Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തെക്കേ ഇന്ത്യ മുഴുവൻ ശക്തി വ്യാപിപ്പിക്കുന്നതിനൊപ്പം അമിത്ഷാ ലക്ഷ്യം വെക്കുന്നത് രാജ്യസഭയിലെ അംഗബലം വർദ്ധിപ്പിക്കാനും; ഒറ്റ ദിവസം കൊണ്ട് ദക്ഷിണേന്ത്യയിൽ നിന്നും ബിജെപി പാളയത്തിലെത്തിയത് നാല് രാജ്യസഭാ അംഗങ്ങൾ; തെരഞ്ഞെടുപ്പുകളിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ ചന്ദ്രബാബു നായിഡുവിന് തിരിച്ചടിയായി സ്വന്തം പാർട്ടി നേതാക്കളുടെ കൂടുവിട്ട് കൂടുമാറ്റം

തെക്കേ ഇന്ത്യ മുഴുവൻ ശക്തി വ്യാപിപ്പിക്കുന്നതിനൊപ്പം അമിത്ഷാ ലക്ഷ്യം വെക്കുന്നത് രാജ്യസഭയിലെ അംഗബലം വർദ്ധിപ്പിക്കാനും; ഒറ്റ ദിവസം കൊണ്ട് ദക്ഷിണേന്ത്യയിൽ നിന്നും ബിജെപി പാളയത്തിലെത്തിയത് നാല് രാജ്യസഭാ അംഗങ്ങൾ; തെരഞ്ഞെടുപ്പുകളിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ ചന്ദ്രബാബു നായിഡുവിന് തിരിച്ചടിയായി സ്വന്തം പാർട്ടി നേതാക്കളുടെ കൂടുവിട്ട് കൂടുമാറ്റം

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരാബാദ്: തെക്കേ ഇന്ത്യയിൽ കരുത്ത് തെളിയിക്കാൻ കച്ചകെട്ടിയിറങ്ങിയ ബിജെപി കളി തുടങ്ങി. ഒറ്റ ദിവസം കൊണ്ട് നാല് രാജ്യസഭാ അംഗങ്ങളാണ് ആന്ധ്രയിൽ നിന്ന് ബിജെപിയിൽ ചേർന്നത്. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് ടിഡിപിയുടെ രാജ്യസഭാ എംപിമാരായ വൈ എസ് ചൗധുരി, ടി ജി വെങ്കടേഷ്, സി എം രമേഷ്, ജി എം റാവു എന്നിവർ തങ്ങൾ ബിജെപി ബെഞ്ചിനൊപ്പം ഇരിക്കാൻ തീരുമാനിച്ചതായി പാസാക്കിയ പ്രമേയം രാജ്യസഭാ ചെയർമാനും വൈസ് പ്രസിഡന്റുമായ വെങ്കയ്യാ നായിഡുവിന് കൈമാറിയത്. ഇതോടെ രാജ്യസഭയിലെ ടിഡിപി പിളർന്നു. തുടർന്നു നടന്ന പത്രസമ്മേളനത്തിൽ ബിജെപി വർക്കിങ് പ്രസിഡന്റ് ജെ എസ് നഡ്ഡ നേതാക്കളെ പാർട്ടിയിലേക്കു സ്വാഗതം ചെയ്തു.

ലോകസ്ഭാ-നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് നേരിട്ട വമ്പൻ പരാജയത്തിന് പിന്നാലെയാണ് ചന്ദ്രബാബു നായിഡുവിനെ ഞെട്ടിച്ച് നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറിയത്. ഈ വർഷം ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒപ്പം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ടിഡിപി വൈഎസ്ആർ കോൺഗ്രസിനോട് വൻ ഭൂരിപക്ഷത്തിൽ തോറ്റിരുന്നു. 151 നിയമസഭാ മണ്ഡലങ്ങളിൽ വെറും 23 സീറ്റുകൾ മാത്രമാണ് ടിഡിപിക്ക് കിട്ടിയത്. സംസ്ഥാനത്തെ 25 ലോക്‌സഭാ സീറ്റുകളിൽ വെറും മൂന്നെണ്ണവും. തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം മുഖ്യമന്ത്രിസ്ഥാനം നഷ്ടമായ ചന്ദ്രബാബു നായിഡു ഇപ്പോൾ വിദേശത്ത് അവധിക്കാലം ആഘോഷിക്കാൻ പോയിരിക്കുകയാണ്.

അതേസമയം, പാളയത്തിൽ പട നാല് എംപിമാരുടെ ചുവടുമാറ്റത്തിൽ മാത്രം ഒതുങ്ങില്ലെന്നാണ് സൂചന. ടിഡിപിയുടെ മുതിർന്ന നേതാക്കളും മുൻ എംഎൽഎമാരും കാക്കിനടയിലെ ഒരു ഹോട്ടലിൽ രഹസ്യയോഗം ചേരുന്നുവെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. മുൻ എംഎൽഎ തോട്ട ത്രിമൂർത്തുലുവിന്റെ നേതൃത്വത്തിൽ കാപു വിഭാഗത്തിൽപ്പെട്ട എംപിമാരാണ് രഹസ്യയോഗം ചേരുന്നത്. ഭാവി പരിപാടികൾ എന്തായിരിക്കണമെന്ന് തീരുമാനിക്കാനാണ് യോഗം. ഇവരും പാർട്ടി വിടുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്.

നേരത്തേ തന്നെ, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിൽ നിന്ന് നിരവധി നേതാക്കൾ പാർട്ടികളിൽ നിന്ന് കൊഴിഞ്ഞുപോകുമെന്നും സ്വന്തം പാളയത്തിലെത്തുമെന്നും ചില ബിജെപി നേതാക്കൾ അവകാശപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ആന്ധ്രയിലെ മുൻ വൈഎസ്ആർ കോൺഗ്രസ് എംപിയായിരുന്ന കോതാപ്പള്ളി ഗീത ബിജെപിയിൽ ചേർന്നിരുന്നു. അതിന് പിന്നാലെയാണ് ടിഡിപി കാമ്പിനേയും ഞെട്ടിച്ചുള്ള ബിജെപിയുടെ പുതിയ നീക്കം. പാർട്ടിയിൽ ചേരാൻ ഇങ്ങോട്ട് അനുമതി ചോദിച്ച് വന്നവരാണിവരെല്ലാം എന്നായിരുന്നു ബിജെപി നേതാക്കളുടെ അവകാശവാദം.

ലക്ഷ്യം ദക്ഷിണേന്ത്യയ്‌ക്കൊപ്പം രാജ്യസഭയിലെ ഭൂരിപക്ഷവും

രാജ്യമാകെ തരംഗം സൃഷ്ടിക്കാനായിട്ടും കർണാടക ഒഴികെയുള്ള സംസ്ഥാനങ്ങളിൽ വേണ്ടത്ര ശക്തി പ്രകടിപ്പിക്കാൻ ബിജെപിക്ക് കഴിഞ്ഞിരുന്നില്ല. ദക്ഷിണേന്ത്യ പിടിക്കണം എന്ന പ്രഖ്യാപനം തെരഞ്ഞെടുപ്പിന് ശേഷവും അമിത്ഷാ നടത്തിയിരുന്നു. മറ്റ് പാർട്ടികളിൽ നിന്നും നേതാക്കളെ ഒപ്പം കൂട്ടുന്നതിനൊപ്പം രാജ്യസഭയിലും ഭൂരിപക്ഷം ഉറപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ ബിജെപി നടത്തുന്നത്. രാജ്യസഭയിൽ നിലവിൽ ഭൂരിപക്ഷമില്ലാത്ത ബിജെപിക്ക് സ്വന്തം കളത്തിലേക്ക് കൂടുതൽ ആളുകളെ എത്തിക്കുകയെന്നത് നിർണായകമാണ്. മുത്തലാഖ് ഉൾപ്പടെ നിരവധി പ്രധാനപ്പെട്ട ബില്ലുകൾ പാർലമെന്റിൽ പാസ്സാക്കാൻ രണ്ട് സഭകളിലും കൃത്യമായ പിന്തുണ ബിജെപിക്ക് ആവശ്യമാണ്. ലോക്‌സഭയിൽ വ്യക്തമായ ഭൂരിപക്ഷം ഉണ്ടെങ്കിലും രാജ്യസഭയിൽ ഇപ്പോൾ ബിജെപിക്ക് ഭൂരിപക്ഷം ഇല്ല. ഇത് മുന്നിൽക്കണ്ടാണ് ബിജെപി കരുക്കൾ നീക്കുന്നത്. നാല് എംപിമാരും ബിജെപി അധ്യക്ഷൻ കൂടിയായ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോർട്ടുകൾ.

കർണാടക മാത്രമാണ് ബിജെപിയെ പൂർണമായും ഉൾക്കൊണ്ട തെക്കേ ഇന്ത്യൻ സംസ്ഥാനം. കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഇത്തവണയും ബിജെപിയെ പടിക്ക് പുറത്ത് നിർത്തിയിരുന്നു. അതേസമയം കർണാടകയിൽ ഇത്തവണയും ബിജെപി മുന്നേറ്റം നടത്തി. സംസ്ഥാനത്ത് ആകെയുള്ള 28 സീറ്റിൽ 25 ഉം ബിജെപി നേടി. ഇത്തവണ തെലങ്കാനയിലും ബിജെപി മുന്നേറ്റം നടത്തിയിരുന്നു. 2014 ൽ 1 സീറ്റ് നേടിയ സംസ്ഥാനത്ത് പാർട്ടി ഇക്കുറി 4 സീറ്റുകളാണ് നേടിയെടുത്തത്. തെലുങ്കാനയിലേയും കർണാടകയിലേയും മുന്നേറ്റം ബിജെപിക്ക് ആത്മവിശ്വാസം നൽകുന്നുണ്ട്. വിമത എംഎൽഎമാരേയും നേതാക്കളേയും മറുകണ്ടം ചാടിക്കാനുള്ള നീക്കങ്ങൾ ഇതോടെ ബിജെപി ഇവിടങ്ങളിൽ ശക്തമാക്കിയിട്ടുണ്ട്. ഇത്തവണ ആന്ധ്രയിൽ ജഗൻ മോഹൻ റെഡ്ഡിയുടെ തരംഗമായിരുന്നു അലയടിച്ചത്. എഐഎഡിഎംകെയുമായി സഖ്യത്തിൽ മത്സരിച്ചെങ്കിലും പ്രതിപക്ഷ സഖ്യമായ ഡിഎംകെ തരംഗമായിരുന്നു തമിഴ്‌നാട്ടിൽ. കേരളത്തിലാകാട്ടെ ആകെയുള്ള 20ൽ 19 സീറ്റുകളും കോൺഗ്രസ് നേടി. ബിജെപിയുടെ വോട്ട് ഷെയറിൽ വർദ്ധനവ് ഉണ്ടായെങ്കിലും സീറ്റുകൾ ഒന്നുപോലും നേടാൻ പാർട്ടിക്ക് കഴിഞ്ഞിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP