Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാർലമെന്റിൽ എന്തിന് മന്ത്രോച്ചാരണവും മുദ്രാവാക്യം വിളിയും? എല്ലാം ചട്ടംപോലെ നടക്കണമെന്ന ഉറച്ച നിലപാടോടെ പടികയറ്റം; നിഷ്പക്ഷനായി പ്രവർത്തിക്കുമെന്ന പ്രതീക്ഷയിൽ സർവപിന്തുണയും നൽകി പ്രതിപക്ഷം; കോൺഗ്രസിന്റെ പഴയ കോട്ടയായ 'കോട്ട'യിൽ നിന്ന് ജയിച്ചുകയറിയ, മോദിയുടെയും അമിത്ഷായുടെയും പ്രിയങ്കരന് ഇനി പരീക്ഷണത്തിന്റെ നാളുകൾ; പാർലമെന്റിലെ പുതുമുഖമെങ്കിലും സ്പീക്കർ ഓം ബിർള പയറ്റിത്തെളിഞ്ഞ രാഷ്ട്രീയക്കാരൻ

പാർലമെന്റിൽ എന്തിന് മന്ത്രോച്ചാരണവും മുദ്രാവാക്യം വിളിയും? എല്ലാം ചട്ടംപോലെ നടക്കണമെന്ന ഉറച്ച നിലപാടോടെ പടികയറ്റം; നിഷ്പക്ഷനായി പ്രവർത്തിക്കുമെന്ന പ്രതീക്ഷയിൽ സർവപിന്തുണയും നൽകി പ്രതിപക്ഷം; കോൺഗ്രസിന്റെ പഴയ കോട്ടയായ 'കോട്ട'യിൽ നിന്ന് ജയിച്ചുകയറിയ, മോദിയുടെയും അമിത്ഷായുടെയും പ്രിയങ്കരന് ഇനി പരീക്ഷണത്തിന്റെ നാളുകൾ; പാർലമെന്റിലെ പുതുമുഖമെങ്കിലും സ്പീക്കർ ഓം ബിർള പയറ്റിത്തെളിഞ്ഞ രാഷ്ട്രീയക്കാരൻ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പാർലമെന്റിന്റെ അകത്തളം മുദ്രാവാക്യം വിളികൾക്കോ മന്ത്രോച്ചാരണത്തിനോ വേണ്ടിയുള്ളതല്ലെന്ന വിശ്വാസക്കാരനാണ് പുതിയലോക്‌സഭാ സ്പീക്കർ ഓം ബിർള. ചില പ്രതിപക്ഷ എംപിമാരുടെ സത്യപ്രതിജ്ഞയ്ക്കിടെ ജയ്ശ്രീറാം, ജയ് ഭാരത്, വന്ദേമാതരം മുദ്രാവാക്യങ്ങൾ ഉയർന്നത് ചർച്ചാവിഷയമായിരുന്നു. ഇത്തരം കാര്യങ്ങൾ ഇനി സംഭവിക്കുമോയെന്ന് അറിയില്ലെങ്കിലും പാർലമെന്റ് ചട്ടങ്ങൾ പ്രകാരം നയിക്കുമെന്നാണ് ഓം ബിർള ഉറപ്പുനൽകുന്നത്.

മുതിർന്ന പാർലമെന്റേറിയനായ സുമിത്ര മഹാജന്റെ സ്ഥാനത്താണ് ഇപ്പോൾ താരതമന്യേന പുതുമുഖമായ ഓം ബിർള സ്പീക്കറായി എത്തിയിരിക്കുന്നത്. കോൺഗ്രസിന്റെ ശക്തി കേന്ദ്രങ്ങളിൽ ഒന്നായിരുന്ന രാജസ്ഥാനിലെ കോട്ട നിയമസഭാ മണ്ഡലത്തിൽ നിന്നാണ് ഓം ബിർളയുടെ വരവ്. കോട്ടയിൽ നിന്നു തന്നെയാണ് ഓം ബിർള രണ്ടുതവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അശോക് ഗെഹ്ലോട്ട് മന്ത്രിസഭയിൽ അംഗമായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവും സിറ്റിങ് എംഎൽഎയുമായ ശാന്തിലാൽ ധാരിവാളിനെ 2003ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് കോട്ടയിൽ പരാജയപ്പെടുത്തി ഓം ബിർള വെന്നിക്കൊടി നാട്ടിയത്. അക്കാലത്ത് കോൺഗ്രസ് ഒരിക്കലും പരാജയം പ്രതീക്ഷിക്കാത്ത മണ്ഡലമായിരുന്നു കോട്ട. എന്നാൽ ഓം ബിർള വന്നതോടെ കോൺഗ്രസിന് അടിപതറി.

1977ൽ ഇന്ദിരാ ഗാന്ധി റായ്ബറേലിയിൽ തോറ്റപോലെ, 2002ൽ ഉമർ അബ്ദുല്ല ഗന്ദർബാളിൽ തോറ്റ പോലെ കോട്ടയിൽ 2003ൽ കോൺഗ്രസ് തോറ്റു. മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനി രാഷ്ട്രീയത്തിൽ പയറ്റി തുടങ്ങിയതും കോട്ടയിൽ നിന്നാണ്. അമ്പതുകളിൽ നടന്ന ആദ്യ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയിലെ തെരഞ്ഞെടുപ്പ് ഏജന്റായിരുന്നു അദ്വാനി. 2014ലും 2019ലും ഓം ബിർള കോട്ട ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് വൻ ഭൂരിപക്ഷത്തിൽ ജയിച്ചു. ഇത്തവണ കോൺഗ്രസ് നേതാവ് രാംനാരായണൻ മീണയെ രണ്ടര ലക്ഷം വോട്ടിന് പരാജയപ്പെടുത്തിയാണ് ലോക്‌സഭയിലെത്തിയത്.

മുതിർന്നവരെ മാറ്റിനിർത്തി പുതുമുഖത്തിന് നറുക്ക്

പല മുതിർന്ന നേതാക്കളെയും ഒഴിവാക്കിയാണ് പ്രധാനമന്തി ഓം ബിർളയുടെ പേര് നിർദ്ദേശിച്ചത്. മോദിയുമായും ബിജെപി അധ്യക്ഷൻ അമിത് ഷായുമായും അടുത്ത സൗഹൃദമാണ് ഈ അൻപത്തിയേഴുകാരന്റെ മുതൽക്കൂട്ട്. 1962-ൽ രാജസ്ഥാനിലെ കോട്ടയിൽ ജനനം. വിദ്യാർത്ഥിനേതാവായി രാഷ്ട്രീയജീവിതം തുടങ്ങി. 1991 മുതൽ 2003 വരെ യുവമോർച്ചയിൽ. സംസ്ഥാന പ്രസിഡന്റുമുതൽ ദേശീയ ഉപാധ്യക്ഷൻവരെയുള്ള പദവികളിൽ പ്രവർത്തിച്ചു. 2003, 2008, 2013 വർഷങ്ങളിൽ തുടർച്ചയായി രാജസ്ഥാൻ നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 2014-ൽ രാജസ്ഥാനിലെ കോട്ട-ബൂന്ദി മണ്ഡലത്തിൽനിന്ന് ആദ്യമായി ലോക്സഭയിൽ. 2019-ൽ അതേ മണ്ഡലത്തിൽ കോൺഗ്രസിലെ രാംനാരായൺ മീണയെ രണ്ടരലക്ഷത്തിലേറെ വോട്ടിനു തോൽപ്പിച്ച് ലോക്സഭയിലെത്തി.

കഴിഞ്ഞ ലോക്സഭയിൽ 86 ശതമാനമായിരുന്നു അദ്ദേഹത്തിന്റെ ഹാജർനില. 671 ചോദ്യങ്ങൾ ഉന്നയിച്ചു. 163 സംവാദങ്ങളിൽ പങ്കെടുത്തു. ആറു സ്വകാര്യ ബില്ലുകൾ അവതരിപ്പിച്ചു.കൊമേഴ്‌സിൽ ബിരുദാനന്തരബിരുദധാരിയായ ബിർള പാർലമെന്റിലെ ഊർജകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയിലും സാമൂഹികനീതി മന്ത്രാലയത്തിന്റെ പരാതിപരിഹാര സമിതിയിലും അംഗമാണ്.

മുതിർന്നനേതാക്കളാണ് സാധാരണമായി സ്പീക്കർ സ്ഥാനത്തെത്തുന്നതെങ്കിലും പുതുമുഖങ്ങളും ഈ പദവിയിലെത്തിയിട്ടുണ്ട്. 1996-ൽ തെലുഗുദേശം പാർട്ടിനേതാവ് ജി.എം.സി. ബാലയോഗി ലോക്സഭാ സ്പീക്കറായിരുന്നു. 2002-ൽ അദ്ദേഹം ഹെലികോപ്റ്ററപകടത്തിൽ മരിച്ചതിനുപിന്നാലെ ശിവസേനാനേതാവ് മനോഹർ ജോഷി ആ സ്ഥാനത്തെത്തി.

പ്രതിപക്ഷത്തിനും സമ്മതൻ

കോൺഗ്രസും തൃണമൂലും അടക്കം പ്രതിപക്ഷ പാർട്ടികളുടെ കൂടി പിന്തുണയോടെ ഐകകണ്‌ഠ്യേനയാണ് ഓം ബിർളയെ സ്പീക്കറായി തിരഞ്ഞെടുത്തത്. സ്പീക്കർ നിഷ്പക്ഷനായി പ്രവർത്തിക്കുമെന്ന് പ്രതിപക്ഷം പ്രതീക്ഷ പ്രകടിപ്പിച്ചു. ബിർളയുടെ സാമൂഹിക പ്രവർത്തന പശ്ചാത്തലത്തിലാണ് മോദി തന്റെ പ്രസംഗത്തിൽ ഊന്നിയത്. സാമൂഹിക പ്രവർത്തനത്തിലെ പ്രവർത്തന മികവിന് ഇപ്പോൾ സമൂഹത്തിൽ മികച്ച അംഗീകാരം കിട്ടിക്കൊണ്ടിരിക്കുകയാണെന്ന മോദി പറഞ്ഞു. പാർലമെന്റിൽ ജൂനിയറാണെങ്കിലും ബിർള രാഷ്ട്രീയ പ്രവർത്തനത്തിൽ പുതുമുറക്കാരനല്ല. ബിർളയുടെ നേതൃത്വത്തിൽ കോട്ട വിദ്യാഭ്യാസത്തിന്റെ ഹബ്ബായി മാറിയെന്നാണ് മോദി പ്രശംസിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP