Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാഞ്ചാലിമേട്ടിൽ പുതുതായി സ്ഥാപിച്ച മരക്കുരിശുകൾ നീക്കിയെങ്കിലും തർക്കം തീരുന്നില്ല; കുരിശ് നാട്ടിയ ഭൂമി ദേവസ്വം ബോർഡിന് കീഴിലാണോ എന്നാരാഞ്ഞ് ഹൈക്കോടതി; സർക്കാരും ദേവസ്വം ബോർഡും വിശദീകരണം നൽകണം; ദേവസ്വം ബോർഡിന്റെ കീഴിലെ ഭൂമിയല്ലെങ്കിൽ കേസ് മറ്റൊരുബഞ്ചിന് വിടുമെന്നും ഡിവിഷൻ ബഞ്ച്

പാഞ്ചാലിമേട്ടിൽ പുതുതായി സ്ഥാപിച്ച മരക്കുരിശുകൾ നീക്കിയെങ്കിലും തർക്കം തീരുന്നില്ല; കുരിശ് നാട്ടിയ ഭൂമി ദേവസ്വം ബോർഡിന് കീഴിലാണോ എന്നാരാഞ്ഞ് ഹൈക്കോടതി; സർക്കാരും ദേവസ്വം ബോർഡും വിശദീകരണം നൽകണം; ദേവസ്വം ബോർഡിന്റെ കീഴിലെ ഭൂമിയല്ലെങ്കിൽ കേസ് മറ്റൊരുബഞ്ചിന് വിടുമെന്നും ഡിവിഷൻ ബഞ്ച്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പാഞ്ചാലിമേട്ടിൽ, പുതുതായി മരക്കുരിശ് നാട്ടിയത് വിവാദങ്ങൾക്ക് കളമൊരുക്കിയിരിക്കുകയാണ്. അനധികൃതമായി സ്ഥാപിച്ച കുരിശുകൾ പള്ളി അധികൃതർ ചൊവ്വാഴ്ച മാറ്റിയിരുന്നു. സർക്കാർ ഭൂമിയിൽ സ്ഥാപിച്ചിരുന്ന മരക്കുരിശുകൾ മൂന്നുദിവസത്തിനകം മാറ്റണമെന്ന് കണയങ്കവയൽ സെയ്ന്റ് മേരീസ് ദേവാലയ വികാരിക്ക് വെള്ളിയാഴ്ച കളക്ടർ നോട്ടീസ് നൽകിയിരുന്നു. പാഞ്ചാലിമേട്ടിൽ പുതുതായി മരക്കുരിശ് നാട്ടിയെന്ന വിശ്വഹിന്ദുപരിഷത്തിന്റെ പരാതിയിലായിരുന്നു നടപടി. എന്നാൽ, ഇവിടെയുള്ള 14 സിമന്റ് കുരിശുകൾ മാറ്റുന്നതുസംബന്ധിച്ച് തീരുമാനമായില്ല.

അതേസമയം, കുരിശുസ്ഥാപിച്ച പാഞ്ചാലിമേട് ദേവസ്വംബോർഡിനു കീഴിലുള്ള ഭൂമിയാണോയെന്ന് അറിയിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുകയാണ്. സർക്കാരും ദേവസ്വംബോർഡും ഇക്കാര്യത്തിൽ വിശദീകരണം നൽകണമെന്ന് ജസ്റ്റിസ് സി.ടി.രവികുമാറും ജസ്റ്റിസ് എൻ. നഗരേഷും ഉൾപ്പെട്ട ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചു. പാഞ്ചാലിമേട്ടിലെ കുരിശ് നീക്കാനുള്ള പെരുവന്താനം വില്ലേജ് ഓഫീസറുടെ ഉത്തരവ് നടപ്പാക്കാൻ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഇടുക്കി കുപ്പക്കയത്തെ ജി. അരുൺലാൽ നൽകിയ ഹർജിയിലാണിത്. ഹർജി ദേവസ്വം വിഷയങ്ങൾ പരിഗണിക്കുന്ന ബെഞ്ചിനുമുന്നിലെത്തിയപ്പോഴാണ് കോടതി വിശദീകരണം തേടിയിട്ടുള്ളത്.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ഭൂമിയല്ലെങ്കിൽ ഉചിതമായ ബെഞ്ചിനുവിടാൻ വേണ്ടിയാണ് ഇക്കാര്യം ആരാഞ്ഞത്. ഇവിടെ വഞ്ഞിപ്പുഴ മഠത്തിനുകീഴിലായിരുന്ന 269 ഏക്കർ ഭൂപരിഷ്‌കരണനിയമം വന്നതോടെ സർക്കാർ ഏറ്റെടുത്തെന്ന് ഹർജിയിൽ പറയുന്നു. അതിലുണ്ടായിരുന്ന ക്ഷേത്രപരിപാലനത്തിന് ക്ഷേത്രവും അതിന്റെ 22 ഏക്കർ സ്ഥലവും ദേവസ്വംബോർഡ് ഏറ്റെടുത്തു. ഈ സ്ഥലം കൈയേറിയാണ് 17 കുരിശുകൾ സ്ഥാപിച്ചത്. അവ നീക്കാൻ പെരുവന്താനം സെന്റ് മേരീസ് പള്ളി വികാരിക്ക് വില്ലേജ് ഓഫീസർ നോട്ടീസ് നൽകി. എന്നാൽ ഇതിൽ മൂന്നുകുരിശേ നീക്കിയിട്ടുള്ളൂ എന്ന് ഹർജിയിൽ പറയുന്നു.

പാഞ്ചാലിമേട്ടിലാകെ 490 ഏക്കർ ഭൂമിയാണുള്ളത്. 2016-17-ലെ ഗസറ്റ് വിജ്ഞാപനത്തിലൂടെ 22 ഏക്കർ സ്ഥലം ദേവസ്വം ബോർഡ് ഏറ്റെടുത്തിട്ടുണ്ട്. ആ 22 ഏക്കറിനുള്ളിലാണ് കുരിശുകൾ സ്ഥാപിച്ചതെന്നാണ് ഹിന്ദു ഐക്യവേദിയുടെ ആരോപണം. ഡി.ടി.പി.സി. ഈ 22 ഏക്കറിന് ചുറ്റും വേലികെട്ടി ടൂറിസ്റ്റുകളെ ടിക്കറ്റ് വെച്ച് പ്രവേശിപ്പിക്കുന്നുണ്ട്. എന്നാൽ ഡി.ടി.പി.സി.ക്ക് ഈ ഭൂമിയിൽ അവകാശമില്ലെന്നാണ് ഹിന്ദു ഐക്യവേദിയുടെ വാദം. എന്നാൽ വർഷങ്ങളായുള്ള ക്രൈസ്തവ തീർത്ഥാടന കേന്ദ്രമാണ് ഇതെന്നും അതുകൊണ്ട് തന്നെ വിവാദങ്ങൾ ബോധപൂർവ്വം ഉണ്ടാക്കുന്നതുമാണെന്ന് പള്ളി അധികാരികളും പറയുന്നു. സർക്കാർ ഭൂമിയിൽ ക്ഷേത്രവും ഉണ്ട്. ഈയിടെ അത് പുതുക്കി പണിയുകയും ചെയ്തു. കുരിശ് തീർത്ഥാടനത്തെ എതിർക്കുന്നവരെ പള്ളിക്കാരും അതേ നാണയത്തിലാണ് നേരിടുന്നത്.

വനവാസകാലത്ത് പഞ്ചപാണ്ഡവർ പാഞ്ചാലിമേട്ടിൽ താമസിച്ചിരുന്നെന്ന് ചിലർ വിശ്വസിക്കുന്നു. ഈ മലയിൽ താഴെ മുതൽ മുകളിൽ വരെ കുരിശുകൾ നാട്ടിയിട്ടുണ്ട്. പഞ്ചപാണ്ഡവർ വസിച്ചുവെന്ന് കരുതുന്ന സ്ഥലത്തിന്റെ അവശേഷിപ്പായ കല്ലുകൾ നശിപ്പിക്കപ്പെട്ടതായി ആരോപണമുണ്ട്. 1956-ൽത്തന്നെ ഈ കുരിശുകൾ അവിടെയുണ്ടെന്നാണ് കണയങ്കവയൽ സെന്റ് മേരീസ് പള്ളി ഭാരവാഹികൾ പറയുന്നത്. പഞ്ച പാണ്ഡവരുമായി ബന്ധപ്പെട്ടതാണ് പാഞ്ചാലിമേട് എന്നാണ് ഹിന്ദു സംഘടനകൾ പറയുന്നത്. ഈ സ്ഥലത്ത് ആനപ്പാറ, പാഞ്ചാലി കുളം, ക്ഷേത്ര സമുച്ചയം ഇങ്ങനെയുള്ള ചരിത്ര അവശേഷിപ്പുകൾ ഇപ്പോഴുമുണ്ട്. റവന്യൂ ഭൂമിയായ ഇവിടം ജില്ലയിലെ പ്രധാന വിനോദ സഞ്ചാര മേഖല കൂടിയാണ്. ഇതിന്റെ കവാടം മുതലുള്ള ഭൂമിയാണ് ക്രൈസ്തവ സംഘടനകൾ കൈയേറി കുരിശുനാട്ടിയത്.

മകരവിളക്ക് സമയത്ത് ആയിരങ്ങൾ ജ്യോതി കാണാൻ എത്തുന്ന പ്രദേശമാണ് പാഞ്ചാലിമേട്. ഇവിടെ കിലോമീറ്ററുകളോളം റവന്യൂ ഭൂമി കൈയേറി ക്രൈസ്തവ സംഘടനകൾ കുരിശുനാട്ടിയതെന്ന് ഹിന്ദു സംഘടനകൾ ആരോപിക്കുന്നു. എന്നാൽ കുരിശ് മാറ്റണമെങ്കിൽ ഇവിടെയുള്ള ക്ഷേത്രവും പൊളിക്കണമെന്നാണ് ക്രൈസ്തവ വിശ്വാസികളുടെ നിലപാട്. ക്ഷേത്രവും സർക്കാർ ഭൂമിയിലാണെന്ന് ഇവർ പറയുന്നു. സ്ഥലത്തേയ്ക്ക് കടക്കണമെങ്കിൽ വിനോദ സഞ്ചാര വകുപ്പിന്റെ പ്രത്യേക പാസ് വേണം. ഈ മേഖലയിലാണ് കുരിശുകൾ സ്ഥാപിച്ചത്. ഇതാണ് വിവാദങ്ങൾക്ക് തുടക്കമിടുന്നത്. മുമ്പും ഇടുക്കിയുടെ പലഭാഗത്തും കുരിശുകൾ ഉയർന്നത് സംഘർഷത്തിലേക്ക് കാര്യങ്ങൾ എത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP