ. എന്നിട്ടും പ്രവാസി വ്യവസായിക്ക് മുമ്പിൽ ഉണ്ടായിരുന്നത് സിപിഎം ഭരിക്കുന്ന നഗരസഭയിലെ പാരകൾ. കണ്ണൂരിൽ പി ജയരാജൻ എന്ത് പറഞ്ഞാലും അനുസരിക്കാത്ത ഒരു കൂട്ടരുണ്ട്. ജില്ലയ്ക്ക് മുകളിലേക്ക് വളർന്ന സംസ്ഥാന നേതാക്കൾ. മക്കൾ രാഷ്ട്രീയത്തിന് ജയരാജന് എതിർപ്പായിരുന്നു. കുടുംബ രാഷ്ട്രീയത്തേയും അംഗീകരിച്ചില്ല. അതുകൊണ്ട് തന്നെ ജയരാജനോട് പരാതി പറഞ്ഞാൽ കുടുംബ ബന്ധങ്ങളുടെ കരുത്തിൽ അധികാരത്തിൽ എത്തിയ രാഷ്ട്രീയക്കാർക്ക് സഹിക്കില്ല. ഇതാണ് സാജനും വിനയായത്. ഇതോടെ പ്രതിഷേധവുമായി ആത്മഹത്യയിലേക്ക് ഈ പ്രവാസി വ്യവസായി എത്തി. ഉള്ള സമ്പാദ്യമെല്ലാമെടുത്ത് 15 കോടി രൂപ ചെലവിൽ നിർമ്മിച്ച കെട്ടിടത്തിന്റെ പണി പൂർത്തിയായശേഷം അനുമതിക്കപേക്ഷിച്ച് കാത്തിരിക്കുന്നതിനിടെയാണ് സാജന്റെ അപ്രതീക്ഷിതമായ വിടവാങ്ങൽ.

സാജൻ പാറയിൽ ജീവനൊടുക്കിയതിനു പിന്നിൽ ആന്തൂർ നഗരസഭാധ്യക്ഷ പി.കെ. ശ്യാമളയുടെ ഭീഷണിയും പകപോക്കലുമാണെന്ന് വ്യവസായിയുടെ കുടുംബം ആരോപിക്കുന്നു. 'ഞാനീ കസേരയിൽ ഉള്ളിടത്തോളം കാലം കൺവൻഷൻ സെന്ററിന് അനുമതി ലഭിക്കില്ല' എന്ന് ഏതാനും ദിവസം മുൻപ് നഗരസഭാധ്യക്ഷ ശ്യാമള ഭീഷണി മുഴക്കി. വിഷയത്തിൽ സിപിഎം മുൻ ജില്ലാ സെക്രട്ടറി പി. ജയരാജൻ ഇടപെട്ടത് അധ്യക്ഷയ്ക്ക് ഇഷ്ടപ്പെട്ടില്ല. എംവി ഗോവിന്ദൻ മാസ്റ്ററുടെ ഭാര്യയാണ് ശ്യാമള. ഈ പദവിയിൽ എത്തിയത് ഭർത്താവിന്റെ സിപിഎം കേന്ദ്ര കമ്മറ്റിയിലെ അംഗമെന്ന പദവിയുടെ ബലത്തിലാണ്. അതുകൊണ്ട് തന്നെ ജയരാജന് ശ്യമള വില നൽകിയില്ല. ജയരാജൻ എന്ത് പറഞ്ഞാലും ചെയ്യരുതെന്ന ചില നേതാക്കളുടെ നിർദ്ദേശം അവർ പറഞ്ഞ പടി നടപ്പാക്കി. ഇതോടെ നഷ്ടം ഏറെ സ്വപ്‌നങ്ങൾ കണ്ട കമ്യൂണിസ്റ്റ് കൂടുംബത്തിനുമാണ്. ഏതായാലും ആന്തൂർ നഗര സഭയ്‌ക്കെതിരെ അതിരൂക്ഷ ആക്രമണമാണ് സാജന്റെ ബന്ധുക്കൾ നടത്തുന്നത്. പ്രതിപക്ഷത്ത് ഒരംഗം പോലുമില്ലാതെ സിപിഎം ഭരിക്കുന്ന നഗരസഭയാണ് ആന്തൂർ.

ഒരൊപ്പിന്റെ പേരിലല്ലേ അവർ ഏട്ടന്റെ ജീവനെടുത്തത്. നല്ലൊരാളല്ലേ പോയത്. ഇനി തിരിച്ചുകിട്ടുമോ ഏട്ടനെ...''-ഈ നിലവിളിയാണ് സാജന്റെ വീട്ടിൽ ഇപ്പോഴും ഉയരുന്നത്. സാജന്റെ ഭാര്യയെ ആശ്വസിപ്പിക്കാൻ ആർക്കും കഴിയുന്നില്ല. ചൊവ്വാഴ്ച പുലർച്ചെയാണ് ബക്കളത്തെ പാർഥാ കൺവെൻഷൻ സെന്റർ ഉടമയും പുഴാതി അരയമ്പേത്ത് സരസ്വതിവിലാസം യു.പി. സ്‌കൂൾ പരിസരത്തെ 'ഗോകുല'ത്തിൽ സാജൻ പാറയിലി (48) നെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ആന്തൂർ നഗരസഭാ പരിധിയിലെ അദ്ദേഹത്തിന്റെ കൺവെൻഷൻ സെന്റർ കെട്ടിടം പ്രവർത്തിക്കുന്നതിനു ലൈസൻസ് ലഭിക്കാത്തതിനെത്തുടർന്നുണ്ടായ മനോവിഷമമാണ് ആത്മഹത്യയിലേക്കു നയിച്ചതെന്ന് ബന്ധുക്കൾ പറയുന്നു.

'നിങ്ങൾ മുകളിൽ പിടിപാടുള്ളവരല്ലേ, കെട്ടിട നമ്പരും ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റും മുകളിൽനിന്നു തന്നെ വാങ്ങിക്കോ' എന്നു വെല്ലുവിളിച്ചു. നഗരസഭ ഭരണസമിതിയിലെ വിഭാഗീയതയും അനുമതി നിഷേധിക്കുന്നതിനു കാരണമായതായി കരുതുന്നു. 15 കോടി മുടക്കി നിർമ്മിച്ച പാർഥ കൺവൻഷൻ സെന്റർ, നഗരസഭാ അധികൃതരുടെ നിലപാട് മൂലം ഒരിക്കലും തുറക്കാൻ കഴിയില്ലെന്ന മനോവിഷമത്തിലാണ് ഉടമ സാജൻ ആത്മഹത്യ ചെയ്തതെന്നു ഭാര്യ ബീനയും ഭാര്യാപിതാവ് പി. പുരുഷോത്തമനും ആരോപിച്ചു. 2018 ൽ നിർമ്മാണം പാതിയെത്തിയപ്പോൾ, പൊളിച്ചു നീക്കണമെന്ന് നഗരസഭ നോട്ടിസ് നൽകി. ചട്ടലംഘനമുണ്ടോ എന്നു നേരിട്ടെത്തി പരിശോധിക്കാൻ ആവശ്യപ്പെട്ടെങ്കിലും തയാറായതുമില്ല. ഈ സാഹചര്യത്തിലാണു സാജൻ അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനു പരാതി നൽകിയത്. 15 വർഷം നീണ്ട പ്രവാസജീവിതത്തിനുശേഷം നാലുവർഷം മുമ്പാണ് സാജൻ കുടുംബസമേതം നാട്ടിലെത്തിയത്. പ്ലസ്വൺ വിദ്യാർത്ഥി പാർഥിവും ഒമ്പതാംക്ലാസുകാരി അർഷിതയുമാണ് മക്കൾ.

അടുത്ത ദിവസങ്ങളിൽ സാജൻ തീർത്തും നിരാശനായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. മനഃസംഘർഷത്തിലുമായിരുന്നു. വലിയ പണം നിക്ഷേപിച്ചിട്ട് എല്ലാം തുരുമ്പെടുത്തുപോവുകയേ ഉള്ളൂ എന്ന് ഇടയ്ക്കിടെ പറയുമായിരുന്നുവെന്നും അവർ പറയുന്നു. കെട്ടിടത്തിൽ വരുത്താൻ ടൗൺ പ്ലാനർ നിർദ്ദേശിച്ച മാറ്റങ്ങളെല്ലാം വരുത്തി കംപ്ലീഷൻ സർട്ടിഫിക്കറ്റിനായി ഒട്ടേറെത്തവണ ഓഫീസ് കയറിയിറങ്ങി. അഗ്‌നിബാധാ നിയന്ത്രണസംവിധാനമടക്കം പൂർത്തിയാക്കി. ഓരോ തവണയും നഗരസഭാധികൃതർ ഓരോ കാരണംപറഞ്ഞു മടക്കി. വെള്ളിയാഴ്ച പോയാൽ തിങ്കളാഴ്ച വരാൻ പറയും. തിങ്കളാഴ്ച പോയാൽ സെക്രട്ടറി അവധിയിലാണെന്നു പറയും. അങ്ങനെ പല തടസ്സവാദങ്ങൾ. മിക്കവാറും മാനേജരെയോ ഓഫീസ് സ്റ്റാഫിനെയോ ആണ് അയക്കാറ്്. എല്ലാറ്റിനും തടസ്സംനിന്നത് അവരാണ്- ബന്ധുക്കൾ പറയുന്നു.

പുതിയ കൺവെൻഷൻ സെന്ററിൽ ഇതുവരെ മൂന്നു കല്യാണങ്ങൾ കഴിഞ്ഞു. താത്കാലിക അനുമതിയോടെയായിരുന്നു ഇത്. അപ്പോഴും അദ്ദേഹത്തിന് ആശങ്കയുണ്ടായിരുന്നു, വിവാഹിതരായവർക്ക് രജിസ്‌ട്രേഷനും മറ്റും നൽകിയതുമില്ല. ഇതോടെ പ്രശ്‌നങ്ങൾ അതിരൂക്ഷമായി. ഇതാണ് ആത്മഹത്യയിലേക്ക് സാജനെ എത്തിച്ചത്. ആന്തൂരിലെ പാർട്ടി ഗ്രാമത്തിലെ സിപിഎം രാഷ്ട്രീയം സാജന്റെ നീക്കങ്ങൾക്ക് എതിരായിരുന്നു. ജയരാജൻ അനുമതി നൽകട്ടേ എന്നതായിരുന്നു നിലപാട്. മന്ത്രി ഇപി ജയരാജനോട് പരാതി പറഞ്ഞതും എംവി ഗോവിന്ദന്റെ ഭാര്യയ്ക്ക് പിടിച്ചില്ല. ഇതോടെ എന്തു വന്നാലും കൺവെൻഷൻ സെന്ററിന് അനുമതി നൽകില്ലെന്ന നിലപാടിലേക്ക് ശ്യാമള എത്തി. ഭർത്താവിന്റെ പിന്തുണയിൽ മാത്രം ചെയർപേഴ്‌സണായ വ്യക്തിയാണ് ശ്യാമള. ആന്തൂരിലെ സിപിഎം രാഷ്ട്രീയം കുടുംബാധിപത്യത്തിന്റേതാകുന്നുവെന്നതിന് തെളിവാണ് ശ്യമാളയുടെ നിലപാടെന്ന വാദവും സജീവമാണ്.

ആന്തൂർ നഗരസഭയിലെ പാർഥ കൺവൻഷൻ സെന്ററിൽ അനുമതി നിഷേധിക്കേണ്ട തരത്തിലുള്ള ചട്ടലംഘനമുണ്ടായിട്ടില്ലെന്നാണ് നഗരാസൂത്രണ വിഭാഗത്തിന്റെ റിപ്പോർട്ട്. കൺവൻഷൻ സെന്റർ ഉടമ സാജൻ പാറയിൽ മുൻപു സിപിഎം ജില്ലാ നേതൃത്വത്തിനു നൽകിയ പരാതി പ്രകാരമാണു കൺവൻഷൻ സെന്ററിൽ നഗരാസൂത്രണ വിഭാഗവും നഗരസഭ അധികൃതരും സംയുക്ത പരിശോധന നടത്തിയത്. എന്നാൽ ജയരാജന് നൽകിയ പരാതിയിലുള്ള അന്വേഷണമായതു കൊണ്ട് ശ്യാമള കുലുങ്ങിയില്ല. കെട്ടിട നിർമ്മാണത്തിൽ നേരത്തെ നൽകിയ പ്ലാനിനു വ്യത്യസ്തമായി നിർമ്മാണം നടത്തിയതിനാൽ പൊളിച്ചു മാറ്റണമെന്നാവശ്യപ്പെട്ടു പെർമിറ്റ് റദ്ദാക്കിയ വേളയിലായിരുന്നു പരിശോധന നടത്തിയത്. കഴിഞ്ഞ വർഷം ഒക്ടോബർ 31നാണു സംഘം പരിശോധന നടത്തിയത്. അന്ന് മുതൽ തുടങ്ങിയതാണ് പ്രശ്‌നങ്ങൾ.

മുഖ്യ നഗരാസൂത്രണ ഓഫിസറുടെയും നഗരസഭയുടെയും 3 തലത്തിലുള്ള പരിശോധനകൾക്കു ശേഷമാണ് പാർഥ കൺവൻഷൻ സെന്റർ നിർമ്മിക്കാൻ ആദ്യം അനുമതി നൽകിയത്. എന്നാൽ, അതിൽ നിന്നു വലിയ വ്യത്യാസമൊന്നും നിർമ്മാണത്തിൽ വരുത്തിയിട്ടില്ലെന്നു പരിശോധനയിൽ വ്യക്തമായി. ഗ്രൗണ്ട് ഫ്‌ളോറിൽ ഒരു സ്ലാബ് നിർമ്മിച്ചതു മാത്രമാണു നേരത്തെയുണ്ടായിരുന്ന പ്ലാനിൽ നിന്നുള്ള വ്യത്യാസം. അതിനിടെ പാർഥ കൺവൻഷൻ സെന്റർ ഉടമ സാജൻ പാറയിലിന്റെ ആത്മഹത്യയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മിഷൻ അംഗം പി.മോഹനദാസ് കേസെടുത്തത്. കണ്ണൂർ ജില്ലാ പൊലീസ് മേധാവി വിഷയത്തിൽ അടിയന്തരമായി അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നു നിർദ്ദേശിച്ചു. ഉടമസ്ഥാവകാശ രേഖ നൽകുന്നതിനു കാലതാമസമുണ്ടായതിനെ കുറിച്ചു തദ്ദേശ സ്വയംഭരണ സെക്രട്ടറിയും അന്വേഷിക്കണം.

അതിനിടെ സാജൻ പാറയിൽ ജീവനൊടുക്കിയ സംഭവത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തു തെറ്റു സംഭവിച്ചെങ്കിൽ ഉറച്ച നടപടിയുണ്ടാകുമെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു. ആരോപണത്തെക്കുറിച്ചു ഗൗരവപൂർവം പരിശോധനയുമുണ്ടാകും. സാജൻ പാറയിലിന്റെ ആത്മഹത്യയിലേക്കു വഴിവച്ച സംഭവങ്ങൾ സഭ നിർത്തിവച്ചു ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടു സണ്ണി ജോസഫ് നൽകിയ അടിയന്തരപ്രമേയ നോട്ടിസിനു മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. സംഭവത്തിൽ പ്രതിഷേധിച്ചു പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP