Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പഴങ്കഞ്ഞിയെ മികച്ച പ്രഭാത ഭക്ഷണമായി യുനസ്‌ക്കോയും യുഎന്നും തെരഞ്ഞെടുത്തുവെന്ന വാട്സാപ്പ് വാർത്ത വ്യാജം; മെസ്സേജിൽ പറഞ്ഞിരിക്കുന്ന ഗുണങ്ങൾ പഴങ്കഞ്ഞിക്കില്ല; ചിലപ്പോൾ ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യതയും; എത്ര സമയം വേവിച്ച ചോറോ കഞ്ഞിയോ പുറത്തു വയ്ക്കുന്നോ അത്രക്കും അവ ഭക്ഷണയോഗ്യം അല്ലാതെയാവും; ശാസ്ത്രജ്ഞൻ സുരേഷ് സി പിള്ളയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാവുന്നു

പഴങ്കഞ്ഞിയെ മികച്ച പ്രഭാത ഭക്ഷണമായി യുനസ്‌ക്കോയും യുഎന്നും തെരഞ്ഞെടുത്തുവെന്ന വാട്സാപ്പ് വാർത്ത വ്യാജം; മെസ്സേജിൽ പറഞ്ഞിരിക്കുന്ന ഗുണങ്ങൾ പഴങ്കഞ്ഞിക്കില്ല; ചിലപ്പോൾ ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യതയും; എത്ര സമയം വേവിച്ച ചോറോ കഞ്ഞിയോ പുറത്തു വയ്ക്കുന്നോ അത്രക്കും അവ ഭക്ഷണയോഗ്യം അല്ലാതെയാവും; ശാസ്ത്രജ്ഞൻ സുരേഷ് സി പിള്ളയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാവുന്നു

മറുനാടൻ ഡെസ്‌ക്‌

 തിരുവനന്തപുരം: കഴിഞ്ഞ കുറച്ചു ദിവസമായി ഫേസ്‌ബുക്കിലും വാട്സാപ്പിലുമായി പ്രചരിപ്പിക്കുന്ന ഒരു വാർത്തയാണ് പഴങ്കഞ്ഞിയെ മികച്ച പ്രഭാത ഭക്ഷണമായി യുഎന്നും യുനെസ്‌ക്കോയും തെരഞ്ഞെടുത്തുവെന്നത്. ഇതിനായുള്ള യുനെസ്‌ക്കോയുടെ സർട്ടിഫിക്കേറ്റും ഒപ്പം വച്ചാണ് പ്രചാരണം കൊഴുക്കുന്നത്. ശരിക്കും ഒരു എനർജി ഡ്രിങ്കാണ് പഴങ്കഞ്ഞിയെന്നും ദിവസവും രാവിലെ പഴങ്കഞ്ഞി കുടിച്ചാൽ കാൻസർ അടക്കമുള്ള രോഗങ്ങളെ ചെറുക്കാൻ കഴിയുമെന്നുമാണ് പ്രചാരണം. എന്നാൽ ഇത് തീർത്തും അബദ്ധവും അശാസ്ത്രീയവുമാണെന്നാണ് ശാസ്ത്രജ്ഞൻ സുരേഷ്.സി.പിള്ള പറയുന്നത്. ഈ വാർത്ത പൂർണ്ണമായും വ്യാജമാണെന്നും ഇത് ആരോ ഫോട്ടോഷോപ്പ് ചെയ്തുണ്ടാക്കിയ
സർട്ടിഫിക്കറ്റാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ആ മെസ്സേജിൽ പറഞ്ഞിരിക്കുന്ന ഗുണങ്ങൾ പഴങ്കഞ്ഞിക്കില്ല എന്ന് മാത്രമല്ല, ചിലപ്പോൾ ഫുഡ് പോയ്സൺ ഉണ്ടാക്കാനും സാധ്യത ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എത്ര സമയം വേവിച്ച ചോറ് കഞ്ഞി ഇവ പുറത്തു വയ്ക്കുന്നോ അത്രയ്ക്കും അവ ഭക്ഷണയോഗ്യമല്ലാതെയാവുകയാണെന്നും ഡോ സുരേഷ് ചൂണ്ടിക്കാട്ടുന്നു. സുരേഷ് സി പിള്ളയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്.

പഴങ്കഞ്ഞി പ്രേമികൾക്ക്......

നിങ്ങളും കണ്ടു കാണും ആ whatsapp മെസ്സേജ് 'UNESCO യുടെ അവാർഡ് കിട്ടിയ നമ്മുടെ പഴങ്കഞ്ഞി....പഴങ്കഞ്ഞി അത്ര മോശമല്ല... ഗുണം കേട്ടാല് ഞെട്ടും'

ഞെട്ടുന്നതിന് മുൻപേ ഇതും കൂടി വായിക്കൂ.

ആദ്യം തന്നെ പറയട്ടെ, പഴങ്കഞ്ഞിക്ക് UNESCO യുടെയോ UN ന്റെയോ ഏറ്റവും നല്ല പ്രഭാത ഭക്ഷണം എന്നൊരു അവാർഡ് കിട്ടിയിട്ടേ ഇല്ല. ഒരു ഹോക്സ് മെസ്സേജ് ആണ്. ആരോ, ഫോട്ടോഷോപ്പ് ചെയ്തുണ്ടാക്കിയ സർട്ടിഫിക്കറ്റ് ആണ് UNESCO യുടെ പഴങ്കഞ്ഞി സർട്ടിഫിക്കറ്റ്.

ആ മെസ്സേജിൽ പറഞ്ഞിരിക്കുന്ന ഗുണങ്ങൾ പഴംകഞ്ഞിക്കില്ല എന്ന് മാത്രമല്ല, ചിലപ്പോൾ ഫുഡ് പോയ്സൺ വരാനും സാധ്യത ഉണ്ട്. ഹോട്ടലുകളിൽ വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഉണ്ടാക്കുന്ന തണുത്ത ഭക്ഷണം വഴി ഉണ്ടാകാവുന്ന പ്രശ്നങ്ങൾ വേറെ.

അപ്പോൾ എന്താണ് യഥാർത്ഥ പ്രശ്നം?

മിക്കവാറും എല്ലാ തരം അരിയിലും Bacillus cereus എന്ന ബാക്റ്റീരിയയുടെ സ്പോറുകൾ (ബീജകോശങ്ങൾ) ഉണ്ടാവും. Bacillus cereus എന്ന ബാക്ടീരിയ ഉൽപ്പാദിപ്പിക്കുന്ന ടോക്സിൻ ഫുഡ് പോയ്സൺ ഉണ്ടാക്കുന്നവയാണ്. ചോറിലും, ഫ്രൈഡ് റൈസിലും ഈ ബാക്ടീരിയ മൂലം ഭക്ഷ്യ വിഷബാധ ഉണ്ടായത് പലപ്പോളും റിപ്പോർട്ട് ചെയ്തിട്ടും ഉണ്ട് .(ഉദാഹരണത്തിന് Osimani, A., Aquilanti, L., & Clementi, F. (2018). Bacillus cereus foodborne outbreaks in mass catering. International Journal of Hospitality Management, 72, 145-153; Mortimer, P. R., and G. McCann. 'Food-poisoning episodes associated with Bacillus cereus in fried rice.' The Lancet 303, no. 7865 (1974): 1043-1045.)

ചോറ് കുക്ക് ചെയ്യുമ്പോൾ Bacillus cereus ന്റെ സ്പോറുകൾ ചാവാറില്ല. സ്പോറുകൾക്കു ഉയർന്ന താപ നിലയിലും നശിക്കാതെ ഇരിക്കുവാൻ പറ്റും. ചൂട് ചോറ് കഴിക്കുമ്പോൾ പ്രശ്നവും ഇല്ല, ഈ സ്പോറുകൾ നമുക്ക് പ്രശ്നം ഉണ്ടാക്കില്ല. അത് വിഷവും അല്ല. പക്ഷെ, ചോർ/ കഞ്ഞി തണുക്കുമ്പോൾ, ഈ സ്പോറുകൾ വളർന്നു ബാക്ടീരിയ ആവും. സമയം കൂടും തോറും, ഈ ബാക്റ്റീരിയകൾ പെരുകി, അവയിൽ നിന്നും ഉണ്ടാവുന്ന ടോക്സിനുകൾ ചോറിനെ വിഷമയം ആക്കും. ബ്രിട്ടനിലെ NHS (National Health Service, UK) പറയുന്നത് 'The longer cooked rice is left at room temperature, the more likely it is that the bacteria or toxins could make the rice unsafe to eat.' അതായത് എത്ര സമയം വേവിച്ച ചോറ് കഞ്ഞി ഇവ പുറത്തു വയ്ക്കുന്നോ അത്രയ്ക്കും അവ ഭക്ഷണ യോഗ്യം അല്ലാതെയാവും. . (https://www.nhs.uk/.../can-reheating-rice-cause-food-poisoni.../)

അപ്പോൾ പഴങ്കഞ്ഞി ചൂടാക്കിയാലോ?

ചൂടാക്കിയാൽ ബാക്ടീരിയ നശിക്കും എങ്കിലും ടോക്സിൻ നശിക്കില്ല. അതാണ് തണുത്ത ചോറ് വീണ്ടും ചൂടാക്കി ഉപയോഗിക്കരുത് എന്ന് പറയുന്നത്. (NHS ന്റെ സൈറ്റിൽ How does reheated rice cause food poisoning? കൂടുതൽ വിവരങ്ങൾ ഉണ്ട്. https://www.nhs.uk/.../can-reheating-rice-cause-food-poisoni.../

അപ്പോൾ അരിയിൽ എന്തുകൊണ്ടാണ് ഈ സ്പോറുകൾ വളർന്നു ബാക്ടീരിയ ആവാത്തത്? അരി ഡ്രൈ ആണ്, അതിൽ സ്പോറുകൾക്ക് വളർന്നു ബാക്ടീരിയ ആവാനുള്ള ജലാംശം ഇല്ല എന്നതു തന്നെ. ചോറ് പാകം ചെയ്തു കഴിഞ്ഞു നശിക്കാത്ത സ്പോറുകൾ, അരിയിൽ കഞ്ഞിയിൽ അടങ്ങിയിരിക്കുന്ന ജലാംശത്തിൽ വളരാൻ തുടങ്ങും.

എന്റെ ചേട്ടാ, പതിനാറു വർഷമായി പഴങ്കഞ്ഞി കഴിക്കുന്ന ആളാണ് ഞാൻ, എന്നോടാ.....ബാക്റ്റീരിയയും, ടോക്സിനും ഉണ്ടാവാനുള്ള സാദ്ധ്യതകൾ ആണ് മുകളിൽ പറഞ്ഞത്. അതാണ് ചഒട പറയുന്നതും. സുരക്ഷിതം അല്ല, അപകടങ്ങൾ പലേടത്തും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഭാഗ്യം കൊണ്ട് നിങ്ങൾക്ക് ഇതുവരെ പ്രശ്നങ്ങൾ ഉണ്ടായില്ല. അത്രേ ഉള്ളൂ. പത്തു വർഷം സീറ്റ് ബെൽറ്റിടാതെ കാർ ഓടിച്ചു അപകടം വന്നില്ലല്ലോ എന്ന് പറയുന്ന പോലെയേ ഉള്ളൂ.

NHSപറയുന്ന നിർദ്ദേശങ്ങൾ എന്തൊക്കെ?

1) ചോറ്/കഞ്ഞി കഴിവതും ഉണ്ടാക്കിയ ഉടനെ കഴിക്കുക.
2) ഉടനെ കഴിക്കാൻ പറ്റി ഇല്ലെങ്കിൽ ഒരു മണിക്കൂർ പുറത്തു വച്ചിട്ട് ഫ്രിഡ്ജിൽ വയ്ക്കുക
3) ഫ്രിഡ്ജിൽ നിന്നെടുത്തു ചോറ് ഒരു ദിവസത്തിനകം ചൂടാക്കി കഴിക്കാം.
4) ഫ്രിഡ്ജിൽ നിന്നെടുത്ത ചോറ് ആവി പറക്കുന്ന വരെ (steaming hot) ചൂടാക്കണം.
5) ഒന്നിൽ കൂടുതൽ തവണ ചോറ് ചൂടാക്കി ഉപയോഗിക്കരുത്.

(റഫറൻസ്https://www.nhs.uk/.../can-reheating-rice-cause-food-poisoni.../)

ചുരുക്കത്തിൽ പഴങ്കഞ്ഞി കഴിക്കണം എന്ന് നിർബന്ധം ഉണ്ടെങ്കിൽ, വൃത്തിയായി വീട്ടിൽ ഉണ്ടാക്കി ഫ്രിഡ്ജിൽ വച്ച പഴങ്കഞ്ഞി കുടിച്ചാൽ റിസ്‌ക് അധികം ഉണ്ടാവില്ല. കഴിക്കാതെ ഇരിക്കുന്നതാണ് ഉത്തമം. ഒരിക്കലും, ഹോട്ടലുകളിൽ നിന്നോ വഴിയോര കടകളിൽ നിന്നോ ഒരു കാരണവശാലും പഴങ്കഞ്ഞി കുടിക്കരുത്. പ്രത്യേകിച്ചും അസുഖങ്ങൾ പടരുന്ന സമയങ്ങളിൽ.

വിശദമായ വായനയ്ക്ക്

How does reheated rice cause food poisoning?  https://www.nhs.uk/.../can-reheating-rice-cause-food-poisoni.../

Bacillus cereus foodborne outbreaks in mass catering. International Journal of Hospitality Management, 72, 145-153. Osimani, A., Aquilanti, L., & Clementi, F. (2018).

Predictive model for growth of Bacillus cereus during cooling of cooked rice. International journal of food microbiology, 290, 49-58. Juneja, V. K., Golden, C. E., Mishra, A., Harrison, M. A., Mohr, T., & Silverman, M. (2019).

'Food-poisoning episodes associated with Bacillus cereus in fried rice.' The Lancet 303, no. 7865 (1974): 1043-1045 Mortimer, P. R., and G. McCann.

'Growth and survival of Bacillus cereus from spores in cooked rice-One-step dynamic analysis and predictive modeling.' Food Control 96 (2019): 403-409. Hwang, Cheng-An, and Lihan Huang.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP