Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേന്ദ്ര ഭക്ഷ്യ മന്ത്രി രാംവിലാസ് പാസ്വാനെ രാജ്യസഭയിലെത്തിക്കാൻ എൻഡിഎ നീക്കം; ബീഹാറിൽ രവിശങ്കർ പ്രസാദ് രാജിവെച്ച ഒഴിവിലേക്ക് ബിജെപി പരിഗണിക്കുക സഖ്യകക്ഷി നേതാവിനെ; പാർലമെന്റിന്റെ ആദ്യ സമ്മേളനത്തിൽ തന്നെ രാജ്യസഭയിൽ അംഗബലം വർദ്ധിപ്പിക്കാൻ സമഗ്ര പദ്ധതിയുമായി ബിജെപി

കേന്ദ്ര ഭക്ഷ്യ മന്ത്രി രാംവിലാസ് പാസ്വാനെ രാജ്യസഭയിലെത്തിക്കാൻ എൻഡിഎ നീക്കം; ബീഹാറിൽ രവിശങ്കർ പ്രസാദ് രാജിവെച്ച ഒഴിവിലേക്ക് ബിജെപി പരിഗണിക്കുക സഖ്യകക്ഷി നേതാവിനെ; പാർലമെന്റിന്റെ ആദ്യ സമ്മേളനത്തിൽ തന്നെ രാജ്യസഭയിൽ അംഗബലം വർദ്ധിപ്പിക്കാൻ സമഗ്ര പദ്ധതിയുമായി ബിജെപി

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: കേന്ദ്ര ഭക്ഷ്യ, ഉപഭോക്തൃമന്ത്രിയും ലോക് ജനശക്തി പാർട്ടി അധ്യക്ഷനുമായ രാംവിലാസ് പസ്വാന് വേണ്ടി ബിജെപി രാജ്യസഭാ സീറ്റ് നൽകും. ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാസ്വാൻ മത്സരിച്ചിരുന്നില്ലെങ്കിലും എൻഡിഎ മന്ത്രിസഭയിൽ സുപ്രധാന വകുപ്പ് തന്നെ ബിജെപി അദ്ദേഹത്തിന് നൽകുകയായിരുന്നു. ബീഹാറിൽ നിന്നാകും എൻഡിഎ സ്ഥാനാർത്ഥിയായി രാംവിലാസ് പാസ്വാൻ രാജ്യസഭയിലേക്കെത്തുക. രാജ്യസഭാംഗമായിരുന്ന കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് ലോക്‌സഭാംഗമായതിനെ തുടർന്നു വന്ന ഒഴിവിലേക്കാണ് പസ്വാനെ പരിഗണിക്കുന്നത്. പാർലമെന്റിന്റെ ആദ്യസമ്മേളനത്തിൽത്തന്നെ പസ്വാനെ രാജ്യസഭയിൽ എത്തിക്കാനാണ് ബിജെപിയുടെ നീക്കം. സുപ്രധാന ബില്ലുകൾ പരിഗണനയ്ക്ക് വരുന്നതിനാൽ കയ്യിലുള്ള ഒരു സീറ്റ് ഒഴിഞ്ഞു കിടക്കാൻ പാടില്ലെന്ന് ബിജെപിക്ക് നിർബന്ധമുണ്ട്.

ബിജെപിയിൽ നിന്ന് മറുപാളയത്തിലെത്തിയ ശത്രുഘൻ സിൻഹയെ പട്‌നാ സാഹിബ് മണ്ഡലത്തിൽ നിന്ന് വൻ ഭൂരിപക്ഷത്തിന് തോൽപിച്ചാണ് രവിശങ്കർ പ്രസാദ് ലോക്‌സഭയിലെത്തിയത്. ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കുന്നതിന് മുമ്പ് രാജ്യസഭയിൽ ഒരു വർഷവും ആറ് മാസവുമുള്ള കാലാവധി രവിശങ്കർ പ്രസാദ് പൂർത്തിയാക്കിയിട്ടുണ്ട്. അതിനാൽ ഇനി മൂന്ന് വർഷവും നാല് മാസവും മാത്രമേ രാംവിലാസ് പസ്വാന് കാലാവധിയുണ്ടാകൂ.

രാജ്യസഭയിൽ ഭൂരിപക്ഷമില്ലാത്ത ബിജെപിക്ക് സുപ്രധാന ബില്ലുകൾ പാസ്സാക്കാൻ അവിടെ അംഗബലം കൂട്ടേണ്ടതുണ്ട്. അതിനാലാണ് ആന്ധ്രാപ്രദേശിലെ ടിഡിപിയുടെ നാല് എംപിമാരെ സ്വന്തം പാളയത്തിലേക്ക് ബിജെപി എത്തിച്ചത്. അസമിൽ നിന്ന് ഒഴിവു വരുന്ന രണ്ട് സീറ്റുകളിൽ ഒന്ന് എൽജെപിക്ക് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ബിഹാറിലെ എൻഡിഎ സഖ്യകക്ഷിയായിരുന്ന പസ്വാൻ. ഇതിനിടയിലാണ് രവിശങ്കർ പ്രസാദിന്റെ സീറ്റ് പസ്വാന് നൽകുന്നത്. പ്രധാനപ്പെട്ട കാബിനറ്റ് പദവിക്ക് പിന്നാലെ രാഷ്ട്രീയ കാര്യസമിതിയിലും, പാർലമെന്ററി കാര്യസമിതിയിലും പസ്വാന് ഇടം നൽകിയിട്ടുമുണ്ട് ബിജെപി.

അടിച്ചമർത്തപ്പെട്ടവരുടെയും ദളിത് സമത്വത്തിന്റെയും മുൻനിരയിൽ നിന്നാണ് പാസ്വാൻ ഇന്ത്യൻ രാഷ്ട്രീയത്തിൽ വളർന്നത്. 1969ൽ സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം. അതേ വർഷം ബീഹാർ നിയമസഭയിലേക്ക് പാസ്വാൻ തിരഞ്ഞെടുക്കപ്പെട്ടു. ഇതേ കാലയളവിൽ പാസ്വാൻ ജയപ്രകാശ് നാരായണനുമായി അടുപ്പമുണ്ടാക്കി. ഇത് സോഷ്യലിസ്റ്റ് എന്ന രീതിയിലും അദ്ദേഹത്തിന് ഗുണം ചെയ്തു. അടിയന്തരാവസ്ഥക്കെതിരെയുള്ള പ്രതിഷേധത്തിൽ പാസ്വാനും പങ്കാളിയായിരുന്നു. ഇതാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം മാറ്റിമറിച്ചത്.

1974ൽ പാസ്വാൻ ലോക്ദളിന്റെ ജനറൽ സെക്രട്ടറി പദം അലങ്കരിച്ചിരുന്നു. അടിയന്തരാവസ്ഥകാലത്തെ പോരാട്ടങ്ങളുടെ ഫലമായി പാസ്വാൻ തടവിലാക്കപ്പെട്ടിരുന്നു. അടിയന്തരാവസ്ഥയ്ക്ക് ശേഷമാണ് പിന്നീട് പുറത്തിറങ്ങുന്നത്. അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിലാണ് പാസ്വാൻ ആദ്യമായി പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ഗിന്നസ് റെക്കോർഡായിരുന്നു പാസ്വാനെ കാത്തിരുന്നത്. 4.24 ലക്ഷം വോട്ടുകൾക്കാണ് ഹാജിപൂരിൽ നിന്ന് അദ്ദേഹം റെക്കോർഡ് വിജയം നേടിയത്.

1980 മുതൽ 2004 വരെ തുടർ ജയങ്ങളാണ് പാസ്വാന് പിന്നീട് ഉണ്ടായത്. 2009ൽ ആദ്യമായി പാസ്വാൻ തോൽവി അറിയുകയും ചെയ്തു. ഇന്ത്യൻ രാഷ്ട്രീയത്തിലെ സമുന്നത സ്ഥാനം പാസ്വാന് ലഭിച്ചതും ഈ വിജയങ്ങളിലൂടെയാണ്. 1983ൽ പാസ്വാൻ രൂപീകരിച്ച ദളിത് സേന വലിയ സ്വാധീനം ദളിതുകൾക്കിടയിൽ ചെലുത്തിയിരുന്നു. 1989ലാണ് പാസ്വാൻ ആദ്യമായി കേന്ദ്ര മന്ത്രിസഭയിലെത്തുന്നത്. വിപി സിങ് മന്ത്രിസഭയിൽ തൊഴിൽ വകുപ്പാണ് പാസ്വാൻ കൈകാര്യം ചെയ്തത്. 1996ൽ അദ്ദേഹം റെയിൽവേ മന്ത്രി പദത്തിലെത്തി. പിന്നീട് കമ്മ്യൂണിക്കേഷൻസ് വിഭാഗം മന്ത്രിയായും തിളങ്ങിയിരുന്നു.

ജനതാദളിൽ നിന്ന് 2000ത്തിന്റെ തുടക്കത്തിൽ തന്നെ പാസ്വാൻ രാജിവെച്ചു. തുടർന്നാണ് അദ്ദേഹം ലോക് ജനശക്തി പാർട്ടി രൂപീകരിക്കുന്നത്. ഇന്ത്യൻ രാഷ്ട്രീയത്തിൽ പിന്നോക്ക വിഭാഗക്കാരുടെ വിശ്വാസം നേടി എൽജെപി ശക്തിപ്പെടുന്നതാണ് പിന്നീട് കണ്ടത്. 2004ൽ പാസ്വാന്റെ പാർട്ടി യുപിഎയുടെ ഭാഗമായി. 2009ൽ ബദൽ ശക്തിയാവാനുള്ള അദ്ദേഹത്തിന്റെ ശ്രമം വൻ തിരിച്ചടിയായി. തുടർന്ന് 2014ലാണ് അദ്ദേഹം വീണ്ടും എൻഡിഎയിൽ എത്തി. എൻഡിഎയ്ക്കൊപ്പം അഞ്ച് വർഷം ഭരിച്ച പാസ്വാൻ രണ്ട് വിഭാഗത്തോടും എതിർപ്പില്ലാത്തയാളാണ്. യുപിഎ സർക്കാരിൽ അദ്ദേഹത്തിന് മന്ത്രിപദവും ലഭിച്ചിരുന്നു.

മോദിയുമായി അകലുകയും അടുക്കുകയും ചെയ്ത നേതാവാണ് പാസ്വാൻ. 2002ൽ ഗുജറാത്ത് കലാപകാലത്ത് എൻഡിഎ വിട്ടതും പാസ്വാനെ വ്യത്യസ്തനാക്കിയിരുന്നു.എൻഡിഎയിൽ എത്തുന്ന ആദ്യ ദളിത് നേതാവെന്ന നേട്ടവും പാസ്വാനുള്ളതാണ്. പതിയെ അദ്ദേഹം മോദിയുമായി അടുക്കുന്നതാണ് കണ്ടത്. 2014ൽ മോദി തരംഗത്തിനൊപ്പം എൽജെപിയും നേട്ടമുണ്ടാക്കി. പാസ്വാൻ മന്ത്രിയാവുകയും ചെയ്തു. എൻഡിഎയുടെ ദളിത് മുഖമായിട്ടാണ് പാസ്വാൻ അറിയപ്പെടുന്നത്. ഇക്കാലയളവിൽ മോദിയുടെ ഏറ്റവും അടുപ്പക്കാരനായി പാസ്വാൻ മാറുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP