Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

തന്നെ സാംസ്‌കാരിക നായകൻ എന്ന് വിളിക്കരുതെന്ന് ബാലചന്ദ്രൻ ചുള്ളിക്കാട്; മലയാളികൾ പരമപ്രാധാന്യം നൽകുന്നത് ജാതിബോധത്തിനും മതവിശ്വാസത്തിനും സമുദായബലത്തിനും സാമ്പത്തികശക്തിക്കും അധികാരത്തിനും; സമാനഹൃദയരായ ചില വായനക്കാരുടെ കവി മാത്രം എന്നും ചുള്ളിക്കാടിന്റെ കുറിപ്പ്

തന്നെ സാംസ്‌കാരിക നായകൻ എന്ന് വിളിക്കരുതെന്ന് ബാലചന്ദ്രൻ ചുള്ളിക്കാട്; മലയാളികൾ പരമപ്രാധാന്യം നൽകുന്നത് ജാതിബോധത്തിനും മതവിശ്വാസത്തിനും സമുദായബലത്തിനും സാമ്പത്തികശക്തിക്കും അധികാരത്തിനും; സമാനഹൃദയരായ ചില വായനക്കാരുടെ കവി മാത്രം എന്നും ചുള്ളിക്കാടിന്റെ കുറിപ്പ്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: സാംസ്‌കാരിക നായകൻ എന്ന വിശേഷണം തനിക്ക് സഹിക്കാനാവുന്നതിനും അപ്പുറമെന്ന് കവി ബാലചന്ദ്രൻ ചുള്ളിക്കാട്. ഇനി തന്നെ അത്തരത്തിൽ വിശേഷിപ്പിക്കരുതെന്ന് ബാലചന്ദ്രൻ ചുള്ളിക്കാട് സുഹൃത്തുക്കൾക്ക് അയച്ച കുറിപ്പിൽ ആവശ്യപ്പെടുന്നു.

'ഞാൻ ഒരുതരത്തിലും മലയാളികളുടെ സാംസ്‌കാരിക നായകനല്ല. ജാതിബോധത്തിനും മതവിശ്വാസത്തിനും സമുദായബലത്തിനും സാമ്പത്തികശക്തിക്കും അധികാരത്തിനും പരമപ്രാധാന്യം നൽകുന്ന മലയാളികളുടെ സാംസ്‌കാരികനായകനാവാൻ ആവശ്യമായ യാതൊരു യോഗ്യതയും എനിക്കില്ല.' എന്നു പറഞ്ഞാണ് അദ്ദേഹം തന്റെ നിലപാട് വിശദീകരിക്കുന്നത്.

ഏതുനിലയിലാണ് തന്നെ സാംസ്‌കാരിക നായകൻ എന്നു വിളിക്കപ്പെടുന്നത് അറിയില്ല. എഴുത്തുകാരൻ എന്ന നിലയിലാണ് അവാർഡുകളോ ബഹുമതികളോ സ്ഥാനമാനങ്ങളോ തനിക്ക് ഇന്നേവരെ ലഭിച്ചിട്ടില്ല. ഇനി ഒരിക്കലും ഉണ്ടാവുകയുമില്ല. സമാനഹൃദയരായ ചില വായനക്കാരുടെ കവി എന്നതിനപ്പുറം താൻ മലയാളികളുടെ സർവ്വസമ്മതനായ കവിയുമല്ലെന്നും ചുള്ളിക്കാട് പറയുന്നു. മലയാളികളെ പ്രതിനിധീകരിക്കാനോ അവരുടെ സംസ്‌കാരത്തെ നയിക്കാനോ ആവശ്യമായ യാതൊരുവിധ യോഗ്യതയും തനിക്കില്ലെന്നും അദ്ദേഹം പറയുന്നു.

ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കുറിപ്പ്:

ഈയിടെ ചില മാധ്യമങ്ങൾ എന്നെ 'സാംസ്‌കാരിക നായകൻ' എന്നു വിശേഷിപ്പിച്ചുകണ്ടു. മലയാളികളുടെ എല്ലാത്തരം അവഹേളനങ്ങളും അസഭ്യങ്ങളും ഞാൻ നിശ്ശബ്ദം സഹിച്ചുപോന്നിട്ടുണ്ട്.

പക്ഷേ ഈ വിശേഷണം സഹിക്കാനാവുന്നില്ല. ഞാൻ ഒരുതരത്തിലും മലയാളികളുടെ സാംസ്‌കാരികനായകനല്ല. ജാതിബോധത്തിനും മതവിശ്വാസത്തിനും സമുദായബലത്തിനും സാമ്പത്തികശക്തിക്കും അധികാരത്തിനും പരമപ്രാധാന്യം നൽകുന്ന മലയാളികളുടെ സാംസ്‌കാരികനായകനാവാൻ ആവശ്യമായ യാതൊരു യോഗ്യതയും എനിക്കില്ല.

എഴുത്തുകാരൻ എന്ന നിലയിലാണെങ്കിൽ യാതൊരുവിധ അവാർഡുകളോ ബഹുമതികളോ സ്ഥാനമാനങ്ങളോ ഇന്നേവരെ എനിക്കില്ല. ഇനി ഒരിക്കലും ഉണ്ടാവുകയുമില്ല. എന്റെ സമാനഹൃദയരായ ചില വായനക്കാരുടെ കവി എന്നതിനപ്പുറം ഞാൻ മലയാളികളുടെ സർവ്വസമ്മതനായ കവിയുമല്ല.

ഒരു പ്രാസംഗികനോ പ്രഭാഷകനോ ആയി അറിയപ്പെടാൻ ഞാൻ ഒരുതരത്തിലും ആഗ്രഹിക്കുന്നില്ല. സുഹൃത്തുക്കളുടെ കഠിനമായ നിർബ്ബന്ധം മൂലം മാത്രമാണ് വല്ലപ്പോഴും പ്രസംഗിക്കേണ്ടിവരുന്നത്. ഞാൻ മലയാളികളുടെ പ്രസംഗകനോ പ്രഭാഷകനോ ഒന്നുമല്ല. ഒരിക്കൽക്കൂടി പറയട്ടെ, മലയാളികളെ പ്രതിനിധീകരിക്കാനോ അവരുടെ സംസ്‌കാരത്തെ നയിക്കാനോ ആവശ്യമായ യാതൊരുവിധ യോഗ്യതയും എനിക്കില്ല. അതിനാൽ എന്നെ 'സാംസ്‌കാരിക നായകൻ' എന്നുവിളിക്കരുതേ എന്നു എല്ലാവരോടും താഴ്മയായി അപേക്ഷിക്കുന്നു.

ബാലചന്ദ്രൻ ചുള്ളിക്കാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP